പറഞ്ഞുവരുന്നത് വി. കുർബാനയെക്കുറിച്ച് തന്നെയാണ്. ക്രൈസ്തവ സഭകളിൽ ഉപയോഗിക്കപ്പെടുന്ന കുർബാന ക്രമങ്ങളിൽ ഏറ്റവും പൗരാണികമായ ശ്ലീഹന്മാരുടെ കുർബാനക്രമമാണ് (മാർ തോമ്മാ ശ്ലീഹായുടെ ശിഷ്യൻ മാർ അദ്ദായിയുടെയും അദ്ദേഹത്തിന്റെ ശിഷ്യൻ മാർ മാറിയുടെയും) നമ്മുടെ സഭ ഉപയോഗിക്കുന്നത്. സങ്കീർത്തനങ്ങളുടെയും തിരുവചനങ്ങളുടെയും നിറകുടങ്ങളാണ് വി. കുർബാനയിലെ മനോഹരമായ പ്രാർത്ഥനകളും ഗീതങ്ങളും. നമ്മുടെ ദൈവാരാധനയിൽ ഉപയോഗിക്കുന്ന പല സുറിയാനി ഈണങ്ങൾക്കും പഴയനിയമകാലത്തോളം പൗരാണികതയുണ്ട്. അമൂല്യങ്ങളിൽ അമൂല്യമായ നിധിയായ നമ്മുടെ കുർബാനക്രമം എത്ര ലാഘവത്തോടെയാണ് നമ്മുടെ സഭയിൽ ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നത്?
വി. കുർബാനയെക്കുറിച്ചുള്ള അടിസ്ഥാന ബോധ്യങ്ങൾപ്പോലും വിശ്വാസികൾക്ക് പകർന്നുനൽകാൻ പരാജയപ്പെടുന്ന സഭാ നേതൃത്വം, വി. കുർബാനയിലെ ഒരു വാക്കുപോലും വിട്ടുകളയാനോ കൂട്ടിച്ചേർക്കാനോ അനുവാദമില്ലെന്നിരിക്കെ തോന്നിവാസം പ്രാർത്ഥനകൾ വിട്ടുകളയുകയും വെട്ടിച്ചുരുക്കുകയും സ്വയം പ്രേരിത പ്രാർത്ഥനകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന വൈദികർ, മറ്റൊരു സഭയിലും കേട്ടുകേൾവിപോലും ഇല്ലാത്തവിധം ഐച്ഛികങ്ങൾ (ഓപ്‌ഷനുകൾ) നൽകുകയും പൗരാണികമായ ആരാധനാ ക്രമത്തിൽ വെള്ളം ചേർത്തുകൊണ്ട് സിനഡ് ക്രമം അവതരിപ്പിക്കുകയും ചെയ്ത മെത്രാൻ സമിതി, സഭാത്മക ജീവിതത്തിന്റെ കേന്ദ്രമെന്നും ശക്തി സ്രോതസ്സെന്നുമൊക്കെ സഭ പഠിപ്പിക്കുന്ന വി. കുർബാനയിൽ ശരണപ്പെടാൻ സാധിക്കാതെ ഭക്താഭാസങ്ങളുടെ പുറകേയോടുന്ന വിശ്വാസ സമൂഹം! ഇതൊക്കെയാണ് ഇന്ന് നമ്മുടെ സഭയിലെ അവസ്ഥ!
വി. കുർബാനയെക്കുറിച്ചോ ദൈവാരാധനയിൽ ഉപയോഗിക്കുന്ന അടയാളങ്ങളെയും പ്രതീകങ്ങളെയും കുറിച്ചോ അടിസ്ഥാന ബോധ്യങ്ങൾ പോലുമില്ലാത്ത ഒരു സമൂഹത്തിനു എങ്ങനെയാണ് വി. കുർബാന അനുഭവവേദ്യമാകുന്നത്? അവർക്കെങ്ങനെയാണ് വി. കുർബാന കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ സാധിക്കുന്നത്? അറിവ് പകർന്നു നൽകി നേർവഴിക്ക് നയിക്കേണ്ടവർക്ക് അതിനൊന്നും സമയമോ താത്പര്യമോ ഇല്ലതാനും! ഓരോ രൂപതയിലും ഓരോ കുർബാന, ഓരോ വൈദികനും ഓരോ കുർബാന! എല്ലാം വൈദികർക്ക് തോന്നുംപടി! വി. കുർബാന തുടങ്ങിക്കഴിഞ്ഞാൽ അതെങ്ങനെ, എവിടെ അവസാനിക്കുമെന്ന് കർത്താവിനുപോലും പ്രവചിക്കാനാവാത്ത അവസ്ഥ! പിന്നെയെങ്ങനെ വി. കുർബാനയെപ്പറ്റി പറഞ്ഞുകൊടുക്കാൻ വൈദികർക്ക് സാധിക്കും? വി. കുർബാനയാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും എല്ലാ പ്രാർത്ഥനയും കുര്ബാനയിലേക്ക് നമ്മെ എത്തിക്കണമെന്നും പഠിപ്പിക്കുന്നവർ കുർബാനയ്ക്ക് ശേഷം പുരോഹിതർക്കുവേണ്ടിയുള്ള പ്രാർത്ഥനയും, എത്രയും ദയയുള്ള മാതാവേയും നൊവേനകളും ജപമാലയും ആരാധനയുമൊക്കെ നടത്തുമ്പോൾ അറിഞ്ഞോ അറിയാതെയോ പകർന്നുകൊടുക്കുന്നത് വി. കുർബാനകൊണ്ട് ഒന്നുമായിട്ടില്ല എന്നല്ലേ? അല്ലെങ്കിൽ പിന്നെയെന്തിനാണ് വി. കുർബാനയിലുടനീളം ദൈവജനം ബലിയർപ്പിക്കുന്ന പുരോഹിതനും സഭാ നേതൃത്വത്തിനും വേണ്ടി പ്രാർത്ഥിച്ചിട്ടും കുർബാന കഴിഞ്ഞയുടൻ പുരോഹിതർക്കുവേണ്ടിയുള്ള അഡീഷണൽ പ്രാർത്ഥന നടത്തുന്നത്? പലർക്കും വി. കുർബാന എങ്ങനെയെങ്കിലും ഒന്ന് ഓടിച്ചു തീർക്കാനുള്ള വെപ്രാളമാണ്, അതിനുശേഷമുള്ള ഭക്താഭാസങ്ങൾക്കായി! പലർക്കും വി. കുർബാന ആരാധനയ്ക്കായി തിരുശരീരം ഉളവാക്കാനുള്ള ഒരുപാധി മാത്രമാണിന്ന്! വി. കുർബാനയെന്ന കൂദാശ അനുദിനം നമ്മുടെ സഭയിൽ അവഹേളിക്കപ്പെടുകയാണ്!
പുറത്തുനിന്നുള്ള ഒരു ശക്തികൾക്കും സഭയെ തകർക്കാൻ സാധിക്കില്ലായെന്നത് ചരിത്ര സത്യമാണ്. രക്തസാക്ഷികളുടെ ചുടുനിണത്താൽ പരിപോഷിപ്പിക്കപ്പെടുന്ന സഭയെ തകർക്കുവാൻ കഴിയുന്നത് സഭയ്ക്കകത്തുനിന്നുള്ള പ്രവർത്തനങ്ങൾക്ക് മാത്രമാണ്. വെറുമൊരു നിർദ്ദേശത്തിന്റെ പേരിൽ കുമ്പസാരമെന്ന കൂദാശ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ സഭാനേതൃത്വം എന്തുകൊണ്ടാണ് സ്വന്തം സഭയിലെ പട്ടക്കാരാൽ അനുദിനം വെട്ടിമുറിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന വി. കുർബാനയ്ക്കായി ചെറുവിരൽ പോലും അനക്കാത്തത്? വി. കുർബാനയെന്ന കൂദാശ എന്താണെന്നുപോലും അറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും സമ്പൂർണ്ണമായ കുർബാനയർപ്പണം അനുഭവിച്ചിട്ടില്ലാത്ത മഹാഭൂരിപക്ഷം വിശ്വാസികളെ കുമ്പസാര വിഷയത്തിൽ പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്ന സഭാ നേതൃത്വം എന്തേ സഭയ്ക്കകത്തുനിന്നും വി. കുർബാനയോട് അനുദിനം നിർബാധം തുടരുന്ന അവഹേളനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു? ശ്ലൈഹികമായി കൈമാറിക്കിട്ടിയ കൂദാശയ്ക്കുപകരം തങ്ങളുടെ തോന്നിവാസങ്ങൾ അവതരിപ്പിച്ചിട്ട് കുര്ബാനയെന്നു പേരുവിളിക്കുന്ന കൊടുംചതി അവസാനിപ്പിക്കാൻ ഇനിയെന്നാണ് സഭാ നേതൃത്വം തയ്യാറാവുക?
വി. കുർബാന പൂർണ്ണതയിൽ ലഭിക്കാനുള്ള വിശ്വാസികളുടെ അവകാശത്തിന് പുല്ലുവില കല്പിച്ചുകൊണ്ട് പരിശുദ്ധ കൂദാശയെ അവഹേളിക്കുകയും തോന്നിവാസം വെട്ടിമുറിക്കുകയും ചെയ്യുന്ന സിറോ മലബാർ വൈദികരും ശ്ലൈഹിക പാരമ്പര്യത്തെ ഒത്തുതീർപ്പ് ഫോര്മുലയുണ്ടാക്കി അട്ടിമറിച്ച് വൈദികരുടെ തോന്നിവാസത്തിനു കുടപിടിക്കുന്ന മെത്രാൻ സിനഡും വിശ്വാസികളോട് മാപ്പുപറഞ്ഞു തെറ്റുതിരുത്താൻ തയ്യാറാവുക. ഞങ്ങൾക്ക് വേണ്ടത് വി.കുമ്പസാരം മാത്രമല്ല. വി. കുർബാനയും അതിന്റെ പൂർണ്ണതയിൽ തന്നെ വിശ്വാസികൾക്ക് അനുഭവവേദ്യമാക്കാൻ സഭാ നേതൃത്വം മുന്നിട്ടിറങ്ങുക!
No comments:
Post a Comment