+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Thursday, January 7, 2016

സ്ലീവാ* വിവാദം- ഒരു തിരിഞ്ഞുനോട്ടം!

ഞങ്ങൾ പണ്ട് തോമാ ശ്ലീഹയിൽ നിന്ന് വിശ്വാസം സ്വീകരിച്ച് മാർഗ്ഗം കൂടിയവരാ!!! അല്ലെങ്കിൽ അതി പുരാതന ക്രൈസ്തവ കുടുംബമാണ് ഞങ്ങളുടേത്...ഇത്തരത്തിൽ സ്വന്തം വിശ്വാസ പാരമ്പര്യത്തിൽ** അഭിമാനിക്കുന്നവരാണ് നസ്രാണികൾ . എന്നാൽ ഇവരിൽ പലരും അറിഞ്ഞോ അറിയാതെയോ പറയാതെ പറയുന്ന മറ്റൊന്ന് കൂടെ ഉണ്ട്! "ഞങ്ങളുടെ പൂർവ്വികർ പാഷണ്ടതക്കാരായിരുന്നു. അതായത് സത്യവിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് പോയ കൂട്ടം ആണ് ഞങ്ങളുടേത്" പരസ്പര വിരുദ്ധമായ രണ്ടു വാദങ്ങൾ ആണിതെന്നു ആർക്കും മനസ്സിലാകും! എന്നാൽ ഇതൊന്നും മനസ്സിലാക്കാത്ത ചില മാർഗ്ഗവാസികൾ ഇപ്പോഴും വർണ്ണകടലാസിൽ പൊതിഞ്ഞുകിട്ടിയ ഈ പാഷാണാവും നോക്കി വായിൽ കപ്പലോടിച്ച് കളിക്കുന്നു! ആ വർണ്ണകടലാസിൽ പൊതിഞ്ഞു വെച്ചിരിക്കുന്നത് മറ്റൊന്നുമല്ല! സ്വന്തം ചരിത്രം അറിയാത്ത നസ്രാണികളെ പറ്റിക്കാനും തമ്മിൽ തല്ലിച്ച് ഇല്ലാതാക്കാനും സ്വാർത്ഥ മോഹികൾ ഇറക്കി വിടുന്ന വിവാദങ്ങൾ തന്നെ! നസ്രാണി സഭയുടെ ചരിത്രത്തിൽ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള വിവാദങ്ങൾക്ക് ഒരു പഞ്ഞവും ഉണ്ടായിട്ടില്ല!

ആധുനിക സിറോ മലബാർ സഭയെ വെട്ടിമുറിച്ച വിവാദമായിരുന്നു മാർ തോമാ സ്ലീവായുടെ പേരിൽ അരങ്ങേറിയത്! സ്ലീവായ്ക്കെതിരെയുള്ള ഏറ്റവും വലിയ വാദം സ്ലീവ മാനിക്കെയരുടെതാണ് എന്നതായിരുന്നു. മാനിക്കേയ മതത്തെ കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച ചരിത്രകാരന്മാർ എല്ലാവരും ഏക സ്വരത്തിൽ പറയുന്നത് അവർ സ്ലീവായുടെ ഒരു വകഭേതവും ഉപയോഗിച്ചിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ല എന്നാണ്. എന്നാൽ നമ്മുടെ ആൾക്കാർക്ക് മാർതോമ്മ സ്ലീവ മാനിയുടേതായി! ഇതാണ് മുകളിൽ പ്രസ്താവിച്ച 'പറയാതെ പറയുന്ന വാദം!' 16- ആം നൂറ്റാണ്ടു വരെ നസ്രാണികളുടെ എല്ലാ പള്ളികളിലും അതി വിശുദ്ധ സ്ഥലമായ മദ്ബഹായുടെ കിഴക്കേ ഭിത്തിയിൽ ഉണ്ടായിരുന്ന ഏക വസ്തു മാർ തോമ്മാ സ്ലീവായായിരുന്നു എന്ന് എല്ലാ ചരിത്രകാരന്മാരും സഞ്ചാരികളും എഴുതിവച്ചിരിക്കുന്ന ചരിത്രമാണ്! നസ്രാണികളുടെ പള്ളികൾ ഒട്ടനവധി സ്ലീവാകളാൽ അലങ്കൃതമായിരുന്നുവെന്നും നസ്രാണികൾക്ക് സ്ലീവായോടുണ്ടായിരുന്ന സവിശേഷമായ ഭക്തിയും ബഹുമാനവും തങ്ങൾ വരുന്നതിനും വളരെ പണ്ടുമുതലേ ഉണ്ടായിരുന്നതാകാമെന്നും, 16-ആം നൂറ്റാണ്ടിൽ എഴുതിവച്ചിരിക്കുന്നത്, നസ്രാണി സഭയ്ക്ക് ഏറ്റവുമധികം ദ്രോഹം ചെയ്ത, ഉദയംപേരൂർ സമ്മേളനം വിളിച്ചു കൂട്ടിയ മേനെസിസ് മെത്രാപോലിത്തയുടെ,  സ്വന്തം ചരിത്രകാരനായ ഗുവായാണ്. ഇത്തരത്തിൽ നമ്മുടെ പൂർവ്വികർ പരിപാവനമായി വണങ്ങിയിരുന്ന, നമ്മുടെ പള്ളികളിലെ അതി വിശുദ്ധ സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന സ്ലീവ മാനിക്കേയരുടേതാണ്  എന്ന് പറയുന്നതും നമ്മുടെ പൂർവ്വികർ മാനിക്കെയരോ പാഷണ്ടാതക്കാരോ ആയിരുന്നു എന്നു പറയുന്നതും തമ്മിൽ എന്താണ് വ്യത്യാസം? 2000 വർഷത്തെ പാരമ്പര്യം പറഞ്ഞുനടക്കുന്നവർ തന്നെ സ്ലീവായെകുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സ്വയം അപഹാസ്യരാകുന്ന ദയനീയ അവസ്ഥ. 


1972 ൽ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ  1900-ആം വാർഷിക സ്മാരകമായി കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയപ്പോൾ അതിൽ മാർ തോമാ നസ്രാണികളുടെ വിശ്വാസത്തിൽ ജന്മം കൊണ്ട മാർ തോമാ സ്ലീവ തന്നെ മതിയെന്ന് ഭാരതത്തിലെ എല്ലാ മെത്രാന്മാരും ഒറ്റക്കെട്ടായി  എടുത്ത തീരുമാനം ആയിരുന്നു. കർദിനാൾ മാർ പാറെക്കാട്ടിൽ ആയിരുന്നു അന്ന് സിറോ മലബാർ സഭയുടെ തലവൻ. പിന്നീട് നടന്ന മെത്രാന്മാരുടെ ചീഞ്ഞു നാറിയ രാഷ്ട്രിയ കളികളിൽ നിർഭാഗ്യവശാൽ സ്ലീവായും വലിച്ചിഴക്കപ്പെട്ടു! സ്ലീവായ്ക് പ്രാധാന്യം കൊടുത്ത മെത്രാന്മാരുടെ എതിർ ചേരിയിൽ നിന്ന് ഉയർന്നു കേട്ട വാദ മുഖങ്ങൾ മുകളിൽ വർണ്ണിച്ചവയായിരുന്നു! സ്ലീവ പരസ്യമായി കത്തിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായി. ഒരു മെത്രാന് പണി കുരിശുകൃഷി ആണെന്നും ചാണകവെള്ളത്തിൽ മുക്കി നാടുനീളെ അദ്ദേഹം കുരിശ് കുഴിചിട്ടിട്ടുണ്ടെന്നും വരെ പറഞ്ഞു നടന്നു! മൈലാപ്പൂരിനു പുറമേ ഗോവ, ആലങ്ങാട്ട്, കടമറ്റം, കോതനല്ലൂർ, മുട്ടുചിറ, കോട്ടയം എന്നീ സ്ഥലങ്ങളിൽ നിന്ന് പൌരാണികമായ സ്ലീവാകൾ കണ്ടെടുത്തിട്ടുണ്ട്. ഇവയൊന്നും മേൽ പറഞ്ഞ മെത്രാന്റെ രൂപതയിൽ പെട്ട പള്ളികൾ അല്ല! ഏറ്റവും പൌരാണികമായാത് എന്ന് ആധുനിക ചരിത്രകാരന്മാർ അനുമാനിക്കുന്നത് ആലങ്ങാട്ട് സ്ലീവായാണ്. ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ അച്ചനാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഈ സ്ലീവ 1931 ൽ കണ്ടെടുക്കുന്നത്. ഇതേ തുടർന്നു മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപൊലീത്ത സ്ലീവായുടെ സവിശേഷ പാരമ്പര്യത്തെക്കുറിച്ച് എറണാകുളം മിസ്സത്തിൽ എഴുതുകയും ചെയ്തിരുന്നു. ഇതെല്ലാം മറന്നുകൊണ്ടായിരുന്നു സ്ലീവയെ ശപിച്ചു തള്ളാനുള്ള പ്രവർത്തനങ്ങൾ. ആ കഷ്ടപ്പാടുകൾ ഒന്നും തന്നെ വെറുതേയായില്ല!  വിശ്വാസികളുടെ മനസ്സിൽ ആഴത്തിൽ തന്നെ ഈ വാദങ്ങൾ പതിഞ്ഞിരുന്നു. ഒരു കാലത്ത് പൂർവ്വികർ ഏറ്റവും പ്രാധാന്യത്തോടെ വണങ്ങിയിരുന്ന സ്ലീവയെ 'പാഷണ്ട കുരിശാക്കി ശപിച്ച് തള്ളി' എന്ന് തന്നെ പറയാം.


ഈ വിവാദങ്ങൾ കൊണ്ട് ആര് എന്ത് നേടി? സഭയ്ക്ക് ഇവ സമ്മാനിച്ചത് തീരാ നഷ്ടങ്ങൾ മാത്രമായിരുന്നു. സ്ലീവാ വിവാദവും  ഇതിനെ തുടർന്നുണ്ടായ മറ്റു വിവാദങ്ങളും സഭയ്ക്ക് നല്കിയത് സ്വന്തം ചരിത്രത്തെ കുറിച്ച് അജ്ഞരായ തലമുറകളെ ആയിരുന്നു! അജ്ഞതയെക്കാൾ ഉപരിയായി സ്വന്തം പിതാമഹന്മാർ ജീവനുതുല്ല്യം സ്നേഹിച്ച പാരമ്പര്യങ്ങളെ നിഷേധിക്കുവാനും വിലകുറച്ച് കാണുവാനും പുശ്ചിച്ച് തള്ളുവാനും മാത്രം അറിയാവുന്ന തലമുറകൾ. സ്വന്തം പിതാമഹന്മാർ എന്തിനു വേണ്ടിയാണോ പോരാടിയത് അതിനേക്കാൾ നീചമായ കാര്യങ്ങൾ കണ്മുൻപിൽ  അരങ്ങേറിയിട്ടും അതൊന്നും മനസ്സിലാക്കാനാവാതെ അത് ചെയ്യുന്നവരെ പല്ലക്കിലേറ്റുന്ന തലമുറ! ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെയോ? സത്യം ഇങ്ങനെയെല്ലാം ആയിരിക്കേ എന്റെയോ നിങ്ങലുടെയൊ ജീവിതകാലത്ത് ഇതിനു മാറ്റം വരാൻ പോകുന്നില്ല എന്ന് പറയുന്ന ഇടയ ശ്രേഷ്ടന്മാർ! 


സ്ലീവാ അലങ്കരിച്ചിരുന്ന അതി വിശുദ്ധ സ്ഥലം ഇന്ന് മഹാ ഭൂരിപക്ഷം പള്ളികളിലും കേവലം 4-5 നൂറ്റാണ്ടുകൾ മാത്രം മുൻപ് വിദേശ മിഷനറിമാർ അവതരിപ്പിച്ച ക്രൂശിത രൂപങ്ങളും മറ്റു പ്രതിമകളും കയ്യടക്കി കഴിഞ്ഞു. ഇതൊന്നും ഇല്ലാത്ത ഒരു മദ്ബഹ ഇന്ന് പലർക്കും സങ്കല്പിക്കാൻ പോലും സാധ്യമല്ലാതായി. മദ്ബഹായിൽ നമ്മുടെ പാരമ്പര്യം അനുസരിച്ച് സ്ലീവായാണ് വയ്ക്കേണ്ടത് എന്ന വാദത്തെ ഈശോയുടെ പീഡാനുഭവത്തോടും ക്രൂശിതരൂപത്തോടുമുള്ള നിന്ദനമായി പോലും പലരും ചിത്രീകരിച്ചു. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉത്ഥാനമാണ്. ഉത്ഥാന കേന്ദ്രീകൃതമായ ജീവിതമായിരുന്നു ആദിമ സഭകളുടെത്. ശൂന്യമായ കല്ലറയും ശൂന്യമായ സ്ലീവായും ഉത്ധിതന്റെ പ്രതീകമായി അവർ കണ്ടിരുന്നു. അതിനാൽ തന്നെ ശൂന്യമായ സ്ലീവായാണ് ആദിമ നൂറ്റാണ്ടുകൾ മുതൽ സഭയിൽ ഉപയോഗിച്ച് പോന്നിരുന്നത്. മദ്ധ്യ നൂറ്റാണ്ടുകളിൽ പാശ്ചാത്യ നാടുകളിൽ വിശ്വാസത്തിനു ക്ഷതം സംഭവിച്ച അവസരത്തിൽ മനുഷ്യന്റെ വൈകാരികതയെ ചൂഷണം ചെയ്തുകൊണ്ട് വളർന്നുവന്ന പീഡാനുഭവ ഭക്തി പ്രസ്ഥാനങ്ങളാണ് ക്രൂശിത രൂപങ്ങൾക്ക് പ്രാധാന്യം നല്കിയത്. ക്രമേണ ലാറ്റിൻ സഭ മുഴുവനിലും, മിഷനറിമാർ മുഖേന നസ്രാണികളുടെ ഇടയിലും ഇവ കടന്നുവന്നു. തല്ഫലമായി നമ്മുടെ വിശ്വാസത്തിന്റെ പ്രകാശനമായിരുന്ന സ്ലീവാ വിസ്മൃതിയിലാണ്ടു. 


നമ്മുടെ ആരാധനക്രമപ്രകാരം മദ്ബഹ സ്വർഗത്തിന്റെ പ്രതീകമാണ്. ഭൂമിയിലെ സ്വർഗമാണ്. അവിടെ കർത്താവ്‌ ഇപ്പോഴും കുരിശിൽ തൂങ്ങുന്നു! എന്തൊരു വിരോധാഭാസം! നമ്മുടെ സ്ലീവായ്ക് അർഹമായ പ്രാധാന്യം നല്കേണ്ടത് നമ്മുടെ കടമയാണ്. പൂർവ്വ പിതാക്കന്മാർ ജീവനുതുല്ല്യം സ്നേഹിച്ച സ്ലീവായെ, നമ്മുടെ വിശ്വാസത്തിന്റെ പ്രകാശനമായ സ്ലീവായെ ഏറ്റവും പ്രാധാന്യത്തോടെ നമ്മുടെ പള്ളികളിലും ഭവനങ്ങളിലും ഹൃദയങ്ങളിലും പുന പ്രതിഷ്ടിയ്ക്കാൻ എന്നാണു നമ്മുക്ക് സാധിക്കുന്നത്? 


*സ്ലീവാ എന്ന പദം തന്നെ നമ്മുക്ക് അന്യമായി കഴിഞ്ഞു. ആദിമ നൂറ്റാണ്ടു മുതൽ നമ്മുടെ ആരാധനാ ഭാഷയായ, പൌരസ്ത്യ സുറിയാനിയിൽ നിന്ന് കടംകൊണ്ട പദമാണ് സ്ലീവ. സുറിയാനിയിൽ സ്ലീവായ്ക്ക് കുരിശ് എന്നും ക്രൂശിതൻ എന്നും അർത്ഥമുണ്ട്. തമിഴിൽ ഇന്നും സിലുവയ് എന്ന പദമാണ് ഉപയോഗിക്കുന്നത്. 16-ആം നൂറ്റാണ്ടോടെ മലയാളീകരിക്കപ്പെട്ട 'കുരിശ്' എന്ന പദം സ്ലീവായെ വിഴുങ്ങി കളഞ്ഞു എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല! പള്ളി, ശ്ലീഹ, കത്തനാർ, മാമ്മോദീസ എന്ന് തുടങ്ങി നമ്മൾ പരമ്പരാകതമായി ഉപയോഗിച്ചിരുന്ന പല വാക്കുകളും ഇതുപോലെ ഇന്ന് നമ്മുക്ക് അന്യമാവുകയാണ്.  ദൈവാലയം, അപ്പസ്തോലൻ, അച്ചൻ, ജ്ഞാനസ്നാനം എന്ന് തുടങ്ങി സംസ്കൃതത്തിൽ നിന്നും ആംഗലേയ ഭാഷയിൽ നിന്നുമൊക്കെ മലയാളീകരിച്ച പദങ്ങളുടെ ഉപയോഗം മൂലം വിസ്മൃതിയിലാകുന്നത് 2000 വർഷങ്ങൾക്കൊണ്ട് നമ്മുടെ സമൂഹം ഭാഷയ്ക്ക് നല്കിയ സംഭാവനകളാണെന്നു നമ്മുക്ക് മറക്കാതിരിക്കാം.


**തോമാ ശ്ലീഹാ മാമ്മോദീസ മുക്കിയ ബ്രാഹ്മണ കുടുംബമാണ് ഞങ്ങളുടേത് എന്ന അസംബന്ധം വിളിച്ച് പറയുന്നവരും കുറവല്ല!- ആ കാലത്ത് ബ്രാഹ്മണർ എന്ന വിഭാഗം പോലും കേരളത്തിൽ നിലവിലില്ലായിരുന്നു! പൊങ്ങച്ചം കാണിക്കാൻ പലരും പറയുന്ന ഈ നമ്പൂതിരി പാരമ്പര്യമാണ് തോമാ ശ്ലീഹ ഭാരതത്തിൽ വന്നിട്ടില്ല എന്ന് പറയുന്നവർ അതിനു അടിസ്ഥാനമായി നിരത്തുന്ന കാരണങ്ങളിൽ ഒന്ന്! പൂർവ്വികർ നമ്പൂതിരിമാരാണെങ്കിൽ തോമാശ്ലീഹായുമായി യാതൊരു ബന്ധവും നസ്രാണികൾക്ക് ഇല്ലെന്നു അങ്ങീകരിച്ചു കൊടുക്കേണ്ടിവരും! 


ഭാരതത്തിൽ മാർ തോമാ സ്ലീവ കണ്ടെത്തിയ സ്ഥലങ്ങളിലൂടെ ഒരു ചരിത്ര യാത്ര. ഡോകുമെന്ററി കാണാം.


https://www.youtube.com/watch?v=lrl5fLaA6KM


Sunday, December 20, 2015

St. Thomas Cross: A Historical Journey


On December 18, 2015-Feast of the Miraculous Cross of Mylapore, Rooha Media proudly presents our first video production: St Thomas Cross- a historical journey

A documentary on the ancient Crosses discovered from the various places in India. 


Watch & Share with your friends

Sunday, September 13, 2015

നസ്രായരുടെ സ്ലീവ ഭക്തി

"നാഥനിലെന്നും  നമ്മുടെ ഹൃദയം ആനന്ദിച്ചീടും 
സ്ലീവ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം.
രക്ഷിതമായതു വഴിയായ് മർത്യഗണം കർത്താവേ 
കുരിശിത് ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം.
ദുഷ്ടനെയും അവൻ കെണികളുമതുവഴി നാം വിജയിച്ചിടട്ടെ." 
(സ്ലീവാ ചുംബനം: സിറോ മലബാർ സഭയുടെ റാസാ കുർബാന )

പൌരസ്ത്യ സഭകൾക്ക് സ്ലീവായോടുള്ള ഭക്തിയും വണക്കവും വളരെ വലുതായിരുന്നു. രക്ഷകനായ മിശിഹായുടെ വിജയക്കൊടിയായ സ്ലീവ നസ്രായർക്ക് പ്രത്യാശയുടെ അടയാളമായി. സ്ലീവായുടെ പരസ്യമായ വണക്കം 4 ആം നൂറ്റാണ്ടിൽ മിശിഹാ മരിച്ച സ്ലീവായുടെ ശേഷിപ്പുകൾ ഹെലേന രാജ്ഞി കണ്ടെടുക്കുന്നതോടും കോണ്‍സ്ടന്റൈൻ ചക്രവർത്തി സഭയ്ക്ക് സ്വാതന്ത്ര്യം നല്കിയതോടും കൂടെ ആണെങ്കിലും സ്ലീവായുടെ രഹസ്യമായ ഉപയോഗം അതിനു മുൻപും ഉണ്ടായിരുന്നു. ഇറാഖിൽ നിന്നും കണ്ടെടുത്ത രണ്ടാം നൂറ്റാണ്ടിലെ കല്ലറകളിൽ സ്ലീവ ആലേഘനം ചെയ്യപ്പെട്ടിരുന്നു. ആദിമ സഭ സ്ലീവായെ, സ്ലീവായിൽ മരിച്ച് ഉയർത്തെഴുന്നേറ്റ മിശിഹായുടെ, വിജയത്തിന്റെ അടയാളമായാണ് കണ്ടിരുന്നത്. അതിനാൽ തന്നെ സ്ലീവായിൽ തൂങ്ങികിടക്കുന്ന ഈശോയെ അവർ ചിത്രീകരിച്ചിരുന്നില്ല. ശൂന്യമായ സ്ലീവായും ശൂന്യമായ കല്ലറയും അവർക്ക് ഉദ്ധിതന്റെ പ്രതീകം ആയിരുന്നു.    

കാലക്രമത്തിൽ ഓരോ സഭകളിലും പ്രാദേശിക തനിമയോടെ സ്ലീവാകൾ രൂപംകൊണ്ടു. എന്നാൽ അലങ്കാരങ്ങളിൽ വ്യത്യസ്തതകൾ ഉണ്ടെങ്കിലും കേന്ദ്ര ഭാഗമായ- ശൂന്യമായ പുഷ്പിത സ്ലീവ- പൊതുവായി എല്ലായിടത്തും കാണാൻ സാധിക്കും. ആറാം നൂറ്റാണ്ടിൽ തന്നെ പൌരസ്ത്യർ മദ്ബഹയുടെ കിഴക്കേ ഭിത്തിയിൽ സ്ലീവാ സ്ഥാപിച്ചു വണങ്ങിയിരുന്നു. എന്നാൽ ലത്തീൻ സഭയിൽ ഈ പതിവ് ആരംഭിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമാണ്. 

ഭാരത സഭയുടെ വിശ്വാസത്തിലും പാരമ്പര്യങ്ങളിലും ഭാരതീയ ശില്പകലയിലും ജന്മം കൊണ്ടതാണ് മാർ തോമ സ്ലീവാകൾ എന്ന് അറിയപ്പെടുന്ന ശൂന്യമായ പുഷ്പിത സ്ലീവാകൾ. മാർ തോമാ നസ്രാണികളുടെ സ്ലീവാ എന്ന നിലയിലാണ് മാർ തോമാ സ്ലീവ എന്ന പേരുവന്നത്. മാർ തോമാ സ്ലീവാകൾ രചിക്കപ്പെട്ടത് ആറ്- ഏഴ് നൂറ്റാണ്ടുകളിൽ ആണെന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു. ഭാരതത്തിൽ മൈലാപൂർ, ഗോവ, ആലങ്ങാട്ട്, മുട്ടുചിറ, കോതനല്ലൂർ, കടമറ്റം, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് പുരാതന സ്ലീവാകൾ കണ്ടെടുത്തിട്ടുണ്ട്. കാശ്മീരിലെ ലഡാക്കിൽ എട്ടാം നൂറ്റാണ്ടിലേതെന്നു അനുമാനിക്കുന്ന സ്ലീവായുടെ കൊത്തുപണികളും പൌരസ്ത്യ സുറിയാനി ലിഖിതങ്ങളും MST വൈദികർ കണ്ടെത്തുകയുണ്ടായി. ഗോവയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന (മാർ തോമാ ശ്ലീഹ രക്തസാക്ഷിത്വം വരിച്ച കുന്തത്തിന്റെ മുന സൂക്ഷിച്ചുവയ്ക്കാൻ ഉപയോഗിച്ചിരുന്ന) കൽതൂണിൽ സ്ലീവ കൊത്തിവച്ചിട്ടുണ്ട്.  ചങ്ങനാശ്ശേരി മെത്രാപൊലീത്തൻ പള്ളിയങ്കണത്തിലെ പഴയ പള്ളിയിൽ പതിനാലാം നൂറ്റാണ്ടിലെ സ്ലീവ കാണാൻ സാധിക്കും. പുരാതന നസ്രായ ഭവനങ്ങളിലും സ്ലീവ കൊത്തിവച്ചിരിന്നു.

മിഷനറിമാരുടെയും സഞ്ചാരികളുടെയും വിവരണങ്ങളിൽ നിന്ന് നസ്രാണികളുടെ എല്ലാ പള്ളികളിലും മാർ തോമാ സ്ലീവായെ മദ്ബഹായിൽ പ്രതിഷ്ടിച്ച് ആധരപൂർവ്വം വണങ്ങിയിരുന്നു എന്ന് കാണാൻ സാധിക്കും, ഉധയമ്പെരൂർ സൂനഹദോസ് വിളിച്ചുകൂട്ടിയ ഗോവ മെത്രാപൊലീത്ത അലക്സാണ്ടർ മെനെസിസ്സിന്റെ ചരിത്രകാരാൻ അന്റോണിയോ ഗുവായുടെ "ജൊർനാദൊ" എന്ന ഗ്രന്ഥത്തിൽ നസ്രായരുടെ പള്ളികളിൽ മൈലാപൂരിൽ മാർ തോമാ ശ്ലീഹ രക്തസാക്ഷിത്വം വരിച്ച സ്ഥലത്തുനിന്നു കണ്ടെടുക്കപ്പെട്ട മാർ തോമാ സ്ലീവയൊടു സാമ്യമുള്ള സ്ലീവാകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് രേഖപെടുത്തിയിരിക്കുന്നു. മറ്റൊരു അവസരത്തിൽ നസ്രായർ സ്ലീവായൊടു വളരെയധികം ഭക്തി ഉള്ളവരാണെന്നും ഈ ഭക്തി എന്ന് തുടങ്ങി എന്ന് നിശ്ചയമില്ലെന്നും  എന്നാൽ മൈലാപ്പൂരിലെ അത്ഭുത സ്ലീവ കണ്ടെടുക്കുന്നതിനും വളരെ മുമ്പേ ഉണ്ടായിരുന്നതാണെന്നും  ഗുവായോ വിവരിക്കുന്നു. സ്ലീവാ അടയാളം വരയ്ക്കുന്നത് തന്നെ നസ്രായർക്ക് ഒരു കൂദാശയായിരുന്നു. സ്ലീവായിലും സ്ലീവാ അടയാളത്തിലും സകലതും വിശുധീകരിക്കുന്ന ജീവിതമായിരുന്നു നസ്രായരുടെത്. സ്ലീവായോടുള്ള ബഹുമാനാധരവുകൾ വിളിച്ചു പറയുന്ന മനോഹാരമായ കർമ്മമാണ്‌ റാസാ കുർബ്ബാനയിലെ സ്ലീവാ ചുംബനം.  

സ്ലീവായുടെ ഉപയോഗം നസ്രായരുടെ ഇടയിൽ മൂന്നു വിധത്തിൽ ആയിരുന്നു. ഒന്നാമതായി നസ്രായ പുരുഷന്മാർ കുടുമിയിലും സ്ത്രീകൾ കഴുത്തിലെ മാലയിലും സ്ലീവ അണിഞ്ഞിരുന്നു. സ്വർണം, വെള്ളി, തടി മുതലായവയിൽ തീർത്ത സ്ലീവാകൾ ആയിരുന്നു അവ. രണ്ടാമതായി നമ്മുടെ പള്ളികളുടെ നേരെ മുൻപിലായി വലിയ കരിങ്കൽ സ്ലീവാകൾ സ്ഥാപിച്ചിരുന്നു. ഇന്നും നമ്മുടെ പുരാതന പള്ളികളിൽ 14-15 നൂറ്റാണ്ടുകളിലെ കരിങ്കൽ സ്ലീവാകൾ കാണാൻ സാധിക്കും. മൂന്നാമത്തെതാണ് മാർ തോമാ സ്ലീവാകൾ എന്നറിയപ്പെടുന്ന പുഷ്പിത സ്ലീവാകൾ. ഇവ സ്ഥാപിക്കപ്പെട്ടിരുന്നത് പള്ളിക്കകത്ത് അതിവിശുദ്ധ സ്ഥലമായ മദ്ബഹായുടെ കിഴക്കേ ഭിത്തിയിൽ കേന്ദ്രഭാഗത്ത് ആയിരുന്നു. ഇതിൽ നിന്നു തന്നെ നസ്രായർക്ക് മാർ തോമാ സ്ലീവായോടുള്ള ബഹുമാനാധരവുകൾ എന്തുമാത്രം ആയിരുന്നുവെന്നു നമ്മുക്ക് മനസ്സിലാക്കാം. 

മാർ സ്ലീവായുടെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ നമ്മുക്ക് ആത്മശോധന  നടത്താം. നമ്മുടെ പൂർവ്വികർക്ക് സ്ലീവായോടുണ്ടായിരുന്ന ഭക്തിയും ബഹുമാനവും ഒക്കെ ഇന്ന് നമ്മളും സഭയും സ്ലീവായ്ക്ക് കൊടുക്കുന്നുണ്ടോ എന്ന്. സ്ലീവായിൽ ആനന്ദിക്കുവാനും നന്മകളുടെ ഉറവിടമായ സ്ലീവായിൽ അഭയം കണ്ടെത്തുവാനും സ്ലീവായിൽ വിജയം വരിക്കുവാനും നമ്മുക്ക് സാധിക്കട്ടെ. 

"ശരണം ഞങ്ങൾ തേടീടൂന്നു തിരുനാമത്തിൽ 
സ്ലീവ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം.
രക്ഷിതമായതു വഴിയായ് മർത്യഗണം കർത്താവേ 
കുരിശിത് ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം.
ദുഷ്ടനെയും അവൻ കെണികളുമതുവഴി നാം വിജയിച്ചിടട്ടെ.." 
(സ്ലീവാ ചുംബനം: സിറോ മലബാർ സഭയുടെ റാസാ കുർബാന )

Friday, August 28, 2015

ദിവ്യകാരുണ്യ പ്രദക്ഷണവും ആരാധനയും വി. കുർബാനയും


ദിവ്യകാരുണ്യ ആരാധനക്കും പ്രദക്ഷിനതിനും വി. കുരബാനയെക്കാൾ പ്രാധാന്യം ചിലര് കൊടുത്തു കാണുന്നത് കൊണ്ടാണ് ഇതെഴുതുന്നത്. എങ്ങനെയെങ്കിലും എത്രയും വേഗം വി. കുർബാന ചൊല്ലി തീർത് ആഘോഷപൂർവ്വകമായ ദിവ്യ കാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും കുരിശിന്റെ വഴികളും നൊവേനയും ഒക്കെ നടത്താൻ ധൃതി കൂട്ടുന്ന വൈദികരെയും കുർബാനയിൽ എങ്ങനെയെങ്കിലുമൊക്കെ പങ്കെടുത്തോ പങ്കെടുക്കാതെ തന്നെയോ അത്യദികം ഭയഭക്തി ബഹുമാനാധരവുകളോടെ ഭക്താഭ്യാസങ്ങളിൽ പങ്കെടുക്കുന്ന ദൈവജനത്തെയും ധാരാളമായി കാണാറുണ്ട്. അറിവില്ലായ്മ്മ കൊണ്ടാകാം! അറിവുള്ളവർ പറഞ്ഞുകൊടുക്കാൻ പലപ്പോഴും മറന്നുപോവുകയും ചെയ്യുന്നു!

നമ്മുടെ ഏറ്റവും വലിയ പ്രാർഥന വി.കുർബാനയാണ്. അപ്പവും വീഞ്ഞും ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും ആയി മാറുന്ന മഹാ അദ്ഭുതം. മിശിഹാ രഹസ്യതിന്റെ മഹനീയ ആഘോഷം. എന്നാൽ പലരുടെയും ചിന്തകളിലും പ്രവർത്തികളിലും ദിവ്യകാരുണ്യ ആരാധനയ്കും ദിവ്യകാരുണ്യ പ്രദക്ഷിനതിനുമൊക്കെ ഉപയോഗിക്കാനുള്ള വി. കുർബാന ഉണ്ടാക്കാനുള്ള ഒരു ഉപാധി മാത്രമാണോ വി. കുർബാനയർപ്പണം എന്ന് തോന്നിപോകുന്നു!

എത്ര ഭയഭക്തി ബഹുമാനാധരവുകലോടെയാണ് ദിവ്യകാരുണ്യ ആരാധനയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ഒക്കെ നാം പങ്കെടുക്കുന്നത്? "എഴുന്നുള്ളുന്നു രാജാവ് എഴുന്നുള്ളുന്നു.. " എന്ന പാട്ട് പോലെ, അരുളിക്കായിൽ കുർബാനയായി വിശ്വാസികൾക്ക് നടുവിലൂടെ കടന്നുവരുന്ന ഈശോയ്ക്ക് രാജകീയ സ്വീകരണം തന്നെയാണ് നാം നല്കുന്നത്. എഴുനേറ്റു നിക്കുന്നു, തല കുനിക്കുന്നു, മുട്ടേൽ നില്കുന്നു, താണ് വണങ്ങുന്നു, കൈവിരിച്ച് പിടിച്ചു പ്രാര്തികുന്നു, നെഞ്ചോടു ചേർത്ത് വെച്ച് പ്രര്തിക്കുന്നു...!!!

എന്നാൽ വി. കുർബാനയിലോ? മുൻപ് അരുളിക്കയിൽ കടന്നു വന്ന ഈശോ തന്നെയല്ലേ കുർബാന സ്വീകരന സമയത്ത് നമ്മുടെ മദ്ധ്യേ കടന്നുപോകുന്നത്? ആ ഈശോ തന്നെ അല്ലേ അപ്പത്തിന്റെയും വീഞ്ഞിന്റെയും സധൃശ്യങ്ങളിൽ നമ്മിലേക്ക് വന്നു നിറയുന്നത്? വി. കുർബാനയുമായി വൈദികർ കടന്നു പോകുമ്പോൾ എന്തൊക്കെയാണ് ചെയ്യുനത്? അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കുന്നു, ചിരിക്കുന്നു, കളിക്കുന്നു, പരദൂഷണം പറയുന്നു! എന്തേ ഇങ്ങനെ? അരുളിക്കയിൽ വന്നാൽ മാത്രേ ബഹുമാനിക്കൂ എന്നാണോ? എന്തൊരു വിരോധാഭാസം!

Monday, August 10, 2015

പ്രാദേശിക വാദം വിശ്വാസികൾക്കോ അതോ നേതൃത്വത്തിനോ?

അല്ല തിരുമേനീ , ഒരു സംശയം! ഈ ചങ്ങനാശ്ശേരി അതിരൂപതയും അതിന്റെ സാമന്ത രൂപതകളും സിറോ മലബാർ സഭയുടെ ഭാഗം തന്നെ ആണോ ? അറിയാൻ മേലഞ്ഞിട്ടു ചോതിച്ചതാ !

കുറച്ചു വർഷങ്ങൾ ആയി മെത്രാൻ മാരെ പ്രഖ്യാപിക്കുമ്പോൾ എറണാകുളം, തൃശൂർ, എറണാകുളം, തൃശൂർ എന്നൊക്കെയേ കേക്കാൻ ഉള്ളൂ . അതെന്താണ് അങ്ങനെ ? ചങ്ങനാശ്ശേരി അതിരൂപതക്കര്ക്കു വല്ല കന്നുകാലി സീറ്റ്‌ ആണോ നിങ്ങൾ കല്പ്പിച്ചു കൊടുത്തേക്കുന്നത് ? അതോ ഇനി അവിടെ ഉള്ളവർ മെത്രാന്മാർ ആകാൻ യോഗ്യത ഇല്ലത്തവരാണോ? ഓ അടിയാൻ മറന്നു!! ചങ്ങനാശേരി , പാലാ , കഞ്ഞിരപ്പള്ളി , ഇടുക്കി എന്നൊന്നും സബ്ധിച്ചു പോകരുത് . മേൽ പറഞ്ഞ രൂപതാങ്കങ്ങൾ ആവാതിരിക്കുക എന്നതാനെല്ലോ ഇപ്പോൾ മെത്രാൻ ആകാനുള്ള അടിസ്ഥാന യോഗ്യത!? പിന്നെ സഭ സ്നേഹം, സിനഡ് ഖുർബാന , ലിട്ടർജി എന്നൊന്നും മിണ്ടുകയും അരുത് .

ചങ്ങനാശേരിയിൽ നിന്നും അവസാനമായി ഒരു മെത്രാൻ ഉണ്ടായത് 2002 ഇല് ചങ്ങനാശ്ശേരിയുടെ സഹായമെത്രാനായി പെരുംതോട്ടം മാർ യവുസേപ്പ് സഹായ മെത്രാൻ സ്ഥാനമേറ്റപ്പോൾ ആണ് . അതിനു മുൻപ് ചങ്ങനാശ്ശേരി വിഭജിച്ച് തക്കല രൂപതയ്ക്ക് രൂപം കൊടുത്തപ്പോൾ 1997 ഇല് മാർ ഗീവര്ഗീസ് ആലഞ്ചേരി ചങ്ങനാശ്ശേരിയിൽ നിന്ന് മെത്രാനായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ചങ്ങനാശേരിയിൽ നിന്നും 2 മെത്രാന്മാർ മാത്രം .

ഇനി ഒരു മിഷൻ സെന്റര് പോലും ഇനി ചങ്ങനാശേരിക്കും സാമന്ത രൂപതകൾക്കും കൊടുക്കൂല്ല . കാരണം സിനഡ് ഖുർബാന , സിറോ- മലബാർ , ലിട്ടർജി എന്നൊക്കെ പറഞ്ഞാ ആകെ മൊത്തം പ്രശ്നം ആകും . ഡല്ഹി മിഷൻ എറണാകുളം രൂപതയ്ക്ക് എഴുതി കൊടുത്തു . ചെന്നൈ , ഇരിഞ്ഞാലക്കുട രൂപതയ്ക്ക് . മറ്റ് മിഷനുകൾ സന്യാസ സമൂഹങ്ങൾക്ക്. ഹൈദരാബാദ് സിനഡ് നേരിട്ട് നടത്തും! ചങ്ങനാശേരിക്ക് കൊടുക്കാൻ പാടില്ലെല്ലോ. അവർ വിശ്വാസികളെ വഴിതെറ്റിച്ചാലോ? എം എസ് റ്റീ സഭ പ്രധാനം ആയും വളർത്തിയ മാണ്ട്യ രൂപത കാര്യത്തോട് അടുത്തപ്പോൾ കാക്ക കൊത്തിയ കഥ എല്ലാര്ക്കും അറിയാമല്ലോ ? ബാംഗ്ലൂർ പോലെ ഉള്ള മിഷൻ പ്രദേശങ്ങളിലും വെള്ളം കോരിയവർ മാറി നിക്കണ്ടി വരുമോ എന്നേ ഇനി നോക്കാൻ ഉള്ളൂ . ഹൈദ്രാബാദ് മിഷൻ ആണേൽ ചങ്ങനാശേരി അതിരൂപതയിലെ അച്ചന്മാർ കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിച്ചു . ഇപ്പോൾ തന്നെ നിങ്ങ മൂലയിൽ ഇരുന്നാ മതി, ഖുര്ബാന എങ്ങെനെ എലും ഒക്കെ ചെല്ലട്ടെ എന്ന രീതി ആയി മാറി കഴിഞ്ഞു . ഇനി ഇപ്പൊ ഹൈദ്രാബാദ് മിഷൻ മെത്രാൻ വരുമ്പോഴും , ബാംഗ്ലൂരിൽ മെത്രാൻ വരുമ്പോഴും , ദാണ്ടേ അങ്ങ് ദൂരെ സിറോ -മലബാർ എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത അല്ലെങ്കിൽ സുറിയാനിക്കാരെ ലത്തീൻ ആക്കിയെ അടങ്ങൂ എന്ന് പ്രത്യേക വാശി ഉള്ള , ആളുകളെ കെട്ടി ഇറക്കും . സഭക്ക് വേണ്ടി കഷ്ടപെടുന്ന്വർ മൂലയ്ക്ക് ഇരിക്കണം . അല്ലേൽ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു നടന്നോണം . ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇങ്ങനെയൊക്കയെ നടക്കൂ! കാരണം ഇതാണ് നേതൃത്വത്തിന്റെ അലിഘിത പോളിസി.!!

എന്ത് തെറ്റാണ് ചങ്ങനാശേരിയും, പാലായും , കഞ്ഞിരപ്പള്ളിയും ഒക്കെ സഭയോട് ചെയ്തത് ? സഭയുടെ പാരംബര്യത്തോടും , റോമാ സിംഹസനത്തോടും നീതി പുലര്ത്തിയതോ ? അതോ സഭയുടെ തനിമ ഇല്ലാതാക്കാൻ കൂട്ട് നിക്കാതെ ഇരുന്നതോ ? ചങ്ങനാശേരി അതിരൂപത യെയും , സാമന്ത രൂപതകളെയും ഒറ്റപെടുത്തുന്ന രീതി , എത്ര നയപരം ആയി ആണ് നടപ്പിലാക്കുന്നത് !!!

ഇതൊന്നും മനസിലാക്കാൻ പറ്റാത്ത മന്ദ ബുദ്ധികൾ അല്ല വിശ്വാസികൾ എന്ന് ഓർക്കുന്നത് നല്ലത്. പ്രാദേശിക വാദം എന്നൊക്കെ പറഞ്ഞു ഒതുക്കാൻ എളുപ്പം ആകും . പക്ഷെ പ്രാദേശിക വാദം പറഞ്ഞു മെത്രാന്മാരെ വീതം വെക്കുന്ന ആ സമ്പ്രദായം അല്ലെ മാറണ്ടത് ? സഭയിൽ ഐക്യം ഉണ്ടാകണം എന്നും പറഞ്ഞു ഒത്തുതീർപ്പുകളും വിട്ടുകൊടുക്കലുകളും നടത്തിയതിന്റെ ഫലമാണ് ചങ്ങനാശ്ശേരിയും സാമന്ത രൂപതകളും ഇന്ന് അനുഭവിക്കുന്നത്! ഇവിടെ വിട്ടുകൊടുത്തപ്പോൾ അവിടെ ഫലപ്രദമായി പ്രാദേശിക വാദം നടപ്പിലാക്കി! സഭ വളരണം. അതിനു പ്രാദേശിക വാദം പറഞ്ഞു നടക്കാൻ പാടില്ല. പറയുന്നില്ല! നേതൃത്വവും അങ്ങനെ ചെയ്യണം എന്ന് മാത്രം! ഇനി പറയുന്ന കാര്യങ്ങൾ എത്രയും വേഗം നടപ്പിലാക്കി സഭാ നേതൃത്വം മാതൃക കാണിക്കുക!

1. ഏക റീത്ത് വാദം / ലത്തീൻ വല്ക്കരണം എന്നത് ഉപേക്ഷിച്ചു , ഏക സിറോ-മലബാര് കത്തോലിക്കാ സഭ എന്ന നയം വേഗമാകട്ടെ .
2. എറണാകുളത്തിന് ഒരു തക്സാ, തൃശൂർ വേറെ ഒന്ന് എന്നാ രീതി ഉപേക്ഷിക്കുക . സഭയുടെ തക്സാ എല്ലാടത്തും ഉപയോഗിക്കുക .
3. വത്തിക്കാൻ നിർദേശിച്ച പോലെ , ബേമാ ഉള്ള പള്ളികളിൽ പരമ്പരാഗതം ആയ മദ്ബഹ അഭിമുഖം ആയുള്ള ഖുർബാന അർപ്പണവും , ബേമ ഇല്ലാത്ത പള്ളികളിൽ 50-50 ക്രമവും നടപ്പിലാക്കുക . Bema ഇല്ലാത്ത പള്ളികളിൽ ക്രമേണ ബേമ ഇടുക .
4. ഇനി ഒന്നും അല്ലേൽ , സിനഡ് ക്രമം നടപ്പാക്കുക . മദ്ബഹ വിരി തുറക്കുന്ന വരെ , ജനഭിമുഖം ആയും , പിന്നീട് ദൈവത്തിലേക്കും തിരിയുക

പറയുമ്പോൾ സമയം എടുക്കും , പ്രാര്തിക്കണം എന്ന രാഷ്ട്രീയകാരെ വെല്ലുന്ന ഉത്തരം വേണ്ടാന്നെ . നടപടി മാത്രം ഉണ്ടായാൽ മതി ..ഫോർമേഷൻ കുറവെങ്കിൽ പരിഹരിക്കുക. എല്ലാ കുറവുള്ളവരെയും നല്ല മല്പാനമാരുടെ അടുക്കൽ വിട്ടു ലിട്ടർജി , ആരാധന ഭാഷ സുറിയാനി , തിയോളജി ഇവ വേഗം പഠിപ്പിക്കുക

Shintoj Josheph & Thomas Cherian

Saturday, July 18, 2015

സിറോ മലബാർ സഭാ പ്രവാസികൾക്കായുള്ള അപ്പോസ്തോലിക് വിസിറ്റർ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെഴുതുന്ന തുറന്ന കത്ത്


ഹൈദരാബാദ് സിറോ മലബാർ കൂട്ടായ്മയുടെ ദുക്രാനാ ആഘോഷ വേളയിൽ ഹൈദരാബാദ് മിഷൻ കോ-ഓർഡിനെറ്റൊർ ആയി നിയമിതനായ ബഹു. അബ്രാഹം തർമ്മശേരി അച്ചനെ അനുമോധിച്ചുകൊണ്ട് അഭി പിതാവ് നടത്തിയ പ്രസംഗത്തിലെ ഏതാനും ചിന്തകളാണ് ഈ കത്തെഴുതാൻ പ്രേരകമായത്. 

"...അതോടൊപ്പം തന്നെ അദ്ധേഹത്തിനുള്ള ഉത്തരവാദിത്വം എല്ലാവരെയും ചേർത്ത് കൂട്ടിയിണക്കുക... ഇപ്പോൾ നമ്മുക്കറിയാം ഓരോ പള്ളികളും അവരവരുടെ വഴിക്കാണ് പോകുന്നത്... അതൊക്കെ കുറേക്കൂടെ കൃത്യമായിട്ടും..."

ഒന്നാമതായി, 'ഇപ്പോൾ നമ്മുക്കറിയാം ഓരോ പള്ളികളും അവരവരുടെ വഴിക്കാണ് പോകുന്നത്': സഭയിൽ ഐക്യമില്ലാത്തതിന്റെ വിഷമങ്ങൾ മറ്റാരേക്കാളും കൂടുതലായി പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന അഭി. പിതാവിന് മനസ്സിലാകുമെല്ലോ. എന്താണ് ഈ ഐക്യമില്ലായ്മയുടെ കാരണം? ഇതെങ്ങനെ പരിഹരിക്കാം?  ഓരോ പള്ളികളും അവരവരുടെ വഴിക്ക് പോകുന്നു എന്നത് ഹൈദരാബാദ് മാത്രം അല്ല. സിറോ മലബാർ സഭയിൽ ആകമാനമുള്ള ഒരു പ്രതിഭാസം ആണ്. വിശിഷ്യാ പ്രവാസികൾക്കായുള്ള കേന്ദ്രങ്ങളിൽ. ഓരോ പള്ളികളും എന്ന് പറയുന്നതിനെക്കാളും ശരി ഓരോ വൈദികരും എന്ന് പറയുന്നതാവും. വത്തിക്കാന്റെ നിർദേശങ്ങളും സഭയുടെ വിശുദ്ധ പാരമ്പര്യംങ്ങളും അനുസരിച്ച് പുനരുദ്ധരിക്കപ്പെട്ട വി. കുർബാനക്രമം നിശ്ചയിക്കപ്പെട്ട രീതിയിൽ അർപ്പിക്കാതെ ഓരോ വൈദികർക്കും ഇഷ്ടാനുസരണം പ്രവർത്തിക്കാവുന്ന അത്യന്തം പരിതാപകരമായ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് ആരാണ്? ആരുടെയൊക്കെയോ സ്വാർത്ഥ  താൽപര്യങ്ങൾക്കും അധികാര മോഹങ്ങൾക്കും  വേണ്ടി സഭയുടെ ആരാധനക്രമത്തിലും വി. കുർബാനയിലും വെള്ളം ചേർത്തതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ ഐക്യമില്ലായ്മ്മ. സഭയുടെ വി. പാരമ്പര്യങ്ങൾക്കും പഠനങ്ങൾക്കും വിരുദ്ധമായി ലത്തീൻ സഭയിൽ 2- നാം വത്തിക്കാൻ സൂനഹദോസിന് ശേഷം രൂപം കൊണ്ട ജനാഭിമുഖ കുർബാനയർപ്പണം  പൌരസ്ത്യ സഭയായ മലബാർ സഭയിൽ ആരംഭിച്ചതല്ലേ ഈ ഐക്യമില്ലായ്മയുടെ പ്രധാന കാരണം? ഇന്ന് ജീവിചിരിക്കുന്നവരിൽ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനടിക് 16- നാം  പാപ്പ വരെ  അൾത്താര അഭിമുഖമായിട്ടാണ് വി. കുർബാന  അർപ്പിക്കേണ്ടത് എന്ന് പറഞ്ഞിട്ടും എന്തേ പാരമ്പര്യങ്ങളിലേക്ക് മടങ്ങി പോകാൻ ഉറച്ച തീരുമാനങ്ങൾ നമ്മുടെ സഭയിൽ ഉണ്ടാകുന്നില്ല?

വി. കുർബാനയർപ്പണ ശൈലിയുടെ കാര്യത്തിൽ സഭയുടെ രൂപതകൾ തമ്മിൽ ഐക്യമില്ല. പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശങ്ങൾക്കും സഭയുടെ പാരമ്പര്യങ്ങൾക്കും അനുസൃതമായി അൾത്താര അഭിമുഖമായി മുഴുവൻ കുർബാനയും അർപ്പിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത ഒരു വശത്തും. ലത്തീൻ പ്രേമം പല കാരണങ്ങൾ കൊണ്ടും ഉപേക്ഷിക്കാതെ ഇന്നും ജനാഭിമുഖമായ ബലിയർപ്പണവുമായി മുന്നോട്ടു പോകുന്ന എറണാകുളം-തൃശൂർ അതിരൂപതകൾ മറുവശത്തും. വി. കുർബാനയർപ്പണത്തിൽ ഐക്യമുണ്ടാകണം എന്നാഗ്രഹിച്ച സിറോ മലബാർ സിനഡ് പൊതു ധാരണയനുസരിച്ച് ജനാഭിമുഖത്തിൽ തുടങ്ങി കൂദാശാ ഭാഗങ്ങൾ അൾത്താര അഭിമുഖമായി അർപ്പിക്കുന്ന സിനഡ് ക്രമത്തിന് രൂപം കൊടുത്തു. ഇതേ തുടർന്ന് ചങ്ങനാശ്ശേരി ഉൾപ്പെടെ സഭയുടെ ശൈലിക്ക് ചേർന്ന വി. കുർബാനയർപ്പണം നിലവിലിരുന്ന രൂപതകൾ സിനഡ് ക്രമത്തിലെക്ക് മാറി. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടേ, എറണാകുളം അതിരൂപതയിലെ ചില വൈദികരുടെ നിർബന്ധത്തിനു വഴങ്ങി സിനഡ് തീരുമാനത്തിനു വിരുദ്ധമായി  സ്വന്തം അതിരൂപതയിൽ  ഇളവനുവദിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ്പിനു ഉത്തരവ് ഇറക്കേണ്ടി വന്നു! അങ്ങനെ ജനാഭിമുഖം ബലിയർപ്പിക്കുന്നവർ പഴയ പടി തുടർന്നു. സിനഡ് തീരുമാനം ഉദ്ദേശിച്ച ഫലം ഉളവാക്കില്ല എന്ന് ഉറപ്പായ  സാഹചര്യത്തിൽ  കാത്തിരിപ്പുകൾക്ക് ശേഷം പൂർണ്ണമായും അൾത്താര അഭിമുഖമായ നിലപാടിലേക്ക് ചങ്ങനാശേരിയും മടങ്ങി. 

ഇന്ന് സിറോ മലബാർ സഭയിൽ ഓരോ രൂപതകൾക്കും അവരുടേതായ ശൈലികളാണ്. എന്തേ വി. കുർബാനയർപ്പണത്തിൽ സഭയുടെ പാരമ്പര്യങ്ങൾക്ക് അനുസൃതമായ ഒരു ഐക്യ രൂപം ഉണ്ടാക്കാൻ നേതൃത്വം ശ്രമിക്കുന്നില്ല? ഈ വിഷയം തീരുമാനമാക്കാതെ ദശാബ്ദങ്ങളായി നീട്ടിക്കൊണ്ട്  പോകുന്നത് തല്സ്ഥിതി തുടരാനും ഐക്യം ഉണ്ടാകുന്നത് തടയാനും അത് വഴി സഭയെ ഇല്ലാതാക്കുവാനുമുള്ള  സ്വാർത്ഥ മോഹികളുടെ  ഗൂടലക്ഷ്യം ആയിക്കൂടേ?

പല രൂപതകളിൽ നിന്നുള്ള വിശ്വാസികളും വൈദികരും പ്രവാസി കേന്ദ്രങ്ങളിൽ എത്തുമ്പോൾ തങ്ങൾ അനുഭവിച്ച് വളർന്ന രീതിയിൽ തന്നെ കുർബാനയപ്പണം നടത്താൻ ശ്രമിക്കും. അങ്ങനെ ഒരു അവിയൽ സംസ്ക്കാരത്തിലാണ് നമ്മുടെ പ്രവാസി കേന്ദ്രങ്ങൾ. പള്ളികളും വൈദികരും മാറുന്നതനുസരിച്ച് പുതിയ പുതിയ രീതികളും പുത്തൻ പാരമ്പര്യങ്ങളും! ഇതിനെല്ലാം ഇടക്ക് നട്ടം തിരിയുന്ന വിശ്വാസികളും! 

രൂപതകൾ തമ്മിലുള്ള ഭിന്നതകളാണ് മുകളിൽ പ്രസ്ഥാവിച്ചതുൽപ്പടെയുള്ള ഇന്നത്തെ മലബാര് സഭയുടെ എല്ലാ പ്രശനങ്ങൾക്കും മൂല കാരണം. ഈ ഭിന്നതകലുടെ പ്രധാന കാരണം വി. കുർബാനയർപ്പണ രീതിയും! ഭിന്നതകലുടെ എല്ലാം മൂല കാരണം ഇതായിരിക്കെ സഭ ഏറ്റവും പ്രാധാന്യതോടെ കൈകാര്യം ചെയ്യേണ്ടതും എറ്റവും വേഗത്തിൽ പരിഹാരം കാണേണ്ടതുമായ വിഷയം വി.കുർബാനയാണ്. എന്നാൽ വർഷത്തിൽ 2 പ്രാവശ്യം സമ്മേളിക്കുന്ന സിനഡ് ഈ വിഷയം പ്രതിപാതിച്ചു കാണാറേ  ഇല്ല. രോഗത്തിന് ചികിത്സിക്കാതെ രോഗലക്ഷണങ്ങൾക്ക്  വർഷങ്ങളോളം ചികിത്സിച്ചാലും രോഗം മാറുമോ? സഭയുടെ ഏറ്റവും വലിയ ആഘോഷമായ, അനുസ്മരണമായ വി. കുർബാന ശരിയായി അർപ്പിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഒരു സഭ എന്ന നിലയിൽ സിറോ- മലബാർ സഭയുടെ തന്നെ നിലനിൽപ്പിന് എന്ത് അർത്ഥമാണുള്ളത്? പിന്നെ എന്തിനാണ് പ്രവാസികൾക്ക് പ്രത്യേകം സംവീധാനങ്ങളും പള്ളികളും? അടുത്തുള്ള ലത്തീൻ പള്ളികളിൽ പോയാൽ പോരേ? പരമ പ്രധാനമായി ഐക്യം ഉണ്ടാകേണ്ടത് വി. കുർബാനയർപ്പണത്തിലാണ്. വി. കുർബാനയർപ്പണത്തിൽ ഐക്യരൂപം ഉണ്ടാകാതെ വേറെ എന്തൊക്കെ ചെയ്താലും ഒരു പ്രയോജനവും ഉണ്ടാവില്ല!       

അതുകൊണ്ട് സഭയിൽ ഐക്യം ഉണ്ടാകുവാനും, പ്രവാസികൾക്കിടയിൽ സമാധാനം ഉണ്ടാകുവാനും പിതാവ് ആത്മാർധമായി ആഗ്രഹിക്കുന്നു എങ്കിൽ, ആദ്യം ചെയ്യേണ്ടത് വി. കുർബാനയിൽ എത്രയും വേഗം ഐക്യരൂപം ഉണ്ടാക്കുവാനും വി. കുർബാനയർപ്പണത്തിനു കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുവാനും അതൊക്കെ ശരിയായി നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കുവാനും സഭാ സിനടിലും മേജർ ആർച്ച് ബിഷപ്പിനോടും ആവശ്യപ്പെടുകയാണ്. അല്ലാതെ കതിരിൽ വളം വയ്ക്കുന്ന ചികിത്സകൾ കൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല. 

രണ്ടാമതായി, പള്ളികൾ തമ്മിൽ ഐക്യം ഉണ്ടാകാൻ ഹൈദരാബാദിൽ ഏത് രീതി അനുവർത്തിക്കണം എന്നാണ് പിതാവ് ആഗ്രഹിക്കുന്നത്?  പാരമ്പര്യങ്ങളോടും വത്തിക്കാന്റെ നിർദേശങ്ങളോടും ചേർന്ന് പോകുന്ന അൾത്താര അഭിമുഖ ശൈലിയോ, തെറ്റിദ്ധാരണകൾ ജന്മം കൊടുത്ത ജനാഭിമുഖ ശൈലിയോ അതോ സിനഡ് ശൈലിയോ? തങ്ങൾ പിന്തുടർന്നിരുന്ന ശരിയായ വി. കുർബാനയർപ്പണ ശൈലിയിൽ നിന്ന് മാറി വിവിധ രൂപതാങ്ങങ്ങൾ അധിവസിക്കുന്ന പ്രവാസി കേന്ദ്രത്തിൽ സിനഡ് ക്രമം നടപ്പിലാക്കാൻ ശ്രമിക്കുന്ന ചങ്ങനാശ്ശേരി വൈദികരെ എത്ര അനുമോധിച്ചാലും മതിയാവില്ല! പ്രവാസി കേന്ദ്രങ്ങളിൽ ഐക്യ രൂപം ഉണ്ടാകുവാൻ ഏറ്റവും നല്ല മാർഗ്ഗം സിനഡ് നിർദ്ദേശങ്ങൾ അതേ പോലെ നടപ്പിലാക്കുക എന്നതല്ലേ? അതിനുള്ള ചങ്കൂറ്റം എന്തേ പിതാവിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നില്ല? കേവലം പ്രസംഗങ്ങലേക്കാൾ ആത്മാർഥതയുള്ള തീരുമാനങ്ങൾ ആണ് ഉണ്ടാവേണ്ടത്. എല്ലാ പ്രവാസി കേന്ദ്രങ്ങളിലും സിനഡ് ക്രമം നടപ്പിലാക്കണം എന്ന് ഉത്തരവിറക്കാൻ പിതാവിന് സാധിക്കുമോ? സഭയുടെ വളർച്ചയും നന്മയും ആത്മാർഥമായി ആഗ്രഹിക്കുന്നു എങ്കിൽ പിതാവ് ചെയ്യേണ്ടിയിരുന്നത് അതാണ്‌. 

അതല്ല, ഒരിടത്തും തൊടാതെ, ഒഴുക്കൻ മട്ടിൽ 'എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണം' എന്ന് ചങ്ങനാശേരിക്കാരൻ അച്ചനെ ഉപദേശിച്ചപ്പോൾ  പിതാവ് ഉദേശിച്ചത് 'നിങ്ങൾ വല്ല്യ സഭാ സ്നേഹം ഒന്നും കാണിക്കേണ്ട, മറ്റുള്ളവരെ പോലെ ഇവിടെയും എങ്ങനെ എങ്കിലും ഒക്കെ കുർബാന ചൊല്ലിയാൽ മതി' എന്നാണെങ്കിൽ, സിനഡ് തീരുമാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കിയിരുന്ന ഒരേ ഒരു പ്രവാസി കേന്ദ്രത്തിന്റെ കടയ്ക്കൽ കോടാലി വെക്കാൻ കൂട്ടുനിന്നവരുടെ ഗണത്തിൽ മുൻപന്തിയിലാകും ചരിത്രത്തിൽ അങ്ങയുടെയും സ്ഥാനം. അങ്ങനെ സംഭവിക്കരുതേ എന്ന് ആത്മാർഥമായി പ്രാർഥിക്കുകയാണ്.

നമ്മളെക്കാൾ തീരെ ചെറിയ സിറോ മലങ്കര സഭ, വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ, വളർന്ന്, നമ്മൾ ഇന്നും സ്വപ്നം കാണുന്ന ഭാരതം മുഴുവനുമുളള  അധികാര സ്വാതന്ത്ര്യം വരെ എത്തിപ്പിടിച്ചത് തങ്ങളുടെ സഭാ പാരമ്പര്യങ്ങളിൽ അടിയുറച്ച്, ഒറ്റകെട്ടായി, ഐക്യ ബോധത്തോടെ മുന്നേറിയതുകൊണ്ടാണ് എന്ന സത്യം നമ്മുക്ക് മറക്കാതിരിക്കാം. മാതൃ സഭയെ സ്നേഹിക്കുന്ന, അവളുടെ വിശുദ്ധ പാരമ്പര്യങ്ങളിൽ അഭിമാനിക്കുന്ന സമൂഹമായി നമ്മുക്ക്‌  മാറാം. വി. കുർബാന നമ്മുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രകാശനം ആകട്ടെ. വി. കുർബാനയിൽ തുടക്കം കുറിക്കേണ്ട ഐക്യം മലബാർ സഭയെ തീർച്ചയായും എല്ലാ മേഖലയിലും ഒരേ ആത്മാവും ഒരേ ശരീരവുമായി വളർച്ചയിലേക്ക് നയിക്കും.

 സഭയുടെ നന്മയ്ക്കും ദൈവ മഹത്വതിനുമായി ഉറച്ച  തീരുമാനങ്ങൾ എടുക്കുവാനും അവ നടപ്പിലാക്കുവാനും ശക്തിയും ധൈര്യവും അഭി പിതാവിനും സൂനഹദൊസിനും  പരിശുദ്ധാത്മാവ് നല്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് നിർത്തട്ടെ, 

ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ടെ.

വണങ്ങേണ്ടത് ബലിപീടത്തേയോ? അതോ...


ദൈവാലയത്തിന്റെ കേന്ദ്രം ബലിപീടം ആണ്. നാം കുമ്പിടുന്നതും വണങ്ങുന്നതും ഒക്കെ ബലിപീടത്തെ ആണ്. എന്നാൽ ഈ വസ്തുത എത്ര പേർ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നത് സംശയകരമാണ്. ദൈവാലയത്തിന്റെ മധ്യഭാഗത്ത് കുമ്പിടുന്നത് അവിടെ ക്രൂശിതരൂപം ഉള്ളതുകൊണ്ടോ സക്രാരി ഉള്ളതുകൊണ്ടോ സ്ലീവ ഉള്ളതുകൊണ്ടോ അതുമല്ലെങ്കിൽ മാതാവിന്റെയോ മറ്റു വിശുധരുടെയോ രൂപങ്ങളോ ചിത്രങ്ങളോ ഉള്ളതുകൊണ്ടോ ഒക്കെ ആണെന്ന് വിശ്വസിക്കുന്നവരാണ് മഹാ ഭൂരിപക്ഷവും. എന്നാൽ നാം വണങ്ങുന്നത് അല്ലെങ്കിൽ വണങ്ങേണ്ടത് ബലിപീടത്തെയാണ്.
നസ്രാണി സഭയിൽ സക്രാരിയോ വി. കുർബാന സൂക്ഷിച്ചു വെക്കുന്ന പതിവോ വി. കുർബാന എഴുന്നള്ളിച്ചു വച്ച് ആരാധിക്കുന്ന രീതിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവയുടെ ഒക്കെ കടന്നു വരവോടെ പലരുടെയും ചിന്തകളിൽ ആരാധനയ്ക്ക് വി. കുർബാന ഉണ്ടാക്കാനുള്ള ഒരു ചടങ്ങായി വി. കുർബാനയർപ്പണം മാറിക്കഴിഞ്ഞു. അതോടൊപ്പം തന്നെ സക്രാരിക്ക് ബലിപീടത്തേക്കാൾ പ്രാധാന്യവും പലരും കൊടുത്ത് തുടങ്ങി. ഈ ഒരു സന്ദർഭത്തിൽ ദൈവാലയത്തിന്റെ കേന്ദ്രം ബലിപീടമാണെന്ന വസ്തുത പ്രകടമാക്കാൻ ആണ് സക്രാരി കേന്ദ്ര ഭാഗത്തുനിന്നു (അൾത്താര) മാറ്റി വശങ്ങളിൽ ക്രമീകരിക്കുവാൻ തുടങ്ങിയത്.
മറ്റു പലർക്കും പ്രധാനം വമ്പൻ ക്രൂശിത രൂപങ്ങളും മാതാവിന്റെയും മറ്റു വിശുധരുറെയും പ്രതിമകളും ചിത്രങ്ങളും ഒക്കെ ആണ്!!
വി. കുർബാനയിൽ സർവ്വാധിപനാം കർത്താവേ എന്ന ഗാനം ആലപിക്കുമ്പോൾ നാം വണങ്ങുന്നത് ബലിപീടത്തേയാണ്. മറ്റൊന്നിനെയും അല്ല. ഇത് അറിയാഞ്ഞിട്ടാണോ അറിയില്ലാ എന്ന് നടിച്ചുകൊണ്ടാണോ ബേമ്മായില്ലാതെ ജനാഭിമുഖ കുർബാനയർപ്പിക്കുമ്പോൾ കാർമ്മികർ ബലിപീടത്തിനു പുറം തിരിഞ്ഞുനിന്നു ഭിത്തിയിലെ രൂപങ്ങളെയോ ചിത്രങ്ങളെയോ വണങ്ങുന്നത്? മെത്രാന്മാർ പോലും ഇങ്ങനെ ചെയ്യുമ്പോൾ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
സിനഡ് കുർബാനയർപ്പിച്ച് ശീലമില്ലാത്ത ഒരു സിറോ മലബാർ മെത്രാൻ കുർബാനയർപ്പണം കഴിഞ്ഞ് ബലിപീടത്തോടുള്ള യാത്രചോദിക്കൽ (വിശുധീകരണത്തിന്റെ ബലിപീടമേ സ്വസ്തി എന്ന പ്രാർത്ഥന) ബേമ്മായോട് നടത്തി, ബേമ്മാ ചുംബിച്ച് വിടവാങ്ങുന്നതും കാണാൻ സാധിച്ചു. നമ്മുടെ ഈ പോക്ക് എങ്ങോട്ടാണ്? ഈശോ മിശിഹായുടെ വി. ബലിപീടത്തിന്റെ പ്രാധാന്യം നമ്മുക്ക് മറക്കാതിരിക്കാം. ഓരോ തവണ കുമ്പിടുമ്പോഴും ഇത് മനസ്സിലുണ്ടാകട്ടെ.
Related Posts Plugin for WordPress, Blogger...