ദൈവാലയത്തിന്റെ കേന്ദ്രം ബലിപീടം ആണ്. നാം കുമ്പിടുന്നതും വണങ്ങുന്നതും ഒക്കെ ബലിപീടത്തെ ആണ്. എന്നാൽ ഈ വസ്തുത എത്ര പേർ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നത് സംശയകരമാണ്. ദൈവാലയത്തിന്റെ മധ്യഭാഗത്ത് കുമ്പിടുന്നത് അവിടെ ക്രൂശിതരൂപം ഉള്ളതുകൊണ്ടോ സക്രാരി ഉള്ളതുകൊണ്ടോ സ്ലീവ ഉള്ളതുകൊണ്ടോ അതുമല്ലെങ്കിൽ മാതാവിന്റെയോ മറ്റു വിശുധരുടെയോ രൂപങ്ങളോ ചിത്രങ്ങളോ ഉള്ളതുകൊണ്ടോ ഒക്കെ ആണെന്ന് വിശ്വസിക്കുന്നവരാണ് മഹാ ഭൂരിപക്ഷവും. എന്നാൽ നാം വണങ്ങുന്നത് അല്ലെങ്കിൽ വണങ്ങേണ്ടത് ബലിപീടത്തെയാണ്.
നസ്രാണി സഭയിൽ സക്രാരിയോ വി. കുർബാന സൂക്ഷിച്ചു വെക്കുന്ന പതിവോ വി. കുർബാന എഴുന്നള്ളിച്ചു വച്ച് ആരാധിക്കുന്ന രീതിയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവയുടെ ഒക്കെ കടന്നു വരവോടെ പലരുടെയും ചിന്തകളിൽ ആരാധനയ്ക്ക് വി. കുർബാന ഉണ്ടാക്കാനുള്ള ഒരു ചടങ്ങായി വി. കുർബാനയർപ്പണം മാറിക്കഴിഞ്ഞു. അതോടൊപ്പം തന്നെ സക്രാരിക്ക് ബലിപീടത്തേക്കാൾ പ്രാധാന്യവും പലരും കൊടുത്ത് തുടങ്ങി. ഈ ഒരു സന്ദർഭത്തിൽ ദൈവാലയത്തിന്റെ കേന്ദ്രം ബലിപീടമാണെന്ന വസ്തുത പ്രകടമാക്കാൻ ആണ് സക്രാരി കേന്ദ്ര ഭാഗത്തുനിന്നു (അൾത്താര) മാറ്റി വശങ്ങളിൽ ക്രമീകരിക്കുവാൻ തുടങ്ങിയത്.
മറ്റു പലർക്കും പ്രധാനം വമ്പൻ ക്രൂശിത രൂപങ്ങളും മാതാവിന്റെയും മറ്റു വിശുധരുറെയും പ്രതിമകളും ചിത്രങ്ങളും ഒക്കെ ആണ്!!
വി. കുർബാനയിൽ സർവ്വാധിപനാം കർത്താവേ എന്ന ഗാനം ആലപിക്കുമ്പോൾ നാം വണങ്ങുന്നത് ബലിപീടത്തേയാണ്. മറ്റൊന്നിനെയും അല്ല. ഇത് അറിയാഞ്ഞിട്ടാണോ അറിയില്ലാ എന്ന് നടിച്ചുകൊണ്ടാണോ ബേമ്മായില്ലാതെ ജനാഭിമുഖ കുർബാനയർപ്പിക്കുമ്പോൾ കാർമ്മികർ ബലിപീടത്തിനു പുറം തിരിഞ്ഞുനിന്നു ഭിത്തിയിലെ രൂപങ്ങളെയോ ചിത്രങ്ങളെയോ വണങ്ങുന്നത്? മെത്രാന്മാർ പോലും ഇങ്ങനെ ചെയ്യുമ്പോൾ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
സിനഡ് കുർബാനയർപ്പിച്ച് ശീലമില്ലാത്ത ഒരു സിറോ മലബാർ മെത്രാൻ കുർബാനയർപ്പണം കഴിഞ്ഞ് ബലിപീടത്തോടുള്ള യാത്രചോദിക്കൽ (വിശുധീകരണത്തിന്റെ ബലിപീടമേ സ്വസ്തി എന്ന പ്രാർത്ഥന) ബേമ്മായോട് നടത്തി, ബേമ്മാ ചുംബിച്ച് വിടവാങ്ങുന്നതും കാണാൻ സാധിച്ചു. നമ്മുടെ ഈ പോക്ക് എങ്ങോട്ടാണ്? ഈശോ മിശിഹായുടെ വി. ബലിപീടത്തിന്റെ പ്രാധാന്യം നമ്മുക്ക് മറക്കാതിരിക്കാം. ഓരോ തവണ കുമ്പിടുമ്പോഴും ഇത് മനസ്സിലുണ്ടാകട്ടെ.
No comments:
Post a Comment