ആലങ്ങാട്ട് പഴയ പള്ളിയുടെയും അവിടെ അന്ത്യവിശ്രമം കൊള്ളുന്ന കരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്തായുടെ കബറിടത്തിന്റെയും ചിത്രങ്ങളും ആലങ്ങാട്ട് പള്ളിയുടെ സമീപത്തെ കുരിശടിയിൽ സ്ഥാപിച്ചിരിക്കുന്ന മാർത്തോമ്മാ സ്ലീവായെക്കുറിച്ച് അത് കണ്ടെടുക്കപ്പെട്ടതിനോടനുബന്ധിച്ച് 1930 ഫെബ്രുവരി മാസത്തിൽ എറണാകുളം അതിരൂപതാ ബുള്ളറ്റിനിൽ അഭി. അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്തായെഴുതിയ സർക്കുലറും ശ്രദ്ധിക്കാൻ ഇടയായത് അവിചാരിതമായായിരുന്നു. ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണികളുടെ പുരാതനമായ പള്ളികളിലൊന്നായ ആലങ്ങാട്, നസ്രാണി സഭയുടെ ചരിത്രത്തിൽ അതിശ്രേഷ്ഠമായ സ്ഥാനം അലങ്കരിക്കുന്ന പുണ്യപുരുഷനായ കാരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്തായുടെ കബറിടത്തിന്റെയും, ഒരുകാലത്ത് മാർത്തോമ്മാ നസ്രാണികളുടെ പള്ളികളുടെ മദ്ബഹായിൽ കേന്ദ്രസ്ഥാനം അലങ്കരിച്ചിരുന്ന മാർത്തോമ്മാ സ്ലീവാകളിൽ അതിപുരാതനമായ ഒന്നിന്റെയും സാന്നിധ്യത്താൽ അനുഗ്രഹീതമാണ്.
ഏകദേശം 4 വർഷങ്ങൾക്ക് മുൻപാണ് ആലങ്ങാട്ട് പള്ളി സന്ദർശിക്കുന്നത്. റൂഹാമീഡിയായുടെ "St. Thomas Cross: A Historical Journey" ( https://www.youtube.com/watch?v=lrl5fLaA6KM ) എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ പുരാതനമായ സ്ലീവാകൾ കണ്ടെടുക്കപ്പെട്ട സ്ഥലങ്ങളിലൂടെയുള്ള യാത്രക്കിടെയാണ് സുഹൃത്തായ മെബിന്റെയൊപ്പം ആലങ്ങാട് എത്തുന്നത്. ചരിത്ര ബോധമുള്ള ഒരാൾക്കും സങ്കൽപ്പിക്കുവാൻ സാധിക്കുന്നവയായിരുന്നില്ല അവിടെ കണ്ട കാഴ്ചകൾ! പോർട്ടുഗീസ് ശൈലിയിൽ നിർമ്മിക്കപ്പെട്ട പഴയ പള്ളി പുതിയ പള്ളിയുടെ സ്ഥാപനത്തോടെ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട മട്ടായിരുന്നു! പ്രാർത്ഥിക്കുവാനുള്ള യാതൊരു അന്തരീക്ഷവും പള്ളിക്കുള്ളിലില്ല. വൃത്തികേടായി കിടക്കുന്ന പള്ളിക്കുള്ളിൽ അവിടെയും ഇവിടെയും പഴയ സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു. പുതിയ പള്ളി പണിക്കുശേഷം സ്ഥലപരിമിതികൾ മൂലം പഴയ പള്ളിയുടെ മദ്‌ബഹായ്ക്ക് പുറകുവശം പൊളിച്ചുകളഞ്ഞു തൽസ്ഥാനത്ത് നിർമ്മിച്ച ഭിത്തി സിമിൻറ് തേച്ചിരുന്നില്ല.
മദ്ബഹായോട് ചേർന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ നസ്രാണി സഭയുടെ ധീര രക്തസാക്ഷി അന്ത്യവിശ്രമം കൊള്ളുന്നു! ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട (രക്തസാക്ഷിത്വം വഹിച്ച -സാഹചര്യത്തെളിവുകൾ പ്രകാരം മാതൃസഭയ്ക്കുവേണ്ടി കൊല്ലപ്പെട്ടു എന്നുപറയുന്നതാണ് ശരി. മരണപ്പെട്ടുവെന്നതാണ് ഔദ്യോഗിക ഭാഷ്യം! മിഷനറിമാർ ഒരു മെത്രാപ്പോലീത്തായെ ഇല്ലാതാക്കിയെന്നു ഔദ്യോഗികമായി സമ്മതിച്ചുതരില്ലെല്ലോ!) കരിയാറ്റി മെത്രാപ്പോലീത്തായുടെ ഭൗതികാവശിഷ്ടങ്ങൾ സ്വന്തം ഇടവകപ്പള്ളിയായ ആലങ്ങാട്ടേക്ക് മാറ്റിസ്ഥാപിച്ച ശേഷം അതിനുമുകളിൽ പാകിയ മാർബിൾ ശില കറപിടിച്ച് വായന ദുഷ്ക്കരമായിരിക്കുന്നു! നസ്രാണികളെ ഭരിച്ച മിഷനറി, റോസ് മെത്രാന്റെ കല്ലറ പറവൂർ പഴയ പള്ളിയിൽ അതിമനോഹരമായി സംരക്ഷിക്കപെടുമ്പോൾ നസ്രാണികളുടെ സ്വന്തം മെത്രാപ്പോലീത്താ, മാതൃസഭയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച മാർ കരിയാറ്റിയുടെ പൂജ്യാവശിഷ്ടങ്ങൾ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലും! ഓൾഡ് ഗോവയിലെ കത്തീഡ്രലിലും ആ പരിസരത്ത് തന്നെയുള്ള ബസിലിക്കായിലും ചാപ്പലുകളിലും ഒട്ടനവധി കല്ലറകൾ കാണാൻ സാധിക്കും! കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ശിലാ ഫലകങ്ങൾ പള്ളിപ്പരിസരത്ത് അടുക്കിവച്ചിരിക്കുന്നതും കാണാം! എന്നാൽ ഒരു ഫലകം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മ്യുസിയത്തിൽ അതീവ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്നു! അത് മറ്റാരുടെയുമല്ല! നസ്രാണി സഭയുടെ ധീര പുത്രൻ കരിയറ്റി മെത്രാപ്പോലീത്തായുടെ! എന്നാൽ ഗോവയിൽ നിന്നും പൂജ്യാവശിഷ്ടങ്ങൾ ശേഖരിച്ച് സ്വന്തം ഇടവകപ്പള്ളിയിൽ അടക്കം ചെയ്തിട്ട് ഇടവകക്കാരും മാതൃ സഭയും ഇന്ന് അദ്ദേഹത്തോട് കാണിക്കുന്ന അവഗണന എത്രമാത്രമാണ്! ചരിത്രബോധമില്ലാത്ത തലമുറയില്നിന്നും ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്!
സ്ലീവായുടെ കാര്യം പള്ളിയേക്കാൾ പരിതാപകരമായിരുന്നു! ഒരുകാലത്തു എല്ലാ നസ്രാണി പള്ളികളുടെയും മദ്ബഹയിൽ സ്ഥാപിക്കപ്പെട്ടിരുന്നത് ഇത്തരത്തിലുള്ള മാർത്തോമ്മാ സ്ലീവാകളായിരുന്നുവെന്ന് ഇന്ത്യ സന്ദർശിച്ച സഞ്ചാരികളും പോർട്ടുഗീസ് ചരിത്രകാരനായ ഗുവായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയിൽ വിരലിലെണ്ണാവുന്ന സ്ലീവാകൾ മാത്രമാണ് ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത്. "ആലങ്ങാട്ട് പള്ളിയുടെ കിഴക്കേ കുരിശിന്റെ അകത്തുവെച്ച് പണിയപ്പെട്ടിരുന്നത് യാദൃശ്ചികമായി കണ്ടുപിടിക്കുന്നതിനിടയായി"യെന്നാണ് കണ്ടത്തിൽ മെത്രാപ്പോലീത്ത രേഖപ്പെടുത്തിയിരിക്കുന്നത്. (സ്ലീവാകൾ എങ്ങനെ അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് ഒരുത്തരം ഇതാണ്! നമ്മുടെ പഴയ പള്ളികളിൽ മിഷനറിമാരുടെ കാലത്ത് പണിയപ്പെട്ട കുരിശടികൾക്കുള്ളിലും മറ്റ് നിർമ്മിതികൾക്കുള്ളിലുമൊക്കെ നമ്മുടെ സ്ലീവാകൾ ഇപ്പോഴും ഉണ്ടാകാം!) മാർത്തോമ്മാ നസ്രാണികളുടെ അതിപുരാതന കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിലെ വിശ്വാസി സമൂഹവും നാനാജാതി മതസ്ഥരും ഭക്ത്യാദരപൂർവ്വം വണങ്ങിയിരുന്ന, അനുഗ്രഹങ്ങൾ പ്രാപിച്ചിരുന്ന സ്ലീവാ കൊടുങ്ങല്ലൂരിന്റെ പതനശേഷം ആലങ്ങാട്ടേക്ക് കൊണ്ടുവന്നുവെന്ന് വിശ്വസിക്കാനേ തരമുള്ളുവെന്നാണ് മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്താ തന്റെ സർക്കുലറിൽ പറയുന്നത്! ഇന്ന് രണ്ടു പള്ളികളുള്ള ആലങ്ങാട്ട് ഇത്രയേറെ പ്രാധാന്യമുള്ള സ്ലീവാ പഴയ കുരിശടിയുടെ ഉള്ളിൽ നനവ് പിടിച്ച് ഉറുമ്പുകൾ താവളമാക്കിയിരിക്കുന്ന കാഴ്ച്ച കണ്ടാൽ സഹിക്കില്ല! മാർത്തോമ്മാ ശ്ലീഹാ രക്തസാക്ഷത്വം വഹിച്ച മദ്രാസിലെ സെന്റ് തോമസ് മൗണ്ട് ഇന്ന് ലത്തീൻ സഭയുടെ കീഴിലാണ്. അവിടെനിന്നും കണ്ടെടുക്കപ്പെട്ട സ്ലീവാ ഏറ്റവും ആദരപൂർവ്വം അൾത്താരയുടെ കേന്ദ്ര ഭാഗത്താണ് അവർ പ്രതിഷ്ഠിച്ചു വണങ്ങി പോരുന്നത്. ഗോവയിലെ സ്ലീവാ ലത്തീൻ സന്ന്യാസ സഭയുടെ സെമിനാരിയോട് ചേർന്നുള്ള മ്യുസിയത്തിൽ അതീവ ശ്രദ്ധയോടെ സംരക്ഷിച്ചു പോരുന്നു. കോട്ടയത്തു ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പഴയ പള്ളിയിലെ രണ്ടു സ്ലീവാകളും പള്ളിക്കുള്ളിലാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്. കടമറ്റത്ത് സ്ലീവാ മദ്‌ബഹായുടെ വലത്തേ ഭിത്തിയിലാണ്. മുട്ടുച്ചിറയിൽ പള്ളിക്കുള്ളിലെ ചെറിയ അൾത്താരയിൽ അതീവ പ്രാധാന്യത്തോടെ പുനഃപ്രതിഷ്ട നടത്തിയിരിക്കുന്നു. കോതനല്ലൂർ സ്ലീവാ പള്ളിക്ക് പുറത്താണെങ്കിലും കുരിശടിപോലെ പണിത് ഗ്ളാസ് ഇട്ട് ഏറ്റവും ശ്രദ്ധയോടെ സംരക്ഷിച്ചുപോരുന്നു! ഈ കൂട്ടത്തിൽ സ്ലീവായോട് യാതൊരു താല്പര്യവുമില്ലാതെ തീർത്തും അവഗണിക്കപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത് ആലങ്ങാട് സ്ലീവാ മാത്രമാണെന്നത് ആലങ്ങാടിന്റെ ചരിത്രമറിയാവുന്നവർക്ക് അവിശ്വസനീയമായി തോന്നിയേക്കാം!
എന്തുകൊണ്ടാണ് ആലങ്ങാട് മാത്രം ഇങ്ങനെ? ആലങ്ങാട് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാഗമായതുകൊണ്ടെന്ന് എളുപ്പത്തിൽ പറയാമെങ്കിലും അതിനു കുറച്ച് വിശദീകരണം ആവശ്യമാണ്! പാശ്ചാത്യ മിഷനറിമാരുടെ അധികാരത്തിനു കീഴിൽ നസ്രാണി പള്ളികളിൽനിന്നും മാർത്തോമ്മാ സ്ലീവാകൾ അപ്രത്യക്ഷമാവുകയും തൽസ്ഥാനത്ത് ക്രൂശിതരൂപങ്ങൾ സ്ഥാനം പിടിക്കുകയും ചെയ്തിട്ടും ഇന്ന് പലരുടെയും മനസ്സിലുള്ളത്ര എതിർപ്പും വിധ്വേഷവും ആർക്കും സ്ലീവാകളോട് ഏതാനും ദശകങ്ങൾ മുൻപുവരെ ഉണ്ടായിരുന്നില്ല! ക്ലാവർ കുരിശ്, മാനിക്കേയൻ കുരിശ്, പാഷണ്ഡ കുരിശ്, താമര കുരിശ് തുടങ്ങിയ അപഹാസ്യപരമായ പേരുകൾ ആരും ഉപയോഗിച്ചിരുന്നുമില്ല. മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ 1930 ൽ എഴുതപ്പെട്ട സർക്കുലറിലും ഉപയോഗിക്കുന്നത് മാർത്തോമ്മാ കുരിശ്, പാഹ്‌ലവി കുരിശ് എന്നീ പദങ്ങളാണ്. (മാർത്തോമ്മാ കുരിശെന്ന പ്രയോഗം പോർട്ടുഗീസ് സംഭാവനയാണെന്ന കാര്യം വിസ്മരിക്കുന്നില്ല.) ആലങ്ങാട് സ്ലീവായുടെ കണ്ടെത്തൽ ചരിത്ര സംഭവമായി മനസ്സിലാക്കിയതുകൊണ്ടാണല്ലോ അതിരൂപത മുഴുവനെയും അഭിസംബോധന ചെയ്തുകൊണ്ട് സ്ലീവായോടുള്ള ഭക്തിയും സ്നേഹവും തുളുമ്പുന്ന ഭാഷയിൽ അഭി. കണ്ടത്തിൽ പിതാവ് എഴുതുന്നത്. തുടർന്ന് 1972 ൽ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1900 ആം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ മൈലാപ്പൂരിലെ മാർ തോമ്മാ സ്ലീവായാണ് വേണ്ടതെന്ന് നിർദ്ദേശിച്ചത് മാർ ജോസഫ് പാറേക്കാട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ മെത്രാൻ സമിതിയാണ്. സിറോ മലബാർ സഭയുടെ ചിഹ്നമായി സ്ലീവായെ കൊണ്ടുവരുന്നതും പാറേക്കാട്ടിൽ പിതാവാണ്!
എന്നാൽ പിന്നീടിങ്ങോട്ട് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു. സ്ലീവായുടെ ചരിത്രപരവും വിശ്വാസപരവുമായ പ്രാധാന്യം മനസ്സിലാക്കി ക്രൂശിതരൂപങ്ങൾക്ക് പകരം മദ്ബഹായിൽ സ്ലീവാ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ചില രൂപതകളും മെത്രാന്മാരും ആരംഭിച്ചു. വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ അവയ്ക്ക് കഴിഞ്ഞുവെങ്കിലും സ്ലീവായോട് എതിർപ്പും വിധ്വേഷവുമുള്ള കുറേയേറെപ്പേരെയും അത് സൃഷ്ടിച്ചു. ക്രൂശിതരൂപത്തോടുള്ള വൈകാരികമായ ഭക്തിതന്നെയായിരുന്നു കാരണം. ആ വൈകാരികത മൂലം ക്രൂശിത രൂപമില്ലാത്ത ഒരു മദ്ബഹാ സങ്കൽപ്പിക്കാൻ പോലും പലർക്കും സാധിക്കില്ലായിരുന്നു. ഈ എതിർപ്പ് സ്ലീവായോടുള്ള വിധ്വേഷമായും പിന്നീട് സ്ലീവായെക്കുറിച്ചുള്ള അബദ്ധപ്രചാരണങ്ങൾക്ക് നിദാനമായും തീർന്നു. ഇതേ കാലത്ത് സഭയിൽ ആരാധനാക്രമപരമായ ഭിന്നത ഉടലെടുക്കുകയും ഭാരതവൽക്കരണത്തിലും ലത്തീൻവൽക്കരണത്തിലും ആകൃഷ്ടരായ ചില മെത്രാന്മാരും രൂപതകളും പൗരസ്ത്യ പാരമ്പര്യങ്ങളിലേക്ക് സഭ മടങ്ങിപ്പോവുകയാണ് വേണ്ടതെന്ന് വാദിച്ച രൂപതകൾ സ്വീകരിച്ചവയെല്ലാം തള്ളിക്കളയാൻ തുടങ്ങി. അങ്ങനെ മറുവിഭാഗം സ്വീകരിച്ച മാർത്തോമ്മാ സ്ലീവായെ ഈ വിഭാഗം അവഗണിച്ചു. സ്ലീവായെക്കുറിച്ചുള്ള അബദ്ധ പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകിയ ഇക്കൂട്ടർ ഇത്തരത്തിലുള്ള ബോധ്യങ്ങളാണ് വിശ്വാസികൾക്ക് പകർന്നുകൊടുത്തതും. രൂപതകളും മെത്രാന്മാരും തമ്മിലുള്ള ഭിന്നതകളിൽ ചെളിവാരിയിടാനും ഇത്തരം അബദ്ധ ആരോപണങ്ങൾ ഉപയോഗിക്കപ്പെട്ടു. ക്ലാവർ കുരിശ്, മാനിക്കുരിശ്, താമരക്കുരിശ്, തുടങ്ങിയ പേരുകളും പാഷാണ്ഡത ആരോപണങ്ങളും ഉണ്ടാകുന്നത് ഈ കാലത്താണ്. കാലക്രമേണ പൗരസ്ത്യ പാരമ്പര്യങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന രൂപതകളിൽ സ്ലീവായോടുള്ള ഭക്തിയും സ്നേഹവും പുനഃസ്ഥാപിക്കപ്പെട്ടുവെങ്കിലും മറുപക്ഷത്ത് സ്ലീവായോട് എതിർപ്പുള്ള സമൂഹങ്ങൾ രൂപപ്പെട്ടു. ഇക്കാരണങ്ങളാൽത്തന്നെ ചരിത്രപ്രസിദ്ധമായ ആലങ്ങാട് സ്ലീവായ്ക്ക് ലഭിക്കേണ്ട പരിഗണന നിഷേധിക്കപ്പെട്ടു!
ആരെയും കുറ്റപ്പെടുത്താനല്ല ഇത്രയും പറഞ്ഞത്. ചരിത്രം അങ്ങനെയാണ്. സംഭവിച്ചത് സംഭവിച്ചു. തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുകയെന്നതാണ് പ്രധാനം. രൂപതകളും മെത്രാന്മാരും തമ്മിലുള്ള ഭിന്നതകളിലേക്ക് സ്ലീവായും വി. പാരമ്പര്യങ്ങളും വലിച്ചിഴക്കപ്പെടുമ്പോൾ വേദനിക്കുന്നത് ഇതെല്ലാം നെഞ്ചോട് ചേർത്ത, മാതൃസഭയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച നമ്മുടെ പൂർവ്വികരാണ്. പിന്നിട്ട വഴികൾ മറക്കാതിരിക്കേണ്ടത് നിലനിൽപ്പിന് ആവശ്യമാണ്! ഞാൻ നിങ്ങളുടെ സഭയെ സ്നേഹിക്കുന്നു എന്തെന്നാൽ എനിക്കതിന്റെ ചരിത്രമറിയാം എന്ന് പറഞ്ഞ വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ടിസറാങിന്റെ വാക്കുകൾ ഇതുവരെയും മനസ്സിലാക്കാൻ നമ്മുടെ സഭയ്ക്ക് സാധിച്ചിട്ടില്ല! ചരിത്രം പഠിപ്പിക്കുന്നതിൽ എന്തുകൊണ്ടോ നമ്മുടെ സഭയ്ക്ക് തീർത്തും താല്പര്യമില്ല! പൂർവ്വപിതാക്കന്മാർ എന്തിനുവേണ്ടിയാണോ തങ്ങളുടെ ജീവിതം പോലും പണയപ്പെടുത്തി പോരാടിയതെന്ന് മനസ്സിലാക്കുന്ന ഒരുവൻപോലും ഇത്തരത്തിൽ പെരുമാറില്ല! നമ്മുടെ സഭയുടെ ചരിത്രം പഠിച്ച്, വ്യക്തിത്വം മനസ്സിലാക്കി സഭയെ സ്നേഹിക്കുന്ന ഒരു തലമുറയാണ് സിറോ മലബാർ സഭയ്ക്ക് ഇന്ന് ആവശ്യം. അല്ലാതെ വിരലിലെണ്ണാവുന്നവരുടെ അധികാരസ്വപ്നങ്ങളിലും അബദ്ധ പഠനങ്ങളിലും വീണ് വ്യക്തിത്വം നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു തലമുറയല്ല! രണ്ടായിരം വർഷത്തെ മഹത്തായ പാരമ്പര്യം പേറുന്ന സഭയാണ് നമ്മുടേത്! ഇന്ന് ക്രൈസ്തവർ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിവരുന്ന പല യൂറോപ്പ്യൻ രാജ്യങ്ങളും ഈശോയെ അറിയുന്നതിനും മുൻപേ അവിടുത്തെ വത്സല ശ്ലീഹായിൽനിന്നും ഈശോയെ അറിഞ്ഞവരുടെ സമൂഹമാണ് ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണികൾ!
4 വർഷങ്ങൾക്കിപ്പുറം ചിത്രങ്ങൾ കാട്ടിത്തന്ന ആലങ്ങാട് ഞാൻ കണ്ട ആലങ്ങാട് തന്നെയായിരുന്നു! മാറ്റങ്ങൾ യാതൊന്നുമില്ല. സിമന്റ് തേക്കാത്ത മദ്ബഹായുടെ പുറം ഭിത്തി പോലും അതേപടി തന്നെ! ഇതെന്നെടുത്ത ചിത്രങ്ങളാണെന്ന് ചോദിക്കേണ്ടിവന്നുവെന്നതാണ് വാസ്തവം! പള്ളി പുനരുദ്ധരിക്കപ്പെടണം! കബറിടം സംരക്ഷിക്കപ്പെടണം! സ്ലീവാ രണ്ടുപള്ളികളിൽ ഒന്നിന്റെ മദ്ബഹായിലേക്ക് മാറ്റി സ്ഥാപിക്കണം! ആലങ്ങാട് പള്ളിയേക്കാൾ പഴക്കമുള്ള പറവൂർ, അങ്കമാലി, ഇടപ്പള്ളി, ചങ്ങനാശ്ശേരി തുടങ്ങിയ പഴയ പള്ളികൾ പൗരാണികതയുടെ പ്രൗഢിയോടെ അതിമനോഹരമായി പുനരുദ്ധരിച്ച് സംരക്ഷിക്കുന്നത് മാതൃകയാക്കേണ്ടതാണ്! ആലങ്ങാടിന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായി കരിയാറ്റി മെത്രാപ്പോലീത്തായുടെ കബറിടവും പൗരാണികമായ സ്ലീവായും മാറുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ചരിത്രമുറങ്ങുന്ന ആലങ്ങാട്ടെ ധീരരായ പൂർവ്വികരുടെ പിൻഗാമികൾക്ക് അതിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു!
✍ തോമസ് ചെറിയാൻ