+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Tuesday, March 12, 2019

ആലങ്ങാട് ഡയറി!



ആലങ്ങാട്ട് പഴയ പള്ളിയുടെയും അവിടെ അന്ത്യവിശ്രമം കൊള്ളുന്ന കരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്തായുടെ കബറിടത്തിന്റെയും ചിത്രങ്ങളും ആലങ്ങാട്ട് പള്ളിയുടെ സമീപത്തെ കുരിശടിയിൽ സ്ഥാപിച്ചിരിക്കുന്ന മാർത്തോമ്മാ സ്ലീവായെക്കുറിച്ച് അത് കണ്ടെടുക്കപ്പെട്ടതിനോടനുബന്ധിച്ച്  1930 ഫെബ്രുവരി മാസത്തിൽ എറണാകുളം അതിരൂപതാ ബുള്ളറ്റിനിൽ അഭി. അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്തായെഴുതിയ സർക്കുലറും ശ്രദ്ധിക്കാൻ ഇടയായത് അവിചാരിതമായായിരുന്നു. ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണികളുടെ പുരാതനമായ പള്ളികളിലൊന്നായ ആലങ്ങാട്, നസ്രാണി സഭയുടെ ചരിത്രത്തിൽ അതിശ്രേഷ്ഠമായ സ്ഥാനം അലങ്കരിക്കുന്ന പുണ്യപുരുഷനായ കാരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്തായുടെ കബറിടത്തിന്റെയും, ഒരുകാലത്ത് മാർത്തോമ്മാ നസ്രാണികളുടെ പള്ളികളുടെ മദ്ബഹായിൽ കേന്ദ്രസ്ഥാനം അലങ്കരിച്ചിരുന്ന മാർത്തോമ്മാ സ്ലീവാകളിൽ അതിപുരാതനമായ ഒന്നിന്റെയും സാന്നിധ്യത്താൽ അനുഗ്രഹീതമാണ്.

ഏകദേശം 4 വർഷങ്ങൾക്ക് മുൻപാണ് ആലങ്ങാട്ട് പള്ളി സന്ദർശിക്കുന്നത്. റൂഹാമീഡിയായുടെ "St. Thomas Cross: A Historical Journey" ( https://www.youtube.com/watch?v=lrl5fLaA6KM ) എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ പുരാതനമായ  സ്ലീവാകൾ കണ്ടെടുക്കപ്പെട്ട സ്ഥലങ്ങളിലൂടെയുള്ള യാത്രക്കിടെയാണ് സുഹൃത്തായ മെബിന്റെയൊപ്പം ആലങ്ങാട് എത്തുന്നത്.  ചരിത്ര ബോധമുള്ള ഒരാൾക്കും സങ്കൽപ്പിക്കുവാൻ സാധിക്കുന്നവയായിരുന്നില്ല അവിടെ കണ്ട കാഴ്ചകൾ! പോർട്ടുഗീസ് ശൈലിയിൽ നിർമ്മിക്കപ്പെട്ട പഴയ പള്ളി പുതിയ പള്ളിയുടെ സ്ഥാപനത്തോടെ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട മട്ടായിരുന്നു! പ്രാർത്ഥിക്കുവാനുള്ള യാതൊരു അന്തരീക്ഷവും പള്ളിക്കുള്ളിലില്ല. വൃത്തികേടായി കിടക്കുന്ന പള്ളിക്കുള്ളിൽ അവിടെയും ഇവിടെയും പഴയ സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു. പുതിയ പള്ളി പണിക്കുശേഷം സ്ഥലപരിമിതികൾ മൂലം പഴയ പള്ളിയുടെ മദ്‌ബഹായ്ക്ക് പുറകുവശം പൊളിച്ചുകളഞ്ഞു തൽസ്ഥാനത്ത് നിർമ്മിച്ച ഭിത്തി സിമിൻറ് തേച്ചിരുന്നില്ല.

മദ്ബഹായോട് ചേർന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ നസ്രാണി സഭയുടെ ധീര രക്തസാക്ഷി അന്ത്യവിശ്രമം കൊള്ളുന്നു! ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട (രക്തസാക്ഷിത്വം വഹിച്ച -സാഹചര്യത്തെളിവുകൾ പ്രകാരം മാതൃസഭയ്ക്കുവേണ്ടി കൊല്ലപ്പെട്ടു എന്നുപറയുന്നതാണ് ശരി. മരണപ്പെട്ടുവെന്നതാണ് ഔദ്യോഗിക ഭാഷ്യം! മിഷനറിമാർ ഒരു മെത്രാപ്പോലീത്തായെ ഇല്ലാതാക്കിയെന്നു ഔദ്യോഗികമായി സമ്മതിച്ചുതരില്ലെല്ലോ!) കരിയാറ്റി മെത്രാപ്പോലീത്തായുടെ ഭൗതികാവശിഷ്ടങ്ങൾ സ്വന്തം ഇടവകപ്പള്ളിയായ ആലങ്ങാട്ടേക്ക് മാറ്റിസ്ഥാപിച്ച ശേഷം അതിനുമുകളിൽ പാകിയ മാർബിൾ ശില കറപിടിച്ച് വായന ദുഷ്ക്കരമായിരിക്കുന്നു! നസ്രാണികളെ ഭരിച്ച മിഷനറി, റോസ് മെത്രാന്റെ കല്ലറ പറവൂർ പഴയ പള്ളിയിൽ അതിമനോഹരമായി സംരക്ഷിക്കപെടുമ്പോൾ നസ്രാണികളുടെ സ്വന്തം മെത്രാപ്പോലീത്താ, മാതൃസഭയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച മാർ കരിയാറ്റിയുടെ പൂജ്യാവശിഷ്ടങ്ങൾ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലും! ഓൾഡ് ഗോവയിലെ കത്തീഡ്രലിലും ആ പരിസരത്ത് തന്നെയുള്ള ബസിലിക്കായിലും ചാപ്പലുകളിലും ഒട്ടനവധി കല്ലറകൾ കാണാൻ സാധിക്കും! കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ശിലാ ഫലകങ്ങൾ പള്ളിപ്പരിസരത്ത് അടുക്കിവച്ചിരിക്കുന്നതും കാണാം! എന്നാൽ ഒരു ഫലകം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മ്യുസിയത്തിൽ അതീവ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്നു! അത് മറ്റാരുടെയുമല്ല! നസ്രാണി സഭയുടെ ധീര പുത്രൻ കരിയറ്റി മെത്രാപ്പോലീത്തായുടെ! എന്നാൽ ഗോവയിൽ നിന്നും പൂജ്യാവശിഷ്ടങ്ങൾ ശേഖരിച്ച് സ്വന്തം ഇടവകപ്പള്ളിയിൽ അടക്കം ചെയ്തിട്ട് ഇടവകക്കാരും മാതൃ സഭയും ഇന്ന് അദ്ദേഹത്തോട് കാണിക്കുന്ന അവഗണന എത്രമാത്രമാണ്! ചരിത്രബോധമില്ലാത്ത തലമുറയില്നിന്നും ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്!

സ്ലീവായുടെ കാര്യം പള്ളിയേക്കാൾ പരിതാപകരമായിരുന്നു! ഒരുകാലത്തു എല്ലാ നസ്രാണി പള്ളികളുടെയും മദ്ബഹയിൽ സ്ഥാപിക്കപ്പെട്ടിരുന്നത് ഇത്തരത്തിലുള്ള മാർത്തോമ്മാ സ്ലീവാകളായിരുന്നുവെന്ന് ഇന്ത്യ സന്ദർശിച്ച സഞ്ചാരികളും പോർട്ടുഗീസ് ചരിത്രകാരനായ ഗുവായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയിൽ വിരലിലെണ്ണാവുന്ന സ്ലീവാകൾ മാത്രമാണ് ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത്. "ആലങ്ങാട്ട് പള്ളിയുടെ കിഴക്കേ കുരിശിന്റെ അകത്തുവെച്ച് പണിയപ്പെട്ടിരുന്നത് യാദൃശ്ചികമായി കണ്ടുപിടിക്കുന്നതിനിടയായി"യെന്നാണ് കണ്ടത്തിൽ മെത്രാപ്പോലീത്ത രേഖപ്പെടുത്തിയിരിക്കുന്നത്. (സ്ലീവാകൾ എങ്ങനെ അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് ഒരുത്തരം ഇതാണ്! നമ്മുടെ പഴയ പള്ളികളിൽ മിഷനറിമാരുടെ കാലത്ത് പണിയപ്പെട്ട കുരിശടികൾക്കുള്ളിലും മറ്റ് നിർമ്മിതികൾക്കുള്ളിലുമൊക്കെ നമ്മുടെ സ്ലീവാകൾ ഇപ്പോഴും ഉണ്ടാകാം!) മാർത്തോമ്മാ നസ്രാണികളുടെ അതിപുരാതന കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിലെ വിശ്വാസി സമൂഹവും നാനാജാതി മതസ്ഥരും ഭക്ത്യാദരപൂർവ്വം വണങ്ങിയിരുന്ന, അനുഗ്രഹങ്ങൾ പ്രാപിച്ചിരുന്ന സ്ലീവാ കൊടുങ്ങല്ലൂരിന്റെ പതനശേഷം ആലങ്ങാട്ടേക്ക് കൊണ്ടുവന്നുവെന്ന്  വിശ്വസിക്കാനേ തരമുള്ളുവെന്നാണ് മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്താ തന്റെ സർക്കുലറിൽ പറയുന്നത്! ഇന്ന് രണ്ടു പള്ളികളുള്ള ആലങ്ങാട്ട് ഇത്രയേറെ പ്രാധാന്യമുള്ള സ്ലീവാ പഴയ കുരിശടിയുടെ ഉള്ളിൽ നനവ്‌ പിടിച്ച് ഉറുമ്പുകൾ താവളമാക്കിയിരിക്കുന്ന കാഴ്ച്ച കണ്ടാൽ സഹിക്കില്ല! മാർത്തോമ്മാ ശ്ലീഹാ രക്തസാക്ഷത്വം വഹിച്ച മദ്രാസിലെ സെന്റ് തോമസ് മൗണ്ട് ഇന്ന് ലത്തീൻ സഭയുടെ കീഴിലാണ്. അവിടെനിന്നും കണ്ടെടുക്കപ്പെട്ട സ്ലീവാ ഏറ്റവും ആദരപൂർവ്വം അൾത്താരയുടെ കേന്ദ്ര ഭാഗത്താണ് അവർ പ്രതിഷ്ഠിച്ചു വണങ്ങി പോരുന്നത്. ഗോവയിലെ സ്ലീവാ ലത്തീൻ സന്ന്യാസ സഭയുടെ സെമിനാരിയോട് ചേർന്നുള്ള മ്യുസിയത്തിൽ അതീവ ശ്രദ്ധയോടെ സംരക്ഷിച്ചു പോരുന്നു. കോട്ടയത്തു ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പഴയ പള്ളിയിലെ രണ്ടു സ്ലീവാകളും പള്ളിക്കുള്ളിലാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്. കടമറ്റത്ത് സ്ലീവാ മദ്‌ബഹായുടെ വലത്തേ ഭിത്തിയിലാണ്. മുട്ടുച്ചിറയിൽ പള്ളിക്കുള്ളിലെ ചെറിയ അൾത്താരയിൽ അതീവ പ്രാധാന്യത്തോടെ പുനഃപ്രതിഷ്ട നടത്തിയിരിക്കുന്നു. കോതനല്ലൂർ സ്ലീവാ പള്ളിക്ക് പുറത്താണെങ്കിലും കുരിശടിപോലെ പണിത് ഗ്ളാസ് ഇട്ട് ഏറ്റവും ശ്രദ്ധയോടെ സംരക്ഷിച്ചുപോരുന്നു! ഈ കൂട്ടത്തിൽ സ്ലീവായോട് യാതൊരു താല്പര്യവുമില്ലാതെ തീർത്തും അവഗണിക്കപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത് ആലങ്ങാട് സ്ലീവാ മാത്രമാണെന്നത് ആലങ്ങാടിന്റെ ചരിത്രമറിയാവുന്നവർക്ക് അവിശ്വസനീയമായി തോന്നിയേക്കാം!

എന്തുകൊണ്ടാണ് ആലങ്ങാട് മാത്രം ഇങ്ങനെ? ആലങ്ങാട് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാഗമായതുകൊണ്ടെന്ന് എളുപ്പത്തിൽ പറയാമെങ്കിലും അതിനു കുറച്ച് വിശദീകരണം ആവശ്യമാണ്! പാശ്ചാത്യ മിഷനറിമാരുടെ അധികാരത്തിനു കീഴിൽ നസ്രാണി പള്ളികളിൽനിന്നും മാർത്തോമ്മാ സ്ലീവാകൾ അപ്രത്യക്ഷമാവുകയും തൽസ്ഥാനത്ത് ക്രൂശിതരൂപങ്ങൾ സ്ഥാനം പിടിക്കുകയും ചെയ്തിട്ടും ഇന്ന് പലരുടെയും മനസ്സിലുള്ളത്ര എതിർപ്പും വിധ്വേഷവും ആർക്കും സ്ലീവാകളോട് ഏതാനും ദശകങ്ങൾ മുൻപുവരെ ഉണ്ടായിരുന്നില്ല! ക്ലാവർ കുരിശ്, മാനിക്കേയൻ കുരിശ്, പാഷണ്ഡ കുരിശ്, താമര കുരിശ് തുടങ്ങിയ അപഹാസ്യപരമായ പേരുകൾ ആരും ഉപയോഗിച്ചിരുന്നുമില്ല. മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ 1930 ൽ എഴുതപ്പെട്ട സർക്കുലറിലും ഉപയോഗിക്കുന്നത് മാർത്തോമ്മാ കുരിശ്, പാഹ്‌ലവി കുരിശ് എന്നീ പദങ്ങളാണ്. (മാർത്തോമ്മാ കുരിശെന്ന പ്രയോഗം പോർട്ടുഗീസ് സംഭാവനയാണെന്ന കാര്യം വിസ്മരിക്കുന്നില്ല.) ആലങ്ങാട് സ്ലീവായുടെ കണ്ടെത്തൽ ചരിത്ര സംഭവമായി മനസ്സിലാക്കിയതുകൊണ്ടാണല്ലോ അതിരൂപത മുഴുവനെയും അഭിസംബോധന ചെയ്തുകൊണ്ട് സ്ലീവായോടുള്ള ഭക്തിയും സ്നേഹവും തുളുമ്പുന്ന ഭാഷയിൽ അഭി. കണ്ടത്തിൽ പിതാവ് എഴുതുന്നത്. തുടർന്ന് 1972 ൽ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1900 ആം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ മൈലാപ്പൂരിലെ മാർ തോമ്മാ സ്ലീവായാണ് വേണ്ടതെന്ന് നിർദ്ദേശിച്ചത് മാർ ജോസഫ് പാറേക്കാട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ മെത്രാൻ സമിതിയാണ്. സിറോ മലബാർ സഭയുടെ ചിഹ്നമായി സ്ലീവായെ കൊണ്ടുവരുന്നതും പാറേക്കാട്ടിൽ പിതാവാണ്!

എന്നാൽ പിന്നീടിങ്ങോട്ട് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു. സ്ലീവായുടെ ചരിത്രപരവും വിശ്വാസപരവുമായ പ്രാധാന്യം മനസ്സിലാക്കി ക്രൂശിതരൂപങ്ങൾക്ക് പകരം മദ്ബഹായിൽ സ്ലീവാ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ചില രൂപതകളും മെത്രാന്മാരും ആരംഭിച്ചു. വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ അവയ്ക്ക് കഴിഞ്ഞുവെങ്കിലും സ്ലീവായോട് എതിർപ്പും വിധ്വേഷവുമുള്ള കുറേയേറെപ്പേരെയും അത് സൃഷ്ടിച്ചു. ക്രൂശിതരൂപത്തോടുള്ള വൈകാരികമായ ഭക്തിതന്നെയായിരുന്നു കാരണം. ആ വൈകാരികത മൂലം ക്രൂശിത രൂപമില്ലാത്ത ഒരു മദ്ബഹാ സങ്കൽപ്പിക്കാൻ പോലും പലർക്കും സാധിക്കില്ലായിരുന്നു. ഈ എതിർപ്പ് സ്ലീവായോടുള്ള വിധ്വേഷമായും പിന്നീട് സ്ലീവായെക്കുറിച്ചുള്ള അബദ്ധപ്രചാരണങ്ങൾക്ക് നിദാനമായും തീർന്നു. ഇതേ കാലത്ത് സഭയിൽ ആരാധനാക്രമപരമായ ഭിന്നത ഉടലെടുക്കുകയും ഭാരതവൽക്കരണത്തിലും ലത്തീൻവൽക്കരണത്തിലും ആകൃഷ്ടരായ ചില മെത്രാന്മാരും രൂപതകളും പൗരസ്ത്യ പാരമ്പര്യങ്ങളിലേക്ക് സഭ മടങ്ങിപ്പോവുകയാണ് വേണ്ടതെന്ന് വാദിച്ച രൂപതകൾ സ്വീകരിച്ചവയെല്ലാം തള്ളിക്കളയാൻ തുടങ്ങി. അങ്ങനെ മറുവിഭാഗം സ്വീകരിച്ച മാർത്തോമ്മാ സ്ലീവായെ ഈ വിഭാഗം അവഗണിച്ചു. സ്ലീവായെക്കുറിച്ചുള്ള അബദ്ധ പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകിയ ഇക്കൂട്ടർ ഇത്തരത്തിലുള്ള ബോധ്യങ്ങളാണ് വിശ്വാസികൾക്ക് പകർന്നുകൊടുത്തതും. രൂപതകളും മെത്രാന്മാരും തമ്മിലുള്ള ഭിന്നതകളിൽ ചെളിവാരിയിടാനും ഇത്തരം അബദ്ധ ആരോപണങ്ങൾ ഉപയോഗിക്കപ്പെട്ടു. ക്ലാവർ കുരിശ്, മാനിക്കുരിശ്, താമരക്കുരിശ്, തുടങ്ങിയ പേരുകളും പാഷാണ്ഡത ആരോപണങ്ങളും ഉണ്ടാകുന്നത് ഈ കാലത്താണ്. കാലക്രമേണ പൗരസ്ത്യ പാരമ്പര്യങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന രൂപതകളിൽ സ്ലീവായോടുള്ള ഭക്തിയും സ്നേഹവും പുനഃസ്ഥാപിക്കപ്പെട്ടുവെങ്കിലും മറുപക്ഷത്ത് സ്ലീവായോട് എതിർപ്പുള്ള സമൂഹങ്ങൾ രൂപപ്പെട്ടു. ഇക്കാരണങ്ങളാൽത്തന്നെ ചരിത്രപ്രസിദ്ധമായ ആലങ്ങാട് സ്ലീവായ്ക്ക് ലഭിക്കേണ്ട പരിഗണന നിഷേധിക്കപ്പെട്ടു!

ആരെയും കുറ്റപ്പെടുത്താനല്ല ഇത്രയും പറഞ്ഞത്. ചരിത്രം അങ്ങനെയാണ്. സംഭവിച്ചത് സംഭവിച്ചു. തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുകയെന്നതാണ് പ്രധാനം. രൂപതകളും മെത്രാന്മാരും തമ്മിലുള്ള ഭിന്നതകളിലേക്ക് സ്ലീവായും വി. പാരമ്പര്യങ്ങളും വലിച്ചിഴക്കപ്പെടുമ്പോൾ വേദനിക്കുന്നത് ഇതെല്ലാം നെഞ്ചോട് ചേർത്ത, മാതൃസഭയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച നമ്മുടെ പൂർവ്വികരാണ്. പിന്നിട്ട വഴികൾ മറക്കാതിരിക്കേണ്ടത് നിലനിൽപ്പിന് ആവശ്യമാണ്! ഞാൻ നിങ്ങളുടെ സഭയെ സ്നേഹിക്കുന്നു എന്തെന്നാൽ എനിക്കതിന്റെ ചരിത്രമറിയാം എന്ന് പറഞ്ഞ വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ടിസറാങിന്റെ വാക്കുകൾ ഇതുവരെയും മനസ്സിലാക്കാൻ നമ്മുടെ സഭയ്ക്ക് സാധിച്ചിട്ടില്ല! ചരിത്രം പഠിപ്പിക്കുന്നതിൽ എന്തുകൊണ്ടോ നമ്മുടെ സഭയ്ക്ക് തീർത്തും താല്പര്യമില്ല! പൂർവ്വപിതാക്കന്മാർ എന്തിനുവേണ്ടിയാണോ തങ്ങളുടെ ജീവിതം പോലും പണയപ്പെടുത്തി പോരാടിയതെന്ന് മനസ്സിലാക്കുന്ന ഒരുവൻപോലും ഇത്തരത്തിൽ പെരുമാറില്ല! നമ്മുടെ സഭയുടെ ചരിത്രം പഠിച്ച്, വ്യക്തിത്വം മനസ്സിലാക്കി സഭയെ സ്നേഹിക്കുന്ന ഒരു തലമുറയാണ് സിറോ മലബാർ സഭയ്ക്ക് ഇന്ന് ആവശ്യം. അല്ലാതെ വിരലിലെണ്ണാവുന്നവരുടെ അധികാരസ്വപ്നങ്ങളിലും അബദ്ധ പഠനങ്ങളിലും വീണ് വ്യക്തിത്വം നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു തലമുറയല്ല! രണ്ടായിരം വർഷത്തെ മഹത്തായ പാരമ്പര്യം പേറുന്ന സഭയാണ് നമ്മുടേത്! ഇന്ന് ക്രൈസ്തവർ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിവരുന്ന പല യൂറോപ്പ്യൻ രാജ്യങ്ങളും ഈശോയെ അറിയുന്നതിനും മുൻപേ അവിടുത്തെ വത്സല ശ്ലീഹായിൽനിന്നും ഈശോയെ അറിഞ്ഞവരുടെ സമൂഹമാണ് ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണികൾ!

4 വർഷങ്ങൾക്കിപ്പുറം ചിത്രങ്ങൾ കാട്ടിത്തന്ന ആലങ്ങാട് ഞാൻ കണ്ട ആലങ്ങാട് തന്നെയായിരുന്നു! മാറ്റങ്ങൾ യാതൊന്നുമില്ല. സിമന്റ് തേക്കാത്ത മദ്ബഹായുടെ പുറം ഭിത്തി പോലും അതേപടി തന്നെ! ഇതെന്നെടുത്ത ചിത്രങ്ങളാണെന്ന് ചോദിക്കേണ്ടിവന്നുവെന്നതാണ് വാസ്തവം! പള്ളി പുനരുദ്ധരിക്കപ്പെടണം! കബറിടം സംരക്ഷിക്കപ്പെടണം! സ്ലീവാ രണ്ടുപള്ളികളിൽ ഒന്നിന്റെ മദ്ബഹായിലേക്ക് മാറ്റി സ്ഥാപിക്കണം! ആലങ്ങാട് പള്ളിയേക്കാൾ പഴക്കമുള്ള പറവൂർ, അങ്കമാലി, ഇടപ്പള്ളി, ചങ്ങനാശ്ശേരി തുടങ്ങിയ പഴയ പള്ളികൾ പൗരാണികതയുടെ പ്രൗഢിയോടെ അതിമനോഹരമായി പുനരുദ്ധരിച്ച്  സംരക്ഷിക്കുന്നത് മാതൃകയാക്കേണ്ടതാണ്! ആലങ്ങാടിന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായി കരിയാറ്റി മെത്രാപ്പോലീത്തായുടെ കബറിടവും പൗരാണികമായ സ്ലീവായും മാറുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ചരിത്രമുറങ്ങുന്ന ആലങ്ങാട്ടെ ധീരരായ പൂർവ്വികരുടെ പിൻഗാമികൾക്ക് അതിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു!

✍ തോമസ് ചെറിയാൻ

ചർച്ച് ആക്ട്: തള്ളിക്കളയേണ്ട രാഷ്ട്രീയം



സഭയുടെയോ സർക്കാരിന്റെയോ പക്ഷം ചേരാതെ ചർച്ച് ആക്ട് 2019 നെ കുറിച്ചുള്ള ഒരു സിറോ മലബാർ വിശ്വാസിയുടെ സ്വതന്ത്രമായ നിരീക്ഷണത്തിനുള്ള ശ്രമമാണിത്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ വിത്തിറക്കണമെന്ന് ഒരു കർഷകനും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല! അതേ പോലെ തന്നെ പലവിധ വിവാദങ്ങളിൽ തലതാഴ്ത്തിയിരിക്കുന്ന/അമർഷം പൂണ്ടിരിക്കുന്ന വിശ്വാസികളിലേക്ക് ഇത്തരമൊരു നിയമം അവതരിപ്പിക്കാൻ പറ്റിയ സമയം ഇതാണെന്ന് ഒരു രാഷ്ട്രീയക്കാരനും പറഞ്ഞുകൊടുക്കേണ്ടതില്ല!  ഇപ്പോഴത്തെ വിവാദങ്ങൾ ആവശ്യമോ അനാവശ്യമോ ആയിക്കൊള്ളട്ടെ! അതെന്തുതന്നെയാണെങ്കിലും സഭയിലെ പൗരോഹിത്യ കേന്ദ്രീകൃതമായ ഭരണ സംവിധാനങ്ങളും ധാർഷ്ഠ്യതത്തോടെ പെരുമാറുന്ന വൈദികരും (എല്ലാ വൈദികരും അങ്ങനെയല്ല) അവരാൽ മുറിവേൽക്കപ്പെട്ട വിശ്വാസികളും സഭയിൽ അസ്വസ്ഥതകൾ ഉളവാക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല! എന്നാൽ സഭയോടും പട്ടക്കാരോടും വൈകാരികതയുടെ പേരിലുള്ള ആദരവും അടുപ്പവും വിശ്വാസികൾക്ക് ഗണ്യമായി കുറഞ്ഞുവരുന്ന ഈ കാലത്ത് തങ്ങളുടെയും പൂർവ്വികരുടെയും  അധ്വാന ഫലം പുരോഹിതർ ദാർഷ്ട്യത്തോടെ കൈകാര്യം ചെയ്യുന്നത് കാണുന്ന, തങ്ങൾക്ക് ഇതിലൊന്നും യാതൊരു അവകാശവുമില്ലെന്നു ചിന്തിക്കുന്ന വിശ്വാസികൾ ചർച്ച് ആക്ടിനോട് തണുപ്പൻ നിലപാട് സ്വീകരിക്കാനോ സ്വാഗതം ചെയ്യാനോ ആണ് എല്ലാ സാധ്യതകളും.

ചർച്ച് ആക്ട് 2019 വായിച്ചു നോക്കി. പ്രത്യക്ഷത്തിൽ സഭയ്‌ക്കോ വിശ്വാസികൾക്കോ ദോഷകരമായി യാതൊന്നുമില്ല. ഓരോ സഭയും പള്ളികളും അതാത് സഭാ നിയമങ്ങൾ അനുശാസിക്കും വിധം ഭരണം നടത്തപ്പെടുന്നു. പള്ളികൾക്കും സഭകൾക്കും തങ്ങളുടെ സ്വത്തിന്റെമേൽ പൂർണ്ണ അധികാരം ഉണ്ടാകും. കാലാകാലങ്ങളിൽ വരവുചിലവ് കണക്കുകളുടെ ഓഡിറ്റിങ് നടത്തുകയും ഇടവക/ രൂപതാ/ സഭാ സമിതികളിൽ അവതരിപ്പിക്കുകയും വേണം. ഇത്തരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടായാൽ പരിഹരിക്കുന്നതിനായി ഒരു ട്രൈബ്യുണലും സ്ഥാപിക്കുന്നു. ഇതാണ് ചർച്ച് ആക്ട് 2019 ന്റെ രത്ന ചുരുക്കം! അതായത് വസ്തുവകകളുടെ അവകാശത്തെക്കുറിച്ചോ ആര് ഭരണം നടത്തുമെന്നതിനെക്കുറിച്ചോ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. സിറോ മലബാർ സഭയിൽ കാനൻ നിയമവും സഭയുടെ പ്രത്യേക നിയമങ്ങളും അനുസരിച്ച് ഇടവക-രൂപത-സഭാ തലങ്ങളിൽ ഇപ്പോഴുള്ള പോലെതന്നെ തിരഞ്ഞെടുക്കപ്പെട്ട സമിതികളും വൈദികരും മെത്രാന്മാരും ഭരണം നടത്തും. വർഷാവർഷമുള്ള ഓഡിറ്റിങ് ഇപ്പോഴും ഉള്ളതാണ്. ഫലത്തിൽ ഉണ്ടാകാൻ പോകുന്ന പ്രസക്തമായ മാറ്റം ട്രൈബ്യുണൽ മാത്രമാണ്!

ഇവിടെയാണ് കുറച്ചു വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കേണ്ടി വരുന്നത്! ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ നിയമ പരിഷ്‌ക്കരണ കമ്മീഷൻ ചർച്ച് ആക്ട് സർക്കാരിന് സമർപ്പിക്കുന്നത് 2009 ലാണ്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന 2019 ലെ കരടിൽ നിന്നും വ്യത്യസ്‌തമായി ആഴമുള്ളതും വ്യക്തവും സുതാര്യവുമായ കരടായിരുന്നു 2009 ലേത്. മൂന്നു തലങ്ങളിലുള്ള ട്രസ്റ്റുകളാണ് ഈ നിയമം മുന്നോട്ടുവെച്ചത്. ഇടവക, രൂപത, സഭ എന്നിവ ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്യണമെന്നും ഓരോ തലങ്ങളിലുള്ള സ്വത്തുക്കൾ അതാത് ട്രസ്റ്റുകൾ കൈകാര്യം ചെയ്യുമെന്നും തിരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റ് ബോർഡുകൾക്കാണ്  ഭരിക്കാനുള്ള അവകാശമെന്നും ഈ നിയമം പറയുന്നു. ഓരോ ഇടവകയിലെയും കുടുംബങ്ങളുടെ എണ്ണത്തിനനുസൃതമായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ രൂപതാ ട്രസ്റ്റിലേക്കും രൂപതാ ട്രസ്റ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ സഭാ തല ട്രസ്റ്റിലേക്കും പോകുന്നു. സഭാ തല ട്രസ്റ്റിന്റെ ചെയർമാൻ മേജർ ആർച്ചബിഷപ്പാണ്. ഇടവക ട്രസ്റ്റുകളുടെ യോഗങ്ങളിൽ അധ്യക്ഷം വഹിക്കേണ്ടത് വികാരിമാരും രൂപതാ തലങ്ങളിൽ മെത്രാന്മാരുമാണ്. ട്രസ്റ്റുകൾ തങ്ങളുടെ കീഴിലുള്ള വൈദികർ ഉൾപ്പെടെയുള്ളവർക്ക് വേദനം നൽകണമെന്നും നിയമം അനുശാസിക്കുന്നു. അതായത് ഒരു പള്ളി വികാരിക്ക് ശമ്പളം കൊടുക്കേണ്ടത് ആ പള്ളിയുടെ ട്രസ്റ്റിന്റെ ചുമതലയാകുന്നു. രൂപതാധ്യക്ഷന് രൂപതാ ട്രസ്റ്റും അലവൻസ് നൽകുന്നു. പോർട്ടുഗീസുകാർ ലത്തീൻ ഭരണക്രമം നമ്മുടെ സഭയിൽ നടപ്പിലാക്കുന്നതിന് മുൻപുവരെ നമ്മുടെ സഭയിൽ നിലവിലിരുന്ന പൗരാണികമായ പള്ളിയോഗങ്ങളുടെ മാതൃകയിലാണിത്. ഭൗതിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുത്തിരുന്നത് പള്ളിയോഗങ്ങൾ ആയിരുന്നു. മെത്രാന്മാർ ആത്മീയ കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്.

വിശ്വാസികളല്ലാത്തവർക്കും നിരീശ്വര വാദികൾക്കും അസന്മാർഗികൾക്കും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായുള്ളവർക്കും ട്രസ്റ്റ് ബോര്ഡുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത ഇല്ലെന്നും 2009 ലെ കരട് നിയമം അനുശാസിച്ചിരുന്നു. എന്നാൽ ഈ ഭരണ ക്രമത്തോട് കൂട്ടിച്ചേർത്തുകൊണ്ട് ഇവയ്ക്കെല്ലാം മുകളിൽ സർക്കാർ നിയമിക്കുന്ന ഒരു ചർച്ച് കമ്മീഷണർ ഉണ്ടാകണമെന്നും ഇടവക തലം മുതലുള്ള എല്ലാ ട്രസ്റ്റുകളും അവിടെ കണക്ക് ബോധിപ്പിക്കണമെന്നും പറയുന്നിടത്താണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ നിയമത്തിന് വിയോജനക്കുറിപ്പെഴുതേണ്ടത്.

എന്നാൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കരടിൽ പള്ളികളും സഭകളും അതാത് സഭകളുടെ നിയമപ്രകാരം ഭരണം നടത്തണം എന്നതുമാത്രമാണ് പറയുന്നത്. ആക്ഷേപങ്ങൾ പരിഹരിക്കാൻ ഒരു ട്രൈബ്യുണൽ നിർദ്ദേശിക്കുന്നുണ്ടെങ്കിലും 2009 ലെ കരടിലെ പോലെ ഒരു ചർച്ച് കമ്മീഷണറോ അദ്ദേഹത്തെ വർഷാവർഷം കണക്കുകൾ ബോധിപ്പിക്കേണ്ട ആവശ്യമോ ഇല്ല. സഭാ ഭരണ സംബന്ധമായി ഉണ്ടാകുന്ന ആക്ഷേപങ്ങൾ പരിഹരിക്കുക മാത്രമാണ് ട്രൈബ്യുണലിന്റെ ദൗത്യം! ഇത് ഇന്നത്തെ സാഹചര്യത്തിൽ കോടതികൾ നിർവഹിക്കുന്ന ഉത്തരവാദിത്വമാണ്. ഇപ്പോഴും സഭകളുടെ ഭരണം നടക്കുന്നത് അതാത് സഭകളുടെ നിയമങ്ങൾക്ക് അനുസൃതമാണ്. അതിലെന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടായാൽ അത് കോടതികളിൽ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കുന്നതുമാണ്. സഭാ നടപടികളിൽ ആക്ഷേപം ഉള്ളവർ ഇപ്പോഴും കോടതികളെ സമീപിക്കുകയും കോടതി അനുഭാവ പൂർവ്വം പരാതികൾ കേട്ട് തീർപ്പുകല്പിക്കുകയും ചെയ്‌തുപോരുന്നതാണ്! ഇതിനുമാത്രമായി പുതിയൊരു നിയമത്തിന്റെയോ ട്രൈബ്യുണലിന്റെയോ ആവശ്യമില്ലായെന്നു അതിനാൽതന്നെ വ്യക്തമാണല്ലോ! ഇക്കാരണത്താൽ തന്നെ ഫലത്തിൽ പ്രസക്തവും ഉപകാരപ്രദവുമായ ഒരു മാറ്റവും സമൂഹത്തിൽ വരുത്താത്ത വിധം 2009ലെ വിശദമായ നിയമത്തിൽ വെള്ളം ചേർത്തുകൊണ്ടു അവതരിപ്പിച്ചിരിക്കുന്നത് നിഗൂഢമായ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്നു ന്യായമായും സംശയിക്കാം! ലളിതവും പൊതു സ്വീകാര്യവുമായ രീതിയിൽ നിയമമാക്കിയെടുത്ത് പിന്നീട് ഭേദഗതികൾ വരുത്തി സഭാ ഭരണം കൈപ്പിടിയിലാക്കാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിച്ചാൽ തെറ്റുപറയാനോക്കില്ല!

സഭയുടെ ഭരണ കാര്യങ്ങളിൽ അല്മായ പങ്കാളിത്തം തുലോം തുശ്ചമാണെന്നതും സഭയിൽ പൗരോഹിത്യ മേൽക്കോയ്മ ഉണ്ടെന്നതും നിഷേധിക്കാനാവില്ല. ഈ കാരണത്താൽ തന്നെ ചർച്ച് ആക്ട് ദൃഷ്ടിയിൽ ആകർഷകമായി തോന്നാമെങ്കിലും ഈ വിധ പ്രശനങ്ങൾക്കൊന്നും പരിഹാരമല്ല ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ചർച്ച് ആക്ട്. ഇപ്പോൾ നടക്കുന്നതിൽ നിന്നും യാതൊരു മാറ്റവും വ്യക്തമായ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സിറോ മലബാർ സഭയുൾപ്പെടെയുള്ള എപ്പിസ്‌കോപ്പൽ സഭകളിൽ ഉണ്ടാകുന്നില്ല. എന്നാൽ ആക്ഷേപങ്ങൾ കോടതിയിൽ ഉന്നയിക്കുന്നതിനുപകരം ലളിതവും താരതമ്യേനെ ചിലവുകുറഞ്ഞ നടപടി ക്രമങ്ങളുമുള്ള ട്രൈബ്യുണലിൽ ഉന്നയിക്കുകയും പ്രശ്ന പരിഹാരം നേടുകയും ചെയ്യാം. കോടതിയുടെ അധികാരങ്ങൾ ഇല്ലാത്ത തർക്ക പരിഹാര കേന്ദ്രങ്ങളായ ട്രൈബ്യുണലൂകളിലേക്ക് അംഗങ്ങളെ നിയമിക്കുന്നത് കോടതിയല്ല, മറിച്ച് സർക്കാരാണ്! ചർച്ച് ആക്ട് നിഷ്കര്ഷിക്കുന്ന യോഗ്യതയുള്ള ആരെയും ട്രൈബ്യുണലിലേക്ക് സർക്കാരിന് നിയമിക്കാം! ഫലത്തിൽ ഏകാധിപത്യ മുഖശ്ചായയുള്ള സർക്കാരുടെ കീഴിൽ സർക്കാരിന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളായി എളുപ്പത്തിൽ തന്നെ ട്രൈബ്യുണലുകളെ മാറ്റിയെടുക്കാം! ട്രൈബ്യുണൽ വിധിക്കെതിരെ എല്ലാ കോടതികളിലും അപ്പീൽ കൊടുക്കാൻ സാധിക്കില്ല. ട്രൈബ്യുണലുകളുടെ തീർപ്പുകൾക്കെതിരെ സമീപിക്കേണ്ട കോടതികളെക്കുറിച്ചുള്ള വിവരങ്ങൾ ആ ട്രൈബ്യുണലുകൾ സ്ഥാപിക്കുന്ന നിയമങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്. എന്നാൽ ഈ ട്രൈബ്യുണലിന്റെ വിധി അന്തിമമാണെന്ന വിചിത്രമായ പ്രസ്താവനയാണ് കരട് നിയമത്തിൽ കാണുന്നത്! ഇതിന്റെ സാധുത എത്രമാത്രമുണ്ടെന്നു സംശയ്ക്കേണ്ടിയിരിക്കുഞ്ഞു! ഇതിനു സാധുത ഉണ്ടാകുമെങ്കിൽ കോടതികളിൽ പോലും എളുപ്പത്തിൽ ചോദ്യം ചെയ്യാൻ സാധിക്കാത്ത വിധത്തിൽ സഭാ സംവിധാനങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരം ലഭിക്കുകയാകും ഫലം!

ദേവസ്വം ബോർഡിന്റെയും വഖഫ് ബോർഡിന്റെയും പേരുപറഞ്ഞ് ക്രൈസ്തവ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും സർക്കാർ സമിതികൾ ഉണ്ടാകണം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നാട്ടുരാജാക്കന്മാരുടെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങൾ സർക്കാർ ഉടമസ്ഥതയിലേക്ക് മാറുകയും അവയെ ഭരിക്കാൻ ദേവസ്വം ബോർഡ് ഉണ്ടാവുകയുമാണ് ചെയ്തത്. അതേപോലെ തന്നെയാണ് വഖഫ് ബോർഡുകളും. അതായത് മഹാ ഭൂരിപക്ഷം വരുന്ന അമ്പലങ്ങളും മോസ്‌ക്കുകളും അവയുടെ വസ്തുവകകളും ഈ ബോർഡുകളുടെ പരിധിയിലോ സർക്കാർ നിയന്ത്രണത്തിന്റെ പരിധിയിലോ വരുന്നതല്ല. എന്നാൽ സർക്കാർ വിഭാവനം ചെയ്യുന്ന ചർച്ച് ആക്ട് ലക്ഷ്യമിടുന്നത് കേരളത്തിലെ പെന്തക്കോസ്ത് സമൂഹങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ക്രൈസ്തവ സമൂഹങ്ങളുടെയും സ്ഥാപനങ്ങളും സ്വത്തും സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരിക എന്നതാണ്! ഇത് അനുവധിച്ചുകൊടുക്കുന്നത് ആത്മഹത്യാപരമാണെന്നു പറയേണ്ടതില്ലല്ലോ!

അതായത് വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥയും എലിയെ പേടിച്ച് ഇല്ലം ചുട്ട അവസ്ഥയുമാണ് പൗരോഹിത്യ മേൽക്കോയ്മയിൽ മനം മടുത്ത് ചർച്ച് ആക്ടിനായി കണ്ണടച്ചാൽ വിശ്വാസികളെ കാത്തിരിക്കുന്നത്! സഭയിലെ പ്രശ്നങ്ങൾക്ക് മറ്റെന്താണ് പ്രതിവിധി? പുറത്തുനിന്നുള്ള നിയന്ത്രണങ്ങളല്ല നമ്മുക്ക് വേണ്ടത്! മാറ്റങ്ങൾ ഉണ്ടാകേണ്ടത് സഭയ്ക്കുള്ളിൽ നിന്നാണ്!  സഭയുടെ ഭരണക്രമം വിശ്വാസികൾക്ക് അർഹമായ പ്രാധാന്യം നൽകും വിധം പൊളിച്ചെഴുതപ്പെട്ടണം! വ്യക്തിപരമായി പറഞ്ഞാൽ ജസ്റ്റിസ് കൃഷ്ണയ്യർ 2009 ലെ ചർച്ച് ആക്ടിൽ നിര്ധേഷിക്കും വിധത്തിലുള്ള ത്രിതല ട്രസ്റ്റ് ശൈലിയിലേക്ക് സഭ മാറണം. അത് നമ്മുടെ പൗരാണികമായ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കാണ്! ആധുനിക ജനാധിപത്യ സംവിധാനങ്ങൾക്ക് തന്നെ ആധാര ശിലയായി മാറിയ പള്ളിയോഗ ക്രമത്തിലേക്ക് നാം മടങ്ങി പോകണം. ഇടവകയും രൂപതയും സഭയും തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയോഗങ്ങൾ ഭരിക്കട്ടെ. സഭയുടെ പാരമ്പര്യത്തിനനുസൃതമായി വിവാഹിതരായ വൈദികർ ഉണ്ടാകട്ടെ. ഓരോ പള്ളികളിലേയും ആവശ്യങ്ങൾക്കാനുസരിച്ച് യോഗ്യരായ അല്മായർക്ക് ഡീക്കൻ പട്ടവും മറ്റ്  ചെറു പട്ടങ്ങളും നൽകട്ടെ. മെത്രാന്മാർ വിശ്വാസികളുടെ ആത്മീയ കാര്യങ്ങളിൽ വ്യാപൃതരാകട്ടെ. സഭയുടെ ഭരണ തലവനായ ആർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിക്കപ്പെടട്ടെ. നമ്മുടെ മേൽ അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യ ഭരണക്രമം ഉപേക്ഷിച്ചു നൂറ്റാണ്ടുകളായി നാം പിന്തുടർന്നുപോന്ന ശക്തമായ ഭരണക്രമത്തിലേക്ക്, അല്മായരും പട്ടക്കാരും അവർക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജോലികൾ ഭംഗിയായി നിർവ്വഹിക്കുന്ന ശൈലിയിലേക്ക് മാറട്ടെ. സഭാ ഭരണത്തെയും വിശ്വാസത്തെയും ഭരണകൂടങ്ങൾക്ക് അടിയറവെയ്ക്കുന്ന ചർച്ച് ആക്ടിനെ ഒന്നുചേർന്നു തള്ളിക്കളയാം, അതോടോപ്പം തന്നെ ആത്മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന, സഭയുടെ സർവ്വോന്മുഖമായ വളർച്ചക്ക് നിദാനമാവുന്ന പൗരാണികമായ ഭരണക്രമം പുനരുദ്ധരിക്കുന്നതിനായി സഭയ്ക്കുള്ളിൽ പ്രവർത്തിക്കാം!

Related Posts Plugin for WordPress, Blogger...