+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Saturday, February 10, 2018

എറണാകുളം ഭൂമിവിവാദം- സത്യങ്ങൾ ചുരുളഴിയുമ്പോൾ: എവിടെയാണ് മാർ ആലഞ്ചേരിക്ക് പിഴച്ചത്?


 Image Courtesy: Manorama Online


എറണാകുളം അതിരൂപതാ സാമ്പത്തിക സമിതിയുടെയും  (ഫിനാൻസ് കൗൺസിൽ) ഭരണ കേന്ദ്രത്തിന്റെയും  (കൂരിയ) അറിവോടെയും എല്ലാവിധ അംഗീകാരങ്ങളോടെയും നടന്ന ഭൂമി വിൽപ്പന എങ്ങനെയാണ് വിവാദമായപ്പോൾ സഭാ തലവൻ മാർ ആലഞ്ചേരിയുൾപ്പെടെയുള്ള മൂന്നു പേരിൽ കേന്ദ്രീകരിക്കപ്പെട്ടത്? ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമാണിത്!  ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള വസ്തുനിഷ്ഠമായ പഠനമാണ് ഈ ലേഖനം.  എറണാകുളം അതിരൂപതാ അന്വേഷണ സമിതിയുടെ റിപ്പോർട്ടും അനുബന്ധമായി നൽകിയിരിക്കുന്ന രേഖകളുമാണ് ഈ പഠനത്തിനാധാരം.   ഏറ്റവും ചുരുക്കി പറഞ്ഞാൽ, അത്രമേൽ ഗൗരവതരമല്ലാത്ത വീഴ്ചകൾ പോലും പെരുപ്പിച്ചുകാട്ടിയും പൂർണ്ണ ഉത്തരവാദിത്വം മാർ ആലഞ്ചേരിയുടെ തലയിൽ കെട്ടിവെച്ചും സ്ഥാനഭൃഷ്ടനാക്കാനും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ നടപ്പിലാക്കാനും എറണാകുളത്തെ ഒരു സംഘം വിമത വൈദികർ നടത്തിയ നാടകമാണ് ഈ വിവാദങ്ങൾ!
ഭൂമിവില്പന ചുരുക്കത്തിൽ

അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി ഫിനാൻസ് കൗൺസിലും കൂരിയായും അതിരൂപതയുടെ കൈവശമുള്ള ഭൂമി വിൽക്കാൻ തീരുമാനിക്കുന്നു. ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയെ അതിരൂപതാ സമിതികൾ തങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കാനായി നിയോഗിക്കുന്നു. ഫാ. ജോഷി പുതുവ 2016 മാർച്ച് 18 ന് ചേർന്ന അതിരൂപതാ സാമ്പത്തിക സമിതി (ഫിനാൻസ് കൗൺസിൽ) മുൻപാകെ കൂടുതൽ ചർച്ചകൾ കൂടാതെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുമെടുക്കാനുള്ള അവകാശം ഫിനാൻസ് ഓഫീസറായ തനിക്ക് നൽകണമെന്ന് ആവശ്യപ്പെടുന്നു. സാമ്പത്തിക സമിതി ഇത് അംഗീകരിക്കുകയും ആലോചനയ്ക്കായി അതിരൂപതാ ഭരണ സമിതി അംഗമായ വികാരി ജനറാൾ മോൺ. സെബാസ്ട്യൻ വടക്കുപാടാനെ നിയമിക്കുകയും ചെയ്തു. ഇതിനുശേഷം 2016 ജൂൺ  15 ന് സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതാ ഭരണ സമിതി സ്ഥലം വില്പനാ തീരുമാനത്തിന് അംഗീകാരവും ഫാ. ജോഷി പുതുവയ്ക്ക് സമ്പൂർണ്ണ അധികാരവും നൽകുന്നു. പറഞ്ഞുറപ്പിച്ച പ്രകാരം ഫാ. ജോഷി പുതുവ അതിരൂപതയുടെ വസ്തു വിൽക്കുന്നു. കോട്ടപ്പടിയിൽ അതിരൂപതാ സമിതികളിൽ ചർച്ച ചെയ്ത പ്രകാരം സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുക്കുന്നു.  എന്നാൽ മുൻ ഇടപാടുകളിലെ പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും നൽകാൻ ഇടപാടുകാരാന് സാധിക്കായ്കയാൽ മൂന്നാറിലെ 17 ഏക്കർ ഭൂമിയും കോട്ടപ്പടിയിൽ അതിരൂപത വാങ്ങാനിരുന്ന ഭൂമിയുടെ ഒരു ഭാഗവും (25 ഏക്കർ) ഈടായി എഴുതി വാങ്ങുന്നു. ഭൂമി വിറ്റ കണക്കിൽ കിട്ടേണ്ട തുക മുഴുവൻ കിട്ടിയിട്ടില്ലെങ്കിലും ഈടായി എഴുതിവാങ്ങിയ രണ്ട് വസ്തുവും അതിരൂപതക്ക് ലഭിച്ചു. ബാക്കി തുക ലഭിക്കുന്ന മുറയ്ക്ക് ആ വസ്തു ഇടപാടുകാരന് തിരികെ നല്കാം. തുക ലഭിക്കുന്നില്ലെങ്കിൽ അതിരൂപതയ്ക്ക് ഇഷ്ടാനുസരണം ആ വസ്തു ഉപയോഗിക്കാം. വിറ്റ് കടം മുഴുവൻ വീട്ടുകയുമാകാം. അതായത് വസ്തുക്കച്ചവടം മൂലം അതിരൂപതയ്ക്കുണ്ടായിരിക്കുന്നത് ഒരു താല്ക്കാലിക സാമ്പത്തിക പ്രതിസന്ധി മാത്രമാണ്. പറഞ്ഞുറപ്പിച്ച തുക കിട്ടുന്ന മുറയ്‌ക്കോ അതല്ലെങ്കിൽ ഈടായി കിട്ടിയ വസ്തു വിൽക്കുന്ന മുറയ്‌ക്കോ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും. സഹായ മെത്രാൻ മാർ എടയന്ത്രത്തിന്റെ സർക്കുലറിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ അങ്ങനെ തീർന്നാലും ചില ധാർമ്മിക പ്രശ്നങ്ങൾ അവശേഷിക്കുമെന്നുപറഞ്ഞാണ്  മാർ എടയന്ത്രത്ത് സർക്കുലർ അവസാനിപ്പിക്കുന്നത്.
  
മാർ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചുവോ?

എറണാകുളം അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി അതിരൂപതയുടെ കൈവശമുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത് അതിരൂപതയുടെ സാമ്പത്തിക സമിതിയും (ഫിനാൻസ് കൗൺസിൽ) ഭരണ കേന്ദ്രവുമാണ് (കൂരിയ). ഏതൊക്കെ സ്ഥലങ്ങളാണ് വിൽക്കേണ്ടതെന്നും എത്ര വിലയ്ക്കാണ് വിൽക്കേണ്ടതെന്നും തീരുമാനിച്ചതും ഈ സമിതികളാണ്. (സാമ്പത്തിക- നിയമ വിദഗ്ധരുൾപ്പെട്ട സമിതിയാണ് ഫിനാൻസ് കൗൺസിൽ) എറണാകുളം അതിരൂപതാ സാമ്പത്തിക സമിതിയും കൂരിയായും അനുവദിക്കാത്ത ഒരുതുണ്ടു ഭൂമിപോലും വിറ്റിട്ടില്ല. നിശ്ചയിച്ച വില കുറഞ്ഞുപോയെന്ന പരാതിയുണ്ടെങ്കിൽ ഫിനാൻസ് ഓഫീസറോ ആധാരത്തിൽ ഒപ്പുവെച്ച ആലഞ്ചേരി പിതാവോ അല്ല അതിനുത്തരവാദികൾ. ഫിനാൻസ് കൗൺസിലാണ്‌ വില നിശ്ചയിച്ചത്. അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും നൽകി ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയെ നിയമിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതിയാണ്. അതിരൂപതാധ്യക്ഷൻ കൂടിയായ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഈ സുപ്രധാന തീരുമാനമെടുത്ത 2016 ജൂൺ 15 ലെ കൂരിയാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സന്നദ്ധ സേവനങ്ങൾക്ക് മാത്രം ഉപയോഗിക്കാനായി അലക്സിയൻ ബ്രദേഴ്‌സ് അതിരൂപതയ്ക്ക് കൈമാറിയ കരുണാലയത്തിലെ ഒരേക്കറോളം ഭൂമിയുൾപ്പെടെയുള്ള 6 വസ്തുക്കൾ  (സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ളത് )  അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത് ഈ യോഗത്തിലാണ്. അതിരൂപതയ്ക്കു വേണ്ടിയും അതിരൂപതയുടെ പേരിലും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട  എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നിർദ്ദേശങ്ങളും ഫാ. ജോഷി പുതുവയ്ക്ക് ഭരണ സമിതി നല്കുന്നുവെന്നാണ് മാർ എടയന്ത്രത്ത് ഒപ്പിട്ടിരിക്കുന്ന രേഖയിൽ പറയുന്നത്. മോൺ. വടക്കുമ്പാടൻ അച്ചനെ ഈ കാര്യങ്ങളിൽ സഹായിയായി നിയോഗിച്ചതും അതിരൂപതാ സാമ്പത്തിക സമിതിയാണ്. ചുരുക്കത്തിൽ ഭൂമിവില്പന അതിരൂപതാ സമിതികളുടെ തീരുമാനമാണ്. നടപ്പിലാക്കിയത് അതിരൂപതാ സമിതികൾ നിയോഗിച്ച ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയും മോൺ. വടക്കുമ്പാടൻ അച്ചനുമാണ്. അതിനാൽ തന്നെ മാർ ആലഞ്ചേരി അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചു എന്നൊക്ക പറഞ്ഞു പരത്തുന്നത് ദുരുദ്ദേശപരമാണെന്നു പറയേണ്ടതില്ലല്ലോ.



നിലനിൽക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ, അഥവാ മുനയില്ലാത്ത ആരോപണശരങ്ങൾ!


ഭൂമിവില്പനയുമായി ബന്ധപ്പെട്ട് മാർ ആലഞ്ചേരിയുടെ പേരിൽ ആരോപിക്കാവുന്ന കുറ്റങ്ങൾ ഏറ്റവും പ്രധാനപ്പെട്ടത് കൃത്യമായ വിവരങ്ങൾ ആരായാതെ ആധാരങ്ങളിൽ ഒപ്പിട്ടു നൽകി, സഭാ- സിവിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന മേൽനോട്ടം ശരിയായി നടത്തിയില്ല തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങളാണ്. ഇത് ഒരുപരിധിവരെ ശരിയാണെങ്കിലും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ അന്വേഷണകമ്മീഷന് നൽകിയ മറുപടി ശ്രദ്ധാർഹമാണ്. "കാനോനിക സമിതികൾ നിയമിച്ച താൻ ആ ദൗത്യം നിയമാനുസൃതം പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണ് കൂടുതൽ അന്വേഷണങ്ങൾ കൂടാതെതന്നെ പിതാവ് ഒപ്പിട്ട് നൽകിയത്" നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാകേണ്ടിയിരുന്നതിനാൽ ആധാരങ്ങൾ ആലഞ്ചേരി പിതാവിനെ വായിച്ചുകേൾപ്പിക്കാൻ പോലും സമയം ലഭിച്ചില്ലായെന്നും പറഞ്ഞുറപ്പിച്ച തുക മുഴുവൻ ലഭിച്ചില്ലെന്ന കാര്യം പിതാവിന് അറിവില്ലായിരുന്നെന്നും ഫിനാൻസ് ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നു. അതിരൂപതയുടെ ഭരണ കാര്യങ്ങളിൽ എല്ലായിടത്തും അതിരൂപതാധ്യക്ഷന്റെ കണ്ണെത്തണം എന്നുപറയുന്നത് പ്രായോഗികമല്ല. അതിനാണ് പ്രത്യേക ചുമതലകൾ നൽകി ഓരോരുത്തരെ അധികാരപ്പെടുത്തുന്നത്. അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുകയെന്നതാണ് എക്കാലവും എല്ലായിടത്തും നടക്കുന്നത്. എങ്കിലും ജാഗ്രതക്കുറവിന്റെ പേരിൽ ആലഞ്ചേരി പിതാവിനെ കുറ്റപ്പെടുത്തേണ്ടവർക്ക് അങ്ങനെ ചെയ്യാം.

അടുത്തതായി ആരോപിക്കുന്ന കുറ്റം ഫിനാൻസ് കൗൺസിലിനെയും കൂരിയായെയും പല കാര്യങ്ങളും അറിയിച്ചില്ല എന്നതാണ്. കൂടുതൽ ചർച്ചകൾ കൂടാതെതന്നെ സ്ഥലവില്പനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരമാണ് 2016 മാർച്ച് 18 ലെ ഫിനാൻസ് കൗൺസിൽ യോഗം ഫാ. ജോഷി പുതുവയ്ക്ക് നൽകിയത്. കോട്ടപ്പടിയിലും മൂന്നാറിലും സ്ഥലം വാങ്ങിയത് അറിയിച്ചില്ലെന്നതാണ് പ്രധാന പരാതി. ഇത് ഒരു സ്ഥലം വാങ്ങലായി ഉദ്ദേശിച്ചതല്ലെന്നും പറഞ്ഞുറപ്പിച്ച തുക നൽകാൻ ഇടപാടുകാരന് സാധിക്കാതെ വന്നപ്പോൾ ഈടായി എഴുതിവാങ്ങിയതാണെന്നും നാം കണ്ടുകഴിഞ്ഞു. മാത്രമല്ല സാമ്പത്തിക ബാധ്യതകൾ തീർക്കാനായി അതിരൂപതയുടെ ചില വസ്തുക്കൾക്ക് പകരമായി കോട്ടപ്പടിയിലെ 70 ഏക്കർ ഭൂമി വാങ്ങുന്ന കാര്യം 2017 മാർച്ച് 9 നു ചേർന്ന ഫിനാൻസ് കൗൺസിൽ ചർച്ച ചെയ്യുകയും യുക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ ഫിനാൻസ് ഓഫീസറോട് നിർദ്ദേശിച്ചതുമാണ്.  ഈ വസ്തുവിന്റെ ഒരു ഭാഗമാണ് അതിരൂപതയ്ക്ക് ലഭിക്കാനുള്ള തുകയ്ക്ക് ഈടായി എഴുതിവാങ്ങിയത്. വിശ്വാസത്തിനായി എഴുതി വാങ്ങണമെന്ന് നിർദ്ദേശിച്ചത് താനാണെന്ന് മോൺ വടക്കുമ്പാടനച്ചൻ അന്വേഷണ കമ്മീഷൻ മുൻപാകെ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ "കൂടുതൽ ചർച്ച കൂടാതെ തന്നെ സ്ഥല വിൽപ്പനയുമായി മുന്നോട്ടുപോകാനുള്ള" ഫിനാൻസ് കൗൺസിലിന്റെ നിർദ്ദേശം അനുസരിച്ചുതന്നെയാണ് ഫിനാൻസ് ഓഫീസറും മോൺ. വടക്കുമ്പാടൻ അച്ചനും പ്രവർത്തിച്ചത്. പറഞ്ഞ തുക മുഴുവൻ ലഭിക്കാതെയാണ് വസ്തു കൈമാറ്റം ചെയ്യുന്നതെന്നതും ഈടായി രണ്ടു വസ്തു എഴുതി വാങ്ങാൻ പോകുന്നുവെന്നതും അതിരൂപതാ സമിതികളെ അറിയിച്ചില്ല എന്നത് ഫിനാൻസ് ഓഫീസറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി കാണാം. എന്നാൽ അതൊക്കെ പെട്ടെന്ന് ശരിയാകും എന്നിട്ട് അറിയിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നുവെന്നു മാർ ആലഞ്ചേരി അന്വേഷണ കമ്മീഷന് നൽകിയ മറുപടിയിൽ പറയുന്നു. കണക്കുകൂട്ടലുകൾ ശരിയായില്ല. പറഞ്ഞ സമയത്ത് കിട്ടേണ്ട തുക കിട്ടിയില്ല. ഇത് പ്രശനം വഷളാക്കി. പറഞ്ഞ തുക മുഴുവൻ ലഭിച്ചിട്ടില്ലെന്നതും അവധി നീട്ടി ചോദിക്കുന്ന കാര്യവും അതിരൂപതാ സമിതികളെ യഥാകാലം അറിയിച്ചിരുന്നതായും കാണുന്നു.

സ്ഥലക്കച്ചവടം പരസ്യം ചെയ്തില്ല എന്ന ഒരു കുറ്റവും ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ അതിരൂപതയിൽ അങ്ങനെയൊരു പതിവില്ലെന്നും അതിനാൽ തന്നെ ഫിനാൻസ് കൗൺസിൽ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും സഹായ മെത്രാൻ മാർ പുത്തൻവീട്ടിലുൾപ്പെടെ അന്വേഷണ സമിതിയെ അറിയിച്ചിട്ടുണ്ട്. സർക്കാർ ഭൂമി പോലെ പരസ്യം ചെയ്തു വിൽക്കേണ്ട യാതൊരു ബാധ്യതയും അതിരൂപതയ്ക്കില്ലെന്നും ഇതൊന്നും മാർ ആലഞ്ചേരി ചെയ്യേണ്ട കാര്യമല്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇടപാടുകാരൻ സാജു വർഗ്ഗീസിനെ പരിചയപ്പെടുത്തി എന്നത് ആലഞ്ചേരിപ്പിതാവിന്റെ വലിയ കുറ്റമായാണ്  പലരും വ്യാഖ്യാനിക്കുന്നത്. ആദ്യത്തെ ഇടപാടുകാരൻ  വസ്തു വിൽപ്പന നടത്താൻ സാധിക്കാതെ പിന്മാറിയപ്പോഴാണ് മാർ ആലഞ്ചേരി സാജു വർഗ്ഗീസിനെ ഫിനാൻസ് ഓഫീസർക്ക് പരിചയപ്പെടുത്തുന്നത്. മെത്രാപ്പോലീത്ത ഒരാളെ പരിചയപ്പെടുത്തി എന്ന ഒറ്റക്കാരണത്താൽ അയാളെ ഇടപാടുകാരനായി നിശ്ചയിക്കേണ്ടതുണ്ടോ? ഇടപാടുകാരനെ തീരുമാനിക്കുന്നതിനുമുമ്പ് അയാളുടെ മുൻ ഇടപാടുകളും വിശ്വസനീയതയും പരിശോധിച്ചുറപ്പിക്കേണ്ട ഉത്തരവാദിത്വം ഫിനാൻസ് ഓഫീസർക്കും ഫിനാൻസ് കൗൺസിലിനുമില്ലേ? ഇതെല്ലാം മെത്രാപ്പോലീത്തായ്ക്ക് തന്നെ ചെയ്യാനായിരുന്നെങ്കിൽ ഒരു ഫിനാൻസ് ഓഫീസറുടെയോ ഫിനാൻസ് കൗൺസിലിന്റെയോ കൂരിയയുടെയോ ആവശ്യമെന്താണ്? ഇത്തരം കാര്യങ്ങളിൽ മെത്രാപ്പോലീത്തായെ സഹായിക്കേണ്ട ആലോചനാ സമിതികളും വ്യക്തികളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങളും കടമകളും ശരിയായി നിർവ്വഹിക്കാതെ പക്ഷം ആ കുറ്റവും മെത്രാപ്പോലീത്തായ്ക്കാണോ?

പിതാവിനെതിരെ വിമത വൈദിക സംഘം പറഞ്ഞു പരത്തുന്ന അടുത്ത കുറ്റമാണ് പിതാവ് കള്ളം പറഞ്ഞുവെന്നത്! കോട്ടപ്പടിയിലും മൂന്നാറിലും അതിരൂപത വസ്തു വാങ്ങിയോ എന്ന ചോദ്യത്തിന് വാങ്ങിയില്ലെന്നു മറുപടി നൽകിയതാണ് ഇത്തരമൊരു ആരോപണത്തിന് കാരണം. കോട്ടപ്പടിയിൽ ഭൂമി വാങ്ങുന്ന കാര്യം അതിരൂപതാ സമിതികളിൽ ചർച്ച ചെയ്തിരുന്നുവെങ്കിലും കോട്ടപ്പടിയിൽ അതിരൂപത ഭൂമി വാങ്ങുകയായിരുന്നില്ല ഉണ്ടായത്. വസ്തുവിൽപ്പനയിൽ പറഞ്ഞ തുക മുഴുവനായും നൽകാൻ ഇടപാടുകാരന് സാധിക്കാതെവന്നപ്പോൾ അവധി ചോദിക്കുകയും വിശ്വസ്തതയ്ക്കായി കോട്ടപ്പടിയിലെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വസ്തുവിന്റെ ഒരുഭാഗവും മൂന്നാറിലെ വസ്തുവും ഈടായി എഴുതിവാങ്ങുകയുമാണ് ഉണ്ടായത്. തുക മുഴുവനായി കിട്ടുന്ന മുറയ്ക്ക് തിരികെ നൽകാൻ ഈടായി എഴുതിയെടുത്ത ഭൂമിയെങ്ങനെയാണ് അതിരൂപത വാങ്ങിയെന്ന് പറയാൻ സാധിക്കുന്നത്?

കോട്ടപ്പടിയിലെ ഭൂമി ഉപയോഗശൂന്യമാണ്‌,  മൂന്നാർ ഭൂമി കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ഭാഗമാണ്, മുന്നാധാരമില്ല, അതുകൊണ്ടുതന്നെ ഈടായി ലഭിച്ച ഭൂമി അതിരൂപതയുടെ ബാധ്യതകൾ തീർക്കാൻ ഉപകാരപ്പെടില്ല എന്നതാണ് അടുത്ത ആരോപണം. നേരത്തെ ചോദിച്ചതുപോലെ ഇതൊക്കെയെങ്ങനെയാണ് മെത്രാപ്പോലീത്തായുടെ കുറ്റമാകുന്നത്? ഇതൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ട ഉത്തരവാദിത്വം ഫിനാൻസ് ഓഫീസർക്കും സഹായിയായി നിയമിതനായ മോൺ. വടക്കുമ്പാടൻ അച്ചനും മേൽനോട്ടം വഹിക്കേണ്ട ചുമതല ഫിനാൻസ് കൗണ്സിലിനുമല്ലേ ഉള്ളത്?   

ഇവയൊന്നുമല്ലാതെ ഗൗരവതരമായ യാതൊരു ആരോപണങ്ങളും ആലഞ്ചേരി പിതാവിനെതിരെ ഉന്നയിക്കാൻ അന്വേഷണ സമിതിക്ക് സാധിച്ചിട്ടില്ല. ഇതാണ് എടയന്ത്രത്ത് പിതാവ് പറയുന്ന അവശേഷിക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ! സഭയെയും സഭാധ്യക്ഷനെയും പൊതുസമൂഹത്തിനുമുന്പിൽ ഇത്രകണ്ട് കരിവാരിതേക്കാനുംമാത്രം എന്ത് മഹാപരാധമാണ് ആലഞ്ചേരിപ്പിതാവ് ചെയ്തത്?  "നിയമാനുസൃതമല്ലാത്ത യാതൊരു നിർദ്ദേശങ്ങളും വലിയ പിതാവ് നൽകിയിട്ടില്ലെന്ന്" ഫിനാൻസ് ഓഫീസർ അന്വേഷണ സമിതിക്ക് നൽകിയ മറുപടിയിൽ എടുത്തുപറയുന്നുണ്ട്! ഇതെല്ലാം മറച്ചുവെച്ചുകൊണ്ടു  സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കും അധികാരമോഹങ്ങൾക്കുമായി അഴിമതിക്കാരനും കള്ളപ്പണക്കാരനും അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചവനുമായി അഭി പിതാവിനെ ചിത്രീകരിച്ച് പൊതുസമൂഹത്തിന് മുമ്പിൽ വ്യക്തിഹത്യയുടെ പെരുമഴ പെയ്യിച്ചവർക്ക് കാലം മാപ്പുനല്കട്ടെ.


കെട്ടിച്ചമച്ച വിവാദവും അന്വേഷണ റിപ്പോർട്ടും;  ലക്ഷ്യം മാർ ആലഞ്ചേരിയെ താഴെയിറക്കുക!

എറണാകുളം അതിരൂപതയുടെ ഭൂമിവില്പനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക പലരും ഉന്നയിച്ചിരുന്നു.  ഇത് സാധൂകരിക്കുന്നതാണ്  അന്വേഷണ കമ്മീഷൻ ജനുവരി 4 ആം തിയതി എറണാകുളം വൈദിക സമിതിക്ക് സമർപ്പിച്ച റിപ്പോർട്ട്. ജനുവരി 31 വരെ സമയമുണ്ടായിരുന്നിട്ടും ധൃതിപിടിച്ച് സഭാ സിനഡിനും (ജനുവരി8) ശംഷാബാദ് രൂപതാ ഉത്ഖാടനത്തിനും (ജനുവരി7) മുൻപായിത്തന്നെ അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി പുറത്തുവിടുകയായിരുന്നു. സിറോ മലബാർ സഭയെ സംബന്ധിച്ച ഏറ്റവും നിർണ്ണായകമായ രണ്ടു സംഭവങ്ങൾക്ക് മുൻപുതന്നെ സഭാ തലവനെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കുകയെന്ന ഗൂഢോദ്ദേശം തന്നെയാണ് ഇതിനു പിന്നിലുള്ളത്. റിപ്പോർട്ട് തട്ടിക്കൂട്ടിയതാണെന്നതിനും  അട്ടിമറിക്കപ്പെട്ടതാണെന്നതിനും വ്യക്തമായ സൂചനകൾ റിപ്പോർട്ടിലുടനീളം കാണാം.

1. ഒട്ടനവധി വ്യാകരണ- ടൈപ്പിംഗ് തെറ്റുകളാണ് റിപ്പോർട്ടിലുള്ളത് . യാതൊരു പ്രൊഫഷണണലിസവുമില്ലാതെ തട്ടിക്കൂട്ടിയ റിപ്പോർട്ട്! അനുവദിച്ചിരുന്ന സമയത്തിനും ഏകദേശം ഒരു മാസത്തോളം മുൻപേ പുറത്തിറക്കിയ റിപ്പോർട്ടാണെന്നോർക്കണം! റിപ്പോർട്ട് തയ്യാറാക്കി ഒരു പ്രാവശ്യം പ്രൂഫ് റീഡിങ് പോലും നടത്തിയിട്ടില്ലെന്നത് പകൽ പോലെ വ്യക്തം! സമിതിയുടെ ഇടക്കാല റിപ്പോർട്ടിന് വിശദീകരണം ആരാഞ്ഞപ്പോൾ ആരോപണങ്ങളെക്കുറിച്ച് പഠിക്കാൻ രണ്ടാഴ്ചക്കാലം (ജനുവരി 8 വരെ) സമയം ചോദിച്ച ഫിനാൻസ് ഓഫീസറോട് നിഷേധാത്മകമായ നിലപാടാണ് സമിതി സ്വീകരിച്ചതെന്നും ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള സമയം പോലും തനിക്ക് നൽകിയില്ലയെന്നും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ സമിതിക്ക് നൽകിയ മറുപടിയിൽ പറയുന്നു. ജനുവരി 31 വരെ സമയം ഉണ്ടായിരുന്നിട്ടും എന്തിനായിരുന്നു ഇത്ര തിടുക്കം?

2. മെത്രാപ്പോലീത്താ നിയമിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്  സമർപ്പിക്കേണ്ടത് നിയമിച്ച മെത്രാപ്പോലീത്തായ്ക്കാണ്. എന്നാൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത് വൈദിക കമ്മീഷനും! നല്ല നിയമപരിചയം! അതെന്തെങ്കിലും ആകട്ടെ! നിയമിച്ച മെത്രാപ്പോലീത്തായ്ക്കും ആവശ്യപ്പെട്ട വൈദിക സമിതിക്കും ഇന്ത്യൻ രൂപാ കണക്ക് മനസിലാകാഞ്ഞിട്ടാണോ എല്ലായിടത്തും ബ്രാക്കറ്റിൽ ഡോളർ കണക്കും മില്യൺ കണക്കുമൊക്കെ നൽകിയിരിക്കുന്നത്? സഭാ തലവനെതിരെ വത്തിക്കാന് പരാതികൊടുക്കുമെന്നു പറഞ്ഞ വിമത വൈദികർക്കുവേണ്ടിയുള്ള തയ്യാറാക്കലായിരുന്നില്ലേ അത്?

3. മുൻവിധിയോടെയുള്ള അന്വേഷണം, ലക്ഷ്യം മാർ ആലഞ്ചേരി

മേജർ ആർച്ച്ബിഷപ്പിനെ പ്രതിക്കൂട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നു ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാക്കാം. മേജർ ആർച്ച്ബിഷപ്പിന്റേതായി പറയുന്ന പല കുറ്റങ്ങളും അദ്ദേഹത്തിന്റെ വ്യക്തിപരമായ തെറ്റുകളല്ല മറിച്ച് സഹായ മെത്രാന്മാരും വൈദിക-അല്മായ പ്രതിനിധികളുമടങ്ങുന്ന അതിരൂപതാ സമിതികളുടേതാണെന്ന കാര്യം റിപ്പോർട്ട് മറച്ചുവെച്ചിരിക്കുന്നു. മേജർ ആർച്ച്ബിഷപ്പിന്റെ വീഴ്ചകൾ പർവ്വതീകരിക്കാനും റിപ്പോർട്ട് വത്തിക്കാന് അയച്ചുകൊടുക്കുമ്പോൾ ശ്രദ്ധ ലഭിക്കാൻ വേണ്ട ചേരുവകകൾ കൂട്ടിച്ചേർക്കാനും പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഉദാഹരണത്തിന് "താൻ തന്നെ പുറപ്പെടുവിച്ച സിറോ മലബാർ സഭയുടെ നിയമസംഹിത പോലും ഒന്നിലേറെ തവണ മേജർ ആർച്ച്ബിഷപ്പ് ലംഘിച്ചിരിക്കുന്നു" എന്ന പ്രസ്താവന തന്നെ എടുക്കാം. സിറോ മലബാർ സഭയുടെ നിയമസംഹിത പുറപ്പെടുവിച്ചത് വർക്കി വിതയത്തിൽ പിതാവാണെന്ന കാര്യം കമ്മീഷന് അറിയാൻപാടില്ലായിരുന്നു എന്നുതന്നെ കരുതാം. എന്നിരുന്നാൽ തന്നെ അത്തരമൊരു നിരീക്ഷണത്തിന്റെ ആവശ്യകത എന്തായിരുന്നു? സിറോ മലബാർ സഭാ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്ന് ലളിതമായി പറഞ്ഞാൽ പോരെ? (വർക്കി വിതയത്തിൽ പിതാവ് വി. കുർബാനയർപ്പണത്തെക്കുറിച്ച് സഭ മുഴുവനായും നൽകിയ കൽപ്പന പിതാവിനെ ഭീഷണിപ്പെടുത്തി ലംഘിപ്പിച്ചവരാണ് ഈ നിരീക്ഷണം നടത്തുന്നതെന്നത് വിരോധാഭാസമാകാം!) അതിരൂപതയുടെ കടത്തെക്കുറിച്ച് സൂചിപ്പിക്കുന്നിടത്ത് "യദാർത്ഥത്തിൽ സുവിശേഷവൽക്കരണത്തിനായും സന്നദ്ധസേവനങ്ങൾക്കായും വിനിയോഗിക്കേണ്ട പണം മുഴുവൻ ബാങ്കുകൾ പലിശയായി വിഴുങ്ങുന്നു" എന്ന മനോഹരമായ ഒരു നിരീക്ഷണമുണ്ട്! ഇങ്ങനെയൊക്കെ പറഞ്ഞാലല്ലേ വത്തിക്കാന് കൊള്ളത്തൊള്ളൂ!

റിപ്പോർട്ടിലെ പ്രസക്തമായ ചില നിരീക്ഷണങ്ങളിലേക്ക് കടക്കാം. "അന്വേഷണ കാലഘട്ടത്തിലെ അതിരൂപതയുടെ ഭൂമി വിൽക്കൽ-വാങ്ങലുകൾ പൂർണ്ണമായി അറിയുകയും പങ്കെടുക്കുകയും ചെയ്തിരുന്നത് മേജർ ആർച്ച്ബിഷപ്പ് ആയിരുന്നു! കോട്ടപ്പടിയിലും മൂന്നാറിലും ഭൂമി വാങ്ങിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നത് മേജർ ആർച്ച്ബിഷപ്പിനും വടക്കുമ്പാടനച്ചനും പുതുവാ അച്ചനും മാത്രമായിരുന്നു" (P:27), "തന്നോട് മേജർ ആർച്ച്ബിഷപ്പ് പറഞ്ഞതെല്ലാം താൻ അനുസരിച്ചിട്ടുണ്ടെന്നും എല്ലാ വസ്തു ഇടപാടുകളിലും പുതുവാ അച്ചനെ സഹായിച്ചിട്ടുണ്ടെന്നും വടക്കുമ്പാടനച്ചൻ പ്രസ്താവിച്ചു!" (P: 29), മേജർ ആർച്ച്ബിഷപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നു പുതുവ അച്ചൻ പ്രസ്താവിച്ചു!" (P:29)  ഭൂമി വിൽക്കാനുള്ള സകല അധികാരങ്ങളും ചുമതലകളും ഫാ. ജോഷി പുതുവയ്ക്ക് നൽകുകയും സഹായത്തിനായി മോൺ വടക്കുമ്പാടനച്ചനെ നിയോഗിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ കൂരിയ യോഗമാണെന്നതും ഭൂമി വിൽപ്പനയുടെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് ജോഷി അച്ചനും വടക്കുമ്പാടൻ അച്ചനുമാണെന്നതും തന്ത്രപൂർവ്വം മറച്ചുവെച്ച് അങ്ങനെ കുറ്റം മുഴുവൻ മേജർ ആർച്ബിഷപ്പിന്റെ തലയിൽ ചാർത്തി! കൂരിയയിലറിയിക്കാതെ പുതുവായച്ചനും വടക്കുമ്പാടനച്ചനും ലോൺ എടുത്തതുപോലും മേജർ ആർച്ബിഷപ്പിന്റെ കുറ്റമായി വ്യാഖ്യാനിക്കാനുള്ള അന്വേഷണ സമിതിയുടെ  ശ്രമം എത്രയപാരം!

ഭൂമി വില്പനയുടെയും വാങ്ങുന്നതിന്റെയും രേഖകളിൽ മേജർ ആർച്ബിഷപ്പിന്റെ ഒപ്പുണ്ടെന്ന തെളിവിന്റെ മാത്രം ബലത്തിലാണ് പിതാവ് ഇടപാടുകളിൽ പൂർണ്ണമായും പങ്കെടുത്തിരുന്നുവെന്ന നിരീക്ഷണത്തിൽ കമ്മീഷൻ എത്തിച്ചേർന്നത്. എന്നാൽ ഭൂമിവില്പനയുടെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് താൻ ആയിരുന്നുവെന്നും അത് അപ്പപ്പോൾ മേലധികാരികളെ അറിയിച്ചിട്ടില്ലായെന്നും അങ്ങനെ അറിയിക്കേണ്ട കാര്യം ഇല്ലായെന്നും പുതുവാ അച്ചൻ പറഞ്ഞത് അന്വേഷണ സമിതി കണ്ടില്ലെന്നു നടിച്ചു. നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാകേണ്ടിയിരുന്നതിനാൽ ആധാരങ്ങൾ ആലഞ്ചേരി പിതാവിനെ വായിച്ചുകേൾപ്പിക്കാൻ പോലും സമയം ലഭിച്ചില്ലായെന്നും പറഞ്ഞുറപ്പിച്ച തുക മുഴുവൻ ലഭിച്ചില്ലെന്ന കാര്യം പിതാവിന് അറിവില്ലായിരുന്നെന്നും ഫിനാൻസ് ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നു. "കാനോനിക സമിതികൾ നിയമിച്ച താൻ ആ ദൗത്യം നിയമാനുസൃതം പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണ് കൂടുതൽ അന്വേഷണങ്ങൾ കൂടാതെതന്നെ പിതാവ് ഒപ്പിട്ട് നൽകിയത്" ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് മേജർ ആർച്ച്ബിഷപ്പിനെ ക്രൂശിക്കുകയെന്ന് റിപ്പോർട്ട് ആക്രോശിക്കുന്നത്!  ഇതിനേക്കാളേറെ രസകരമായ കാര്യം "നിയമാനുസൃതമല്ലാത്ത യാതൊരു കാര്യങ്ങളും ചെയ്യാൻ മേജർ ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടിട്ടില്ലായെന്നു" ഫിനാൻസ് ഓഫീസർ വ്യക്തമായി എഴുതി നൽകിയ കാര്യവും അന്വേഷണ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല!  മേജർ ആർച്ച്ബിഷപ്പ് പറഞ്ഞതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്ന് വടക്കുമ്പാടനച്ചൻ പ്രസ്താവിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അന്വേഷണ സമിതിയുടെ ചോദ്യങ്ങൾക്ക് അച്ചൻ നൽകിയ മറുപടികളിൽ അങ്ങനെയൊരു പ്രസ്താവന ഇല്ല! അതായത് കുറ്റങ്ങളെല്ലാം മേജർ ആർച്ച്ബിഷപ്പിന്റെ തലയിൽ ചാർത്താനുള്ള വ്യഗ്രതയിൽ സത്യം മൂടിവെച്ചത് കൂടാതെ ദുരുദ്ദേശത്തോടെ പച്ചക്കള്ളം എഴുതിവിടാനും സമിതി മടിച്ചില്ല!

മറ്റൂരിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആശയം പുനരുജീവിച്ചതിന്റെ പിന്നിൽ മാർ ആലഞ്ചേരിയാണെന്നാണ് റിപ്പോർട്ട് കണ്ടുപിടിച്ച അടുത്ത കുറ്റം. പിതാവിന്റെ അറിവോടും സമ്മതത്തോടെയുമാണ് മറ്റൂരിൽ സ്ഥലം വാങ്ങിയതെന്ന് സമിതി പറയുന്നു. പിതാവിന്റെ മാത്രമല്ല ഫിനാൻസ് കൗൺസിലിന്റെയും കൂരിയയുടെയുമൊക്കെ  അറിവുണ്ടായിരുന്നു! വളരെയധികം ചർച്ചകൾ നടന്നിരുന്നുവെന്നും സ്ഥലം കണ്ടിട്ടുണ്ടെന്നും രണ്ടു സഹായമെത്രാന്മാരുൾപ്പെടെയുള്ളവർ എഴുതി നൽകിയിട്ടും ഇത്തരത്തിലുള്ള പ്രസ്താവനകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നു പറഞ്ഞാൽ എങ്ങനെ നിഷേധിക്കും? മെഡിക്കൽ കോളേജ് എന്ന ആശയവും മറ്റൂരിലെ സ്ഥലവും ഫിനാൻസ് കൗൺസിലുൾപ്പെടെയുള്ള അതിരൂപതയുടെ ആലോചനാ സമിതികൾ അംഗീകരിച്ചതാണ്. എന്നിട്ടും അന്വേഷണ കമ്മീഷൻ അഭി. പിതാക്കന്മാർ ഉൾപ്പെടെ എല്ലാവർക്കും നൽകിയ ചോദ്യാവലിയിലെ ആദ്യ നാല് ചോദ്യങ്ങൾ ആ പ്രോജക്ടിനെക്കുറിച്ചും വാങ്ങിയ സ്ഥലത്തെക്കുറിച്ചും ചോദിക്കുന്നതും "മറ്റൂരിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആശയം പുനരുജീവിച്ചതിന്റെ പിന്നിൽ മാർ ആലഞ്ചേരിയാണെന്ന" റിപ്പോർട്ടിലെ പ്രസ്താവനയും കൂട്ടിവായിക്കുമ്പോൾ അന്വേഷണ സമിതിയുടെ ലക്ഷ്യങ്ങൾ വീണ്ടും വ്യക്തമാകുന്നു! തങ്ങൾക്കാർക്കും താല്പര്യമില്ലാത്ത ഒരു പ്രോജക്ട് അവതരിപ്പിച്ച് മാർ ആലഞ്ചേരി അതിരൂപതയെ കടക്കെണിയിലാക്കിയെന്നു പറയണം! അതിനാണ്! അന്വേഷണ സമിതി റിപ്പോർട്ടിന്റെ ഓരോ ആരോപണങ്ങളും ഇതുപോലെ ഖണ്ഡിക്കാമെങ്കിലും സമയ-സ്ഥല പരിമിതികൾ മൂലം അതിന് മുതിരുന്നില്ല. ആലഞ്ചേരി പിതാവിനെതിരെ വ്യക്തമായ ദുരുദ്ദേശങ്ങളോടെ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നതിനു ഇതിൽപ്പരം തെളിവുകൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

4. അർത്ഥഗർഭമായ മൗനം

ആലഞ്ചേരി പിതാവിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ പോലും പൊടിപ്പും തൊങ്ങലും ചേർത്ത് വളരെ പ്രാധാന്യത്തോടെ വിശദീകരിക്കുന്ന റിപ്പോർട്ട് സഹായമെത്രാന്റെയും അതിരൂപതാ സമിതിയുടെയും നേർക്ക് വിരല്ചൂണ്ടുന്ന പല തെളിവുകളും രേഖകളും മറുപടികളും കണ്ടില്ലെന്നു നടിച്ചു. സഹായ മെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൂരിയാ യോഗമാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ അലക്സിയൻ ബ്രദേഴ്‌സ് കൈമാറിയ ഭൂമി ഉൾപ്പടെയുള്ള ആറു വസ്തുക്കൾ വിൽക്കാനുള്ള അനുമതി നല്കിയതെന്നതും ഫിനാൻസ് ഓഫീസർക്ക് മറ്റ് കൂടിയാലോചനകൾ കൂടാതെതന്നെ വസ്തു വിൽപ്പനയുമായി മുന്നോട്ടുപോകാനുള്ള സർവ്വാധികാരങ്ങളും നല്കിയതെന്നതും റിപ്പോർട്ടിൽ മറച്ചുവെച്ചിരിക്കുന്നു! "ഭൂമിവിൽക്കാനുള്ള അനുമതി നൽകിയശേഷം തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള യാതൊരു അറിവും സഹായമെത്രാനുണ്ടായിരുന്നില്ല" എന്ന അത്യന്തം ദുരൂഹവും വളച്ചൊടിക്കാൻ ഏറെ സാധ്യത നൽകുന്നതുമായ ഒരു ആരോപണം മാത്രമാണ് മാർ എടയന്ത്രത്തിന്റെ പങ്കിനെക്കുറിച്ച് റിപ്പോർട്ട് നൽകുന്നത്!  

ഇടപാടുകാരൻ സാജു വർഗ്ഗീസിനെ ആരാണ് പരിചയപ്പെടുത്തിയതെന്ന് ഫിനാൻസ് ഓഫീസറോട് ചോദിച്ച്, "വലിയ പിതാവെന്ന്" എഴുതി വാങ്ങി "മേജർ ആർച്ച്ബിഷപ്പ് പരിചയപ്പെടുത്തിയതിനാലാണ് സാജു വർഗീസിന് ഇടപാടിൽ മുൻ‌തൂക്കം നൽകിയതെന്ന" നിഗമനത്തിൽ എത്തിച്ചേരാൻ അമിതാവേശം കാട്ടിയ അന്വേഷണ സമിതി "വലിയപിതാവ് നിയമാനുസൃതമല്ലാത്ത യാതൊരു നിർദ്ദേശങ്ങളും തനിക്ക് നൽകിയിട്ടില്ലെന്ന" ഫിനാൻസ് ഓഫീസറുടെ മറുപടിയിലും മൗനം അവലംബിച്ചു! ഇടക്കാല സമിതി റിപ്പോർട്ടിന് മാർ എടയന്ത്രത്ത് നൽകിയ മറുപടിയിൽ മറ്റൂർ ഭൂമി ഇടപാടിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് പറയുന്നു: "വലിയ ഇടപാടുകൾ കർദ്ധിനാൾ പങ്കെടുക്കുന്ന യോഗങ്ങളിൽ തന്നെ അവതരിപ്പിച്ച് ചർച്ച ചെയ്യണം, എന്നാൽ ഇത് സംഭവിച്ചിട്ടില്ല!" നിർണ്ണായകമായ ഈ മൊഴിയും അന്വേഷണസമിതി കണ്ടില്ലെന്നു നടിച്ചു.

മാർ ആലഞ്ചേരി ആശുപത്രിയിലായിരുന്ന സമയം കൂരിയാ കേന്ദ്രത്തിൽ തിരിമറികൾ നടന്നെന്നും മാർ എടയന്ത്രത്തിനു നേരിട്ട് പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളും നിർണ്ണായക മീറ്റിങ്ങുകളുടെ മിനിട്സും മുക്കിയെന്നും വാർത്ത ഉണ്ടായിരുന്നു. ഈ സംശയവും റിപ്പോർട്ടിലൂടെ ബലപ്പെടുകയാണ്. ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് കൂടുതൽ കൂടിയാലോചനകൾ നടത്താതെതന്നെ സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടപ്പിലാക്കാനുള്ള അനുവാദം കൊടുത്ത 2016 മാർച്ച് 18 നു നടന്ന സാമ്പത്തിക സമിതി യോഗത്തിന്റെ മിനിറ്റ്സ് മാത്രം എങ്ങനെ അന്തിമ റിപ്പോർട്ടിൽനിന്നു അപ്രത്യക്ഷമായി?  നിർണ്ണായക തീരുമാനങ്ങളെടുത്ത യോഗങ്ങളിൽ ആരൊക്കെയാണ് സംബന്ധിച്ചതെന്ന സൂചനപോലും റിപ്പോർട്ട് നൽകുന്നില്ലെന്നത് സമിതിക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന സൂചനയാണ് നൽകുന്നത്. വിപണി വിലയിൽ വളരെ കുറച്ചാണ് വിൽപ്പനയ്ക്കായി ഭൂമിവില നിശ്ചയിച്ചതെന്നും അതിനാൽത്തന്നെ അതിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്നും പറയുന്ന കമ്മീഷൻ നഷ്ടക്കണക്ക് തയ്യാറാക്കാൻ ആധാരമാക്കിയ വിപണി മൂല്ല്യവും റിപ്പോർട്ടിൽ ചേർത്തിട്ടില്ല!



ഉപസംഹാരം


സാമ്പത്തിക കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം ഫിനാൻസ് കൗൺസിലിനാണെന്നിരിക്കെ കൗൺസിലിനെ വൈദിക സമിതി ഹൈജാക്ക് ചെയ്യുകയാണുണ്ടായതെന്ന് ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ പറയുന്നു. "ഇടപാടുകാരനിൽനിന്നു മുഴുവൻ തുകയും കിട്ടിയിട്ടില്ലെന്ന് ഫിനാൻസ് കൗൺസിലിന് അറിവുണ്ടായിരുന്നു. ഈ തുക വീണ്ടെടുക്കുന്നതിനായി ഫിനാൻസ് കൗൺസിൽ സബ് കമ്മിറ്റിയെ നിയമിച്ചെങ്കിലും പ്രവർത്തിക്കാൻ വൈദിക സമിതി അനുവദിച്ചില്ല!, സബ് കമ്മിറ്റിയുടെ മേൽനോട്ടത്തിന് കാത്തുനിൽക്കാതെ തിരക്കിട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചുകൊണ്ട് വൈദിക സമിതി അധികാര ദുർവിനയോഗം നടത്തിയെന്നും" ഫിനാൻസ് ഓഫീസർ ആരോപിക്കുന്നു.

കാനോനിക സമിതികളെ അട്ടിമറിച്ച്, അന്വേഷണ സമിതിയെന്ന ബിനാമിയെ മുൻനിർത്തി, മേജർ ആർച്ച്ബിഷപ്പിനെ താഴയിറക്കാനുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ചില അധികാര കേന്ദ്രങ്ങളുടെ നാടകമായിരുന്നു ഭൂമിവില്പനയെത്തുടർന്നുണ്ടായ  വിവാദങ്ങൾ. ഭൂമിവില്പനയിൽ മേൽനോട്ടം വഹിക്കുന്നതിൽ മെത്രാപ്പോലീത്തയ്ക്ക് കാനോനികമായ വീഴ്ച്ച സംഭവിച്ചെന്നു സ്ഥാപിക്കാനായി വിമത വൈദികർ നടത്തിയത് അതിനേക്കാളേറെ ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഭൂമിവിവാദത്തെത്തുടർന്നുണ്ടായ ഉൾക്കളികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സഭാ സിനഡ് തയ്യാറാകണം. സത്യം മറച്ചുവെച്ചും സത്യമെന്ന വ്യാജേനെ അർദ്ധസത്യങ്ങളും കള്ളത്തരങ്ങളും പടച്ചുവിട്ടും വിമത വൈദികരുടെ ചട്ടുകങ്ങളായി പ്രവർത്തിച്ച അതിരൂപതാ അന്വേഷണ സമിതിയുടെ സുതാര്യതയും അന്വേഷണത്തിന്റെ ഭാഗമാകണം. നിരപരാധിയെ ക്രൂശിക്കുന്നതിനായി ചമച്ച കപടനാട്യങ്ങൾ സഭയ്ക്കും സഭാ തലവനുമുണ്ടാക്കിയ കോട്ടം തീർത്താൽ തീരാത്തതാണ്! ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരുവാനും മാന്യമായി ശിക്ഷിക്കാനും സഭാ നേതൃത്വം തയാറാകണമെന്നു താഴ്മയായി അപേക്ഷിക്കുന്നു.


Related Posts Plugin for WordPress, Blogger...