+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Sunday, August 13, 2017

ജന്മദിനാശംസകൾ അഭി. പൗവ്വത്തിൽ പിതാവേ


⁠⁠⁠" മുഴങ്ങും ഒരു ശബ്ദം ഈ ഭാരത ഭൂവിൽ, ഉയരും ഒരു മന്ത്രം ഒരു രാഗമായി ഭൂവിൽ, തമസോമാ ജ്യോതിർഗമായാ!" അഭി. പവ്വത്തിൽ പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി വർഷത്തിൽ മധ്യസ്ഥൻ ടി.വി. പുറത്തിറക്കിയ ആദരം എന്ന ടെലി ഫിലിമിന്റെ ടൈറ്റിൽ സോങ് തുടങ്ങുന്നത് ഇപ്രകാരമാണ്. "സിറോ മലബാർ സഭയുടെ ചരിത്രത്തിലെ അതി നിർണ്ണായകമായ ഘട്ടത്തിൽ, വിശിഷ്യാ ഒരു വ്യക്തിഗത സഭയെന്ന നിലയിലുള്ള വ്യക്തിത്വത്തിന്റെയും അവകാശങ്ങളുടെയും നീതി പൂർവ്വകമായ പുനഃസ്ഥാപനത്തിനു അഭി പിതാവ് നൽകിയ നേതൃത്വവും പിതാവിന്റെ പരിശ്രമങ്ങളും സിറോ മലബാർ സഭയുടെ തലമുറകൾ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കും. മെത്രാനും മെത്രാപ്പോലീത്തായുമായി അഭി പിതാവ് സഭയെ നയിച്ച നാളുകൾ സിറോ മലബാർ സഭയുടെ ചരിത്രത്തിൽ ഒട്ടനവധി വെല്ലുവിളികളും വിഷമതകളും നിറഞ്ഞതായിരുന്നു. ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്ന വെല്ലുവിളികൾ! കഠിനമെങ്കിലും ഉറച്ച തീരുമാനങ്ങൾ അഭി. പിതാവ് കൈക്കൊണ്ടു. അതെല്ലാം ശരിയായിരുന്നു എന്നതിന് ഇന്ന് ചരിത്രം സാക്ഷി!"( സി.ബി.സി.ഐ മുൻ അധ്യക്ഷൻ കർദിനാൾ ടെലസ്ഫോർ ടോപ്പോ ) "എക്കോ ലാകൊറോണാ ദല്ലാ ചീയസാ സിറോമലബാറീസ്"-നോക്കൂ സിറോ മലബാർ സഭയുടെ കിരീടം! മെത്രാന്മാരുടെ അദ് ലമീനാ സന്ദർശന വേളയിൽ പവ്വത്തിൽ പിതാവിനെ കണ്ട ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വിശേഷണം! സഭയ്ക്കും സമൂഹത്തിനും വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച അഭി. പിതാവിനെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ കണ്ടെത്തുക അസാധ്യം!

അജ്ഞതയുടെയും അലസതയുടെയും അന്ധകാരത്തിൽ നിന്ന് അറിവിന്റെ പ്രകാശത്തിലേക്ക് ഭാരത സഭയെ കൈപിടിച്ച് നടത്താൻ ഉദിച്ചുയർന്ന ഭാഗ്യ താരകം. മാതൃ സഭയ്ക്കും സഭാ മക്കൾക്കും വേണ്ടി ആഗോള തലത്തിൽ മുഴങ്ങിക്കേട്ട ശബ്ദം. സഭയുടെ വിശ്വാസത്തിനും അവകാശങ്ങൾക്കുമായി ഭരണ സിരാ കേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ച ഇടിനാദം. മാർത്തോമാ ശ്ലീഹ പകർന്നു നൽകിയ, പൂർവ്വ പിതാക്കന്മാർ നെഞ്ചിലേറ്റിയ വിശ്വാസ പാരമ്പര്യങ്ങൾക്കായി സ്വയം ബലിയായി തീർന്ന വൈദിക ശ്രേഷ്ഠൻ. അജഗണങ്ങളുടെ ഉറങ്ങാത്ത കാവൽക്കാരൻ. നസ്രാണി സഭയുടെ അനിഷേധ്യ കിരീടം, "എനിക്ക് ജീവിക്കുക എന്നാൽ സഭയാണ്" എന്ന വാക്കുകൾ അക്ഷരം പ്രതി സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് സഭയുടെ നന്മയ്ക്കായ് സ്വയം നഷ്ടങ്ങൾ ഏറ്റുവാങ്ങിയ സഭാസ്നേഹി. സഭാ സ്നേഹമുള്ള ഒരു തലമുറയ്ക്ക് പ്രചോദനവും വഴികാട്ടിയുമായ നല്ലിടയൻ! എത്രയും സ്നേഹമുള്ള വന്ദ്യ പിതാവേ, ഒരായിരം ജന്മദിനാശംസകൾ! സഭയ്ക്കും സമൂഹത്തിനുമായി അങ്ങയുടെ ശബ്ദം ഇനിയും ധാരാളം മുഴങ്ങട്ടെ! അനേകായിരങ്ങൾക്ക് പ്രചോദനമായി, വഴികാട്ടിയായ് ദീർഘകാലം വിളങ്ങിനിൽക്കാൻ നീതി സൂര്യനായ മിശിഹാ തന്റെ കൃപാ കടാക്ഷങ്ങൾ നൽകി അങ്ങയെ അനുഗ്രഹിക്കട്ടെ.
Related Posts Plugin for WordPress, Blogger...