File Picture: Mar Raphael Thattil, Eparch of Shamshabad Celebrating Holy Qurbana of the Syro Malabar Church at St. Jude Syro Malabar Church Ameenpur, Hyderabad |
വളരെ അരോചകമായി തോന്നിയ ഞായറാഴ്ച അനുഭവമാണ് ഈ കുറിപ്പെഴുതാൻ പ്രേരിപ്പിക്കുന്നത്. വി. കുർബാനയ്ക്ക് ശേഷം പന്തക്കുസ്താ സ്‌പെഷ്യൽ പരിശുദ്ധാത്മാവിനോടുള്ള നൊവേന, വണക്കമാസ സ്‌പെഷ്യൽ വണക്കമാസ ജപം, എന്നത്തേയും പോലെ വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന! നൊവേന തുടങ്ങിയപ്പോഴേ ഇറങ്ങി പോകാൻ തോന്നിയതാണ്. പള്ളിയുടെ മുൻപിൽ തന്നെ ആയിരുന്നതുകൊണ്ട് ആർക്കും ഉതപ്പിന് കാരണമാകേണ്ടെന്നുകരുതി സഹിച്ചു!
ഒരു വിശ്വാസിയുടെ അനുദിന ജീവിതത്തിനുള്ള ശക്തിയുടെ സ്രോതസ്സ്, സഭാത്മക ജീവിതത്തിന്റെ തുടക്കവും ഒടുക്കവും, പ്രാർത്ഥനകളുടെ പ്രാർത്ഥന, ആരാധനകളുടെ ആരാധന ഇങ്ങനൊക്കെയാണ് വി. കുർബാനയെ സഭ വിശേഷിപ്പിക്കുന്നത്. വി. കുർബാനയുടെ പ്രാധാന്യം കുറയ്ക്കുമാറ് വി. കുർബാനയ്ക്ക് ശേഷം ഒരു പ്രാർത്ഥനകളും നടത്തരുതെന്ന് സഭ പഠിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് പലർക്കും ആരാധനയ്ക്ക് വേണ്ടി തിരുശരീരം ഉണ്ടാക്കാനുള്ള പ്രാർത്ഥനമാത്രമായി വി. കുർബാന മാറിക്കഴിഞ്ഞു!
വിഷയത്തിലേക്ക് മടങ്ങിവരാം. എന്തിനാണ് ഇങ്ങനെ ഓരോ വിശുദ്ധരെയും പ്രത്യേകം പ്രത്യേകമെടുത്ത് നൊവേനകൾ ഉണ്ടാക്കുന്നത്? എല്ലാ വിശുദ്ധരെയും വി. കുർബാനയിൽ ഓർക്കുന്നില്ലേ? അവരുടെ മാധ്യസ്ഥം യാചിക്കുന്നില്ലേ? വി. കുർബാനയിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകുന്നില്ലേ? വി. കുർബാനയിലും കൂദാശകളിലും പരിശുദ്ധാത്മാവിനെ ലഭിക്കാഞ്ഞിട്ടാണോ അഭിഷേകം തേടി ധ്യാനകേന്ദ്രങ്ങൾ കയറിയിറങ്ങുന്നത്? വി. കുർബാനയിൽ എന്നിലേക്ക് അപ്പമായി വന്ന ഈശോയെ എന്തിനാണ് അരുളിക്കായിൽ ചില്ലിട്ടുവച്ച് ആരാധിക്കുന്നത്? പാശ്ചാത്യ സഭയെ അതിശയിക്കും വിധം മാതൃ സ്തുതികളാൽ സമ്പന്നമായ സിറോ മലബാർ സഭയിൽ അതെല്ലാം ഉപേക്ഷിച്ചുകൊണ്ട് എന്തിനാണ് ലത്തീൻ സഭയുടെ സാഹചര്യങ്ങളിൽ ഉരുത്തിരിഞ്ഞ വണക്കമാസം ആചരിക്കുന്നത്? വർഷം മുഴുവനുമുള്ള ബുധനാഴ്ചകളിലും മംഗളവാർത്താ കാലത്തിലും പ. അമ്മയെ വാഴ്ത്തിപ്പാടുന്ന, അമ്മയിലൂടെ ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന, അമ്മയുടെ മാധ്യസ്ഥം യാചിക്കുന്ന യാമപ്രാർത്ഥനകൾ ചൊല്ലാതെ നമ്മുടെ വിശ്വാസജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ നിറവിനെക്കുറിച്ചും ശ്ലീഹന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ധ്യാനിക്കേണ്ട അവസരത്തിൽ ഇതിനോട് യാതൊരു വിധത്തിലും പൊരുത്തപ്പെടാത്ത വണക്കമാസം എന്തിനാണ് സിറോ മലബാർ സഭയിൽ പ്രോത്സാഹിപ്പിക്കുന്നത്? വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുന്ന കാറോസൂസാ പ്രാർത്ഥനകൾ, വൈദികൻ തനിക്കുവേണ്ടി തന്നെ പ്രാർത്ഥിക്കുന്ന ഭാഗങ്ങൾ, വൈദികന്റെ പ്രാർത്ഥനാ സഹായ അഭ്യർത്ഥനയ്ക്ക് പ്രത്യുത്തരമായി സമൂഹം വൈദികനുവേണ്ടി പ്രാർത്ഥിക്കുന്ന ഭാഗങ്ങൾ..ഇതിനൊന്നും ഫലമില്ലായെന്നു തോന്നിയിട്ടാണോ വി. കുർബാനയ്ക്ക് ശേഷമുള്ള വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന! വി. കുർബാനയിലെ വൈദികർക്കായുള്ള പല പ്രാർത്ഥനകളും വെട്ടിക്കളഞ്ഞിട്ടാണ് വി. കുർബാന കഴിഞ്ഞുള്ള ഈ ഏച്ചുകെട്ടലെന്നത് വിരോധാഭാസമെന്നേ പറയാനുള്ളൂ!
മാതൃ സഭയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിശുദ്ധരായ വൈദികരുടെ നാമകരണ നടപടികളിലേക്ക് കടക്കാൻ പലർക്കും ഭയമാണ്! കാരണം മറ്റൊന്നുമല്ല; ജീവിച്ചിരുന്ന കാലത്ത് അവർ എന്തിനൊക്കെയെതിരേ പോരാടിയോ അവരുടെ പേരിൽ അതെല്ലാം നടത്തുന്നത് കാണേണ്ടിവരും! നൊവേനയും രൂപങ്ങളും നമ്മുടെ പാരമ്പര്യമല്ലെന്ന് പറഞ്ഞയാളുടെ പേരിൽ നൊവേന ചൊല്ലും; രൂപമുണ്ടാക്കി പൂജിക്കും! എന്നാണ് ഈ സഭ വിശ്വാസികളെ സത്യ വിശ്വാസം പഠിപ്പിക്കുന്നത്?
( ലത്തീൻ സഭയുടെ ശൈലിയിൽ നിന്ന് നല്ലതിനെ സ്വീകരിക്കുന്നതിനെ എന്തിന് എതിർക്കുന്നുവെന്ന് ചോദിച്ചുവരേണ്ട. ഉത്തരം ലളിതമാണ്. പാശ്ചാത്യ സഭയുടെ ആരാധനാക്രമ വത്സരവും ജീവിത ശൈലിയും സാഹചര്യങ്ങളും വ്യത്യസ്തമാണ്. സിറോ മലബാർ സഭയ്ക്ക് പാശ്ചാത്യ സഭയോടൊപ്പം നിൽക്കുന്നതോ അതിനേക്കാൾ മെച്ചപ്പെട്ടതോ ആയ ആരാധനാ ജീവിത ക്രമവും വിശ്വാസവും സാഹചര്യങ്ങളുമുണ്ട്. അതിനോട് ചേർന്നു പോകാത്തതൊന്നും സ്വീകരിക്കാൻ സാധിക്കില്ല. എത്ര നല്ല ഭക്ഷണമാണെങ്കിലും കിട്ടുന്നതെല്ലാം വലിച്ചു കേറ്റിയാൽ എന്താണ് സംഭവിക്കുക? മാർപാപ്പാമാരും മെത്രാന്മാരും മദ്യപിക്കുന്ന പാശ്ചാത്യ ശൈലി എന്തേ നമ്മുടെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല? മദ്യം ആരോഗ്യത്തിന് നല്ലതാണെന്ന പഠനങ്ങളിൽ നമ്മുക്ക് വിശ്വാസമില്ലാഞ്ഞിട്ടല്ലല്ലോ!)
No comments:
Post a Comment