+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Friday, April 13, 2018

കുലദ്രോഹികൾ!


ആദ്യം അവർ തകർത്തത് സഭയുടെ അടിത്തറയായ ആരാധനാക്രമമായിരുന്നു! അടിത്തറ ഇളകി, ഐക്യം തകർന്നു! സഭ ആടിയുലഞ്ഞു! അവർ നിഷേധിച്ചത് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെ ആയിരുന്നു, സഭയുടെ നിയമ സംഹിതകളെയായിരുന്നു! യഥാർത്ഥ വിശ്വാസവും സഭാ ചരിത്രവും പഠിപ്പിക്കാതെ അവർ വളർത്തിയെടുത്തത് തങ്ങളുടെ കൊള്ളരുതായ്മകൾക്ക് കുടപിടിക്കുവാൻ മാത്രമറിയാവുന്ന തലമുറകളെയായിരുന്നു! അവർ അനുസരണക്കേട് കാട്ടിയതും പൊതുജനമധ്യത്തിൽ അവഹേളിച്ചതും തോമാ ശ്ലീഹായുടെ പിൻഗാമിയും സഭയുടെ കാണപ്പെട്ട തലവനുമായ വലിയ പിതാവിനെയായിരുന്നു!...തീർന്നില്ല! ഇതാ അപ്പനായ മാർ തോമ്മായെത്തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു!  മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച, അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട കുലദ്രോഹികൾ! സഭയുടെ വി. കുർബാനയെ അത്യന്തം നീചവും പൈശാചികവുമായ രീതിയിൽ അവഹേളിച്ച് സഭയിലാകമാനം അനൈക്യത്തിന്റെ വിത്തുപാകിയ കുലദ്രോഹികൾ! സഭയെ, സഭാ തലവനെ, വിശുദ്ധ പാരമ്പര്യങ്ങളെ, സഭാ നിയമത്തെ, പൊതുസമൂഹത്തിനു മുൻപിൽ അപഹാസ്യമാക്കിയ കുലദ്രോഹികൾ!  
കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് അറിയായ്കയാൽ ഇവരോട് പൊറുക്കേണമേ!

ഒരു സഭയെ സഭയാക്കി മാറ്റുന്നത് ആരാധനാക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും അച്ചടക്കവും ഹയരാർക്കിയുമാണ്. സിറോ മലബാർ സഭയുടെ ആരാധനക്രമം തങ്ങൾക്ക് ബാധകമല്ലയെന്ന് എറണാകുളത്തെ വൈദികർ പരസ്യമായി പ്രഖ്യാപിച്ചിട്ട് രണ്ട് ദശാബ്ദങ്ങളായി. ആദിമ സഭകളുടെ പാരമ്പര്യവും സിറോ മലബാർ സഭയുൾപ്പടെയുള്ള എല്ലാ പൗരസ്ത്യ സഭകളും  ഇന്നും തുടർന്നുപോകുന്നതുമായ ഉത്ഥാന ദൈവശാസ്ത്രം തങ്ങളുടേതല്ലെന്നും അത് ചങ്ങനാശ്ശേരിക്കാരുടേതാണെന്നും തങ്ങളുടേത് പീഡാനുഭവ ദൈവശാസ്ത്രമാണെന്നും ഇക്കൂട്ടർ പ്രഖ്യാപിച്ചുകഴിഞ്ഞു! സഭാധ്യക്ഷനെയും സഭാ നേതൃത്വത്തെയും സഭാ നിയമത്തെയും പുല്ലുവില!  തോമാ ശ്ലീഹാ വഴിയായി ലഭിച്ച ശ്ലൈഹീക പാരമ്പര്യം പോലും തള്ളിപ്പറഞ്ഞിരിക്കുന്നു! അനുസരണ ഏഴയലത്തുകൂടെ പോയിട്ടില്ല! അച്ചടക്കത്തിന്റെ കാര്യമാണേൽ പറയാനുമില്ല! ഇതൊന്നുമില്ലാതെ എന്ത് ആധ്യാത്മികത! ചുരുക്കി പറഞ്ഞാൽ സിറോ മലബാർ സഭ എന്നല്ല, ഒരു ക്രൈസ്തവ സഭയായി നിലനിൽക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാത്ത ഒരു സമൂഹമായി എറണാകുളം സംഘം അധഃപതിച്ചുകഴിഞ്ഞു.  സിറോ മലബാർ സഭയുടെ സിനഡ് ഒരു കൂട്ടം പാവം മെത്രാന്മാരുടെ സംഘമാണ്. ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ശേഷിയില്ല; ആയതിനാൽ ഒരു നടപടിയും പ്രതീക്ഷിക്കേണ്ട. ഈ കുലദ്രോഹികളെ കെട്ടുകെട്ടിക്കാൻ വിശ്വാസികൾ തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. 

സ്വന്തം സഭയ്ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഇക്കൂട്ടർ ക്രൂശിലേറ്റിയ ഒരു മെത്രാൻ ഇന്നും ചങ്ങനാശേരിയിലുണ്ട്. ഇക്കൂട്ടരുടെ തോന്നിവാസങ്ങൾക്കു നേരെ ഒന്നുകണ്ണടച്ചിരുന്നെങ്കിൽ തനിക്ക് കിട്ടാമായിരുന്ന വലിയ സ്ഥാനമാനങ്ങൾപോലും സഭയ്ക്കുവേണ്ടി ത്യജിച്ച ജീവിക്കുന്ന രക്തസാക്ഷി! അദ്ദേഹം സഭാ തലവനായിരുന്നെങ്കിൽ സഭയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു! അതിന് തടയിടാൻവേണ്ടി ഇക്കൂട്ടർ കാട്ടിക്കൂട്ടിയ കോലാഹലങ്ങളിൽ തോറ്റത് സഭയായിരുന്നു! തല്ലിക്കെടുത്തപ്പെട്ടത് നൂറ്റാണ്ടുകളായുള്ള പൂർവ്വികരുടെ സ്വപ്നങ്ങളായിരുന്നു! 

"ഇതെല്ലാം മൺമറഞ്ഞുപോയ ഞങ്ങളുടെ പിതാവിന്റെ സ്വപ്നമാണ്!" സഭയെ കുട്ടിച്ചോറാക്കുകയെന്നതായിരുന്നോ നിങ്ങളുടെ മൺമറഞ്ഞുപോയ പിതാവിന്റെ സ്വപ്നം? തോമാശ്ലീഹായുടെ ശ്ലൈഹീക പാരമ്പര്യം നമ്മുക്ക് വേണ്ടെന്നായിരുന്നോ അദ്ദേഹത്തിന്റെ നിലപാട്? ഒരു കാര്യം ഉറപ്പാണ്, ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇവറ്റകളെ ചവിട്ടിപ്പുറത്താക്കാൻ മുൻപന്തിയിൽ ഉണ്ടാവുക പാറേക്കാട്ടിൽ പിതാവായിരിക്കും! "എറണാകുളം അതിരൂപതയ്ക്ക് അതിന്റേതായ പാരമ്പര്യങ്ങളുണ്ട്!" എന്താണാ പാരമ്പര്യങ്ങൾ? മറ്റൊന്നുമല്ല, ലത്തീൻ സഭയിൽ നിന്നും കടം കൊണ്ട കൊള്ളരുതായ്മകൾ! വ്യക്തമായി പറഞ്ഞാൽ ലത്തീൻ സഭയുടെ ചരിത്രത്തിൽ എന്തൊക്കെ തെറ്റുകൾ ഉണ്ടായിട്ടുണ്ടോ അതെല്ലാമാണ് ഈ എറണാകുളത്തെ വിശുദ്ധ പാരമ്പര്യങ്ങൾ! പീഡാനുഭവ ദൈവശാസ്ത്രവും ജനാഭിമുഖ കുർബാനയുമൊക്കെ അവയിൽ ചിലതുമാത്രം! ലത്തീൻ സഭയുടെ നന്മയൊന്നും സ്വീകരിച്ചിട്ടില്ലതാനും!

വാൽക്കഷ്ണം: 

ഇടയന്ത്രം ടീമിനോട് ഒരു വാക്കുകൂടി, നിങ്ങൾ സ്വപ്നം കാണുന്ന പോലെ സിറോ മലബാർ സഭ എറണാകുളം-അങ്കമാലി സഭയൊന്നും  ആകാൻ പോകുന്നില്ല! സഭാ തലവനായി മാർ ആലഞ്ചേരി തുടരുകയും ചെയ്യും! സഭയിലെ 50 ലക്ഷം വിശ്വാസികൾക്കും ഒരു പിതാവേയുള്ളു! അത് തോമാ ശ്ലീഹായാണ്! ഇനി ചെയ്യാൻ പറ്റുന്നത് ഒരു എറണാകുളം- അങ്കമാലി പെന്തക്കോസ്ത് സഭ അങ്ങ് തുടങ്ങുക! മാർ എടയന്ത്രത്തിനെ സഭാ തലവനായി വാഴിക്കുക! മോതിരം കൊതിച്ചുനടന്ന മുണ്ടാടനെ സഹായം ആക്കിക്കോ! തേലക്കാടനെ ആസ്ഥാന മല്‌പാനും ആക്കാം! സഭാ സ്ഥാപക സ്ഥാനത്ത് പാറേക്കാട്ടിൽ തിരുമേനിയെയും പ്രതിഷ്ഠിക്കാം! പൂജാരിമാരെയും തന്ത്രിമാരെയും സമീക്ഷവഴി സാമ്പള്ളൂർ പാതിരിമാർ തന്നുകൊള്ളും! കൂടെ നിൽക്കാനുള്ള വിശ്വാസികളുടെ കാര്യത്തിൽ മാത്രമാണ് സംശയം! സഭയെ ജീവനുതുല്യം സ്നേഹിച്ച പൂർവ്വികരുടെ ഇളം തലമുറകൾ തീർച്ചയായും നിങ്ങളോടൊപ്പം ഉണ്ടാവില്ല! വിഷമിക്കേണ്ട, മ്മക്ക് ബംഗാളിൽ നിന്ന് ആളെയിറക്കാം ബ്രോ!

ശുഭം!
Related Posts Plugin for WordPress, Blogger...