+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Thursday, January 7, 2016

സ്ലീവാ* വിവാദം- ഒരു തിരിഞ്ഞുനോട്ടം!

ഞങ്ങൾ പണ്ട് തോമാ ശ്ലീഹയിൽ നിന്ന് വിശ്വാസം സ്വീകരിച്ച് മാർഗ്ഗം കൂടിയവരാ!!! അല്ലെങ്കിൽ അതി പുരാതന ക്രൈസ്തവ കുടുംബമാണ് ഞങ്ങളുടേത്...ഇത്തരത്തിൽ സ്വന്തം വിശ്വാസ പാരമ്പര്യത്തിൽ** അഭിമാനിക്കുന്നവരാണ് നസ്രാണികൾ . എന്നാൽ ഇവരിൽ പലരും അറിഞ്ഞോ അറിയാതെയോ പറയാതെ പറയുന്ന മറ്റൊന്ന് കൂടെ ഉണ്ട്! "ഞങ്ങളുടെ പൂർവ്വികർ പാഷണ്ടതക്കാരായിരുന്നു. അതായത് സത്യവിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് പോയ കൂട്ടം ആണ് ഞങ്ങളുടേത്" പരസ്പര വിരുദ്ധമായ രണ്ടു വാദങ്ങൾ ആണിതെന്നു ആർക്കും മനസ്സിലാകും! എന്നാൽ ഇതൊന്നും മനസ്സിലാക്കാത്ത ചില മാർഗ്ഗവാസികൾ ഇപ്പോഴും വർണ്ണകടലാസിൽ പൊതിഞ്ഞുകിട്ടിയ ഈ പാഷാണാവും നോക്കി വായിൽ കപ്പലോടിച്ച് കളിക്കുന്നു! ആ വർണ്ണകടലാസിൽ പൊതിഞ്ഞു വെച്ചിരിക്കുന്നത് മറ്റൊന്നുമല്ല! സ്വന്തം ചരിത്രം അറിയാത്ത നസ്രാണികളെ പറ്റിക്കാനും തമ്മിൽ തല്ലിച്ച് ഇല്ലാതാക്കാനും സ്വാർത്ഥ മോഹികൾ ഇറക്കി വിടുന്ന വിവാദങ്ങൾ തന്നെ! നസ്രാണി സഭയുടെ ചരിത്രത്തിൽ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള വിവാദങ്ങൾക്ക് ഒരു പഞ്ഞവും ഉണ്ടായിട്ടില്ല!

ആധുനിക സിറോ മലബാർ സഭയെ വെട്ടിമുറിച്ച വിവാദമായിരുന്നു മാർ തോമാ സ്ലീവായുടെ പേരിൽ അരങ്ങേറിയത്! സ്ലീവായ്ക്കെതിരെയുള്ള ഏറ്റവും വലിയ വാദം സ്ലീവ മാനിക്കെയരുടെതാണ് എന്നതായിരുന്നു. മാനിക്കേയ മതത്തെ കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച ചരിത്രകാരന്മാർ എല്ലാവരും ഏക സ്വരത്തിൽ പറയുന്നത് അവർ സ്ലീവായുടെ ഒരു വകഭേതവും ഉപയോഗിച്ചിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ല എന്നാണ്. എന്നാൽ നമ്മുടെ ആൾക്കാർക്ക് മാർതോമ്മ സ്ലീവ മാനിയുടേതായി! ഇതാണ് മുകളിൽ പ്രസ്താവിച്ച 'പറയാതെ പറയുന്ന വാദം!' 16- ആം നൂറ്റാണ്ടു വരെ നസ്രാണികളുടെ എല്ലാ പള്ളികളിലും അതി വിശുദ്ധ സ്ഥലമായ മദ്ബഹായുടെ കിഴക്കേ ഭിത്തിയിൽ ഉണ്ടായിരുന്ന ഏക വസ്തു മാർ തോമ്മാ സ്ലീവായായിരുന്നു എന്ന് എല്ലാ ചരിത്രകാരന്മാരും സഞ്ചാരികളും എഴുതിവച്ചിരിക്കുന്ന ചരിത്രമാണ്! നസ്രാണികളുടെ പള്ളികൾ ഒട്ടനവധി സ്ലീവാകളാൽ അലങ്കൃതമായിരുന്നുവെന്നും നസ്രാണികൾക്ക് സ്ലീവായോടുണ്ടായിരുന്ന സവിശേഷമായ ഭക്തിയും ബഹുമാനവും തങ്ങൾ വരുന്നതിനും വളരെ പണ്ടുമുതലേ ഉണ്ടായിരുന്നതാകാമെന്നും, 16-ആം നൂറ്റാണ്ടിൽ എഴുതിവച്ചിരിക്കുന്നത്, നസ്രാണി സഭയ്ക്ക് ഏറ്റവുമധികം ദ്രോഹം ചെയ്ത, ഉദയംപേരൂർ സമ്മേളനം വിളിച്ചു കൂട്ടിയ മേനെസിസ് മെത്രാപോലിത്തയുടെ,  സ്വന്തം ചരിത്രകാരനായ ഗുവായാണ്. ഇത്തരത്തിൽ നമ്മുടെ പൂർവ്വികർ പരിപാവനമായി വണങ്ങിയിരുന്ന, നമ്മുടെ പള്ളികളിലെ അതി വിശുദ്ധ സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന സ്ലീവ മാനിക്കേയരുടേതാണ്  എന്ന് പറയുന്നതും നമ്മുടെ പൂർവ്വികർ മാനിക്കെയരോ പാഷണ്ടാതക്കാരോ ആയിരുന്നു എന്നു പറയുന്നതും തമ്മിൽ എന്താണ് വ്യത്യാസം? 2000 വർഷത്തെ പാരമ്പര്യം പറഞ്ഞുനടക്കുന്നവർ തന്നെ സ്ലീവായെകുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സ്വയം അപഹാസ്യരാകുന്ന ദയനീയ അവസ്ഥ. 


1972 ൽ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ  1900-ആം വാർഷിക സ്മാരകമായി കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയപ്പോൾ അതിൽ മാർ തോമാ നസ്രാണികളുടെ വിശ്വാസത്തിൽ ജന്മം കൊണ്ട മാർ തോമാ സ്ലീവ തന്നെ മതിയെന്ന് ഭാരതത്തിലെ എല്ലാ മെത്രാന്മാരും ഒറ്റക്കെട്ടായി  എടുത്ത തീരുമാനം ആയിരുന്നു. കർദിനാൾ മാർ പാറെക്കാട്ടിൽ ആയിരുന്നു അന്ന് സിറോ മലബാർ സഭയുടെ തലവൻ. പിന്നീട് നടന്ന മെത്രാന്മാരുടെ ചീഞ്ഞു നാറിയ രാഷ്ട്രിയ കളികളിൽ നിർഭാഗ്യവശാൽ സ്ലീവായും വലിച്ചിഴക്കപ്പെട്ടു! സ്ലീവായ്ക് പ്രാധാന്യം കൊടുത്ത മെത്രാന്മാരുടെ എതിർ ചേരിയിൽ നിന്ന് ഉയർന്നു കേട്ട വാദ മുഖങ്ങൾ മുകളിൽ വർണ്ണിച്ചവയായിരുന്നു! സ്ലീവ പരസ്യമായി കത്തിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായി. ഒരു മെത്രാന് പണി കുരിശുകൃഷി ആണെന്നും ചാണകവെള്ളത്തിൽ മുക്കി നാടുനീളെ അദ്ദേഹം കുരിശ് കുഴിചിട്ടിട്ടുണ്ടെന്നും വരെ പറഞ്ഞു നടന്നു! മൈലാപ്പൂരിനു പുറമേ ഗോവ, ആലങ്ങാട്ട്, കടമറ്റം, കോതനല്ലൂർ, മുട്ടുചിറ, കോട്ടയം എന്നീ സ്ഥലങ്ങളിൽ നിന്ന് പൌരാണികമായ സ്ലീവാകൾ കണ്ടെടുത്തിട്ടുണ്ട്. ഇവയൊന്നും മേൽ പറഞ്ഞ മെത്രാന്റെ രൂപതയിൽ പെട്ട പള്ളികൾ അല്ല! ഏറ്റവും പൌരാണികമായാത് എന്ന് ആധുനിക ചരിത്രകാരന്മാർ അനുമാനിക്കുന്നത് ആലങ്ങാട്ട് സ്ലീവായാണ്. ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ അച്ചനാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഈ സ്ലീവ 1931 ൽ കണ്ടെടുക്കുന്നത്. ഇതേ തുടർന്നു മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപൊലീത്ത സ്ലീവായുടെ സവിശേഷ പാരമ്പര്യത്തെക്കുറിച്ച് എറണാകുളം മിസ്സത്തിൽ എഴുതുകയും ചെയ്തിരുന്നു. ഇതെല്ലാം മറന്നുകൊണ്ടായിരുന്നു സ്ലീവയെ ശപിച്ചു തള്ളാനുള്ള പ്രവർത്തനങ്ങൾ. ആ കഷ്ടപ്പാടുകൾ ഒന്നും തന്നെ വെറുതേയായില്ല!  വിശ്വാസികളുടെ മനസ്സിൽ ആഴത്തിൽ തന്നെ ഈ വാദങ്ങൾ പതിഞ്ഞിരുന്നു. ഒരു കാലത്ത് പൂർവ്വികർ ഏറ്റവും പ്രാധാന്യത്തോടെ വണങ്ങിയിരുന്ന സ്ലീവയെ 'പാഷണ്ട കുരിശാക്കി ശപിച്ച് തള്ളി' എന്ന് തന്നെ പറയാം.


ഈ വിവാദങ്ങൾ കൊണ്ട് ആര് എന്ത് നേടി? സഭയ്ക്ക് ഇവ സമ്മാനിച്ചത് തീരാ നഷ്ടങ്ങൾ മാത്രമായിരുന്നു. സ്ലീവാ വിവാദവും  ഇതിനെ തുടർന്നുണ്ടായ മറ്റു വിവാദങ്ങളും സഭയ്ക്ക് നല്കിയത് സ്വന്തം ചരിത്രത്തെ കുറിച്ച് അജ്ഞരായ തലമുറകളെ ആയിരുന്നു! അജ്ഞതയെക്കാൾ ഉപരിയായി സ്വന്തം പിതാമഹന്മാർ ജീവനുതുല്ല്യം സ്നേഹിച്ച പാരമ്പര്യങ്ങളെ നിഷേധിക്കുവാനും വിലകുറച്ച് കാണുവാനും പുശ്ചിച്ച് തള്ളുവാനും മാത്രം അറിയാവുന്ന തലമുറകൾ. സ്വന്തം പിതാമഹന്മാർ എന്തിനു വേണ്ടിയാണോ പോരാടിയത് അതിനേക്കാൾ നീചമായ കാര്യങ്ങൾ കണ്മുൻപിൽ  അരങ്ങേറിയിട്ടും അതൊന്നും മനസ്സിലാക്കാനാവാതെ അത് ചെയ്യുന്നവരെ പല്ലക്കിലേറ്റുന്ന തലമുറ! ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെയോ? സത്യം ഇങ്ങനെയെല്ലാം ആയിരിക്കേ എന്റെയോ നിങ്ങലുടെയൊ ജീവിതകാലത്ത് ഇതിനു മാറ്റം വരാൻ പോകുന്നില്ല എന്ന് പറയുന്ന ഇടയ ശ്രേഷ്ടന്മാർ! 


സ്ലീവാ അലങ്കരിച്ചിരുന്ന അതി വിശുദ്ധ സ്ഥലം ഇന്ന് മഹാ ഭൂരിപക്ഷം പള്ളികളിലും കേവലം 4-5 നൂറ്റാണ്ടുകൾ മാത്രം മുൻപ് വിദേശ മിഷനറിമാർ അവതരിപ്പിച്ച ക്രൂശിത രൂപങ്ങളും മറ്റു പ്രതിമകളും കയ്യടക്കി കഴിഞ്ഞു. ഇതൊന്നും ഇല്ലാത്ത ഒരു മദ്ബഹ ഇന്ന് പലർക്കും സങ്കല്പിക്കാൻ പോലും സാധ്യമല്ലാതായി. മദ്ബഹായിൽ നമ്മുടെ പാരമ്പര്യം അനുസരിച്ച് സ്ലീവായാണ് വയ്ക്കേണ്ടത് എന്ന വാദത്തെ ഈശോയുടെ പീഡാനുഭവത്തോടും ക്രൂശിതരൂപത്തോടുമുള്ള നിന്ദനമായി പോലും പലരും ചിത്രീകരിച്ചു. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉത്ഥാനമാണ്. ഉത്ഥാന കേന്ദ്രീകൃതമായ ജീവിതമായിരുന്നു ആദിമ സഭകളുടെത്. ശൂന്യമായ കല്ലറയും ശൂന്യമായ സ്ലീവായും ഉത്ധിതന്റെ പ്രതീകമായി അവർ കണ്ടിരുന്നു. അതിനാൽ തന്നെ ശൂന്യമായ സ്ലീവായാണ് ആദിമ നൂറ്റാണ്ടുകൾ മുതൽ സഭയിൽ ഉപയോഗിച്ച് പോന്നിരുന്നത്. മദ്ധ്യ നൂറ്റാണ്ടുകളിൽ പാശ്ചാത്യ നാടുകളിൽ വിശ്വാസത്തിനു ക്ഷതം സംഭവിച്ച അവസരത്തിൽ മനുഷ്യന്റെ വൈകാരികതയെ ചൂഷണം ചെയ്തുകൊണ്ട് വളർന്നുവന്ന പീഡാനുഭവ ഭക്തി പ്രസ്ഥാനങ്ങളാണ് ക്രൂശിത രൂപങ്ങൾക്ക് പ്രാധാന്യം നല്കിയത്. ക്രമേണ ലാറ്റിൻ സഭ മുഴുവനിലും, മിഷനറിമാർ മുഖേന നസ്രാണികളുടെ ഇടയിലും ഇവ കടന്നുവന്നു. തല്ഫലമായി നമ്മുടെ വിശ്വാസത്തിന്റെ പ്രകാശനമായിരുന്ന സ്ലീവാ വിസ്മൃതിയിലാണ്ടു. 


നമ്മുടെ ആരാധനക്രമപ്രകാരം മദ്ബഹ സ്വർഗത്തിന്റെ പ്രതീകമാണ്. ഭൂമിയിലെ സ്വർഗമാണ്. അവിടെ കർത്താവ്‌ ഇപ്പോഴും കുരിശിൽ തൂങ്ങുന്നു! എന്തൊരു വിരോധാഭാസം! നമ്മുടെ സ്ലീവായ്ക് അർഹമായ പ്രാധാന്യം നല്കേണ്ടത് നമ്മുടെ കടമയാണ്. പൂർവ്വ പിതാക്കന്മാർ ജീവനുതുല്ല്യം സ്നേഹിച്ച സ്ലീവായെ, നമ്മുടെ വിശ്വാസത്തിന്റെ പ്രകാശനമായ സ്ലീവായെ ഏറ്റവും പ്രാധാന്യത്തോടെ നമ്മുടെ പള്ളികളിലും ഭവനങ്ങളിലും ഹൃദയങ്ങളിലും പുന പ്രതിഷ്ടിയ്ക്കാൻ എന്നാണു നമ്മുക്ക് സാധിക്കുന്നത്? 


*സ്ലീവാ എന്ന പദം തന്നെ നമ്മുക്ക് അന്യമായി കഴിഞ്ഞു. ആദിമ നൂറ്റാണ്ടു മുതൽ നമ്മുടെ ആരാധനാ ഭാഷയായ, പൌരസ്ത്യ സുറിയാനിയിൽ നിന്ന് കടംകൊണ്ട പദമാണ് സ്ലീവ. സുറിയാനിയിൽ സ്ലീവായ്ക്ക് കുരിശ് എന്നും ക്രൂശിതൻ എന്നും അർത്ഥമുണ്ട്. തമിഴിൽ ഇന്നും സിലുവയ് എന്ന പദമാണ് ഉപയോഗിക്കുന്നത്. 16-ആം നൂറ്റാണ്ടോടെ മലയാളീകരിക്കപ്പെട്ട 'കുരിശ്' എന്ന പദം സ്ലീവായെ വിഴുങ്ങി കളഞ്ഞു എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല! പള്ളി, ശ്ലീഹ, കത്തനാർ, മാമ്മോദീസ എന്ന് തുടങ്ങി നമ്മൾ പരമ്പരാകതമായി ഉപയോഗിച്ചിരുന്ന പല വാക്കുകളും ഇതുപോലെ ഇന്ന് നമ്മുക്ക് അന്യമാവുകയാണ്.  ദൈവാലയം, അപ്പസ്തോലൻ, അച്ചൻ, ജ്ഞാനസ്നാനം എന്ന് തുടങ്ങി സംസ്കൃതത്തിൽ നിന്നും ആംഗലേയ ഭാഷയിൽ നിന്നുമൊക്കെ മലയാളീകരിച്ച പദങ്ങളുടെ ഉപയോഗം മൂലം വിസ്മൃതിയിലാകുന്നത് 2000 വർഷങ്ങൾക്കൊണ്ട് നമ്മുടെ സമൂഹം ഭാഷയ്ക്ക് നല്കിയ സംഭാവനകളാണെന്നു നമ്മുക്ക് മറക്കാതിരിക്കാം.


**തോമാ ശ്ലീഹാ മാമ്മോദീസ മുക്കിയ ബ്രാഹ്മണ കുടുംബമാണ് ഞങ്ങളുടേത് എന്ന അസംബന്ധം വിളിച്ച് പറയുന്നവരും കുറവല്ല!- ആ കാലത്ത് ബ്രാഹ്മണർ എന്ന വിഭാഗം പോലും കേരളത്തിൽ നിലവിലില്ലായിരുന്നു! പൊങ്ങച്ചം കാണിക്കാൻ പലരും പറയുന്ന ഈ നമ്പൂതിരി പാരമ്പര്യമാണ് തോമാ ശ്ലീഹ ഭാരതത്തിൽ വന്നിട്ടില്ല എന്ന് പറയുന്നവർ അതിനു അടിസ്ഥാനമായി നിരത്തുന്ന കാരണങ്ങളിൽ ഒന്ന്! പൂർവ്വികർ നമ്പൂതിരിമാരാണെങ്കിൽ തോമാശ്ലീഹായുമായി യാതൊരു ബന്ധവും നസ്രാണികൾക്ക് ഇല്ലെന്നു അങ്ങീകരിച്ചു കൊടുക്കേണ്ടിവരും! 


ഭാരതത്തിൽ മാർ തോമാ സ്ലീവ കണ്ടെത്തിയ സ്ഥലങ്ങളിലൂടെ ഒരു ചരിത്ര യാത്ര. ഡോകുമെന്ററി കാണാം.


https://www.youtube.com/watch?v=lrl5fLaA6KM


No comments:

Post a Comment

Related Posts Plugin for WordPress, Blogger...