ക്രിസ്ത്യൻ ഹെൽപ്പ് ലൈനെ വെള്ളപൂശാനല്ല ഈ ലേഖനമെന്ന് ആദ്യമേ തന്നെ പറയട്ടെ. അവരുടെ രാഷ്ട്രീയം എന്തുതന്നെ ആയാലും, രാഷ്ട്രീയത്തിനതീതമായി അവരുടെ പ്രഖ്യാപിത ലക്ഷ്യത്തെ പിന്തുണക്കാൻ അഭ്യസ്തവിദ്യരായ ധാരാളം നസ്രാണികൾ മുന്നോട്ട് വന്നത് തള്ളിക്കളയാവുന്ന ഒരു കാര്യമല്ല. വിചിന്തനം ചെയ്യേണ്ട വലിയൊരു വിഷയമാണത്. സഭയും രാഷ്ട്രീയക്കാരും എത്രതന്നെ ഇല്ല എന്ന് പറഞ്ഞാലും ലൗ ജിഹാദ് എന്നത് ഒരു വസ്തുതയാണെന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടു ബോധ്യപ്പെട്ട വിശ്വാസികളാണ് CHL ന് പിന്തുണ പ്രഖ്യാപിക്കുന്നത്. അത് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു: സഭക്ക് ആ ഒരു തലത്തിൽ ഒന്നും ചെയ്യാൻ സാധ്യമല്ല. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നത് പോട്ടെ, നമ്മുടെ പെൺകുട്ടികളെ അതിനെതിരായി ബോധവൽക്കരിക്കാനോ, സൂചനകൾ ലഭിച്ചാൽ ക്രിയാത്മകമായി ഇടപെട്ട് ചതിവ് തടയാനോ, ചതിയിൽ പെട്ട നമ്മുടെ പെൺകുട്ടികളെ വീണ്ടെടുക്കാനോ അവർക്ക് സംരക്ഷണം നൽകാനോ സഭയുടെ ഒരു സംവിധാനത്തിനും ഇന്നത്തെ അവസ്ഥയിൽ സാധിക്കില്ല; എന്ന് മാത്രമല്ല എന്തൊക്കെ ചെയ്യാൻ പറ്റും എന്ന പ്രാഥമിക പഠനം പോലും നടത്താൻ സഭക്ക് സാധിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമേ ഇല്ല എന്നുപറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന ദയനീയാവസ്ഥയിലാണ് സഭാ നേതൃത്വം.
CHL ഈ മേഖലയിലേക്ക് കടന്നുവരുന്നതിനും മുൻപ് ലൗ ജിഹാദ് വിഷയം ചർച്ചയായ അവസരത്തിൽ എനിക്കറിയാവുന്ന ഒരു രൂപതാ ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർ അച്ചനോട് ചോദിച്ചു "ഇതിനെതിരായി ജാഗ്രതാ സമിതിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും, ഇടവകകളിൽ ബോധവൽക്കരണമോ കൗൺസിലിംഗ് സൗകര്യങ്ങളോ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ?" തിരിച്ചു കിട്ടിയ മറുപടി "ഇത് എപ്പോഴും ഒരു ആശങ്ക തന്നെയാണ് എന്നാൽ ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്!" ഞാൻ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു. ഈ കാര്യത്തിൽ കാര്യമായ പഠനങ്ങളോ ആശങ്കയോ ഇല്ലാതിരുന്ന എനിക്ക് തന്നെ സഭാ സംവീധാനങ്ങളുടെ ഇത്തരം നിലപാടുകൾ വേദനാജനകമാണെങ്കിൽ ഈ കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയും പഠിക്കുകയും ചതിക്കുഴികൾ മനസ്സിലാക്കുകയും ചെയ്യുന്ന വിശ്വാസികൾ സഭാ സംവീധാനങ്ങളുടെ ഇത്തരം നിരുത്തരവാദിത്വ പരമായ നിലപാടുകളോട് എങ്ങനെയാകും പ്രതികരിക്കുക.? വിശ്വാസികളാണോ സ്ഥാപനങ്ങളാണോ നമ്മുടെ താല്പര്യം? തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതൊരു യാഥാർഥ്യമാണ് സഭ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് ഒരു സഭാധ്യക്ഷനെ കണ്ട് പറഞ്ഞ ഒരു ഉദ്യോഗസ്ഥനോട് ഇത് പുറത്താക്കരുത് മതസ്പർദ്ധ ഉണ്ടാകും എന്ന് പറഞ്ഞു കൈമലർത്തി കാണിച്ചു എന്നാണ് കേട്ടത്!
ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ പെൺകുട്ടികളെ ചതിയിൽനിന്നു രക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ CHL വരുന്നത്. അതായത് സഭ ക്രീയാത്മകമായ ഒരു നിലപാടെടുക്കുകയോ നമ്മുടെ പിള്ളേരെ സംരക്ഷിക്കാൻ എന്തെങ്കിലും നടപടികളെടുക്കുകയോ ചെയ്തിരുന്നെങ്കിൽ ഇത്തരം ഒരു സംഘടനക്ക് തന്നെ പ്രസക്തി ഉണ്ടാകുമായിരുന്നില്ല. നിർഭാഗ്യവശാൽ CHL നെ വിമർശിക്കുക എന്നതല്ലാതെ യാഥാർഥ്യം ഉൾക്കൊള്ളാനോ അതെ കുറിച്ച് പഠിക്കാനോ പരിഹാര മാർഗങ്ങൾ തുറക്കാനോ സഭാ സംവീധാനങ്ങൾക്ക് ഇന്നും സാധിച്ചിട്ടില്ല. CHL ന്റെ രാഷ്ട്രീയം എന്തുതന്നെ ആയാലും, അവർക്ക് രാഷ്ട്രീയത്തിനതീതമായ പിന്തുണ ലഭിക്കുന്നത് സഭാ സംവീധാനങ്ങളുടെ ഇത്തരം നിരുത്തരവാദിത്വപരമായ പെരുമാറ്റംകൊണ്ടുകൂടെയാണ്. കത്തോലിക്കാ കോൺഗ്രസ്സിനോ ജാഗ്രതാ വേദികൾക്കോ മറ്റ് സഭാ സംവീധാനങ്ങൾക്കോ നമ്മുടെ വിശ്വാസം സംരക്ഷിക്കുവാനും ചതിക്കുഴികളിൽനിന്നു നമ്മുടെ തലമുറകളെ രക്ഷിക്കാനും സാധിച്ചാൽ ഇന്ന് CHL നു പിന്തുണ നൽകുന്ന വിശ്വാസികൾ സഭാ സംവിധാനങ്ങൾക്ക് പിന്നിൽ ശക്തമായി നിലകൊള്ളും. CHL നെ തെറിപറഞ്ഞു നടക്കുന്ന സമയത്ത് നമ്മുടെ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും ഇത്തരം വെല്ലുവിളികളെ ശക്തമായി നേരിടാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനുമാണ് നാം പരിശ്രമിക്കേണ്ടത്.
അന്ധമായ മതേതരത്വം നമ്മുടെ നിലനില്പിനുതന്നെ ഭീഷണിയാണെന്ന യാഥാർഥ്യം എന്നാണു സഭാനേതൃത്വം മനസ്സിലാക്കുന്നത്? നിലനിൽപ്പ് ഉണ്ടെങ്കിലല്ലേ മതേതരത്വത്തിന് പ്രസക്തിയുള്ളൂ! തെറ്റിനെ തെറ്റാണെന്നു ചൂണ്ടിക്കാണിക്കുന്ന ആർജ്ജവത്വമാണ് നാം കാണിക്കേണ്ടത്. തെറ്റിനെ മറച്ച്‌വെച്ച് മതേതരത്വം സംരക്ഷിക്കാൻ നോക്കുന്നത് ഭീരുത്വമാണ്. അതല്ല യദാർത്ഥ മതേതരത്വം നമ്മോട് ആവശ്യപ്പെടുന്നതും. യദാർത്ഥ വിശ്വാസം പകർന്നുകൊടുക്കാനും വിശ്വാസികളുടെ ശുശ്രൂഷകരാകാനുമുള്ള അടിസ്ഥാന വിളി മറന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും സംരക്ഷകരുമായി സഭാ സംവീധാനങ്ങൾ മാറുന്നിടത്താണ് വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ മറ്റുള്ളവർ രംഗപ്രവേശനം ചെയ്യുന്നതെന്ന് മറക്കാതിരിക്കാം.
CHL ന്റെ രാഷ്ട്രീയം ക്രൈസ്തവർക്ക് ഉണ്ടാക്കിയേക്കാവുന്ന ദോഷം അവർ ഉയർത്തിപ്പിടിക്കുന്ന ലക്‌ഷ്യം ക്രൈസ്തവ വിശ്വാസികൾക്ക് നൽകുന്ന ഗുണത്തേക്കാൾ തുലോം കുറവാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇന്നത്തെ സാഹചര്യത്തിൽ സഭാ നേതൃത്വത്തിന് ഒരിക്കലും അഭിമുഖീകരിക്കാൻ സാധിക്കാത്ത ഒരു മേഖലയിലാണ് CHL പ്രവർത്തിക്കുന്നതെന്നതുതന്നെ കാരണം. CHL നെ ഇല്ലാതാക്കുക എന്നതല്ല നമ്മുടെ ആവശ്യം. അത് CHL ആർക്കെതിരെയാണോ പ്രവർത്തിക്കുന്നത് അവരുടെ ആവശ്യമാണ്. CHL ഉയർത്തിപ്പിടിക്കുന്ന വിഷയത്തെ ഫലപ്രദമായി നേരിടാൻ സഭാ തലത്തിൽ പദ്ധതികൾ ഉണ്ടാക്കാതെ CHL നെ ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത് ആരാണെങ്കിലും അത് ആത്മഹത്യാപരമാണ്. അങ്ങനെ ചെയ്താൽ നേട്ടം CHL ന്റെ പ്രവർത്തനങ്ങൾക്കൊണ്ട് കോട്ടമുണ്ടാകുന്ന മത ഭ്രാന്തന്മാർക്ക് മാത്രമാണ്. CHL നെ അവരുടെ വഴിക്ക് വിട്ട് അവർ ഉയർത്തിപ്പിടിക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സഭാ തലത്തിൽ ശക്തമായ സംവീധാനങ്ങൾ ഉണ്ടാക്കുക. അവ വളർന്നു വരുന്നതോടെ CHL ന്റെ പ്രാധാന്യം തനിയെ കുറഞ്ഞുകൊള്ളും.
(ഹിന്ദു പെൺകുട്ടികളെ കെട്ടിയാൽ CHL കൂടെ നിക്കുമോ എന്നോ ഹിന്ദുക്കൾ നസ്രാണി പെൺപിള്ളേരെ മനഃപൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചാൽ എന്താകും നിലപാടെന്നും എന്നോട് ചോദിക്കേണ്ട. ഞാൻ CHL ന്റെ ഭാഗമല്ല! ദയവായി CHL ന്റെ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഈ ലേഖനം ഉപയോഗിക്കരുത്. അതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം.)
No comments:
Post a Comment