കാട് അതിരിടുന്ന വിശാലമായ മലഞ്ചെരുവിൽ മേയുന്ന ആട്ടിൻപറ്റം. ആട്ടിൻ പറ്റത്തെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന ചെന്നായക്കൂട്ടം. ചെന്നായക്കൂട്ടത്തിൽ നിന്നും രക്ഷ തേടി ചിതറിയോടുന്ന ആടുകൾ. മുള്ളുകൾക്കിടയിൽ പെട്ട കുഞ്ഞാടിനുമാത്രം ഓടിമാറാൻ പറ്റിയില്ല! കുഞ്ഞാടിന്റെ നിസ്സഹായതയിൽ വയറുമറന്ന ചെന്നായക്കൂട്ടം കുഞ്ഞാടിനെയും കൂടെ കൂട്ടി. സ്നേഹിച്ചും ലാളിച്ചും വളർത്തി. കുഞ്ഞാട് തങ്ങളിൽ നിന്നും വ്യത്യസ്തനാണെന്ന വിചാരമുണ്ടായിരുന്ന ചെന്നായ കുഞ്ഞാടിനായി പച്ചപ്പുല്മേടുകൾ കണ്ടെത്തി. എന്നാൽ അവനിഷ്ടം ചെന്നായ്ക്കൂട്ടം വേട്ടയാടിക്കൊണ്ടു വരുന്ന ഇരകളെയായിരുന്നു! നീ പുല്ലുതിന്നാണ് വളരേണ്ടതെന്നു സാധ്യമായ രീതിയിലെല്ലാം കുഞ്ഞാടിനെ പറഞ്ഞുമനസ്സിലാക്കിക്കാൻ ചെന്നായ്ക്കൂട്ടം ശ്രമിച്ചു! എന്നാൽ മാംസമാണ് രുചികരം, മാംസം തിന്നാലും വളരില്ലേ?, വിശപ്പുമാറില്ലേ? ഞാൻ മാംസം തിന്നാൽ എന്താണ്? ഈ വിധം മറുചോദ്യങ്ങളായിരുന്നു കുഞ്ഞാടിന്! പുല്ലു തിന്നിട്ട് മാംസം തിന്നോളാൻ പറഞ്ഞു നോക്കിയെങ്കിലും തനിക്ക് മാംസം മാത്രം മതിയെന്ന നിലപാടിലായിരുന്നു കുഞ്ഞാട്. കാലങ്ങൾ പലത് കടന്നുപോയി! കുഞ്ഞാട് വളർന്നു! പുല്ലുതിന്നേണ്ടത് എങ്ങനെയെന്നുപോലും അവൻ മറന്നുകഴിഞ്ഞിരുന്നു! മാംസം തിന്നാണ് വളർന്നതെങ്കിലും അവൻ ചെന്നായ് ആയതുമില്ല! കണ്ടാൽ ആടിനെ പോലെ ആണെങ്കിലും ചെന്നായയുടെ സ്വഭാവ രീതികളും ഭക്ഷണ ക്രമങ്ങളുമുള്ള ഒരു തലമുറ അവനിൽനിന്നുണ്ടായി!
ചെന്നായയെപ്പോലെ വളരേണ്ടവനല്ല താനെന്ന ബോധ്യം എന്തുകൊണ്ടോ കുഞ്ഞാടിനില്ലാണ്ടുപോയി! തന്റെ സ്വത്വം മനസ്സിലാക്കുന്നതിൽ അവൻ അമ്പേ പരാജയപ്പെട്ടു! ഭൂമിയിൽ ചെന്നായ് മാത്രം മതിയോ!? ചെന്നായയും ആടും ഭൂമിയിൽ ആവശ്യമാണ്! ചെന്നായെ പോലെ വളരാനായിരുന്നെങ്കിൽ ആടിന്റെ ആവശ്യമില്ലായിരുന്നു! ചെന്നായയുടെ ജീവിത രീതികൾ അനുകരിച്ചാലും ചെന്നായയുടെ ഭക്ഷണം കഴിച്ചാലും താൻ വളരും! എന്നാൽ അപ്പോൾ താൻ താനല്ലാതായി മാറുമെന്ന് കുഞ്ഞാട് ഓർത്തില്ല! തനിക്ക് മാംസം ആകാം! എന്നാൽ തനിക്ക് ചേർന്നത്, താൻ കഴിക്കേണ്ടത് പുല്ലാണെന്നത് പാടേ മറന്നുകൊണ്ട് മാംസാഹാരിയായാല് ചെന്നായയും ആടും കെട്ട ഏതോ ഒരു തരം ജന്തു മാത്രമാകും താനെന്ന് കുഞ്ഞാട് ഓർത്തതേയില്ല!
തോമാ ശ്ലീഹാ പകർന്നുനൽകിയ വിശ്വാസത്തിൽ അടിപതറാതെ 15 നൂറ്റാണ്ടുകൾ മുന്നേറിയ മാർത്തോമ്മാ നസ്രാണികൾ ലത്തീൻ മിഷനറിമാരുടെ ആഗമനത്തോടെ പല സഭകളായി ചിതറിക്കപ്പെട്ടു! ഭൂരിപക്ഷം നസ്രാണികൾ കത്തോലിക്കാ കൂട്ടായ്‌മയുടെ ഭാഗമായി നിലകൊണ്ടു! എന്നാൽ തങ്ങളുടെ വിശ്വാസവും പാരമ്പര്യങ്ങളും മറന്ന് ലത്തീൻ രീതികളെയും പാരമ്പര്യത്തെയും വരിക്കാനായിരുന്നു പിൽക്കാലത്ത് സിറോ മലബാർ സഭയായി മാറിയ നസ്രാണികളുടെ വിധി! സ്വന്തം പാരമ്പര്യങ്ങളിലേക്ക് മടങ്ങിപോകണമെന്ന മാർപാപ്പയുടെ നിർദ്ദേശത്തെ പോലും അവഗണിച്ചുകൊണ്ട് ലത്തീൻ സഭയോട് താദാത്മ്യപ്പെടാൻ ആയിരുന്നു ഭൂരിപക്ഷം സഭാ നേതൃത്വത്തിന്റെ താല്പര്യം! നൊവേനയും, ദിവ്യകാരുണ്യ ആരാധനയും ജപമാലയും ക്രൂശിത രൂപവും വണക്ക മാസങ്ങളുമൊക്കെ പാശ്ചാത്യമാണ്! പൗരസ്ത്യരായ സിറോ മലബാറുകാർക്കും ഇതൊന്നും ചൊല്ലുന്നതിനു യാതൊരു കുഴപ്പവുമില്ല! നല്ലതുതന്നെ! കർത്താവിങ്കലേക്ക് വളരുകയും ചെയ്യും! എന്നാൽ അങ്ങനെ വളരുകയെന്നതല്ല നസ്രാണികളുടെ വിളി. നൊവേനകളും ജപമാലയുമെല്ലാം നല്ലതാണ്! എന്നാൽ യാമപ്രാർത്ഥനകൾ ചൊല്ലിയിട്ട് മാത്രം പാശ്ചാത്യ ഭക്താഭ്യാസങ്ങളുടെ പുറകെ പോവുക!യാമപ്രാർത്ഥനകളൊക്കെ മറന്നുപോയിരിക്കാം, ക്രൂശിത രൂപവും വിശുദ്ധരുടെ പ്രതിമകളുമില്ലാത്ത പള്ളികളും മനസ്സുകളും അന്യമായിത്തീർന്നിരിക്കാം, ദൈർഘ്യമേറിയ വി. കുർബാനയും ശുശ്രൂഷകളും മടുപ്പായി മാറിക്കഴിഞ്ഞിരിക്കാം! എന്നാൽ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞു പാരമ്പര്യങ്ങളിലേക്ക് മടങ്ങിപോയില്ലെങ്കിൽ "മാംസം തിന്നുന്നെങ്കിലും ചെന്നായ് അല്ലാത്ത, ആകൃതിയിൽ ആടിനെപ്പോലെയെങ്കിലും പുല്ലുതിന്നാൻ അറിഞ്ഞുകൂടാത്ത, ചെന്നായും ആടും കെട്ട ജന്തുക്കളെ"പ്പോലെയാകും നാളെ നസ്രാണികൾ!