+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Wednesday, May 1, 2019

മാമ്മോന്റെ വേലക്കാർ!

ഒരു വ്യക്തിയെ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്കും അധികാര മോഹങ്ങൾക്കുമായി എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നതിന്റെ മകുടോദാഹരണമാണ് 2017 ഡിസംബർ മുതൽ എറണാകുളത്ത് അരങ്ങേറുന്നത്. കൃത്യമായ പ്ലാനിങ്ങോടെ ഉയർത്തിക്കൊണ്ടുവന്ന ഭൂമിവിവാദം, പിതാവിനെ ചവിട്ടിപുറത്താക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്, യാതൊരു ബന്ധവുമില്ലാത്ത ഒരു നിർധന കുടുംബത്തിന് അതിരൂപതയുടെ പദ്ധതി പ്രകാരം ഭൂമി നൽകിയത് ബന്ധുവിന് ഭൂമി ദാനം നൽകിയതാണെന്ന വ്യാഖ്യാനം, തനിക്ക് യാതൊരു അധികാരവുമില്ലാത്ത ലത്തീൻ മെത്രാന്റെ പേരിലുയർന്ന പീഡന ആരോപണത്തിൽ ആഴ്ചകളോളം മെത്രാനെക്കാൾ മുൾമുനയിൽ നിർത്തിയുള്ള വ്യക്തിഹത്യ, ഇതുകൊണ്ടൊന്നും രക്ഷയില്ലെന്നു കണ്ടപ്പോൾ വ്യാജരേഖ ചമച്ച് നാണംകെടുത്തി പുറത്താക്കാനുള്ള ശ്രമം!


ഇതൊക്കെ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് എറണാകുളത്തെ ഗുണ്ടാ വൈദികരുടെ ചരിത്രമറിയാവുന്നവർക്ക് മനസ്സിലാകും! ഒരു സഭാ തലവനെയും അവർ വെറുതെ വിട്ടിട്ടില്ല, എറണാകുളം കാരനായിരുന്ന വിതയത്തിൽ പിതാവിനെ പോലും! കാര്യം നിസ്സാരമായിരുന്നു! സഭയെയും സഭാ സിന്ഡിനെയും സഭാ നിയമങ്ങളെയും കാറ്റിൽ പറത്തിയുള്ള തങ്ങളുടെ തോന്നിവാസം അപ്പാടെ അംഗീകരിച്ചുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല! സഭയിലാകമാനം വി. കുർബാനയർപ്പണം ഏകീകരിക്കാൻ ഐക്യഖണ്ഡേന സിനഡ് എടുത്ത തീരുമാനത്തിൽ തങ്ങളുടെ സമ്മർദ്ധതാൽ അതിരൂപതയ്ക്ക് ഒഴിവുനല്കിയ വർക്കി പിതാവിനെ പോലും കൊല്ലാക്കൊല ചെയ്തതിൽ നിന്ന് ഇവരുടെ തനി സ്വഭാവം വ്യക്തമാണല്ലോ!


മാതൃ സഭയ്ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഇക്കൂട്ടർ ക്രൂശിലേറ്റിയ ഒരു മെത്രാൻ ഇന്നും ചങ്ങനാശേരിയിലുണ്ട്. ഇക്കൂട്ടരുടെ തോന്നിവാസങ്ങൾക്കു നേരെ ഒന്നുകണ്ണടച്ചിരുന്നെങ്കിൽ തനിക്ക് കിട്ടാമായിരുന്ന വലിയ സ്ഥാനമാനങ്ങൾപോലും സഭയ്ക്കുവേണ്ടി ത്യജിച്ച ജീവിക്കുന്ന രക്തസാക്ഷി! തന്റെ ശക്തവും ധീരവുമായ ഇടപെടലുകൾക്കൊണ്ട് ഭാരതത്തിലെ പൗരസ്ത്യ സഭകൾക്ക് തങ്ങളുടേതായ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത, പ്രവാസികൾക്കായി രൂപതകൾ ഉണ്ടാകണമെന്നും മിഷൻ പ്രവർത്തനങ്ങൾ നടത്താൻ സ്വന്തം സഭ വിട്ട് ലത്തീൻ സഭയിൽ ചേരേണ്ടിവരുന്ന അവസ്‌ഥ അത്യന്തം  പരിതാപകരമാണെന്നും വിശ്വസിച്ച, പൂർണ്ണ അവകാശങ്ങളോടെയുള്ള പാത്രിയാർക്കൽ സഭയായി സിറോ മലബാർ സഭയെ ഉയർത്തണമെന്നു വാദിച്ച മാർ പവ്വത്തിൽ പിതാവ് സഭാതലവനായി വരുന്നുവെന്ന ശ്രുതി പരന്നപ്പോൾ ഇക്കൂട്ടർ കാട്ടിക്കൂട്ടിയ തെരുവുനാടകങ്ങളും തെമ്മാടിത്തരങ്ങളും മൂന്നാംകിട രാഷ്ട്രീയക്കാരെയും വെല്ലുന്നതായിരുന്നു! അദ്ദേഹം സഭാ തലവനായിരുന്നെങ്കിൽ സഭയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു! അതിന് തടയിടാൻവേണ്ടി ഇക്കൂട്ടർ കാട്ടിക്കൂട്ടിയ കോലാഹലങ്ങളിൽ തോറ്റത് സഭയായിരുന്നു! തല്ലിക്കെടുത്തപ്പെട്ടത് നൂറ്റാണ്ടുകളായുള്ള പൂർവ്വികരുടെ സ്വപ്നങ്ങളായിരുന്നു! ആ ഒറ്റ നീക്കം സഭയെ എടുത്തെറിഞ്ഞത് പതിറ്റാണ്ടുകൾ പിന്നിലേക്കായിരുന്നു!


സഭയ്ക്ക് ഇന്നും പാത്രിയാർക്കൽ പദവിയില്ല, ഗൾഫ് ഉൾപ്പെടെയുള്ള പ്രവാസികേന്ദ്രങ്ങളിൽ വിശ്വാസികൾ ഇപ്പോഴും ലത്തീൻ സഭയുടെ കീഴിൽ! പ്രവാസികൾക്കായി കുറച്ചെങ്കിലും രൂപതകളും ഇന്ത്യ മുഴുവൻ അജപാലന സംവിധാനങ്ങളും ലഭിച്ചത് മാർ ആലഞ്ചേരിയുടെ കാലത്താണ്. 1986 ൽ ഭാഗ്യ സ്മരണാർഹനായ വി. ജോണ് പോൾ പാപ്പാ തന്റെ അനാരോഗ്യത്തിലും പൂർണ്ണതയിൽ അർപ്പിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്‌ത പുനരുദ്ധരിക്കപ്പെട്ട വി. കുർബാന ക്രമം പൂർണ്ണതയിൽ ഒരു തവണ പോലും അർപ്പിക്കാത്ത മെത്രാന്മാരും വൈദികരും അസംഖ്യമാണ് ഇന്നും സിറോ മലബാർ സഭയിൽ! എന്തിനേറെ പറയുന്നു  എറണാകുളത്തെ തോന്നിവാസികളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടു സഭയിലാകമാനം ഒരേരീതിയിൽ വി. കുർബാന അർപ്പിക്കാനായി വത്തിക്കാൻ അംഗീകരിച്ച ക്രമത്തിൽ വെള്ളം ചേർത്തുകൊണ്ടു പുറത്തിറക്കിയ സിനഡ് ക്രമം പോലും സഭയിലാകമാനം നടപ്പിലാക്കാൻ ഇക്കൂട്ടർ അനുവദിച്ചില്ല! സഭയിലാകമാനം അനൈക്യത്തിന്റെയും അച്ചടക്ക രാഹിത്യത്തിന്റെയും വിത്തുകൾ പാകി മാമ്മോന്റെ തൊഴിലാളികൾ യാത്ര തുടരുന്നു!


ആദ്യം അവർ തകർത്തത് സഭയുടെ അടിത്തറയായ ആരാധനാക്രമമായിരുന്നു! അടിത്തറ ഇളകി, ഐക്യം തകർന്നു! സഭ ആടിയുലഞ്ഞു! അവർ നിഷേധിച്ചത് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെ ആയിരുന്നു, സഭയുടെ നിയമ സംഹിതകളെയായിരുന്നു! യഥാർത്ഥ വിശ്വാസവും സഭാ ചരിത്രവും പഠിപ്പിക്കാതെ അവർ വളർത്തിയെടുത്തത് തങ്ങളുടെ കൊള്ളരുതായ്മകൾക്ക് കുടപിടിക്കുവാൻ മാത്രമറിയാവുന്ന തലമുറകളെയായിരുന്നു! അവർ അനുസരണക്കേട് കാട്ടിയതും പൊതുജനമധ്യത്തിൽ അവഹേളിച്ചതും തോമാ ശ്ലീഹായുടെ പിൻഗാമിയും സഭയുടെ കാണപ്പെട്ട തലവനുമായ വലിയ പിതാവിനെയായിരുന്നു..!. തീർന്നില്ല! ഒടുവിൽ അപ്പനായ മാർ തോമ്മായെത്തന്നെ തള്ളിപ്പറഞ്ഞു! സന്ധ്യാപ്രാർത്ഥന ചൊല്ലുമ്പോൾ നിർത്തി നിർത്തി ചൊല്ലണമെന്ന് ഉപദേശിക്കുകയും ചില പ്രാർത്ഥനകളിലെ ഏതാനും വാക്കുകൾ മാറി ചൊല്ലിയാൽ ഗുരുതരമായ ദൈവനിന്ദയായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ചിലർ അവഹേളനത്തിന്റെ പാരമ്യത്തിൽ മന്ത്രവാദികളെപ്പോലെ അംഗവിക്ഷേപങ്ങൾ നടത്തിയും ഔദ്യോഗിക തിരുവസ്ത്രങ്ങൾ ഒഴിവാക്കി തങ്ങൾക്ക് തോന്നുന്ന വസ്ത്രങ്ങൾ ധരിച്ചും വി. കുർബാന പുസ്തകത്തിലെ പ്രാർത്ഥനകളും ഗീതങ്ങളും തോന്നുംപടി ഒഴിവാക്കിയും സ്വയംപ്രേരിത പ്രാർത്ഥനകളും ആൽബം പാട്ടുകളും കുത്തിനിറച്ചും വി. കുർബാന അർപ്പിക്കുമ്പോൾ അത് ദൈവനിന്ദയാകുന്നില്ല!


മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച, അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട കുലദ്രോഹികൾ! സഭയുടെ വി. കുർബാനയെ അത്യന്തം നീചവും പൈശാചികവുമായ രീതിയിൽ അവഹേളിച്ച് സഭയിലാകമാനം അനൈക്യത്തിന്റെ വിത്തുപാകിയ കുലദ്രോഹികൾ! സഭയെ, സഭാ തലവനെ, വിശുദ്ധ പാരമ്പര്യങ്ങളെ, സഭാ നിയമത്തെ, പൊതുസമൂഹത്തിനു മുൻപിൽ അപഹാസ്യമാക്കിയ കുലദ്രോഹികൾ!  കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് അറിയായ്കയാൽ ഇവരോട് പൊറുക്കേണമേ!
ഇവരെ വ്യക്തമായി അറിയാവുന്നവർ പറയും 2017 ഡിസംബറിൽ ഭൂമിവിവാദം പുറത്തായില്ലായിരുന്നുവെങ്കിൽ അധികം വൈകാതെ മറ്റൊരു വാർത്ത പുറത്തുവന്നേനെ!  "അനാരോഗ്യം മൂലം സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു!" അല്ലെങ്കിൽ ഒരു പക്ഷേ "ഹൃദയസ്തംഭനത്തെ തുടർന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി കാലംചെയ്തു!" എന്ന വാർത്തയും കേൾക്കേണ്ടി വന്നേനെ!


അതിരൂപതയിലെ ഇടപാടുകളിൽ സുതാര്യത ഉണ്ടാക്കാൻ എന്ന വ്യാജേന തട്ടിക്കൂട്ടിയ സംഘടനയുടെ ഒരേയൊരു ലക്ഷ്യം മാർ ആലഞ്ചേരിയെ എങ്ങനെ വലിച്ച് താഴെയിടാമെന്നത് മാത്രമായി! മാർ ആലഞ്ചേരിയുമായി യാതൊരു ബന്ധവുമില്ലാത്ത കേസുകളിൽ പോലും ചാനലുകളിൽ പോയിരുന്നു അഭി. പിതാവിനെ ആ വിഷയങ്ങളിലേക്ക് വലിച്ചിടാനും യദാർത്ഥ വിഷയങ്ങളിൽ നിന്നും വഴിമാറ്റി ആഴ്ചകളോളം മാർ ആലഞ്ചേരിയേ കേന്ദ്രീകരിച്ച് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ക്രൂരമായ വ്യക്തിഹത്യ നടത്തി പൊതുജനസമക്ഷം സഭയെയും സഭാതലവനെയും പരിഹാസപാത്രമാക്കുവാനും ശ്രമിച്ച ഇക്കൂട്ടർ തങ്ങളുടെ തലതൊട്ടപ്പൻ മണവാളൻ കൊരട്ടിമുത്തിക്ക് കാണിക്കയായി ലഭിച്ച ആഭരണങ്ങൾ അടിച്ചുമാറ്റിയപ്പോഴും വ്യാജ രേഖ വിഷയത്തിലും അതാര്യതയ്ക്കുവേണ്ടി വാദിച്ചത് ആരേയും അത്ഭുതപ്പെടുത്തിയില്ല! സുതാര്യതയുടെ മുഖമൂടിക്കു പിന്നിലെ കപഠനാട്യക്കാരുടെയും അവരുടെ പിന്നിൽ ചരടുവലിച്ചുകൊണ്ടിരുന്ന വിമത വൈദികരുടേയും ലക്ഷ്യം സുതാര്യതയല്ല മാർ ആലഞ്ചേരിയെ ഇല്ലാതാക്കുകയെന്നത് മാത്രമായിരുന്നുവെന്നു കേരള സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
അഡ്മിനിസ്‌ട്രേറ്റിവ് ആർച്ചുബിഷപ്പല്ല സാക്ഷാൽ ദൈവം തമ്പുരാൻ ഇറങ്ങിവന്നാൽ പോലും എറണാകുളം-അങ്കമാലി അതിരൂപത രക്ഷപെടില്ല! സ്വന്തം രൂപതക്കാരനായിരുന്ന വിതയത്തിൽ പിതാവിനോട് പറഞ്ഞതുപോലെ അപ്പോഴും അവർ പറയും ഇത് ഞങ്ങളുടെ അതിരൂപത, ഞങ്ങൾ പറയുന്നതേ ഇവിടെ നടക്കൂ! ദൈവത്തെയും മാമ്മോനെയും ഒരുമിച്ച് സേവിക്കാൻ സാധ്യമല്ല! മാമ്മോന്റെ വേലക്കാരെ എന്ന് മഹറോൻ ചൊല്ലുന്നോ അന്നേ ഈ അതിരൂപതയും സഭയും ഗതി പിടിക്കൂ! മാമ്മോന്റെ വേലക്കാർക്കും തൊഴിലാളി സംഘടനാ ഭാരവാഹികൾക്കും തൊഴിലാളി ദിനത്തിന്റെ മംഗളങ്ങൾ നേർന്നുകൊണ്ട്, നിർത്തട്ടെ! നന്ദി, നമസ്ക്കാരം!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...