+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Saturday, July 18, 2015

സിറോ മലബാർ സഭാ പ്രവാസികൾക്കായുള്ള അപ്പോസ്തോലിക് വിസിറ്റർ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിനെഴുതുന്ന തുറന്ന കത്ത്


ഹൈദരാബാദ് സിറോ മലബാർ കൂട്ടായ്മയുടെ ദുക്രാനാ ആഘോഷ വേളയിൽ ഹൈദരാബാദ് മിഷൻ കോ-ഓർഡിനെറ്റൊർ ആയി നിയമിതനായ ബഹു. അബ്രാഹം തർമ്മശേരി അച്ചനെ അനുമോധിച്ചുകൊണ്ട് അഭി പിതാവ് നടത്തിയ പ്രസംഗത്തിലെ ഏതാനും ചിന്തകളാണ് ഈ കത്തെഴുതാൻ പ്രേരകമായത്. 

"...അതോടൊപ്പം തന്നെ അദ്ധേഹത്തിനുള്ള ഉത്തരവാദിത്വം എല്ലാവരെയും ചേർത്ത് കൂട്ടിയിണക്കുക... ഇപ്പോൾ നമ്മുക്കറിയാം ഓരോ പള്ളികളും അവരവരുടെ വഴിക്കാണ് പോകുന്നത്... അതൊക്കെ കുറേക്കൂടെ കൃത്യമായിട്ടും..."

ഒന്നാമതായി, 'ഇപ്പോൾ നമ്മുക്കറിയാം ഓരോ പള്ളികളും അവരവരുടെ വഴിക്കാണ് പോകുന്നത്': സഭയിൽ ഐക്യമില്ലാത്തതിന്റെ വിഷമങ്ങൾ മറ്റാരേക്കാളും കൂടുതലായി പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന അഭി. പിതാവിന് മനസ്സിലാകുമെല്ലോ. എന്താണ് ഈ ഐക്യമില്ലായ്മയുടെ കാരണം? ഇതെങ്ങനെ പരിഹരിക്കാം?  ഓരോ പള്ളികളും അവരവരുടെ വഴിക്ക് പോകുന്നു എന്നത് ഹൈദരാബാദ് മാത്രം അല്ല. സിറോ മലബാർ സഭയിൽ ആകമാനമുള്ള ഒരു പ്രതിഭാസം ആണ്. വിശിഷ്യാ പ്രവാസികൾക്കായുള്ള കേന്ദ്രങ്ങളിൽ. ഓരോ പള്ളികളും എന്ന് പറയുന്നതിനെക്കാളും ശരി ഓരോ വൈദികരും എന്ന് പറയുന്നതാവും. വത്തിക്കാന്റെ നിർദേശങ്ങളും സഭയുടെ വിശുദ്ധ പാരമ്പര്യംങ്ങളും അനുസരിച്ച് പുനരുദ്ധരിക്കപ്പെട്ട വി. കുർബാനക്രമം നിശ്ചയിക്കപ്പെട്ട രീതിയിൽ അർപ്പിക്കാതെ ഓരോ വൈദികർക്കും ഇഷ്ടാനുസരണം പ്രവർത്തിക്കാവുന്ന അത്യന്തം പരിതാപകരമായ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് ആരാണ്? ആരുടെയൊക്കെയോ സ്വാർത്ഥ  താൽപര്യങ്ങൾക്കും അധികാര മോഹങ്ങൾക്കും  വേണ്ടി സഭയുടെ ആരാധനക്രമത്തിലും വി. കുർബാനയിലും വെള്ളം ചേർത്തതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ ഐക്യമില്ലായ്മ്മ. സഭയുടെ വി. പാരമ്പര്യങ്ങൾക്കും പഠനങ്ങൾക്കും വിരുദ്ധമായി ലത്തീൻ സഭയിൽ 2- നാം വത്തിക്കാൻ സൂനഹദോസിന് ശേഷം രൂപം കൊണ്ട ജനാഭിമുഖ കുർബാനയർപ്പണം  പൌരസ്ത്യ സഭയായ മലബാർ സഭയിൽ ആരംഭിച്ചതല്ലേ ഈ ഐക്യമില്ലായ്മയുടെ പ്രധാന കാരണം? ഇന്ന് ജീവിചിരിക്കുന്നവരിൽ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനടിക് 16- നാം  പാപ്പ വരെ  അൾത്താര അഭിമുഖമായിട്ടാണ് വി. കുർബാന  അർപ്പിക്കേണ്ടത് എന്ന് പറഞ്ഞിട്ടും എന്തേ പാരമ്പര്യങ്ങളിലേക്ക് മടങ്ങി പോകാൻ ഉറച്ച തീരുമാനങ്ങൾ നമ്മുടെ സഭയിൽ ഉണ്ടാകുന്നില്ല?

വി. കുർബാനയർപ്പണ ശൈലിയുടെ കാര്യത്തിൽ സഭയുടെ രൂപതകൾ തമ്മിൽ ഐക്യമില്ല. പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശങ്ങൾക്കും സഭയുടെ പാരമ്പര്യങ്ങൾക്കും അനുസൃതമായി അൾത്താര അഭിമുഖമായി മുഴുവൻ കുർബാനയും അർപ്പിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത ഒരു വശത്തും. ലത്തീൻ പ്രേമം പല കാരണങ്ങൾ കൊണ്ടും ഉപേക്ഷിക്കാതെ ഇന്നും ജനാഭിമുഖമായ ബലിയർപ്പണവുമായി മുന്നോട്ടു പോകുന്ന എറണാകുളം-തൃശൂർ അതിരൂപതകൾ മറുവശത്തും. വി. കുർബാനയർപ്പണത്തിൽ ഐക്യമുണ്ടാകണം എന്നാഗ്രഹിച്ച സിറോ മലബാർ സിനഡ് പൊതു ധാരണയനുസരിച്ച് ജനാഭിമുഖത്തിൽ തുടങ്ങി കൂദാശാ ഭാഗങ്ങൾ അൾത്താര അഭിമുഖമായി അർപ്പിക്കുന്ന സിനഡ് ക്രമത്തിന് രൂപം കൊടുത്തു. ഇതേ തുടർന്ന് ചങ്ങനാശ്ശേരി ഉൾപ്പെടെ സഭയുടെ ശൈലിക്ക് ചേർന്ന വി. കുർബാനയർപ്പണം നിലവിലിരുന്ന രൂപതകൾ സിനഡ് ക്രമത്തിലെക്ക് മാറി. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടേ, എറണാകുളം അതിരൂപതയിലെ ചില വൈദികരുടെ നിർബന്ധത്തിനു വഴങ്ങി സിനഡ് തീരുമാനത്തിനു വിരുദ്ധമായി  സ്വന്തം അതിരൂപതയിൽ  ഇളവനുവദിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ്പിനു ഉത്തരവ് ഇറക്കേണ്ടി വന്നു! അങ്ങനെ ജനാഭിമുഖം ബലിയർപ്പിക്കുന്നവർ പഴയ പടി തുടർന്നു. സിനഡ് തീരുമാനം ഉദ്ദേശിച്ച ഫലം ഉളവാക്കില്ല എന്ന് ഉറപ്പായ  സാഹചര്യത്തിൽ  കാത്തിരിപ്പുകൾക്ക് ശേഷം പൂർണ്ണമായും അൾത്താര അഭിമുഖമായ നിലപാടിലേക്ക് ചങ്ങനാശേരിയും മടങ്ങി. 

ഇന്ന് സിറോ മലബാർ സഭയിൽ ഓരോ രൂപതകൾക്കും അവരുടേതായ ശൈലികളാണ്. എന്തേ വി. കുർബാനയർപ്പണത്തിൽ സഭയുടെ പാരമ്പര്യങ്ങൾക്ക് അനുസൃതമായ ഒരു ഐക്യ രൂപം ഉണ്ടാക്കാൻ നേതൃത്വം ശ്രമിക്കുന്നില്ല? ഈ വിഷയം തീരുമാനമാക്കാതെ ദശാബ്ദങ്ങളായി നീട്ടിക്കൊണ്ട്  പോകുന്നത് തല്സ്ഥിതി തുടരാനും ഐക്യം ഉണ്ടാകുന്നത് തടയാനും അത് വഴി സഭയെ ഇല്ലാതാക്കുവാനുമുള്ള  സ്വാർത്ഥ മോഹികളുടെ  ഗൂടലക്ഷ്യം ആയിക്കൂടേ?

പല രൂപതകളിൽ നിന്നുള്ള വിശ്വാസികളും വൈദികരും പ്രവാസി കേന്ദ്രങ്ങളിൽ എത്തുമ്പോൾ തങ്ങൾ അനുഭവിച്ച് വളർന്ന രീതിയിൽ തന്നെ കുർബാനയപ്പണം നടത്താൻ ശ്രമിക്കും. അങ്ങനെ ഒരു അവിയൽ സംസ്ക്കാരത്തിലാണ് നമ്മുടെ പ്രവാസി കേന്ദ്രങ്ങൾ. പള്ളികളും വൈദികരും മാറുന്നതനുസരിച്ച് പുതിയ പുതിയ രീതികളും പുത്തൻ പാരമ്പര്യങ്ങളും! ഇതിനെല്ലാം ഇടക്ക് നട്ടം തിരിയുന്ന വിശ്വാസികളും! 

രൂപതകൾ തമ്മിലുള്ള ഭിന്നതകളാണ് മുകളിൽ പ്രസ്ഥാവിച്ചതുൽപ്പടെയുള്ള ഇന്നത്തെ മലബാര് സഭയുടെ എല്ലാ പ്രശനങ്ങൾക്കും മൂല കാരണം. ഈ ഭിന്നതകലുടെ പ്രധാന കാരണം വി. കുർബാനയർപ്പണ രീതിയും! ഭിന്നതകലുടെ എല്ലാം മൂല കാരണം ഇതായിരിക്കെ സഭ ഏറ്റവും പ്രാധാന്യതോടെ കൈകാര്യം ചെയ്യേണ്ടതും എറ്റവും വേഗത്തിൽ പരിഹാരം കാണേണ്ടതുമായ വിഷയം വി.കുർബാനയാണ്. എന്നാൽ വർഷത്തിൽ 2 പ്രാവശ്യം സമ്മേളിക്കുന്ന സിനഡ് ഈ വിഷയം പ്രതിപാതിച്ചു കാണാറേ  ഇല്ല. രോഗത്തിന് ചികിത്സിക്കാതെ രോഗലക്ഷണങ്ങൾക്ക്  വർഷങ്ങളോളം ചികിത്സിച്ചാലും രോഗം മാറുമോ? സഭയുടെ ഏറ്റവും വലിയ ആഘോഷമായ, അനുസ്മരണമായ വി. കുർബാന ശരിയായി അർപ്പിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഒരു സഭ എന്ന നിലയിൽ സിറോ- മലബാർ സഭയുടെ തന്നെ നിലനിൽപ്പിന് എന്ത് അർത്ഥമാണുള്ളത്? പിന്നെ എന്തിനാണ് പ്രവാസികൾക്ക് പ്രത്യേകം സംവീധാനങ്ങളും പള്ളികളും? അടുത്തുള്ള ലത്തീൻ പള്ളികളിൽ പോയാൽ പോരേ? പരമ പ്രധാനമായി ഐക്യം ഉണ്ടാകേണ്ടത് വി. കുർബാനയർപ്പണത്തിലാണ്. വി. കുർബാനയർപ്പണത്തിൽ ഐക്യരൂപം ഉണ്ടാകാതെ വേറെ എന്തൊക്കെ ചെയ്താലും ഒരു പ്രയോജനവും ഉണ്ടാവില്ല!       

അതുകൊണ്ട് സഭയിൽ ഐക്യം ഉണ്ടാകുവാനും, പ്രവാസികൾക്കിടയിൽ സമാധാനം ഉണ്ടാകുവാനും പിതാവ് ആത്മാർധമായി ആഗ്രഹിക്കുന്നു എങ്കിൽ, ആദ്യം ചെയ്യേണ്ടത് വി. കുർബാനയിൽ എത്രയും വേഗം ഐക്യരൂപം ഉണ്ടാക്കുവാനും വി. കുർബാനയർപ്പണത്തിനു കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുവാനും അതൊക്കെ ശരിയായി നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കുവാനും സഭാ സിനടിലും മേജർ ആർച്ച് ബിഷപ്പിനോടും ആവശ്യപ്പെടുകയാണ്. അല്ലാതെ കതിരിൽ വളം വയ്ക്കുന്ന ചികിത്സകൾ കൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല. 

രണ്ടാമതായി, പള്ളികൾ തമ്മിൽ ഐക്യം ഉണ്ടാകാൻ ഹൈദരാബാദിൽ ഏത് രീതി അനുവർത്തിക്കണം എന്നാണ് പിതാവ് ആഗ്രഹിക്കുന്നത്?  പാരമ്പര്യങ്ങളോടും വത്തിക്കാന്റെ നിർദേശങ്ങളോടും ചേർന്ന് പോകുന്ന അൾത്താര അഭിമുഖ ശൈലിയോ, തെറ്റിദ്ധാരണകൾ ജന്മം കൊടുത്ത ജനാഭിമുഖ ശൈലിയോ അതോ സിനഡ് ശൈലിയോ? തങ്ങൾ പിന്തുടർന്നിരുന്ന ശരിയായ വി. കുർബാനയർപ്പണ ശൈലിയിൽ നിന്ന് മാറി വിവിധ രൂപതാങ്ങങ്ങൾ അധിവസിക്കുന്ന പ്രവാസി കേന്ദ്രത്തിൽ സിനഡ് ക്രമം നടപ്പിലാക്കാൻ ശ്രമിക്കുന്ന ചങ്ങനാശ്ശേരി വൈദികരെ എത്ര അനുമോധിച്ചാലും മതിയാവില്ല! പ്രവാസി കേന്ദ്രങ്ങളിൽ ഐക്യ രൂപം ഉണ്ടാകുവാൻ ഏറ്റവും നല്ല മാർഗ്ഗം സിനഡ് നിർദ്ദേശങ്ങൾ അതേ പോലെ നടപ്പിലാക്കുക എന്നതല്ലേ? അതിനുള്ള ചങ്കൂറ്റം എന്തേ പിതാവിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നില്ല? കേവലം പ്രസംഗങ്ങലേക്കാൾ ആത്മാർഥതയുള്ള തീരുമാനങ്ങൾ ആണ് ഉണ്ടാവേണ്ടത്. എല്ലാ പ്രവാസി കേന്ദ്രങ്ങളിലും സിനഡ് ക്രമം നടപ്പിലാക്കണം എന്ന് ഉത്തരവിറക്കാൻ പിതാവിന് സാധിക്കുമോ? സഭയുടെ വളർച്ചയും നന്മയും ആത്മാർഥമായി ആഗ്രഹിക്കുന്നു എങ്കിൽ പിതാവ് ചെയ്യേണ്ടിയിരുന്നത് അതാണ്‌. 

അതല്ല, ഒരിടത്തും തൊടാതെ, ഒഴുക്കൻ മട്ടിൽ 'എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണം' എന്ന് ചങ്ങനാശേരിക്കാരൻ അച്ചനെ ഉപദേശിച്ചപ്പോൾ  പിതാവ് ഉദേശിച്ചത് 'നിങ്ങൾ വല്ല്യ സഭാ സ്നേഹം ഒന്നും കാണിക്കേണ്ട, മറ്റുള്ളവരെ പോലെ ഇവിടെയും എങ്ങനെ എങ്കിലും ഒക്കെ കുർബാന ചൊല്ലിയാൽ മതി' എന്നാണെങ്കിൽ, സിനഡ് തീരുമാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കിയിരുന്ന ഒരേ ഒരു പ്രവാസി കേന്ദ്രത്തിന്റെ കടയ്ക്കൽ കോടാലി വെക്കാൻ കൂട്ടുനിന്നവരുടെ ഗണത്തിൽ മുൻപന്തിയിലാകും ചരിത്രത്തിൽ അങ്ങയുടെയും സ്ഥാനം. അങ്ങനെ സംഭവിക്കരുതേ എന്ന് ആത്മാർഥമായി പ്രാർഥിക്കുകയാണ്.

നമ്മളെക്കാൾ തീരെ ചെറിയ സിറോ മലങ്കര സഭ, വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ, വളർന്ന്, നമ്മൾ ഇന്നും സ്വപ്നം കാണുന്ന ഭാരതം മുഴുവനുമുളള  അധികാര സ്വാതന്ത്ര്യം വരെ എത്തിപ്പിടിച്ചത് തങ്ങളുടെ സഭാ പാരമ്പര്യങ്ങളിൽ അടിയുറച്ച്, ഒറ്റകെട്ടായി, ഐക്യ ബോധത്തോടെ മുന്നേറിയതുകൊണ്ടാണ് എന്ന സത്യം നമ്മുക്ക് മറക്കാതിരിക്കാം. മാതൃ സഭയെ സ്നേഹിക്കുന്ന, അവളുടെ വിശുദ്ധ പാരമ്പര്യങ്ങളിൽ അഭിമാനിക്കുന്ന സമൂഹമായി നമ്മുക്ക്‌  മാറാം. വി. കുർബാന നമ്മുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രകാശനം ആകട്ടെ. വി. കുർബാനയിൽ തുടക്കം കുറിക്കേണ്ട ഐക്യം മലബാർ സഭയെ തീർച്ചയായും എല്ലാ മേഖലയിലും ഒരേ ആത്മാവും ഒരേ ശരീരവുമായി വളർച്ചയിലേക്ക് നയിക്കും.

 സഭയുടെ നന്മയ്ക്കും ദൈവ മഹത്വതിനുമായി ഉറച്ച  തീരുമാനങ്ങൾ എടുക്കുവാനും അവ നടപ്പിലാക്കുവാനും ശക്തിയും ധൈര്യവും അഭി പിതാവിനും സൂനഹദൊസിനും  പരിശുദ്ധാത്മാവ് നല്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് നിർത്തട്ടെ, 

ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ടെ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...