+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Wednesday, November 28, 2018

മലബാറിലെ സഭയിൽ മഹറോൻ മണക്കുമ്പോൾ!

മഹറോൻ ശിക്ഷ! സഭാ കൂട്ടായ്മയിൽ ഏറ്റവും ഗുരുതരമായ തെറ്റുകൾക്കുള്ള ശിക്ഷയാണ് Excommunication  അഥവാ മഹറോൻ ചൊല്ലൽ! Excommunication രണ്ടു തരമാണുള്ളത്. കൂദാശകൾ മുടക്കുന്നതിനു Minor Excommunication എന്നും സഭയിൽ നിന്നു തന്നെയുള്ള പുറത്താക്കലിന് Major Excommunication എന്നും പറയുന്നു. ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി നിയമസംഹിതയിലെ മഹറോൻ വകുപ്പുകൾ ചേർത്ത് എറണാകുളം അതിരൂപതാ വൈദികൻ ഫാ. അഗസ്റ്റിൻ വട്ടോളിയോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് സിറോ മലബാർ സഭയിൽ അടുത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം മഹറോൻ ശിക്ഷ ചർച്ചയാവുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കർദിനാൾ പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ പൗരസ്ത്യ കത്തോലിക്കാ സഭയുടെ കാനൻ നിയമം തന്നെ കർദിനാൾ പാറേക്കാട്ടിലിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച എറണാകുളം അതിരൂപതയിലെ വിമത വൈദികർക്ക് സഭയ്ക്ക് പുറത്തേക്കുള്ള വഴി കാട്ടുകയാണ്!

ഫാ. അഗസ്റ്റിൻ വട്ടോളി മാത്രമാണോ എറണാകുളത്ത് ഈ ശിക്ഷ അർഹിക്കുന്നത്? അല്ലെങ്കിൽ ഫാ. വട്ടോളിയെ മാത്രം ശിക്ഷിക്കുന്നത് അനീതിയല്ലേ? പൗരസ്ത്യ സഭകളുടെ കാനൻ നിയമ പ്രകാരം Excommunication വരെ എത്താവുന്ന നിയമലംഘനങ്ങളിൽ  അച്ചടക്കമില്ലായ്മയും നിയമ ലംഘനങ്ങളും പതിവാക്കിയ എറണാകുളത്തെ വിമത വൈദികർക്ക് ബാധകമാകുന്ന ചില നിയമങ്ങൾ ചുവടേ ചേർക്കുന്നു. 

Canon 1436 - §1: കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങളും  വിശ്വാസ സത്യങ്ങളും നിഷേധിക്കുകയോ അവയെ സംശയത്തിന്റെ നിഴലിലാക്കുകയോ ചെയ്യുക എന്നത് Major Excommunication പരിധിയിൽ വരുന്ന കുറ്റം!
   വി. കുർബാനയർപ്പണത്തെക്കുറിച്ച് തെറ്റായ പഠനങ്ങൾ കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സഹായ മെത്രാൻ മാർ സെബാസ്റ്റിയൻ ഇടയന്ത്രത്ത്, ഈശോ മിശിഹാ പുരോഹിതനല്ല വെറുമൊരു പ്രവാചകൻ മാത്രമാണെന്നതുൾപ്പെടെയുള്ള അബദ്ധ പ്രചാരണങ്ങൾ നടത്തുന്ന എറണാകുളം അതിരൂപതയുടെ മതബോധന ഡയറക്ടർ ഫാ. ജോയ്‌സ് കൈതക്കോട്ടിൽ  

Canon 1438:  മേലധികാരികളെ വി. കുർബാനയിലും യാമപ്രാത്ഥനകളിലും മനഃപൂർവ്വം അനുസ്മരിക്കാതിരിക്കുകയും മുന്നറിയിപ്പുകൾക്ക് ശേഷവും അത് തുടരുകയും ചെയ്യുന്നത് Major Excommunication പരിധിയിൽ വരുന്ന കുറ്റം. പൗരോഹിത്യം ഏകമാണ്, ശ്ലീഹന്മാരുടെയും അവരുടെ പിൻഗാമികളുടെയും കൈവപ്പുവഴിയാണ് സഭയിൽ നിലനിൽക്കുന്ന മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുകാരാകുന്നത്. മേലധികാരികളെ അനുസ്മരിക്കാതിരിക്കുന്നത് ഈ കൂട്ടായ്മയിൽ നിന്നുള്ള സ്വയം വിച്ഛേദിക്കലായാണ് സഭ പഠിപ്പിക്കുന്നത്. അതിനാലാണ് Excommunication വരെ നൽകാവുന്ന ഗുരുതരമായ കുറ്റകൃത്യമായി ഇത് പരിഗണിക്കപ്പെടുന്നത്.
    അങ്കമാലി ഫൊറോനാ വികാരി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. അഗസ്റ്റിൻ വട്ടോളി തുടങ്ങി ഭൂരിഭാഗം വിമത വൈദികരും സിറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ബിഷപ്പിനെ വി. കുർബാനയിൽ അനുസ്മരിക്കാതിരിക്കുന്നത് ഇതനുസരിച്ച് വളരെ ഗുരുതരമായ കുറ്റമാണ്.

Canon 1447 - §1:  മേലധ്യക്ഷനെതിരെ വിദ്വെഷ പ്രചാരണം നടത്തുക, അനുസരണക്കേടിന് പ്രേരിപ്പിക്കുക തുടങ്ങിയതും Major Excommunication വരെ അർഹിക്കുന്ന കുറ്റമാണ്. പ്രത്യേകിച്ചും മേജർ ആർച്ച്ബിഷപ്പ്/ മാർപാപ്പ തുടങ്ങിയവർക്കെതിരെയാകുമ്പോൾ   
    എറണാകുളം അതിരൂപതയിലെ വിമത വൈദികർ മുഴുവനും ഈ നിയമപ്രകാരം സഭക്ക് പുറത്താക്കപ്പെടാവുന്നതാണ്. ഈ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് കഴിഞ്ഞ ഒരു വർഷമായി എറണാകുളത്ത് നടക്കുന്നത്.

Canon 1454:  മറ്റൊരാൾക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നതും Excommunication വരെ നൽകാവുന്ന ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ചും ആരോപണം മേജർ ആർച്ച്ബിഷപ്പ്/ പാത്രിയാർക്കിസ്/ മാർപാപ്പ എന്നിവർക്കെതിരേ ആകുമ്പോൾ.
         എറണാകുളം അതിരൂപതയുടെ ഭൂമി കർദിനാൾ ആലഞ്ചേരി കട്ടുമുടിച്ചെന്നും അഴിമതി നടത്തിയെന്നും സ്വന്തക്കാർക്ക് നൽകിയെന്നും ആ പണം ഉപയോഗിച്ച് വത്തിക്കാനിൽ കൈക്കൂലി കൊടുത്ത് പാത്രിയാർക്കിസ് ആകാനുള്ള ശ്രമമാണെന്നും സിറോ മലബാർ സഭയ്ക്ക് അഖിലേന്ത്യാ അധികാരം പുനഃസ്ഥാപിച്ചത് കൈക്കൂലി കൊടുത്തിട്ടായാണെന്നും തുടങ്ങി എണ്ണമറ്റ വ്യാജ പ്രചാരണങ്ങളാണ് എറണാകുളത്തെ വിമത വൈദികരുടെ നേതൃത്വത്തിൽ മേജർ ആർച്ബിഷപ്പിനെതിരെ നടന്നത്! മാർപാപ്പ പുനഃസ്ഥാപിച്ച അഖിലേന്ത്യാ അധികാരം കൈക്കൂലി നൽകിയാണ് നേടിയതെന്ന ആരോപണം മാർപാപ്പയ്ക്കുംകൂടി എതിരായ തെറ്റായ ആരോപണമാണ്.

Canon 1452:  തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും ആരുടെയെങ്കിലും സൽപ്പേരിനു കളങ്കം വരുത്തിയാൽ തക്കതായ പരിഹാരം ചെയ്യേണ്ടതാണ്. അതിനു വിസമ്മതിക്കുന്ന പക്ഷം Minor Excommunication പരിധിയിൽ വരുന്ന കുറ്റമാണ്.
          ലത്തീൻ സഭയുടെ ജലന്ധർ ബിഷപ്പ് ആരോപണ വിധേയനായ പീഢനക്കേസിൽ ആദ്യത്തെ ആഴ്ചകളിൽ ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് സിറോ മലബാർ സഭാ തലവനായിരുന്നു! തനിക്ക് യാതൊരു അധികാരവുമില്ലാത്ത ഒരു മെത്രാന്റെ പേരിലുള്ള കേസിൽ നടപടിയെടുത്തില്ല, അധികാരികളെ അറിയിച്ചില്ല, പീഡനം മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തെ മുൾമുനയിൽ നിർത്തിയത് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിലുള്ള എറണാകുളത്തെ വിമത സംഘമായിരുന്നു! ആലഞ്ചേരി പിതാവിന് യാതൊരു അധികാരവുമില്ലാത്ത വിഷയമാണെന്ന് സഭയുടെ വക്താവായിരുന്ന വൈദികന് അറിവില്ലായിരുന്നോ? കേസിൽ ലൈംഗിക പീഡന വിഷയമാണെന്ന് സഭ അറിയുന്നത് പോലീസ് കേസ് ആയ ശേഷം! അതായത് ആലഞ്ചേരി പിതാവിനോട് പോയിട്ട് സഭയിൽ ഒരിടത്തുപോലും ലൈംഗിക പീഡനം നടന്നുവെന്ന പരാതി കൊടുത്തിട്ടില്ലായെന്ന് അന്വേഷണത്തിൽ തെളിഞ്ഞു! ഇതെല്ലാം മറച്ചുവെച്ച് എറണാകുളം ലോബി നടത്തിയ വ്യക്തിഹത്യക്കും സൽപ്പേര് കളങ്കപ്പെടുത്തിയതിനും എന്ത് പരിഹാരമാണ് ഇവർ ചെയ്തത്? എല്ലാം അറിഞ്ഞിട്ടും പരമാവധി നാണം കെടുത്തുകയെന്ന പദ്ധതിയാണ് തന്ത്രപൂർവ്വം നടപ്പാക്കിയത്! ഇതേ പോലെ തന്നെയാണ് ഭൂമിവിവാദവും ആസൂത്രണം ചെയ്തത്! ഭൂമിവിവാദത്തിനു പിന്നിൽ നടന്ന ഗൂഡാലോചനകളെക്കുറിച്ച് അന്വേഷണം നടത്തിയാൽ വിമത വൈദിക തൊഴിലാളികളുടെ കുപ്പായം ഊരി വാങ്ങാൻ അധികം താമസമുണ്ടാവില്ല! 

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച വൈദികനെ തന്നെ അധ്യക്ഷനാക്കി കമ്മീഷനെ നിയമിച്ച കർദിനാൾ ആലഞ്ചേരി ഒരിക്കൽ പോലും വിചാരിച്ചുകാണില്ല അത് തന്നെ പുറത്താക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നു! ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുപകരം കർദിനാളിനെ പുറത്താക്കുകയെന്ന മുൻ നിശ്ചയിച്ച ലക്ഷ്യത്തിലേക്കെത്താനുള്ള റിപ്പോർട്ടാണ് തയ്യാറാക്കപ്പെട്ടത്! അതിലേക്കായി ചില വ്യാജ പ്രചാരണങ്ങളും ദുരാരോപണങ്ങളും പോലും റിപ്പോർട്ടിൽ തിരുകിക്കേറ്റി! വൈദിക സമിതി സെക്രട്ടറിയെന്ന ഉത്തരവാദിത്വപ്പെട്ട ചുമതല ദുരുപയോഗിച്ചുകൊണ്ട് നിരന്തരം പ്രസ്താവനകളിറക്കിയ ഫാ. കുര്യാക്കോസ് മുണ്ടാടൻ! സ്വന്തം വൈദികരെ നിലക്കുനിർത്തുന്നതിനു പകരം എരിതീയിൽ എണ്ണ പകർന്ന സഹായ മെത്രാന്മാർ, സഭാ തീരുമാനങ്ങളെ തെരുവിൽ ജാഥ നടത്തി പിൻവലിപ്പിച്ച പാരമ്പര്യത്തിൽ ഉറച്ചുവിശ്വസിച്ച് വീണ്ടും തെരുവിലേക്കിറങ്ങിയ കപട നാട്യക്കാരായ വൈദികർ, ഹൃദ്രോഗ ചികിത്സയ്ക്ക് ശേഷം വിശ്രമിച്ചിരുന്ന വയോധികനായ സഭാ തലവനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും (ഇതും Excommunication പരിധിയിൽ തന്നെയാണ്. Canon 1445 - §1) തിരുപ്പിറവി ദിനത്തിലെ കുർബാനയും തിരുപ്പട്ട ശുശ്രൂഷകളും മുടക്കുകയും ചെയ്ത  വിമത കൂട്ടം...എറണാകുളം അതിരൂപതയിലെ അച്ചടക്കമില്ലായ്മയ്ക്കും നിയമ ലംഘനങ്ങൾക്കും അവസാനമില്ല! Excommunication വകുപ്പുകളിൽ വരുന്നവ മാത്രമാണ് ചർച്ച ചെയ്തത്. വി. കുർബാനയെയും കൂദാശകളെയും അവഹേളിക്കുന്നതും സഭാ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും പുല്ലുവില കൊടുത്ത് തോന്നിവാസം പ്രവർത്തിക്കുന്നതുമുൾപ്പെടെ അതീവ ഗുരുതരമായ തെറ്റുകൾ ഇനിയുമുണ്ട്! മേലധ്യക്ഷനോടും സഭാ നേതൃത്വത്തോടും പൂർണ്ണ വിധെയത്വവും അനുസരണവും ഏറ്റുപറഞ്ഞു പട്ടമേറ്റിട്ട് മണിക്കൂറുകൾക്കകം സഭാ നിയമങ്ങളെയും മെത്രാപ്പോലീത്തായുടെയും സഭാ സിൻഡിന്റെയും നിർദ്ദേശങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് തോന്നുംപടി പുത്തൻകുർബാന അർപ്പിച്ചുകൊണ്ട് വൈദിക ജീവിതം ആരംഭിക്കുന്ന വൈദികരുടെ ഈറ്റില്ലമാണ് എറണാകുളം അതിരൂപത!

സിറോ മലബാർ സഭയിലെ എല്ലാ വിധ അച്ചടക്ക ലംഘനങ്ങൾക്കും കാരണം എറണാകുളത്തെ ഈ വിമത വൈദിക സംഘമാണെന്നത് കാലാകാലങ്ങളായി അവർ തെളിയിച്ചുകൊണ്ടിരിക്കുന്ന വസ്തുതയാണ്! തങ്ങളെ തൊടാനുള്ള ധൈര്യമുള്ളവർ സഭയിലില്ലെന്ന ധാരണയിൽ അനുസരണക്കേടുകളുടെയും നിയമ ലംഘനങ്ങളുടെയും പെരുമഴതന്നെയാണ് ഇക്കൂട്ടർ പെയ്യിച്ചുപോന്നിരുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകുന്നത് തെല്ലൊന്നുമല്ല ഇക്കൂട്ടരെ ഭയപ്പെടുത്തുന്നത്. ആരാധനാക്രമ വിഷയത്തിൽ സഭാ തീരുമാനങ്ങൾക്ക് വിരുദ്ധമായി തോന്നിവാസം പ്രവർത്തിച്ച പട്ടക്കാരെ നിഷ്ക്കരുണം പുറത്താക്കിയ ഉക്രേനിയൻ സഭയുടെ നടപടി സിറോ മലബാർ സഭയും കൈക്കൊണ്ടിരുന്നെങ്കിൽ എന്നേ ഈ സഭ രക്ഷപെട്ടേനെയെന്ന് ചിന്തിക്കുന്നവരാണ് സഭയിലെ വലിയൊരു വിഭാഗം വിശ്വാസികളും. അത്തരം കടുത്ത നടപടികൾ ഉണ്ടായില്ലെങ്കിലും അനുസരണക്കേടുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്ക് എറണാകുളം അതിരൂപത നൽകിയ കാരണം കാണിക്കൽ നോട്ടീസ്.

വാല്:  നോട്ടീസ് കിട്ടിയ ഫാ വട്ടോളി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖം കണ്ടു! ഒന്നേ പറയാനുള്ളു! ഞാൻ അറിയുന്ന ഫാ. വട്ടോളി മരിച്ചുകഴിഞ്ഞു! ഇപ്പോൾ ഉള്ളത് വേറെ ആരോ ആണ്! വിപ്ലവകാരിയുടെ ശക്തമായ ശബ്ദമല്ല അവിടെ മുഴങ്ങിയത്! താൻ ഒരുതെറ്റും ചെയ്തിട്ടില്ലായെന്നു സ്ഥാപിച്ച് എങ്ങനെയും നടപടികൾ ഒഴിവാക്കാൻ ശ്രമിക്കുന്ന നയതന്ത്രജ്ഞനെയാണ് അവിടെ കണ്ടത്! അതായിരുന്നില്ല ഞാൻ അറിഞ്ഞ വട്ടോളിയച്ചൻ!
Related Posts Plugin for WordPress, Blogger...