സഭയുടെയോ സർക്കാരിന്റെയോ പക്ഷം ചേരാതെ ചർച്ച് ആക്ട് 2019 നെ കുറിച്ചുള്ള ഒരു സിറോ മലബാർ വിശ്വാസിയുടെ സ്വതന്ത്രമായ നിരീക്ഷണത്തിനുള്ള ശ്രമമാണിത്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ വിത്തിറക്കണമെന്ന് ഒരു കർഷകനും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല! അതേ പോലെ തന്നെ പലവിധ വിവാദങ്ങളിൽ തലതാഴ്ത്തിയിരിക്കുന്ന/അമർഷം പൂണ്ടിരിക്കുന്ന വിശ്വാസികളിലേക്ക് ഇത്തരമൊരു നിയമം അവതരിപ്പിക്കാൻ പറ്റിയ സമയം ഇതാണെന്ന് ഒരു രാഷ്ട്രീയക്കാരനും പറഞ്ഞുകൊടുക്കേണ്ടതില്ല! ഇപ്പോഴത്തെ വിവാദങ്ങൾ ആവശ്യമോ അനാവശ്യമോ ആയിക്കൊള്ളട്ടെ! അതെന്തുതന്നെയാണെങ്കിലും സഭയിലെ പൗരോഹിത്യ കേന്ദ്രീകൃതമായ ഭരണ സംവിധാനങ്ങളും ധാർഷ്ഠ്യതത്തോടെ പെരുമാറുന്ന വൈദികരും (എല്ലാ വൈദികരും അങ്ങനെയല്ല) അവരാൽ മുറിവേൽക്കപ്പെട്ട വിശ്വാസികളും സഭയിൽ അസ്വസ്ഥതകൾ ഉളവാക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല! എന്നാൽ സഭയോടും പട്ടക്കാരോടും വൈകാരികതയുടെ പേരിലുള്ള ആദരവും അടുപ്പവും വിശ്വാസികൾക്ക് ഗണ്യമായി കുറഞ്ഞുവരുന്ന ഈ കാലത്ത് തങ്ങളുടെയും പൂർവ്വികരുടെയും അധ്വാന ഫലം പുരോഹിതർ ദാർഷ്ട്യത്തോടെ കൈകാര്യം ചെയ്യുന്നത് കാണുന്ന, തങ്ങൾക്ക് ഇതിലൊന്നും യാതൊരു അവകാശവുമില്ലെന്നു ചിന്തിക്കുന്ന വിശ്വാസികൾ ചർച്ച് ആക്ടിനോട് തണുപ്പൻ നിലപാട് സ്വീകരിക്കാനോ സ്വാഗതം ചെയ്യാനോ ആണ് എല്ലാ സാധ്യതകളും.
ചർച്ച് ആക്ട് 2019 വായിച്ചു നോക്കി. പ്രത്യക്ഷത്തിൽ സഭയ്‌ക്കോ വിശ്വാസികൾക്കോ ദോഷകരമായി യാതൊന്നുമില്ല. ഓരോ സഭയും പള്ളികളും അതാത് സഭാ നിയമങ്ങൾ അനുശാസിക്കും വിധം ഭരണം നടത്തപ്പെടുന്നു. പള്ളികൾക്കും സഭകൾക്കും തങ്ങളുടെ സ്വത്തിന്റെമേൽ പൂർണ്ണ അധികാരം ഉണ്ടാകും. കാലാകാലങ്ങളിൽ വരവുചിലവ് കണക്കുകളുടെ ഓഡിറ്റിങ് നടത്തുകയും ഇടവക/ രൂപതാ/ സഭാ സമിതികളിൽ അവതരിപ്പിക്കുകയും വേണം. ഇത്തരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടായാൽ പരിഹരിക്കുന്നതിനായി ഒരു ട്രൈബ്യുണലും സ്ഥാപിക്കുന്നു. ഇതാണ് ചർച്ച് ആക്ട് 2019 ന്റെ രത്ന ചുരുക്കം! അതായത് വസ്തുവകകളുടെ അവകാശത്തെക്കുറിച്ചോ ആര് ഭരണം നടത്തുമെന്നതിനെക്കുറിച്ചോ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. സിറോ മലബാർ സഭയിൽ കാനൻ നിയമവും സഭയുടെ പ്രത്യേക നിയമങ്ങളും അനുസരിച്ച് ഇടവക-രൂപത-സഭാ തലങ്ങളിൽ ഇപ്പോഴുള്ള പോലെതന്നെ തിരഞ്ഞെടുക്കപ്പെട്ട സമിതികളും വൈദികരും മെത്രാന്മാരും ഭരണം നടത്തും. വർഷാവർഷമുള്ള ഓഡിറ്റിങ് ഇപ്പോഴും ഉള്ളതാണ്. ഫലത്തിൽ ഉണ്ടാകാൻ പോകുന്ന പ്രസക്തമായ മാറ്റം ട്രൈബ്യുണൽ മാത്രമാണ്!
ഇവിടെയാണ് കുറച്ചു വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കേണ്ടി വരുന്നത്! ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ നിയമ പരിഷ്‌ക്കരണ കമ്മീഷൻ ചർച്ച് ആക്ട് സർക്കാരിന് സമർപ്പിക്കുന്നത് 2009 ലാണ്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന 2019 ലെ കരടിൽ നിന്നും വ്യത്യസ്‌തമായി ആഴമുള്ളതും വ്യക്തവും സുതാര്യവുമായ കരടായിരുന്നു 2009 ലേത്. മൂന്നു തലങ്ങളിലുള്ള ട്രസ്റ്റുകളാണ് ഈ നിയമം മുന്നോട്ടുവെച്ചത്. ഇടവക, രൂപത, സഭ എന്നിവ ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്യണമെന്നും ഓരോ തലങ്ങളിലുള്ള സ്വത്തുക്കൾ അതാത് ട്രസ്റ്റുകൾ കൈകാര്യം ചെയ്യുമെന്നും തിരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റ് ബോർഡുകൾക്കാണ് ഭരിക്കാനുള്ള അവകാശമെന്നും ഈ നിയമം പറയുന്നു. ഓരോ ഇടവകയിലെയും കുടുംബങ്ങളുടെ എണ്ണത്തിനനുസൃതമായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ രൂപതാ ട്രസ്റ്റിലേക്കും രൂപതാ ട്രസ്റ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ സഭാ തല ട്രസ്റ്റിലേക്കും പോകുന്നു. സഭാ തല ട്രസ്റ്റിന്റെ ചെയർമാൻ മേജർ ആർച്ചബിഷപ്പാണ്. ഇടവക ട്രസ്റ്റുകളുടെ യോഗങ്ങളിൽ അധ്യക്ഷം വഹിക്കേണ്ടത് വികാരിമാരും രൂപതാ തലങ്ങളിൽ മെത്രാന്മാരുമാണ്. ട്രസ്റ്റുകൾ തങ്ങളുടെ കീഴിലുള്ള വൈദികർ ഉൾപ്പെടെയുള്ളവർക്ക് വേദനം നൽകണമെന്നും നിയമം അനുശാസിക്കുന്നു. അതായത് ഒരു പള്ളി വികാരിക്ക് ശമ്പളം കൊടുക്കേണ്ടത് ആ പള്ളിയുടെ ട്രസ്റ്റിന്റെ ചുമതലയാകുന്നു. രൂപതാധ്യക്ഷന് രൂപതാ ട്രസ്റ്റും അലവൻസ് നൽകുന്നു. പോർട്ടുഗീസുകാർ ലത്തീൻ ഭരണക്രമം നമ്മുടെ സഭയിൽ നടപ്പിലാക്കുന്നതിന് മുൻപുവരെ നമ്മുടെ സഭയിൽ നിലവിലിരുന്ന പൗരാണികമായ പള്ളിയോഗങ്ങളുടെ മാതൃകയിലാണിത്. ഭൗതിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുത്തിരുന്നത് പള്ളിയോഗങ്ങൾ ആയിരുന്നു. മെത്രാന്മാർ ആത്മീയ കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്.
വിശ്വാസികളല്ലാത്തവർക്കും നിരീശ്വര വാദികൾക്കും അസന്മാർഗികൾക്കും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായുള്ളവർക്കും ട്രസ്റ്റ് ബോര്ഡുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത ഇല്ലെന്നും 2009 ലെ കരട് നിയമം അനുശാസിച്ചിരുന്നു. എന്നാൽ ഈ ഭരണ ക്രമത്തോട് കൂട്ടിച്ചേർത്തുകൊണ്ട് ഇവയ്ക്കെല്ലാം മുകളിൽ സർക്കാർ നിയമിക്കുന്ന ഒരു ചർച്ച് കമ്മീഷണർ ഉണ്ടാകണമെന്നും ഇടവക തലം മുതലുള്ള എല്ലാ ട്രസ്റ്റുകളും അവിടെ കണക്ക് ബോധിപ്പിക്കണമെന്നും പറയുന്നിടത്താണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ നിയമത്തിന് വിയോജനക്കുറിപ്പെഴുതേണ്ടത്.
എന്നാൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കരടിൽ പള്ളികളും സഭകളും അതാത് സഭകളുടെ നിയമപ്രകാരം ഭരണം നടത്തണം എന്നതുമാത്രമാണ് പറയുന്നത്. ആക്ഷേപങ്ങൾ പരിഹരിക്കാൻ ഒരു ട്രൈബ്യുണൽ നിർദ്ദേശിക്കുന്നുണ്ടെങ്കിലും 2009 ലെ കരടിലെ പോലെ ഒരു ചർച്ച് കമ്മീഷണറോ അദ്ദേഹത്തെ വർഷാവർഷം കണക്കുകൾ ബോധിപ്പിക്കേണ്ട ആവശ്യമോ ഇല്ല. സഭാ ഭരണ സംബന്ധമായി ഉണ്ടാകുന്ന ആക്ഷേപങ്ങൾ പരിഹരിക്കുക മാത്രമാണ് ട്രൈബ്യുണലിന്റെ ദൗത്യം! ഇത് ഇന്നത്തെ സാഹചര്യത്തിൽ കോടതികൾ നിർവഹിക്കുന്ന ഉത്തരവാദിത്വമാണ്. ഇപ്പോഴും സഭകളുടെ ഭരണം നടക്കുന്നത് അതാത് സഭകളുടെ നിയമങ്ങൾക്ക് അനുസൃതമാണ്. അതിലെന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടായാൽ അത് കോടതികളിൽ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കുന്നതുമാണ്. സഭാ നടപടികളിൽ ആക്ഷേപം ഉള്ളവർ ഇപ്പോഴും കോടതികളെ സമീപിക്കുകയും കോടതി അനുഭാവ പൂർവ്വം പരാതികൾ കേട്ട് തീർപ്പുകല്പിക്കുകയും ചെയ്‌തുപോരുന്നതാണ്! ഇതിനുമാത്രമായി പുതിയൊരു നിയമത്തിന്റെയോ ട്രൈബ്യുണലിന്റെയോ ആവശ്യമില്ലായെന്നു അതിനാൽതന്നെ വ്യക്തമാണല്ലോ! ഇക്കാരണത്താൽ തന്നെ ഫലത്തിൽ പ്രസക്തവും ഉപകാരപ്രദവുമായ ഒരു മാറ്റവും സമൂഹത്തിൽ വരുത്താത്ത വിധം 2009ലെ വിശദമായ നിയമത്തിൽ വെള്ളം ചേർത്തുകൊണ്ടു അവതരിപ്പിച്ചിരിക്കുന്നത് നിഗൂഢമായ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്നു ന്യായമായും സംശയിക്കാം! ലളിതവും പൊതു സ്വീകാര്യവുമായ രീതിയിൽ നിയമമാക്കിയെടുത്ത് പിന്നീട് ഭേദഗതികൾ വരുത്തി സഭാ ഭരണം കൈപ്പിടിയിലാക്കാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിച്ചാൽ തെറ്റുപറയാനോക്കില്ല!
സഭയുടെ ഭരണ കാര്യങ്ങളിൽ അല്മായ പങ്കാളിത്തം തുലോം തുശ്ചമാണെന്നതും സഭയിൽ പൗരോഹിത്യ മേൽക്കോയ്മ ഉണ്ടെന്നതും നിഷേധിക്കാനാവില്ല. ഈ കാരണത്താൽ തന്നെ ചർച്ച് ആക്ട് ദൃഷ്ടിയിൽ ആകർഷകമായി തോന്നാമെങ്കിലും ഈ വിധ പ്രശനങ്ങൾക്കൊന്നും പരിഹാരമല്ല ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ചർച്ച് ആക്ട്. ഇപ്പോൾ നടക്കുന്നതിൽ നിന്നും യാതൊരു മാറ്റവും വ്യക്തമായ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സിറോ മലബാർ സഭയുൾപ്പെടെയുള്ള എപ്പിസ്‌കോപ്പൽ സഭകളിൽ ഉണ്ടാകുന്നില്ല. എന്നാൽ ആക്ഷേപങ്ങൾ കോടതിയിൽ ഉന്നയിക്കുന്നതിനുപകരം ലളിതവും താരതമ്യേനെ ചിലവുകുറഞ്ഞ നടപടി ക്രമങ്ങളുമുള്ള ട്രൈബ്യുണലിൽ ഉന്നയിക്കുകയും പ്രശ്ന പരിഹാരം നേടുകയും ചെയ്യാം. കോടതിയുടെ അധികാരങ്ങൾ ഇല്ലാത്ത തർക്ക പരിഹാര കേന്ദ്രങ്ങളായ ട്രൈബ്യുണലൂകളിലേക്ക് അംഗങ്ങളെ നിയമിക്കുന്നത് കോടതിയല്ല, മറിച്ച് സർക്കാരാണ്! ചർച്ച് ആക്ട് നിഷ്കര്ഷിക്കുന്ന യോഗ്യതയുള്ള ആരെയും ട്രൈബ്യുണലിലേക്ക് സർക്കാരിന് നിയമിക്കാം! ഫലത്തിൽ ഏകാധിപത്യ മുഖശ്ചായയുള്ള സർക്കാരുടെ കീഴിൽ സർക്കാരിന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളായി എളുപ്പത്തിൽ തന്നെ ട്രൈബ്യുണലുകളെ മാറ്റിയെടുക്കാം! ട്രൈബ്യുണൽ വിധിക്കെതിരെ എല്ലാ കോടതികളിലും അപ്പീൽ കൊടുക്കാൻ സാധിക്കില്ല. ട്രൈബ്യുണലുകളുടെ തീർപ്പുകൾക്കെതിരെ സമീപിക്കേണ്ട കോടതികളെക്കുറിച്ചുള്ള വിവരങ്ങൾ ആ ട്രൈബ്യുണലുകൾ സ്ഥാപിക്കുന്ന നിയമങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്. എന്നാൽ ഈ ട്രൈബ്യുണലിന്റെ വിധി അന്തിമമാണെന്ന വിചിത്രമായ പ്രസ്താവനയാണ് കരട് നിയമത്തിൽ കാണുന്നത്! ഇതിന്റെ സാധുത എത്രമാത്രമുണ്ടെന്നു സംശയ്ക്കേണ്ടിയിരിക്കുഞ്ഞു! ഇതിനു സാധുത ഉണ്ടാകുമെങ്കിൽ കോടതികളിൽ പോലും എളുപ്പത്തിൽ ചോദ്യം ചെയ്യാൻ സാധിക്കാത്ത വിധത്തിൽ സഭാ സംവിധാനങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരം ലഭിക്കുകയാകും ഫലം!
ദേവസ്വം ബോർഡിന്റെയും വഖഫ് ബോർഡിന്റെയും പേരുപറഞ്ഞ് ക്രൈസ്തവ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും സർക്കാർ സമിതികൾ ഉണ്ടാകണം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നാട്ടുരാജാക്കന്മാരുടെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങൾ സർക്കാർ ഉടമസ്ഥതയിലേക്ക് മാറുകയും അവയെ ഭരിക്കാൻ ദേവസ്വം ബോർഡ് ഉണ്ടാവുകയുമാണ് ചെയ്തത്. അതേപോലെ തന്നെയാണ് വഖഫ് ബോർഡുകളും. അതായത് മഹാ ഭൂരിപക്ഷം വരുന്ന അമ്പലങ്ങളും മോസ്‌ക്കുകളും അവയുടെ വസ്തുവകകളും ഈ ബോർഡുകളുടെ പരിധിയിലോ സർക്കാർ നിയന്ത്രണത്തിന്റെ പരിധിയിലോ വരുന്നതല്ല. എന്നാൽ സർക്കാർ വിഭാവനം ചെയ്യുന്ന ചർച്ച് ആക്ട് ലക്ഷ്യമിടുന്നത് കേരളത്തിലെ പെന്തക്കോസ്ത് സമൂഹങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ക്രൈസ്തവ സമൂഹങ്ങളുടെയും സ്ഥാപനങ്ങളും സ്വത്തും സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരിക എന്നതാണ്! ഇത് അനുവധിച്ചുകൊടുക്കുന്നത് ആത്മഹത്യാപരമാണെന്നു പറയേണ്ടതില്ലല്ലോ!
അതായത് വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥയും എലിയെ പേടിച്ച് ഇല്ലം ചുട്ട അവസ്ഥയുമാണ് പൗരോഹിത്യ മേൽക്കോയ്മയിൽ മനം മടുത്ത് ചർച്ച് ആക്ടിനായി കണ്ണടച്ചാൽ വിശ്വാസികളെ കാത്തിരിക്കുന്നത്! സഭയിലെ പ്രശ്നങ്ങൾക്ക് മറ്റെന്താണ് പ്രതിവിധി? പുറത്തുനിന്നുള്ള നിയന്ത്രണങ്ങളല്ല നമ്മുക്ക് വേണ്ടത്! മാറ്റങ്ങൾ ഉണ്ടാകേണ്ടത് സഭയ്ക്കുള്ളിൽ നിന്നാണ്! സഭയുടെ ഭരണക്രമം വിശ്വാസികൾക്ക് അർഹമായ പ്രാധാന്യം നൽകും വിധം പൊളിച്ചെഴുതപ്പെട്ടണം! വ്യക്തിപരമായി പറഞ്ഞാൽ ജസ്റ്റിസ് കൃഷ്ണയ്യർ 2009 ലെ ചർച്ച് ആക്ടിൽ നിര്ധേഷിക്കും വിധത്തിലുള്ള ത്രിതല ട്രസ്റ്റ് ശൈലിയിലേക്ക് സഭ മാറണം. അത് നമ്മുടെ പൗരാണികമായ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കാണ്! ആധുനിക ജനാധിപത്യ സംവിധാനങ്ങൾക്ക് തന്നെ ആധാര ശിലയായി മാറിയ പള്ളിയോഗ ക്രമത്തിലേക്ക് നാം മടങ്ങി പോകണം. ഇടവകയും രൂപതയും സഭയും തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയോഗങ്ങൾ ഭരിക്കട്ടെ. സഭയുടെ പാരമ്പര്യത്തിനനുസൃതമായി വിവാഹിതരായ വൈദികർ ഉണ്ടാകട്ടെ. ഓരോ പള്ളികളിലേയും ആവശ്യങ്ങൾക്കാനുസരിച്ച് യോഗ്യരായ അല്മായർക്ക് ഡീക്കൻ പട്ടവും മറ്റ് ചെറു പട്ടങ്ങളും നൽകട്ടെ. മെത്രാന്മാർ വിശ്വാസികളുടെ ആത്മീയ കാര്യങ്ങളിൽ വ്യാപൃതരാകട്ടെ. സഭയുടെ ഭരണ തലവനായ ആർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിക്കപ്പെടട്ടെ. നമ്മുടെ മേൽ അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യ ഭരണക്രമം ഉപേക്ഷിച്ചു നൂറ്റാണ്ടുകളായി നാം പിന്തുടർന്നുപോന്ന ശക്തമായ ഭരണക്രമത്തിലേക്ക്, അല്മായരും പട്ടക്കാരും അവർക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജോലികൾ ഭംഗിയായി നിർവ്വഹിക്കുന്ന ശൈലിയിലേക്ക് മാറട്ടെ. സഭാ ഭരണത്തെയും വിശ്വാസത്തെയും ഭരണകൂടങ്ങൾക്ക് അടിയറവെയ്ക്കുന്ന ചർച്ച് ആക്ടിനെ ഒന്നുചേർന്നു തള്ളിക്കളയാം, അതോടോപ്പം തന്നെ ആത്മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന, സഭയുടെ സർവ്വോന്മുഖമായ വളർച്ചക്ക് നിദാനമാവുന്ന പൗരാണികമായ ഭരണക്രമം പുനരുദ്ധരിക്കുന്നതിനായി സഭയ്ക്കുള്ളിൽ പ്രവർത്തിക്കാം!
No comments:
Post a Comment