+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Monday, January 1, 2018

എറണാകുളത്തെ സഹായമെത്രാൻ മാർ എടയന്ത്രത്ത് സൗകര്യപൂർവ്വം മറക്കുന്ന ചില ധാർമ്മിക-കാനോനിക പ്രശ്നങ്ങൾ


"അതിരൂപതക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യതയില്ലായ്മയും, കാനോനിക നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാർമ്മിക പ്രശ്നങ്ങളാണ്. ആയതിനാൽ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടു ബാക്കി ലഭിക്കേണ്ട തുക അതിരൂപതയ്ക്ക് ലഭിച്ചാലും സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെങ്കിലും ധാർമ്മിക പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നുള്ളത് വസ്തുതയാണ്." (സർക്കുലർ Prot. No. CR-6/17, മാർ സെബാസ്ട്യൻ എടയന്ത്രത്ത്)
എറണാകുളം സഹായ മെത്രാനും വൈദികരും പൊടുന്നനെ ധാർമ്മികതയുടെ മൂടുപടമണിഞ്ഞു ഭാവിയിൽ അവശേഷിക്കാൻ സാധ്യതയുള്ള ധാർമ്മികപ്രശനത്തെക്കുറിച്ചുപോലും നെടുവീർപ്പെടുമ്പോൾ പതിറ്റാണ്ടുകളായി ഇക്കൂട്ടർ സൗകര്യപൂർവ്വം മൂടിവെക്കുന്ന ചില ധാർമ്മിക-കാനോനിക പ്രശ്നങ്ങളിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണ് ഈ കുറിപ്പ്.
"പത്രോസിന്റെ പിൻഗാമിയും സാർവ്വത്രിക സഭയുടെ തലവനുമായ മാർപാപ്പയെ പൂർണ്ണ ഹൃദയത്തോടെ അനുസരിച്ചുകൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് സഭാ നിയമം അനുശാസിക്കുന്ന എല്ലാക്കാര്യങ്ങളിലും പൂർണ്ണമായ വിധേയത്വം ഞാൻ ഏറ്റുപറയുന്നു!" (സിറോ മലബാർ മെത്രാഭിഷേക കർമ്മത്തിൽ വി.ഗ്രന്ഥം സാക്ഷിയാക്കി നിയുക്ത മെത്രാന്റെ വിശ്വാസ പ്രഖ്യാപനം) വിശ്വാസ പ്രഖ്യാപനത്തോടൊപ്പം അധികാരികളോടുള്ള പൂർണ്ണ വിധേയത്വവും അനുസരണവും വി.ഗ്രന്ഥം സാക്ഷിയാക്കി മ്ശംഷാന വാഗ്ദാനം ചെയ്യുന്നതോടെയാണ് തിരുപ്പട്ട ശുശ്രൂഷയിലേക്ക് കടക്കുന്നത്. "...ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും അദ്ദേഹത്തിന്റെ പിൻഗാമികളോടും വിധേയത്വത്തോടെ വർത്തിച്ചുകൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ _____ മെത്രാനെ പൂർണ്ണ ഹൃദയത്തോടും വിധേയത്വത്തോടുംകൂടെ അനുസരിച്ചുകൊള്ളാമെന്നും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും കല്പനകൾ ഒരിക്കലും ലംഘിക്കുകയില്ലെന്നും ഞാൻ ഏറ്റുപറയുന്നു.."
മേലധ്യക്ഷനായ മെത്രാപ്പോലീത്തായോട്, സിറോ മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് അനുസരണവും വിധേയത്വമുള്ള എത്ര മെത്രാന്മാരും വൈദികരും എറണാകുളത്തുണ്ട്? പൂർണ്ണ വിധേയത്വവും അനുസരണവും ഏറ്റുപറഞ്ഞു പട്ടമേറ്റിട്ട് മണിക്കൂറുകൾക്കകം സഭാ നിയമങ്ങളെയും മെത്രാപ്പോലീത്തായുടെയും സഭാ സിൻഡിന്റെയും നിർദ്ദേശങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് തോന്നുംപടി പുത്തൻകുർബാന അർപ്പിച്ചുകൊണ്ടല്ലേ ഇന്നും ഈ അതിരൂപതയിൽ ഓരോ പുരോഹിതനും വൈദിക ജീവിതം ആരംഭിക്കുന്നത്? ഇതിൽ ഇതുവരെയും ധാർമ്മികവും കാനോനികവുമായ ഒരു തെറ്റും അഭിവന്ദ്യ സഹായമെത്രാന് കാണാൻ സാധിച്ചില്ലേ? 1986 ൽ പരിശുദ്ധ പിതാവ് വി. ജോണ് പോൾ പാപ്പ അതിന്റെ പൂർണ്ണതയിൽ അർപ്പിച്ചുകൊണ്ട് ഉത്ഖാടനം ചെയ്ത സിറോ മലബാർ സഭയുടെ ഔദ്യോഗിക കുർബാനക്രമം ജീവിതത്തിൽ ഒരിക്കലെങ്കിലും അതിന്റെ പൂർണ്ണതയിൽ അർപ്പിക്കാത്തവരല്ലേ സഹായമെത്രാന്മാരുൾപ്പടെയുള്ള എറണാകുളം അതിരൂപതയിലെ മഹാഭൂരിപക്ഷം പട്ടക്കാരും? എന്തേ ഇത് ധാർമ്മികവും കാനോനികവുമായ പ്രശ്നമാകുന്നില്ല? എറണാകുളത്തെ വൈദികരുടെ പിടിവാശിമൂലം ഒത്തുതീർപ്പിനായി വത്തിക്കാന്റെ നിർദ്ദേശത്തിൽ പോലും വെള്ളം ചേർത്തുകൊണ്ട് ഔദ്യോഗിക കുർബാനയർപ്പണ രീതിയിൽ സിനഡ് മാറ്റം വരുത്തിയിട്ടും സിനഡിനെയും മെത്രാപ്പോലീത്തായെയും അനുസരിക്കാമെന്നു വാഗ്ദാനം ചെയ്ത് പട്ടമേറ്റ നിങ്ങൾ മേജർ ആർച്ച്ബിഷപ്പ് വിതയത്തിൽ പിതാവിനെ ഭീഷണിപ്പെടുത്തി സിനഡ് തീരുമാനം എറണാകുളത്തിന് ബാധകമല്ലെന്ന് ഉത്തരവിറക്കിച്ചില്ലേ? ഇതും നിങ്ങൾക്ക് ധാർമ്മികവും-കാനോനികവുമായ തെറ്റാകുന്നില്ലല്ലോ അല്ലേ!
സിറോ മലബാർ സഭയുടെ ദൈവശാസ്ത്രത്തിനും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണെന്നു പൂർണ്ണബോധ്യമുണ്ടായിട്ടും ജനാഭിമുഖമായേ വി.കുർബാനയർപ്പിക്കൂയെന്ന് വാശി പിടിക്കുന്നതും, വി. കുർബാനയിൽ മാറ്റങ്ങൾ വരുത്താൻ മെത്രാനുപോലും അധികാരമില്ലെന്നിരിക്കേ (സിറോ മലബാർ സഭയുടെ പ്രത്യേക സാഹചര്യത്തിൽ മെത്രാന് വളരെ പരിമിതമായ അധികാരങ്ങൾ അനുവദിക്കുന്നു), വി.കുർബാനയിലെ പ്രാർത്ഥനകൾ വൈദികർപോലും യഥേഷ്ടം വെട്ടിമുറിക്കുന്നതും വി. കുർബാന പുസ്തകത്തിലെ ഗീതങ്ങൾക്ക് പകരം ആൽബം പാട്ടുകൾ കുത്തിനിറക്കുന്നതുമൊന്നും ധാർമ്മിക പ്രശ്നങ്ങളായി തോന്നുന്നില്ലെങ്കിൽ ആ ധാർമ്മികതയ്ക്ക് കാര്യമായ എന്തോ തകരാറുണ്ടെന്ന് പറയാതെ വയ്യ!
വിശ്വാസികളെ സഭയെക്കുറിച്ചും വി.പാരമ്പര്യങ്ങളെക്കുറിച്ചും പഠിപ്പിക്കാതെ "ഇതാണ് ഞങ്ങളുടെ വിശ്വാസികൾ ആഗ്രഹിക്കുന്നത്; ഞങ്ങൾ അവരുടെ ഇഷ്ടമനുസരിച്ചാണ് പ്രവർത്തിക്കുന്നതെ"ന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നത് എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ്? മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട നിങ്ങൾക്ക് എങ്ങനെയാണ് ധാർമ്മികത എന്ന വാക്കുപോലും ഉച്ചരിക്കാൻ സാധിക്കുന്നത്? ഇതിനേക്കാളെല്ലാം ഉപരിയായി "കലർപ്പില്ലാത്ത തങ്കമെന്ന വ്യാജേന മുക്കുപണ്ടം സമ്മാനിക്കുന്ന പോലെ" യദാർത്ഥ വിശ്വാസവും പാരമ്പര്യങ്ങളും വി.കുർബാനയുടെയും കൂദാശകളുടെയും സമ്പൂർണ്ണമായ അർപ്പണവും വിശ്വാസികൾക്ക് നിഷേധിച്ചുകൊണ്ട് ഇതിനെല്ലാം പകരമായി തങ്ങൾ വ്യഭിചാരിച്ച വിശ്വാസവും ആരാധനാക്രമവും കൂദാശകളും അജ്ഞരായ വിശ്വാസികളുടെമേൽ അടിച്ചേൽപ്പിക്കുന്നത് എന്ത് ധാർമ്മികതയുടെപേരിലാണ് നിങ്ങൾ നീതീകരിക്കുന്നത്?
വി.കുർബാന അർപ്പിക്കേണ്ടത് സ്വന്തം സഭയുടെ തിരുവസ്ത്രങ്ങളണിഞ്ഞുതന്നെ വേണമെന്ന സഭാ നിയമമിരിക്കേ ലത്തീൻ സഭയുടെ തിരുവസ്ത്രങ്ങൾ അണിഞ്ഞു അങ്ങയുടെ അതിരൂപതയിലെ വൈദികർ സിറോ-മലബാർ കുർബാന അർപ്പിക്കുന്നതിൽ ധാർമ്മികവും-കാനോനികവുമായ പ്രശ്നങ്ങളൊന്നുമില്ലേ പിതാവേ? തിരുവസ്ത്രങ്ങൾക്ക് മുകളിൽ കാവി മുണ്ടു പുതച്ചും തിരുവാതിരപ്പാട്ടുപാടിയും ഓണക്കുർബാനയെന്ന പേരിൽ അങ്ങയുടെ വൈദികർ ആഭാസത്തരം കാണിച്ചപ്പോൾ ഈ ധാർമ്മികതയും കാനൻ നിയമവുമൊക്കെ എവിടെയായിരുന്നു പിതാവേ? സിറോ മലബാർ സഭയിൽ ആകമാനം വലിയനോമ്പാരംഭിക്കുന്നത് നോമ്പിലെ ആദ്യതിങ്കളാഴ്‌ച്ച വിഭൂതിയോടെ ആണെന്നിരിക്കെ, സഭാ നിയമങ്ങളെ കാറ്റിൽപറത്തി ഞങ്ങൾ ബുധനാഴ്ച കുരിശുവരപ്പെരുന്നാൾ നടത്തിയേ നോമ്പാരംഭിക്കൂ എന്ന് വാശിപിടിക്കുന്നത് എന്ത് ധാർമ്മികതയുടെയും കാനൻ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് പിതാവേ? അഭി. വർക്കി പിതാവിന്റെ കാലത്ത് ശിശുക്കൾക്ക് പ്രവേശനകൂദാശകൾ (മാമ്മോദീസ, സ്ഥൈര്യലേപനം, വി.കുർബാന) ഒരുമിച്ച് നൽകുന്ന പുതിയ ക്രമം സഭയിലാകമാനം നടപ്പിലാക്കിയിട്ടും അതിനു പുറം തിരിഞ്ഞു നിൽക്കുന്നതും എറണാകുളം- അങ്കമാലി അതിരൂപതയിൽ മാമ്മോദീസാ സ്വീകരിക്കുന്ന ശിശുക്കൾക്ക് വി. കുർബാന നിഷേധിക്കുന്നതും ധാർമ്മികതയും കാനൻ നിയമ പരിജ്ഞാനവും കൂടിപ്പോയതുകൊണ്ടാണോ പിതാവേ? ഉയിർപ്പ്,പിറവി തിരുക്കർമ്മങ്ങൾക്കായുള്ള പുതിയ ക്രമം സഭയിൽ ആകമാനം നടപ്പിലാക്കിയിട്ടും ഇതിനു വിപരീതമായതൊന്നും നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി മേജർ ആർച്ബിഷപ്പിന്റെ ഉത്തരവുണ്ടായിട്ടും ഇപ്പോഴും അങ്ങയുടെ വൈദികർ പഴയ ക്രമത്തിൽ തന്നെ ശുശ്രൂഷകൾ നടത്തുന്നതും ധാർമ്മികവും കാനോനികവുമായി ശരിയാണോ പിതാവേ? പെസഹാവ്യാഴാഴ്ച്ച സ്ത്രീകളുടെ കാലുകഴുകരുതെന്നു വത്തിക്കാനിൽനിന്നുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ മേജർ ആർച്ച്ബിഷപ്പ് സർക്കുലറിറക്കിയപ്പോൾ അതിനെ ധിക്കരിച്ചുകൊണ്ട് സ്ത്രീകളുടെ കാലുകഴുകുകയും അത് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഇട്ടുകൊടുക്കുകയും ചെയ്ത വൈദികർക്കെതിരെ എന്തേ ഈ പറഞ്ഞ ധാർമ്മികവും കാനോനികവുമായ പ്രശ്നങ്ങളൊന്നും അങ്ങ് ഉയർത്തിയില്ല?
വരാനിരിക്കുന്ന ധാർമ്മിക പ്രശങ്ങളെപ്പോലും മുൻകൂട്ടി കാണുന്ന അഭി. മെത്രാൻ അങ്ങയുടെയും സഹോദര വൈദികരുടെയും സ്വാർത്ഥത മൂലം പതിറ്റാണ്ടുകളായി എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന ഈ ധാർമ്മിക-കാനോനിക പ്രശ്നങ്ങളെ കാണാതെ പോകരുത്. സൗകര്യപൂർവ്വം എടുത്തണിയാനും ആവശ്യാനുസരണം ഊരിമാറ്റാനുമുള്ള മൂടുപടമാവരുത് ധാർമ്മികത! ധാർമ്മികതയെ ഒരു മൂടുപടമായി കാണുന്നവരെ ഉദ്ദേശിച്ചാവണം "വ്യക്തിപരമായി ഇഷ്ടമില്ലാത്തവർക്കെതിരേ നാം സ്വീകരിക്കുന്ന മനോഭാവമാണ് ധാർമ്മികത"യെന്ന് ഐറിഷ് കവി ഓസ്കർ വൈൽഡ് കുറിച്ചത്!
ശുഭം!
വാൽക്കഷ്ണം:
അതിരൂപതാധ്യക്ഷനെന്ന നിലയിലും മേജർ ആർച്ച്ബിഷപ്പെന്നനിലയിലും പൂർണ്ണമായ അനുസരണവും വിധേയത്വവും നൽകേണ്ട സഹായമെത്രാന്മാരും വൈദികരും ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും സഭാ സിൻഡിനോടും ഇത്ര വലിയ അനുസരണക്കേടുകളും സഭാ നിയമ ലംഘനങ്ങളും നടത്തിയിട്ടും തൽസ്ഥാനങ്ങളിൽ തുടരുന്നത് ധാർമ്മികമായും കാനോനികമായും ശരിയാണല്ലല്ലോല്ലേ? ഇവരെയൊക്കെ ചുമക്കാൻ എന്ത് പാപമാണോ എറണാകുളത്തെ പാവം വിശ്വാസികൾ ചെയ്തത്!
Related Posts Plugin for WordPress, Blogger...