+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Saturday, March 31, 2018

ഐതിഹാസിക തീരുമാനവുമായി സിറോ മലബാർ സഭ; വൈദികർക്കിനി സ്ത്രീകളുടെ കാലും കഴുകാം!




കാക്കനാട്: സിറോ മലബാർ സഭയിൽ ഇത് പുതുയുഗ പിറവി! വൈദികരെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിച്ചുകൊണ്ട് സഭാ സിനഡ്. അടിയന്തരമായി വിളിച്ചുകൂട്ടിയ സിനഡിന്റെ അസാധാരണ സമ്മേളനമാണ് ഈ വിപ്ലവകരമായ തീരുമാനമെടുത്തത്. പെസഹാ വ്യാഴാഴ്ച്ച നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളുടെയും പാദങ്ങൾ കഴുകാമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ലത്തീൻ സഭയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും പൗരസ്ത്യ സഭയായ സിറോ മലബാർ സഭയ്ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സ്ത്രീകളുടെ കാലുകഴുകാൻ പാടില്ലെന്നും സിറോ മലബാർ സഭാ സിനഡ് തീരുമാനിച്ചിരുന്നു. സഭാ തലവനായ മാർ ആലഞ്ചേരി ഈ ഉത്തരവിലൂടെ ലിംഗ സമത്വത്തിനെതിരായാണ് നിലകൊള്ളുന്നതെന്നും ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും തങ്ങളെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വൻ പ്രക്ഷോഭത്തിലേക്ക് എറണാകുളം അതിരൂപതാ വൈദികസമിതി കടക്കുകയാണെന്നും ഇന്ന് രാവിലെ വൈദിക സമിതിയംഗം ഫാ. വയലിക്കോടത്ത് ചാനലുകളോട് പ്രതികരിച്ചിരുന്നു. ഭൂമി വിവാദത്തെ തുടർന്നുള്ള പ്രതിസന്ധിയിൽനിന്ന് കരകേറിത്തുടങ്ങുന്ന സഭയ്ക്ക് ഇത്തരമൊരു നീക്കം വലിയ ക്ഷീണമാകുമെന്നു മനസ്സിലാക്കിയ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് മുഴുവൻ സിനഡിന്റെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാൻ മേജർ ആർച്ച്ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തിലെ അടിയന്തര പ്രാധാന്യം മനസ്സിലാക്കിയ സിനഡ് പിതാക്കന്മാർ ഐക്യഖണ്ഡേനെയാണ് ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. പൗരസ്ത്യ സഭയായ സിറോ മലബാർ സഭയുടെ പാരമ്പര്യങ്ങൾക്ക് യോജിക്കാത്ത തീരുമാനമായതിനാൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചങ്ങാനാശേരി വിഭാഗം നിലപാടെടുത്തുവെങ്കിലും സഭയിൽ ഐക്യവും സമാധാനവും പുലർന്നുകാണാനുള്ള താൽപര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അതേസമയം "നിങ്ങൾ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോഴെല്ലാം ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്നാണു ഈശോ പറഞ്ഞതെന്നും അതിനാൽ തന്നെ പെസഹാ വ്യാഴാഴ്ച്ച മാത്രമല്ല എല്ലാ വി. കുർബാന അർപ്പണത്തോടോപ്പവും കാലുകഴുകൽ ശുശ്രൂഷ നടത്തണമെന്നുമാണ് തങ്ങളുടെ അഭിപ്രായമെന്നും എറണാകുളം വിഭാഗം ആവശ്യപ്പെട്ടു. ഇതാണ് തങ്ങളുടെ വൈദിക സമിതിയുടെ തീരുമാനമെന്നും തങ്ങളുടെ വിശ്വാസികൾ ആഗ്രഹിക്കുന്നത് ഇതാണെന്നുമാണ് എറണാകുളം വിഭാഗം സിനഡിനെ അറിയിച്ചത്. എന്നാൽ ഈ കാര്യത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമെന്നു നിരീക്ഷിച്ച സിനഡ് ഈ വിഷയം പഠിച്ച് സിനഡിന് റിപ്പോർട്ട് നൽകാൻ മാർ എടയന്ത്രത്ത് അധ്യക്ഷനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സിനഡിന്റെ ആഗസ്ത് മാസത്തെ സമ്മേളനത്തിനു മുൻപായി റിപ്പോർട്ട് സമർപ്പിക്കും.

മെത്രാന്മാർക്ക് അടിയന്തരമായി സഭാ ആസ്ഥാനത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും വിഷയത്തിന്റെ അടിയന്തര പ്രാധാന്യവും പരിഗണിച്ച് വിഡിയോ കോൺഫെറൻസിങ്ങിലൂടെയാണ് സിനഡ് സമ്മേളിച്ചത്. ഇതും ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് സഭാ ആസ്ഥാനത്തുനിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മെത്രാന്മാർക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിനു ഇന്ത്യൻ സമയം വൈകിട്ട് 5:30 നാണു സിനഡ് സമ്മേളിച്ചത്. വിരമിച്ച മെത്രാന്മാരും നിയുക്ത മെത്രാനും ഉൾപ്പെടെ 59 മെത്രാന്മാർ യോഗത്തിൽ പങ്കെടുത്തു. സിനഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ ദിവസവും കാലുകഴുകൾ എന്ന തങ്ങളുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ളആദ്യപടിയായാണ് ഈ തീരുമാനത്തെ കാണുന്നതെന്നും വൈദിക സമിതി സെക്രട്ടറി ഫാ. മുണ്ടാടൻ പത്രക്കുറിപ്പിൽ അറിയിച്ചു. യൂറോപ്പിൽ ശുശ്രൂഷ ചെയ്യുന്ന തങ്ങളുടെ സഹവൈദികൻ സ്ത്രീകളുടെ കാലുകഴുകിയിട്ടും ഇടിവെട്ടും പേമാരിയും ഉണ്ടായില്ലെന്നതാണ് ഈ വിപ്ലവകരമായ തീരുമാനമെടുക്കാൻ സിനഡിന് ധൈര്യം പകർന്നതെന്നും ഫാ. മുണ്ടാടൻ പ്രസ്താവിച്ചു. എന്നാൽ സിനഡ് തീരുമാനം നിരാശാജനകമാണെന്നും എല്ലാ കുർബാനയ്ക്കും കാലുകഴുകൽ അനുവദിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ആർച്ച്ഡയോസിയൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്പെരൻസി ഇൻ ഫീറ്റ് വാഷിങ് ഭാരവാഹികൾ പ്രതികരിച്ചു. "എന്റെ പാദങ്ങൾ മാത്രമല്ല എന്നെ മുഴുവനായും കഴുകണമേ"യെന്നു ഗുരുവിനോടഭ്യർഥിച്ച പത്രോസ് അപ്പോസ്തോലന്റെ നിലപാടാണ് തങ്ങൾക്കെന്നും കാലുകൾ മാത്രമല്ല തങ്ങളെ മുഴുവനായും കഴുകാൻ തങ്ങളുടെ വൈദികരെ അനുവദിക്കണമെന്നാണ് സിനഡിനോട് തങ്ങൾ ആവശ്യപ്പെട്ടതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. അതേസമയം ഈ പുതിയ സംഘടനയ്ക്കു പിന്നിലും സ്വാർത്ഥ മോഹികളായ എറണാകുളത്തെ ചില വൈദികരാണെന്നത് പകൽപ്പോലെ വ്യക്തമെന്നാണ് വിശ്വാസികൾ പ്രതികരിച്ചത്.

(April Fool)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...