+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Saturday, April 13, 2019

മെത്രാന്റെ അർപ്പണത്തിലും വൈദികന്റെ ന്യായീകരണത്തിലും അവഹേളിക്കപ്പെടുന്ന വി. കുർബാന

മാണ്ഡ്യ രൂപതാധ്യക്ഷനും സിറോ മലബാർ സിനഡ് സെക്രട്ടറിയുമായ ബിഷപ്പ് ആന്റണി കരിയിൽ വി. കുർബാനയെ അവഹേളിച്ചതിനെ ന്യായീകരിച്ചുകൊണ്ടുള്ള രൂപതാ PRO യുടെ ന്യായീകരണകുറിപ്പ് വായിച്ചു! ചിരിയാണ് വന്നത്! തെറ്റ് പറ്റിയാൽ അത് സമ്മതിച്ച് ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കും വിധമുള്ള ന്യായീകരണങ്ങളും ഭീഷണിയും ഒന്നിനും ഒരു പരിഹാരമല്ല! വസ്തുതാപരമായി ഗുരുതരമായ തെറ്റുകളുള്ള വിശദീകരണക്കുറിപ്പ് വായിച്ചാൽ സാമാന്യ ബോധമുള്ളവർ മാണ്ഡ്യ രൂപതായിലില്ലേ എന്ന് തോന്നിപ്പോകും! ബംഗളൂരുവിൽ ഉള്ള, ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വൈദികന് NBCLC എന്താണെന്ന് അറിയില്ലായെന്നു വിശ്വസിക്കാനും മാത്രം പൊട്ടന്മാരല്ല വിശ്വാസികൾ. അതായത് വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ടു മെത്രാനെ രക്ഷിക്കാനുള്ള ശ്രമം വിശ്വാസികൾ കയ്യോടെ പൊക്കിയെന്നു!

ബൈബിൾ, മതബോധനം, ആരാധനക്രമം തുടങ്ങിയ വിഷയങ്ങളിൽ പഠനങ്ങൾ നടത്താൻ CBCI യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് NBCLC. ഇത് തുടങ്ങിയ സമയത്ത് ഇന്ത്യയിലെ എല്ലാ സഭകളുടെയും മേൽ പരമാധികാരമുള്ള സമിതിയായിരുന്നു CBCI. എന്നാൽ കാലക്രമത്തിൽ CBCI പുനഃക്രമീകരിക്കപ്പെടുകയും എല്ലാ സഭകൾക്കും അവരുടെ മെത്രാൻ സമിതികൾ നിലവിൽ വരുകയും ചെയ്തു. ആരാധനക്രമവും മതബോധനവുമൊക്കെ CBCI യുടെ കീഴിൽ നിന്ന് മാറി ഓരോ സഭകളുടെയും സിനഡിന് കീഴിലായി. CBCI യുടെ ലിറ്റർജിക്കൽ കമ്മീഷനൊക്കെ പിരിച്ചുവിട്ടു. നിലവിൽ സിറോ മലബാർ സഭയുടെ കുർബാനയുടെ മേൽ തീരുമാനങ്ങളെടുക്കുവാനുള്ള അവകാശം സിറോ മലബാർ സിനഡിനും റോമിലെ പൗരസ്ത്യ തിരുസംഘത്തിനും മാത്രമാണ്. അതായത് എവിടെയെല്ലാം സിറോ മലബാർ സഭയുടെ കുർബാന അർപ്പിക്കപ്പെടുന്നുണ്ടോ അവിടെയെല്ലാം സിനഡ് തീരുമാനങ്ങളും പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശങ്ങളും പാലിക്കപ്പെട്ടിരിക്കണം. സിറോ മലബാർ സഭയുടെ കുർബാന ഇരുന്നുകൊണ്ട് അർപ്പിക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ല. നിശ്ചയിക്കപ്പെട്ടിരിക്കുന്ന തിരുവസ്ത്രങ്ങൾക്ക് പകരം ഷാൾ പുതച്ച് കുർബാന അർപ്പിക്കാനും സാധിക്കില്ല!

NBCLC ൽ ഇങ്ങനെയൊക്കെ ആകാമെന്ന പ്രചാരണം ശുദ്ധ തട്ടിപ്പാണ്. ലത്തീൻ കുർബാന ഇരുന്നുകൊണ്ട് അർപ്പിക്കാൻ അനുവാദം ഉണ്ടായിരിക്കാം, എന്നാൽ സിറോ മലബാർ സഭയുടെ കുർബാനക്രമത്തിൽ മാറ്റം വരുത്താൻ NBCLC ക്ക് യാതൊരു അധികാരവുമില്ല. ഇതൊന്നും സിനഡ് സെക്രട്ടറിയായ ബിഷപ്പ് കരിയിലിന് അറിയില്ലായെന്ന് വിശ്വസിക്കുക പ്രയാസമാണ്! വിഷയം കൂടുതൽ ഗുരുതരമാക്കുന്നത് ഈ പറഞ്ഞ സ്ഥാപനം മാണ്ഡ്യ രൂപതയുടെ അതിർത്തിക്കുള്ളിൽ വരുന്നുവെന്നതാണ്. തന്റെ രൂപതയുടെ അതിർത്തിക്കുള്ളിൽ സിറോ മലബാർ ക്രമത്തിൽ കുർബാന അർപ്പിക്കുമ്പോൾ സഭയുടെ തിരുവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിനു നീതീകരണമില്ല. ഇതെല്ലാം വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം മറച്ചുവെച്ചുകൊണ്ടു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ പ്രസ്താവനയിറക്കുകയും തെറ്റ് ചൂണ്ടിക്കാണിച്ച വിശ്വാസികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത PRO യുടെ നടപടി പരിതാപകരമെന്നേ പറയാനുള്ളു!

അവിടെ ഇരുന്ന് കുർബാന അർപ്പിക്കാനുള്ള സംവിധാനം മാത്രമേയുള്ളൂവെന്ന് വിലപിക്കുന്ന ബഹു. PRO, വി. കുർബാന അർപ്പിക്കാനുള്ള സൗകര്യങ്ങൾ ആവശ്യപ്പെടുവാൻ കാർമ്മികനും അത് ഒരുക്കി നൽകാൻ സംഘാടകർക്കും ഉത്തരവാദിത്വമില്ലേ? സിറോ മലബാർ സഭയുടെ കുർബാന ഇരുന്ന് അർപ്പിക്കാൻ സാധിക്കില്ലെന്ന് തീർത്ത് പറയാനുള്ള കടമ സിനഡ് സെക്രട്ടറിയായ മെത്രാനില്ലേ? ഓഡിറ്റോറിങ്ങളിൽ പോലും മേശ പിടിച്ചിട്ട് ബലിവേദിയും ബേമയും ഒരുക്കി വി. കുർബാന ആർപ്പിക്കപ്പെടുമ്പോഴാണോ അവിടെ സൗകര്യങ്ങളില്ലായെന്ന മുടന്തൻ ന്യായങ്ങൾ? സഭാ നിയമപ്രകാരം വി. കുർബാന അർപ്പിക്കാൻ താല്പര്യമുള്ള ഒരു മെത്രാനും ഈ പറഞ്ഞ സ്ഥാപനത്തിൽ പോകില്ല. എന്തെങ്കിലും ആവശ്യത്തിന് പോകേണ്ടി വന്നാൽ തന്നെ നട്ടെല്ല് നിവർത്തി നിന്ന് കുർബാന അർപ്പിച്ചിട്ട് തിരിച്ചുപോരും! സത്ന രൂപതയുടെ മുൻ അധ്യക്ഷൻ അഭി. മറ്റം പിതാവ് ഇതേപോലെ ഒരു പ്രാവശ്യം പ്രസ്തുത സ്ഥാപനത്തിൽ പോയ കഥ ഒരു സീനിയർ വൈദികൻ അനുസ്മരിച്ചു. ഇരുന്ന് കുർബാന അർപ്പിക്കാൻ സാധിക്കില്ലായെന്ന് തീർത്ത് പറഞ്ഞ അദ്ദേഹം NBCLC യുടെ ഓഡിറ്റോറിയത്തിൽ മേശ പിടിച്ചിട്ട് ബലിവേദിയൊരുക്കിയാണ് വി. കുർബാന അർപ്പിച്ചത്! അദ്ദേഹം അവിടെ പോയത് നമ്മുടെ തിരുവസ്ത്രങ്ങളും തകസയുമായാണ്. അവർ കൊടുത്ത പുസ്തകവും ഷാളും പറ്റില്ല ഞങ്ങളുടെ സഭയ്ക്ക് തക്‌സയും തിരുവസ്ത്രങ്ങളുമുണ്ടെന്ന് പറഞ്ഞു തന്റെ തിരുവസ്ത്രങ്ങളണിഞ്ഞു കൂടെ കരുതിയ തകസ ഉപയോഗിച്ചാണ് അദ്ദേഹം അവിടെ വി.കുർബാന അർപ്പിച്ചത്. അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ സഭയെ സ്നേഹിക്കുന്ന, വി. കുർബാനയെ ആദരിക്കുന്ന മനസ്സുണ്ടാകണം! ശുഭം!

വാൽ: അല്ലയോ മഴവിൽ മനോരമേ നീയെത്ര ഭേദം! തെറ്റിന് മാപ്പും പറഞ്ഞു ഇനിയും ആവർത്തിക്കില്ലായെന്ന വാക്കും തന്നു! ഇവിടെ കൂദാശ പരികർമ്മം ചെയ്ത് അവഹേളിച്ചതും പോരാഞ്ഞ് തെറ്റ് ചൂണ്ടിക്കാണിച്ച വിശ്വാസികൾക്ക് ഭീഷണിയും!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...