+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Tuesday, March 6, 2018

മകുടം ചൂടുന്ന സഭ, മുഖംമൂടി അഴിഞ്ഞുവീഴുന്ന സഭാവിരുദ്ധർ


സിറോ മലബാർ സഭ വളരെയധികം പ്രതിസന്ധികളുടെ നടുവിലൂടെ കടന്നുപോകുന്ന വേളയിലായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ വന്ദ്യ സേവ്യർ തേലക്കാട്ടച്ചന്റെ മരണവാർത്തയെത്തിയത്. പതിവുപോലെ വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തുടങ്ങി കൊലപാതകിയെ ന്യായീകരിക്കലും വൈദികനെ കുറ്റപ്പെടുത്തലും. സാഹചര്യത്തിന്റെ സമ്മർദ്ദംമൂലം ചെയ്തുപോയ പാതകമെന്നു പ്രതി കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. സഭ കൊലയാളിയോട് ക്ഷമിക്കുന്നുവെന്നും മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നുവെന്നും വന്ദ്യ വൈദികന്റെ ചേതനയറ്റ ശരീരത്തിനുമുൻപാകെത്തന്നെ സഭാധ്യക്ഷൻ പറഞ്ഞുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ദൗർഭാഗ്യകരമെങ്കിലും ഈ സംഭവം പകർന്നുതരുന്ന പാഠങ്ങൾ ഉൾക്കൊണ്ട് മുൻപോട്ടുപോവുകയെന്നതാണ്.
1. കുരിശുമുടിയിലെ വൈദികന്റെ ചോരപ്പാടുകൾ ഉണങ്ങും മുൻപേതന്നെ കൊലയാളിയോടോപ്പമെന്നും കൊലപാതകത്തിലേക്ക് നയിച്ചത് വൈദികന്റെ പ്രവർത്തനങ്ങളാണെന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ കളം നിറഞ്ഞ ഒരുകൂട്ടരുണ്ട്. എറണാകുളത്തെ ഭൂമിവിവാദത്തിന്റെ മറപറ്റി പൊട്ടിമുളച്ച സുതാര്യ സംഘടനാ നേതാക്കൾ, സഭാധ്യക്ഷനെ കോടതികേറ്റിയ പോളച്ചൻ വക്കീൽ, സഭാ വിമർശകൻ റോയി മാത്യു, ജിജോ കുര്യനെന്ന കപ്പൂച്ചിൻ വൈദികൻ...! ഇവരാരാണ്? എന്തിലും ഏതിലും സഭയെ വിമർശിച്ച് ആത്മരതിയടയുന്ന സഭാ നവീകരണക്കാർ! വൈദികന്റെ കൊലപാതകം പോലും ആയുധമാക്കി സഭയെ ചെളിവാരിയെറിയാൻ വെമ്പിനിക്കുന്നവർ! വൈദികൻ മണ്ണോടുചേരുന്നതുവരെ പോലും കാക്കാനുള്ള മനസ്സില്ലായിരുന്നു!
വൈദികരും, അല്മായരും, സഭയ്ക്കകത്തുനിന്നുള്ള നവീകരണക്കാരും, പുറത്തുനിന്നുള്ള സഭാവിമർശകരുമുണ്ട് സഭയുടെ വീഴ്ചകളെ കൊട്ടിഘോഷിക്കാനും തളർച്ചകളെ ആഘോഷമാക്കാനും വെമ്പി നിൽക്കുന്നവരിൽ. താല്പര്യങ്ങൾ പലതാകാം, ചിലർക്ക് ഇതൊക്കെ ആളാകാനുള്ള കുറുക്കുവഴികളാണ്. മറ്റുചിലർക്ക് തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങൾ, വേറെ ചിലർക്ക് തങ്ങളുടെ നിരീശ്വരവാദം പ്രചരിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ. ഇത്തരക്കാർ ഇവയെല്ലാം തുടർന്നുകൊണ്ടേയിരിക്കും. ഇതുമനസ്സിലാക്കി ഇത്തരക്കാരിൽനിന്നു അകലം പാലിക്കുകയെന്നതാണ് വിശ്വാസികൾ പഠിക്കേണ്ട പാഠം. സഭയെ നന്നാക്കുകയെന്നതല്ല, മറിച്ച് ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നു വിശ്വാസികൾ മനസ്സിലാക്കുന്നിടംവരയെ ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങൾക്ക് ആയുസ്സുള്ളൂ. സഭയോടുള്ള തങ്ങളുടെ വെറുപ്പും വിദ്വെഷവും വമിപ്പിക്കാൻ തക്കം പാർത്തുനടക്കുന്ന ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.
എറണാകുളത്തെ ഭൂമിവില്പന വിവാദമാക്കി, സഭാതലവനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾപോലും കെട്ടിച്ചമച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാ തലവനെതിരെ വെറുപ്പും വിധ്വേഷവും കുത്തിനിറച്ചവർ, പൊതുജനമധ്യത്തിൽ സഭയെയും സഭാതലവനെയും സഭാ നിയമങ്ങളെപ്പോലും ചെളിവാരിയെറിഞ്ഞവർ, സഭാ തലവനെ അകാരണമായി കോടതിയിലേക്ക് വലിച്ചിഴിച്ചവർ വൈദികന്റെ ചോര ഉണങ്ങുമുമ്പേ സഭാവിരുദ്ധതയുടെ വിഷം ചീറ്റിക്കൊണ്ട് അവതരിച്ചതിൽ അത്ഭുതപ്പെടാനില്ല! കാരണം അതുതന്നെയാണ് അവരുടെലക്ഷ്യം. ഇന്നലെ ഭൂമിവിവാദമായിരുന്നു, ഇന്ന് വൈദികന്റെ കൊലപാതകം, നാളെ മറ്റെന്തെങ്കിലുമാകാം; ഇക്കൂട്ടരുടെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും യാതൊരുമാറ്റവും ഉണ്ടാകില്ല!
2. വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തന്നെ ഖാദകനോട് പൊറുത്തുകൊണ്ടും അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിച്ചുകൊണ്ടും സഭാതലവൻ യദാർത്ഥ ക്രൈസ്തവ മാതൃക എന്താണെന്ന് ഒരിക്കൽക്കൂടി കാട്ടിത്തന്നിരിക്കുകയാണ്.വെറുപ്പും വിധ്വേഷവുമല്ല, സ്നേഹവും സഹനവും ക്ഷമയുമാണ് ക്രൈസ്തവ ജീവിതം.
3. പ്രിയ വൈദികരേ, സഭാ നേതൃത്വമേ, ഒരു വൈദികൻ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ ന്യായികരിക്കാനും സഭയെ കുറ്റപ്പെടുത്താനും സഭാമക്കൾ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്നത് നിങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ! ദൈവജനത്തിന്റെ ഇടയരും ശുശ്രൂഷകരുമാവുക. വിശുദ്ധരായ മഹാഭൂരിപക്ഷം വൈദികരുടെയും വിലയിടിക്കാൻ ധാർഷ്ട്യവും സുഖലോലുപതയും കാട്ടുന്ന ഒന്നോ രണ്ടോ വൈദികർത്തന്നെ ധാരാളം. യഥാർത്ഥ വിശ്വാസം പഠിപ്പിക്കുക, വിശ്വാസം ജീവിക്കുക, വിശുദ്ധമായ ഒരു ജനതയെ കെട്ടിപ്പടുക്കുക. ഭൗതിക നേട്ടങ്ങൾക്കായോ വൈകാരികതയുടെ പുറത്തോ വിശ്വസിക്കുന്ന ഒരു ജനതയെയല്ല, യദാർത്ഥ വിശ്വാസമറിയുന്ന, സഭയെ സ്നേഹിക്കുന്ന, സഭയോടോത്ത് കർത്താവിനെ മഹത്വപ്പെടുത്തുന്ന ഒരു ആരാധകസമൂഹത്തെ പടുത്തുയർത്തുക. നമ്മുടെ സഭയുടെ മഹത്തായ പാരമ്പര്യമായ പള്ളിയോഗങ്ങൾ പുനഃസ്ഥാപിച്ച് ഇടവകയുടെ ഭൗതികഭരണം പള്ളിയോഗങ്ങൾക്കും അർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിച്ച് സഭാഭരണം അർക്കദിയാക്കോനും വിട്ടുകൊടുക്കുക. വൈദികരും മെത്രാന്മാരും ആത്മീയഭരണം നടത്തട്ടെ, വിശ്വാസമുള്ള ഒരുജനതയെ കർത്താവിനായി ഒരുക്കട്ടെ. സഭയിൽ ഉരുത്തിരിഞ്ഞ പ്രതിസന്ധികൾ ഇതിനെല്ലാം നിമിത്തമായി ഭവിക്കട്ടെ,
വന്ദ്യ വൈദികൻ സേവ്യർ തേലക്കാട്ടച്ചന്റെ ആത്മശാന്തിക്കും ജോണിച്ചേട്ടന്റെ മാനസാന്തരത്തിനായും പ്രാർത്ഥനകൾ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...