+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Thursday, October 25, 2018

ചെന്നായക്കൂട്ടം വളർത്തിയ കുഞ്ഞാട്



കാട് അതിരിടുന്ന വിശാലമായ മലഞ്ചെരുവിൽ മേയുന്ന ആട്ടിൻപറ്റം. ആട്ടിൻ പറ്റത്തെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന ചെന്നായക്കൂട്ടം. ചെന്നായക്കൂട്ടത്തിൽ നിന്നും രക്ഷ തേടി ചിതറിയോടുന്ന ആടുകൾ. മുള്ളുകൾക്കിടയിൽ പെട്ട കുഞ്ഞാടിനുമാത്രം ഓടിമാറാൻ പറ്റിയില്ല! കുഞ്ഞാടിന്റെ നിസ്സഹായതയിൽ വയറുമറന്ന ചെന്നായക്കൂട്ടം കുഞ്ഞാടിനെയും കൂടെ കൂട്ടി. സ്നേഹിച്ചും ലാളിച്ചും വളർത്തി. കുഞ്ഞാട് തങ്ങളിൽ നിന്നും വ്യത്യസ്തനാണെന്ന വിചാരമുണ്ടായിരുന്ന ചെന്നായ കുഞ്ഞാടിനായി പച്ചപ്പുല്മേടുകൾ കണ്ടെത്തി. എന്നാൽ അവനിഷ്ടം ചെന്നായ്ക്കൂട്ടം വേട്ടയാടിക്കൊണ്ടു വരുന്ന ഇരകളെയായിരുന്നു! നീ പുല്ലുതിന്നാണ് വളരേണ്ടതെന്നു സാധ്യമായ രീതിയിലെല്ലാം കുഞ്ഞാടിനെ പറഞ്ഞുമനസ്സിലാക്കിക്കാൻ ചെന്നായ്ക്കൂട്ടം ശ്രമിച്ചു! എന്നാൽ മാംസമാണ് രുചികരം, മാംസം തിന്നാലും വളരില്ലേ?, വിശപ്പുമാറില്ലേ? ഞാൻ മാംസം തിന്നാൽ എന്താണ്? ഈ വിധം മറുചോദ്യങ്ങളായിരുന്നു കുഞ്ഞാടിന്! പുല്ലു തിന്നിട്ട് മാംസം തിന്നോളാൻ പറഞ്ഞു നോക്കിയെങ്കിലും തനിക്ക് മാംസം മാത്രം മതിയെന്ന നിലപാടിലായിരുന്നു കുഞ്ഞാട്. കാലങ്ങൾ പലത് കടന്നുപോയി! കുഞ്ഞാട് വളർന്നു! പുല്ലുതിന്നേണ്ടത് എങ്ങനെയെന്നുപോലും അവൻ മറന്നുകഴിഞ്ഞിരുന്നു! മാംസം തിന്നാണ് വളർന്നതെങ്കിലും അവൻ ചെന്നായ് ആയതുമില്ല! കണ്ടാൽ ആടിനെ പോലെ ആണെങ്കിലും  ചെന്നായയുടെ സ്വഭാവ രീതികളും ഭക്ഷണ ക്രമങ്ങളുമുള്ള ഒരു തലമുറ അവനിൽനിന്നുണ്ടായി!  


ചെന്നായയെപ്പോലെ വളരേണ്ടവനല്ല താനെന്ന ബോധ്യം എന്തുകൊണ്ടോ കുഞ്ഞാടിനില്ലാണ്ടുപോയി! തന്റെ സ്വത്വം മനസ്സിലാക്കുന്നതിൽ അവൻ അമ്പേ പരാജയപ്പെട്ടു! ഭൂമിയിൽ ചെന്നായ് മാത്രം മതിയോ!? ചെന്നായയും ആടും ഭൂമിയിൽ ആവശ്യമാണ്! ചെന്നായെ പോലെ വളരാനായിരുന്നെങ്കിൽ ആടിന്റെ ആവശ്യമില്ലായിരുന്നു! ചെന്നായയുടെ ജീവിത രീതികൾ അനുകരിച്ചാലും ചെന്നായയുടെ ഭക്ഷണം കഴിച്ചാലും താൻ വളരും! എന്നാൽ അപ്പോൾ താൻ താനല്ലാതായി മാറുമെന്ന് കുഞ്ഞാട് ഓർത്തില്ല! തനിക്ക് മാംസം ആകാം! എന്നാൽ തനിക്ക് ചേർന്നത്, താൻ കഴിക്കേണ്ടത് പുല്ലാണെന്നത് പാടേ മറന്നുകൊണ്ട് മാംസാഹാരിയായാല് ചെന്നായയും ആടും കെട്ട ഏതോ ഒരു തരം ജന്തു മാത്രമാകും താനെന്ന് കുഞ്ഞാട് ഓർത്തതേയില്ല! 


തോമാ ശ്ലീഹാ പകർന്നുനൽകിയ വിശ്വാസത്തിൽ അടിപതറാതെ 15 നൂറ്റാണ്ടുകൾ മുന്നേറിയ മാർത്തോമ്മാ നസ്രാണികൾ ലത്തീൻ മിഷനറിമാരുടെ ആഗമനത്തോടെ പല സഭകളായി ചിതറിക്കപ്പെട്ടു! ഭൂരിപക്ഷം നസ്രാണികൾ കത്തോലിക്കാ കൂട്ടായ്‌മയുടെ ഭാഗമായി നിലകൊണ്ടു! എന്നാൽ തങ്ങളുടെ വിശ്വാസവും പാരമ്പര്യങ്ങളും മറന്ന് ലത്തീൻ രീതികളെയും പാരമ്പര്യത്തെയും വരിക്കാനായിരുന്നു പിൽക്കാലത്ത് സിറോ മലബാർ സഭയായി മാറിയ നസ്രാണികളുടെ വിധി! സ്വന്തം പാരമ്പര്യങ്ങളിലേക്ക് മടങ്ങിപോകണമെന്ന മാർപാപ്പയുടെ നിർദ്ദേശത്തെ പോലും അവഗണിച്ചുകൊണ്ട് ലത്തീൻ സഭയോട് താദാത്മ്യപ്പെടാൻ ആയിരുന്നു ഭൂരിപക്ഷം സഭാ നേതൃത്വത്തിന്റെ താല്പര്യം! നൊവേനയും, ദിവ്യകാരുണ്യ ആരാധനയും ജപമാലയും ക്രൂശിത രൂപവും വണക്ക മാസങ്ങളുമൊക്കെ പാശ്ചാത്യമാണ്! പൗരസ്ത്യരായ സിറോ മലബാറുകാർക്കും ഇതൊന്നും ചൊല്ലുന്നതിനു യാതൊരു കുഴപ്പവുമില്ല! നല്ലതുതന്നെ! കർത്താവിങ്കലേക്ക് വളരുകയും ചെയ്യും! എന്നാൽ അങ്ങനെ വളരുകയെന്നതല്ല നസ്രാണികളുടെ വിളി. നൊവേനകളും ജപമാലയുമെല്ലാം നല്ലതാണ്! എന്നാൽ യാമപ്രാർത്ഥനകൾ ചൊല്ലിയിട്ട് മാത്രം പാശ്ചാത്യ ഭക്താഭ്യാസങ്ങളുടെ പുറകെ പോവുക!യാമപ്രാർത്ഥനകളൊക്കെ മറന്നുപോയിരിക്കാം, ക്രൂശിത രൂപവും വിശുദ്ധരുടെ പ്രതിമകളുമില്ലാത്ത പള്ളികളും മനസ്സുകളും അന്യമായിത്തീർന്നിരിക്കാം, ദൈർഘ്യമേറിയ വി. കുർബാനയും ശുശ്രൂഷകളും മടുപ്പായി മാറിക്കഴിഞ്ഞിരിക്കാം! എന്നാൽ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞു പാരമ്പര്യങ്ങളിലേക്ക് മടങ്ങിപോയില്ലെങ്കിൽ "മാംസം തിന്നുന്നെങ്കിലും ചെന്നായ് അല്ലാത്ത, ആകൃതിയിൽ ആടിനെപ്പോലെയെങ്കിലും പുല്ലുതിന്നാൻ അറിഞ്ഞുകൂടാത്ത, ചെന്നായും ആടും കെട്ട ജന്തുക്കളെ"പ്പോലെയാകും നാളെ നസ്രാണികൾ! 

Monday, July 30, 2018

എതിർക്കപ്പെടുന്ന നിർദ്ദേശങ്ങളും തൃണവൽക്കരിക്കപ്പെടുന്ന അവഹേളനങ്ങളും


വി. കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന ദേശിയ വനിതാ കമ്മീഷന്റെ 'നിർദ്ദേശത്തെ' പല്ലും നഖവുമുപയോഗിച്ച് നേരിടുന്ന തിരക്കിലാണ് നമ്മളെല്ലാവരും. മെത്രാന്മാരും വൈദികരും അല്മായ സഘടനാ ഭാരവാഹികളും വിശ്വാസികളും എന്നുവേണ്ടാ സഭാജീവിതത്തിന്റെ നാനാ തുറകളിലുമുള്ളവരും വനിതാ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് പ്രതികരിച്ചത്. കത്തുകളിലൂടെയും ഇ- മെയിലുകളിലൂടെയും പ്രതിഷേധം രേഖപ്പെടുത്തണമെന്നു സഭാ കാര്യാലയത്തിൽനിന്നുള്ള നിർദ്ദേശവും വന്നു! ഇതെല്ലാം നല്ലതുതന്നെ. ആവശ്യവുമാണ്! എന്നാൽ മറ്റൊരു കൂദാശയ്‌ക്കെതിരെ കാലാകാലങ്ങളായി സഭയ്ക്കുള്ളിൽനിന്നുതന്നെ നടക്കുന്ന പ്രവർത്തനങ്ങളെ വിരലിലെണ്ണാവുന്നവരൊഴികെ മഹാഭൂരിപക്ഷവും ഇന്നും കണ്ടില്ലെന്നു നടിക്കുന്നു!

പറഞ്ഞുവരുന്നത് വി. കുർബാനയെക്കുറിച്ച് തന്നെയാണ്. ക്രൈസ്തവ സഭകളിൽ ഉപയോഗിക്കപ്പെടുന്ന കുർബാന ക്രമങ്ങളിൽ ഏറ്റവും പൗരാണികമായ ശ്ലീഹന്മാരുടെ കുർബാനക്രമമാണ് (മാർ തോമ്മാ ശ്ലീഹായുടെ ശിഷ്യൻ മാർ അദ്ദായിയുടെയും അദ്ദേഹത്തിന്റെ ശിഷ്യൻ മാർ മാറിയുടെയും) നമ്മുടെ സഭ ഉപയോഗിക്കുന്നത്. സങ്കീർത്തനങ്ങളുടെയും തിരുവചനങ്ങളുടെയും നിറകുടങ്ങളാണ് വി. കുർബാനയിലെ മനോഹരമായ പ്രാർത്ഥനകളും ഗീതങ്ങളും. നമ്മുടെ ദൈവാരാധനയിൽ ഉപയോഗിക്കുന്ന പല സുറിയാനി ഈണങ്ങൾക്കും പഴയനിയമകാലത്തോളം പൗരാണികതയുണ്ട്. അമൂല്യങ്ങളിൽ അമൂല്യമായ നിധിയായ നമ്മുടെ കുർബാനക്രമം എത്ര ലാഘവത്തോടെയാണ് നമ്മുടെ സഭയിൽ ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നത്?

വി. കുർബാനയെക്കുറിച്ചുള്ള അടിസ്ഥാന ബോധ്യങ്ങൾപ്പോലും വിശ്വാസികൾക്ക് പകർന്നുനൽകാൻ പരാജയപ്പെടുന്ന സഭാ നേതൃത്വം, വി. കുർബാനയിലെ ഒരു വാക്കുപോലും വിട്ടുകളയാനോ കൂട്ടിച്ചേർക്കാനോ അനുവാദമില്ലെന്നിരിക്കെ തോന്നിവാസം പ്രാർത്ഥനകൾ വിട്ടുകളയുകയും വെട്ടിച്ചുരുക്കുകയും സ്വയം പ്രേരിത പ്രാർത്ഥനകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന വൈദികർ, മറ്റൊരു സഭയിലും കേട്ടുകേൾവിപോലും ഇല്ലാത്തവിധം ഐച്ഛികങ്ങൾ (ഓപ്‌ഷനുകൾ) നൽകുകയും പൗരാണികമായ ആരാധനാ ക്രമത്തിൽ വെള്ളം ചേർത്തുകൊണ്ട് സിനഡ് ക്രമം അവതരിപ്പിക്കുകയും ചെയ്ത മെത്രാൻ സമിതി, സഭാത്മക ജീവിതത്തിന്റെ കേന്ദ്രമെന്നും ശക്തി സ്രോതസ്സെന്നുമൊക്കെ സഭ പഠിപ്പിക്കുന്ന വി. കുർബാനയിൽ ശരണപ്പെടാൻ സാധിക്കാതെ ഭക്താഭാസങ്ങളുടെ പുറകേയോടുന്ന വിശ്വാസ സമൂഹം! ഇതൊക്കെയാണ് ഇന്ന് നമ്മുടെ സഭയിലെ അവസ്ഥ!

വി. കുർബാനയെക്കുറിച്ചോ ദൈവാരാധനയിൽ ഉപയോഗിക്കുന്ന അടയാളങ്ങളെയും പ്രതീകങ്ങളെയും കുറിച്ചോ അടിസ്ഥാന ബോധ്യങ്ങൾ പോലുമില്ലാത്ത ഒരു സമൂഹത്തിനു എങ്ങനെയാണ് വി. കുർബാന അനുഭവവേദ്യമാകുന്നത്? അവർക്കെങ്ങനെയാണ് വി. കുർബാന കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ സാധിക്കുന്നത്? അറിവ് പകർന്നു നൽകി നേർവഴിക്ക് നയിക്കേണ്ടവർക്ക് അതിനൊന്നും സമയമോ താത്പര്യമോ ഇല്ലതാനും! ഓരോ രൂപതയിലും ഓരോ കുർബാന, ഓരോ വൈദികനും ഓരോ കുർബാന! എല്ലാം വൈദികർക്ക് തോന്നുംപടി! വി. കുർബാന തുടങ്ങിക്കഴിഞ്ഞാൽ അതെങ്ങനെ, എവിടെ അവസാനിക്കുമെന്ന് കർത്താവിനുപോലും പ്രവചിക്കാനാവാത്ത അവസ്ഥ! പിന്നെയെങ്ങനെ വി. കുർബാനയെപ്പറ്റി പറഞ്ഞുകൊടുക്കാൻ വൈദികർക്ക് സാധിക്കും? വി. കുർബാനയാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും എല്ലാ പ്രാർത്ഥനയും കുര്ബാനയിലേക്ക് നമ്മെ എത്തിക്കണമെന്നും പഠിപ്പിക്കുന്നവർ കുർബാനയ്ക്ക് ശേഷം പുരോഹിതർക്കുവേണ്ടിയുള്ള പ്രാർത്ഥനയും, എത്രയും ദയയുള്ള മാതാവേയും നൊവേനകളും ജപമാലയും ആരാധനയുമൊക്കെ നടത്തുമ്പോൾ അറിഞ്ഞോ അറിയാതെയോ പകർന്നുകൊടുക്കുന്നത് വി. കുർബാനകൊണ്ട് ഒന്നുമായിട്ടില്ല എന്നല്ലേ? അല്ലെങ്കിൽ പിന്നെയെന്തിനാണ് വി. കുർബാനയിലുടനീളം ദൈവജനം ബലിയർപ്പിക്കുന്ന പുരോഹിതനും സഭാ നേതൃത്വത്തിനും വേണ്ടി പ്രാർത്ഥിച്ചിട്ടും കുർബാന കഴിഞ്ഞയുടൻ പുരോഹിതർക്കുവേണ്ടിയുള്ള അഡീഷണൽ പ്രാർത്ഥന നടത്തുന്നത്? പലർക്കും വി. കുർബാന എങ്ങനെയെങ്കിലും ഒന്ന് ഓടിച്ചു തീർക്കാനുള്ള വെപ്രാളമാണ്, അതിനുശേഷമുള്ള ഭക്താഭാസങ്ങൾക്കായി! പലർക്കും വി. കുർബാന ആരാധനയ്ക്കായി തിരുശരീരം ഉളവാക്കാനുള്ള ഒരുപാധി മാത്രമാണിന്ന്! വി. കുർബാനയെന്ന കൂദാശ അനുദിനം നമ്മുടെ സഭയിൽ അവഹേളിക്കപ്പെടുകയാണ്!

പുറത്തുനിന്നുള്ള ഒരു ശക്തികൾക്കും സഭയെ തകർക്കാൻ സാധിക്കില്ലായെന്നത് ചരിത്ര സത്യമാണ്. രക്തസാക്ഷികളുടെ ചുടുനിണത്താൽ പരിപോഷിപ്പിക്കപ്പെടുന്ന സഭയെ തകർക്കുവാൻ കഴിയുന്നത് സഭയ്ക്കകത്തുനിന്നുള്ള പ്രവർത്തനങ്ങൾക്ക് മാത്രമാണ്. വെറുമൊരു നിർദ്ദേശത്തിന്റെ പേരിൽ കുമ്പസാരമെന്ന കൂദാശ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ സഭാനേതൃത്വം എന്തുകൊണ്ടാണ്‌ സ്വന്തം സഭയിലെ പട്ടക്കാരാൽ അനുദിനം വെട്ടിമുറിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന വി. കുർബാനയ്ക്കായി ചെറുവിരൽ പോലും അനക്കാത്തത്? വി. കുർബാനയെന്ന കൂദാശ എന്താണെന്നുപോലും അറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും സമ്പൂർണ്ണമായ കുർബാനയർപ്പണം അനുഭവിച്ചിട്ടില്ലാത്ത മഹാഭൂരിപക്ഷം വിശ്വാസികളെ കുമ്പസാര വിഷയത്തിൽ പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്ന സഭാ നേതൃത്വം എന്തേ സഭയ്ക്കകത്തുനിന്നും വി. കുർബാനയോട് അനുദിനം നിർബാധം തുടരുന്ന അവഹേളനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു? ശ്ലൈഹികമായി കൈമാറിക്കിട്ടിയ കൂദാശയ്ക്കുപകരം തങ്ങളുടെ തോന്നിവാസങ്ങൾ അവതരിപ്പിച്ചിട്ട് കുര്ബാനയെന്നു പേരുവിളിക്കുന്ന കൊടുംചതി അവസാനിപ്പിക്കാൻ ഇനിയെന്നാണ് സഭാ നേതൃത്വം തയ്യാറാവുക?

വി. കുർബാന പൂർണ്ണതയിൽ ലഭിക്കാനുള്ള വിശ്വാസികളുടെ അവകാശത്തിന് പുല്ലുവില കല്പിച്ചുകൊണ്ട് പരിശുദ്ധ കൂദാശയെ അവഹേളിക്കുകയും തോന്നിവാസം വെട്ടിമുറിക്കുകയും ചെയ്യുന്ന സിറോ മലബാർ വൈദികരും ശ്ലൈഹിക പാരമ്പര്യത്തെ ഒത്തുതീർപ്പ് ഫോര്മുലയുണ്ടാക്കി അട്ടിമറിച്ച് വൈദികരുടെ തോന്നിവാസത്തിനു കുടപിടിക്കുന്ന മെത്രാൻ സിനഡും വിശ്വാസികളോട് മാപ്പുപറഞ്ഞു തെറ്റുതിരുത്താൻ തയ്യാറാവുക. ഞങ്ങൾക്ക് വേണ്ടത് വി.കുമ്പസാരം മാത്രമല്ല. വി. കുർബാനയും അതിന്റെ പൂർണ്ണതയിൽ തന്നെ വിശ്വാസികൾക്ക് അനുഭവവേദ്യമാക്കാൻ സഭാ നേതൃത്വം മുന്നിട്ടിറങ്ങുക!

Tuesday, July 3, 2018

Amit Andrews Pereppadan Online Syriac Group Song Competition 2018

Dear Your Grace/ Your Excellency/ Father/ Sister/ Brother/ Friend

Dukrana Greetings from Rooha Media!

Hope you are aware of the Amit Andrews Pereppadan Online Syriac Group Song Competition 2018 being conducted by Rooha Media for the Syro Malabar faithful. Below is the final list of entries for the competition. Click on the link below each team to view the video. Please support the teams by your Likes and Shares as they are also counted while deciding the winners.

1. St. Pius X Church Delhi, Diocese of Faridabad

2. Marth Mariam Choir, Lourde Matha Church Thazhathuvadakara, Archdiocese of Changanacherry

3. St. Joseph's Church Kalamassery, Archdiocese of Ernakulam- Angamaly

4. Major Archi Episcopal Marth Mariam Archdeacon Pilgrim Church Choir, Kuravilangad, Diocese of Palai

5. Sneha Bhavan Kaippuzha, Archdiocese of Kottayam

6. Holy Family Church Mukkoottukal, Diocese of Thuckalay

7. St. Daniel Comboni Syro Malabar Faith Formation Center Abbasiya, Kuwait

8. St. Thomas Forane Church Dharmaram Bangalore, Diocese of Mandya

9. St. Mary's Forane Church Kaduthuruthy, Diocese of Palai

10. SMYM, Major Archi Episcopal Marth Mariam Archdeacon Pilgrim Church Kuravilangad, Diocese of Palai

11. Mar Sleeva Church Sleevapuram, Diocese of Palai

12. St. Mary's Church Sunday School Choir, Mulakkulam, Diocese of Palai

13. Our Lady of Arabia Faith Formation Center,Ahmadi,Kuwait

14. St. Mary's Church Arakulam, Diocese of Palai

15. St. Sebastians Church Mutholapuram, Diocese of Palai

16. St. Mary's Church Choir, Mulakkulam, Diocese of Palai

17. St. Mary's Church Ithithanam, Archdiocese of Changanacherry

18. St. Alphonsa Syro Malabar Cathedral, Diocese of Melbourne, Australia

19. St. Alphonsa Syro Malabar Cathedral Children's Choir, Diocese of Melbourne, Australia

The competition is being conducted in the memory of Late Amit Andrews Pereppadan. Amit, son of Mr Andrews PK and Mrs Liji Andrews from Peramangalam, Thrissur was born and raised in Delhi. He was a zealous youth from the Diocese of Faridabad who had devoted his life spreading awareness on the rich legacy and reinstating the lost traditions of the ancient St. Thomas Christian community in India. Rooha Media is an initiative from the Syro Malabar youth with the same objectives.

Rooha Media

Friday, June 15, 2018

മാർത്തോമ്മാ നസ്രാണിയെന്ന മഹാത്ഭുതം!



File Picture: Archbishop Mar George Njaralakkatt of Thalassery during the Holy Qurbana of the Syro Malabar Church Celebrated after the Enthronement of Mar Raphael Thattil as the Eparch of Shamshabad
രണ്ടായിരം വർഷത്തോളമായി വിശ്വാസത്തിൽ തങ്ങളുടെ പിതാവായ മാർ തോമാ ശ്ലീഹായുടെ നാമം പേറുന്ന ക്രൈസ്തവ സമൂഹം! പല യൂറോപ്പ്യൻ രാജ്യങ്ങളും മിശിഹായെ അറിയും മുൻപേ അവൻ്റെ അരുമ ശിഷ്യനിൽ നിന്നുതന്നെ സുവിശേഷമറിയാൻ ഭാഗ്യം സിദ്ധിച്ച സമൂഹം! അന്നു മുതൽ ഇന്നുവരെ അടുത്തറിയുന്ന ആർക്കും അത്ഭുതം ജനിപ്പിക്കുന്ന വിശ്വാസ തീക്ഷ്ണത! ഇരുണ്ട ഭാരതത്തെ സുവിശേഷ വൽക്കരിക്കാൻ ഗോവയിലെത്തിയ ഫ്രാൻസിസ് സേവ്യർ മാർത്തോമ്മാ ശ്ലീഹായോട് വിശിഷ്ടമായ സ്നേഹവും ബഹുമാനവുമുള്ള ഒരു ജനതയെക്കണ്ട് അത്ഭുതപരതന്ത്രനായി മേലധികാരികൾക്കയച്ച കത്തുകൾ സാക്ഷി..അങ്ങനെ എത്രയെത്ര സഭാ നേതാക്കൾ, സഞ്ചാരികൾ, മിഷനറിമാർ! നസ്രാണി എന്നും ഏവർക്കും ഒരത്ഭുതമായിരുന്നു!

അഭിഷേകം വാരിവിതറുന്ന മഹാ കൺവൻഷനുകൾ, വി. കുർബാന എഴുന്നള്ളിച്ചുവെച്ചുകൊണ്ട് മണിക്കൂറുകൾ നീളുന്ന ആരാധന, ജപമാല, നവനാൾ പ്രാർത്ഥനകൾ, സകല വിശുദ്ധരുടെം പേരിലുള്ള നൊവേനകൾ, ഉറങ്ങുന്നതും ചിരിക്കുന്നതും കരയുന്നതും തുടങ്ങി സകല പോസ്സിലുമുള്ള തിരുസ്വരൂപങ്ങൾ, കരളലിയിക്കുന്ന ക്രൂശിത രൂപങ്ങൾ..എല്ലാം ഉണ്ടെങ്കിലും വിശ്വാസം നഷ്ടപ്പെട്ട തലമുറ! തിരിഞ്ഞുനോക്കണം! മേൽപ്പറഞ്ഞതിൽ ഒന്നുപോലും ഇല്ലാതെയാണ് 1500 വർഷത്തോളം ഫ്രാൻസിസ് സേവ്യർ ഉൾപ്പെടെയുള്ള സകലർക്കും അത്ഭുതമായി നസ്രാണി സമൂഹം നിലകൊണ്ടതും വിശ്വാസം പകർന്നു നല്കിയിരുന്നതും.

നസ്രാണിക്ക് ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു! കാരണം അവനു അപ്പൻ പകർന്നുനൽകിയ സത്യ വിശ്വാസം ഉണ്ടായിരുന്നു! മുകളിലുള്ളവയുടെ ചരിത്രം പരിശോധിച്ചാൽ, ക്രൂശിത രൂപം ഉൾപ്പെടെ എല്ലാം പാശ്ചാത്യ സഭയിൽ കാലാകാലങ്ങളിൽ വിശ്വാസത്തിനു അപചയങ്ങൾ ഉണ്ടായപ്പോൾ വിശ്വാസികളെ പിടിച്ചുനിർത്താൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ആയിരുന്നു! അവയിൽ നല്ലതും ചീത്തയും ഉണ്ടാകാം, തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാകാം! എന്തൊക്കെയാണെങ്കിലും നസ്രാണിക്ക് സത്യവിശ്വാസത്തിൽ വളരാൻ ഇതിന്റെയൊന്നും ഒരാവിശ്യവും ഇല്ല! അപ്പൻ നൽകിയ സുവിശേഷവും സ്ലീവായും പാരമ്പര്യങ്ങളും മാത്രം മതിയാകും!  

വാൽക്കഷ്ണം:       

പാശ്ചാത്യ സഭയിൽ ഇല്ലാത്ത പള്ളികളും സ്ലീവായും ആദിമ നൂറ്റാണ്ടുകളിൽ എങ്ങനെ നസ്രാണി സഭയിലുണ്ടായി എന്ന ചോദ്യം പലരും പൊക്കിക്കൊണ്ട് വരുന്നുണ്ട്. തോമാ ശ്ലീഹാ സ്ഥാപിച്ച ഏഴ് അരപ്പള്ളികൾ പള്ളികളാകാം, വിശ്വാസ സമൂഹങ്ങളാകാം, സ്ലീവാകളാകാം. ഒരു കാര്യം ഉറപ്പാണ്, പാശ്ചാത്യ സഭയിൽ ക്രൈസ്തവ ചിഹ്നമായി സ്ലീവാ ഉപയോഗിക്കാൻ തുടങ്ങുന്നതിനും വളരെ മുൻപേ, ആദിമ നൂറ്റാണ്ടുകളിൽ തന്നെ പരസ്യമായി സ്ലീവാ ഉപയോഗിച്ചിരുന്ന പാരമ്പര്യം പൗരസ്ത്യ സഭകളിലുണ്ട്. മത സ്വാതന്ത്ര്യം നേടി പാശ്ചാത്യർ പള്ളികൾ പണിയാൻ തുടങ്ങും മുൻപേ "മത സ്വാതന്ത്ര്യം" ഒരു വിഷയമല്ലാത്ത മലങ്കരയിൽ പള്ളികൾ ഉണ്ടാകാനും പ്രയാസമില്ല. ഈ സമൂഹത്തെ അളക്കാൻ പാശ്ചാത്യ അളവുകോലുകൾ മതിയാവില്ല!

സത്യവിശ്വാസം കണ്ടവരുണ്ടോ?

File Picture: Mar Raphael Thattil, Eparch of Shamshabad Celebrating Holy Qurbana of the Syro Malabar Church at St. Jude Syro Malabar Church Ameenpur, Hyderabad
വളരെ അരോചകമായി തോന്നിയ ഞായറാഴ്ച അനുഭവമാണ് ഈ കുറിപ്പെഴുതാൻ പ്രേരിപ്പിക്കുന്നത്. വി. കുർബാനയ്ക്ക് ശേഷം പന്തക്കുസ്താ സ്‌പെഷ്യൽ പരിശുദ്ധാത്മാവിനോടുള്ള നൊവേന, വണക്കമാസ സ്‌പെഷ്യൽ വണക്കമാസ ജപം, എന്നത്തേയും പോലെ വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന! നൊവേന തുടങ്ങിയപ്പോഴേ ഇറങ്ങി പോകാൻ തോന്നിയതാണ്. പള്ളിയുടെ മുൻപിൽ തന്നെ ആയിരുന്നതുകൊണ്ട് ആർക്കും ഉതപ്പിന് കാരണമാകേണ്ടെന്നുകരുതി സഹിച്ചു!

ഒരു വിശ്വാസിയുടെ അനുദിന ജീവിതത്തിനുള്ള ശക്തിയുടെ സ്രോതസ്സ്, സഭാത്മക ജീവിതത്തിന്റെ തുടക്കവും ഒടുക്കവും, പ്രാർത്ഥനകളുടെ പ്രാർത്ഥന, ആരാധനകളുടെ ആരാധന ഇങ്ങനൊക്കെയാണ് വി. കുർബാനയെ സഭ വിശേഷിപ്പിക്കുന്നത്. വി. കുർബാനയുടെ പ്രാധാന്യം കുറയ്ക്കുമാറ് വി. കുർബാനയ്ക്ക് ശേഷം ഒരു പ്രാർത്ഥനകളും നടത്തരുതെന്ന് സഭ പഠിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് പലർക്കും ആരാധനയ്ക്ക് വേണ്ടി തിരുശരീരം ഉണ്ടാക്കാനുള്ള പ്രാർത്ഥനമാത്രമായി വി. കുർബാന മാറിക്കഴിഞ്ഞു!

വിഷയത്തിലേക്ക് മടങ്ങിവരാം. എന്തിനാണ് ഇങ്ങനെ ഓരോ വിശുദ്ധരെയും പ്രത്യേകം പ്രത്യേകമെടുത്ത് നൊവേനകൾ ഉണ്ടാക്കുന്നത്? എല്ലാ വിശുദ്ധരെയും വി. കുർബാനയിൽ ഓർക്കുന്നില്ലേ? അവരുടെ മാധ്യസ്ഥം യാചിക്കുന്നില്ലേ? വി. കുർബാനയിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകുന്നില്ലേ? വി. കുർബാനയിലും കൂദാശകളിലും പരിശുദ്ധാത്മാവിനെ ലഭിക്കാഞ്ഞിട്ടാണോ അഭിഷേകം തേടി ധ്യാനകേന്ദ്രങ്ങൾ കയറിയിറങ്ങുന്നത്? വി. കുർബാനയിൽ എന്നിലേക്ക് അപ്പമായി വന്ന ഈശോയെ എന്തിനാണ് അരുളിക്കായിൽ ചില്ലിട്ടുവച്ച് ആരാധിക്കുന്നത്? പാശ്ചാത്യ സഭയെ അതിശയിക്കും വിധം മാതൃ സ്തുതികളാൽ സമ്പന്നമായ സിറോ മലബാർ സഭയിൽ അതെല്ലാം ഉപേക്ഷിച്ചുകൊണ്ട് എന്തിനാണ് ലത്തീൻ സഭയുടെ സാഹചര്യങ്ങളിൽ ഉരുത്തിരിഞ്ഞ വണക്കമാസം ആചരിക്കുന്നത്? വർഷം മുഴുവനുമുള്ള ബുധനാഴ്ചകളിലും മംഗളവാർത്താ കാലത്തിലും പ. അമ്മയെ വാഴ്ത്തിപ്പാടുന്ന, അമ്മയിലൂടെ ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന, അമ്മയുടെ മാധ്യസ്ഥം യാചിക്കുന്ന യാമപ്രാർത്ഥനകൾ ചൊല്ലാതെ നമ്മുടെ വിശ്വാസജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ നിറവിനെക്കുറിച്ചും ശ്ലീഹന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ധ്യാനിക്കേണ്ട അവസരത്തിൽ ഇതിനോട് യാതൊരു വിധത്തിലും പൊരുത്തപ്പെടാത്ത വണക്കമാസം എന്തിനാണ് സിറോ മലബാർ സഭയിൽ പ്രോത്സാഹിപ്പിക്കുന്നത്? വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുന്ന കാറോസൂസാ പ്രാർത്ഥനകൾ, വൈദികൻ തനിക്കുവേണ്ടി തന്നെ പ്രാർത്ഥിക്കുന്ന ഭാഗങ്ങൾ, വൈദികന്റെ പ്രാർത്ഥനാ സഹായ അഭ്യർത്ഥനയ്ക്ക് പ്രത്യുത്തരമായി സമൂഹം വൈദികനുവേണ്ടി പ്രാർത്ഥിക്കുന്ന ഭാഗങ്ങൾ..ഇതിനൊന്നും ഫലമില്ലായെന്നു തോന്നിയിട്ടാണോ വി. കുർബാനയ്ക്ക് ശേഷമുള്ള വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന! വി. കുർബാനയിലെ വൈദികർക്കായുള്ള പല പ്രാർത്ഥനകളും വെട്ടിക്കളഞ്ഞിട്ടാണ് വി. കുർബാന കഴിഞ്ഞുള്ള ഈ ഏച്ചുകെട്ടലെന്നത് വിരോധാഭാസമെന്നേ പറയാനുള്ളൂ!

മാതൃ സഭയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിശുദ്ധരായ വൈദികരുടെ നാമകരണ നടപടികളിലേക്ക് കടക്കാൻ പലർക്കും ഭയമാണ്! കാരണം മറ്റൊന്നുമല്ല; ജീവിച്ചിരുന്ന കാലത്ത് അവർ എന്തിനൊക്കെയെതിരേ പോരാടിയോ അവരുടെ പേരിൽ അതെല്ലാം നടത്തുന്നത് കാണേണ്ടിവരും! നൊവേനയും രൂപങ്ങളും നമ്മുടെ പാരമ്പര്യമല്ലെന്ന് പറഞ്ഞയാളുടെ പേരിൽ നൊവേന ചൊല്ലും; രൂപമുണ്ടാക്കി പൂജിക്കും! എന്നാണ് ഈ സഭ വിശ്വാസികളെ സത്യ വിശ്വാസം പഠിപ്പിക്കുന്നത്?
( ലത്തീൻ സഭയുടെ ശൈലിയിൽ നിന്ന് നല്ലതിനെ സ്വീകരിക്കുന്നതിനെ എന്തിന് എതിർക്കുന്നുവെന്ന് ചോദിച്ചുവരേണ്ട. ഉത്തരം ലളിതമാണ്. പാശ്ചാത്യ സഭയുടെ ആരാധനാക്രമ വത്സരവും ജീവിത ശൈലിയും സാഹചര്യങ്ങളും വ്യത്യസ്തമാണ്. സിറോ മലബാർ സഭയ്ക്ക് പാശ്ചാത്യ സഭയോടൊപ്പം നിൽക്കുന്നതോ അതിനേക്കാൾ മെച്ചപ്പെട്ടതോ ആയ ആരാധനാ ജീവിത ക്രമവും വിശ്വാസവും സാഹചര്യങ്ങളുമുണ്ട്. അതിനോട് ചേർന്നു പോകാത്തതൊന്നും സ്വീകരിക്കാൻ സാധിക്കില്ല. എത്ര നല്ല ഭക്ഷണമാണെങ്കിലും കിട്ടുന്നതെല്ലാം വലിച്ചു കേറ്റിയാൽ എന്താണ് സംഭവിക്കുക? മാർപാപ്പാമാരും മെത്രാന്മാരും മദ്യപിക്കുന്ന പാശ്ചാത്യ ശൈലി എന്തേ നമ്മുടെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല? മദ്യം ആരോഗ്യത്തിന് നല്ലതാണെന്ന പഠനങ്ങളിൽ നമ്മുക്ക് വിശ്വാസമില്ലാഞ്ഞിട്ടല്ലല്ലോ!)

Friday, April 13, 2018

കുലദ്രോഹികൾ!


ആദ്യം അവർ തകർത്തത് സഭയുടെ അടിത്തറയായ ആരാധനാക്രമമായിരുന്നു! അടിത്തറ ഇളകി, ഐക്യം തകർന്നു! സഭ ആടിയുലഞ്ഞു! അവർ നിഷേധിച്ചത് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെ ആയിരുന്നു, സഭയുടെ നിയമ സംഹിതകളെയായിരുന്നു! യഥാർത്ഥ വിശ്വാസവും സഭാ ചരിത്രവും പഠിപ്പിക്കാതെ അവർ വളർത്തിയെടുത്തത് തങ്ങളുടെ കൊള്ളരുതായ്മകൾക്ക് കുടപിടിക്കുവാൻ മാത്രമറിയാവുന്ന തലമുറകളെയായിരുന്നു! അവർ അനുസരണക്കേട് കാട്ടിയതും പൊതുജനമധ്യത്തിൽ അവഹേളിച്ചതും തോമാ ശ്ലീഹായുടെ പിൻഗാമിയും സഭയുടെ കാണപ്പെട്ട തലവനുമായ വലിയ പിതാവിനെയായിരുന്നു!...തീർന്നില്ല! ഇതാ അപ്പനായ മാർ തോമ്മായെത്തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു!  മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച, അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട കുലദ്രോഹികൾ! സഭയുടെ വി. കുർബാനയെ അത്യന്തം നീചവും പൈശാചികവുമായ രീതിയിൽ അവഹേളിച്ച് സഭയിലാകമാനം അനൈക്യത്തിന്റെ വിത്തുപാകിയ കുലദ്രോഹികൾ! സഭയെ, സഭാ തലവനെ, വിശുദ്ധ പാരമ്പര്യങ്ങളെ, സഭാ നിയമത്തെ, പൊതുസമൂഹത്തിനു മുൻപിൽ അപഹാസ്യമാക്കിയ കുലദ്രോഹികൾ!  
കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് അറിയായ്കയാൽ ഇവരോട് പൊറുക്കേണമേ!

ഒരു സഭയെ സഭയാക്കി മാറ്റുന്നത് ആരാധനാക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും അച്ചടക്കവും ഹയരാർക്കിയുമാണ്. സിറോ മലബാർ സഭയുടെ ആരാധനക്രമം തങ്ങൾക്ക് ബാധകമല്ലയെന്ന് എറണാകുളത്തെ വൈദികർ പരസ്യമായി പ്രഖ്യാപിച്ചിട്ട് രണ്ട് ദശാബ്ദങ്ങളായി. ആദിമ സഭകളുടെ പാരമ്പര്യവും സിറോ മലബാർ സഭയുൾപ്പടെയുള്ള എല്ലാ പൗരസ്ത്യ സഭകളും  ഇന്നും തുടർന്നുപോകുന്നതുമായ ഉത്ഥാന ദൈവശാസ്ത്രം തങ്ങളുടേതല്ലെന്നും അത് ചങ്ങനാശ്ശേരിക്കാരുടേതാണെന്നും തങ്ങളുടേത് പീഡാനുഭവ ദൈവശാസ്ത്രമാണെന്നും ഇക്കൂട്ടർ പ്രഖ്യാപിച്ചുകഴിഞ്ഞു! സഭാധ്യക്ഷനെയും സഭാ നേതൃത്വത്തെയും സഭാ നിയമത്തെയും പുല്ലുവില!  തോമാ ശ്ലീഹാ വഴിയായി ലഭിച്ച ശ്ലൈഹീക പാരമ്പര്യം പോലും തള്ളിപ്പറഞ്ഞിരിക്കുന്നു! അനുസരണ ഏഴയലത്തുകൂടെ പോയിട്ടില്ല! അച്ചടക്കത്തിന്റെ കാര്യമാണേൽ പറയാനുമില്ല! ഇതൊന്നുമില്ലാതെ എന്ത് ആധ്യാത്മികത! ചുരുക്കി പറഞ്ഞാൽ സിറോ മലബാർ സഭ എന്നല്ല, ഒരു ക്രൈസ്തവ സഭയായി നിലനിൽക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാത്ത ഒരു സമൂഹമായി എറണാകുളം സംഘം അധഃപതിച്ചുകഴിഞ്ഞു.  സിറോ മലബാർ സഭയുടെ സിനഡ് ഒരു കൂട്ടം പാവം മെത്രാന്മാരുടെ സംഘമാണ്. ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ശേഷിയില്ല; ആയതിനാൽ ഒരു നടപടിയും പ്രതീക്ഷിക്കേണ്ട. ഈ കുലദ്രോഹികളെ കെട്ടുകെട്ടിക്കാൻ വിശ്വാസികൾ തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. 

സ്വന്തം സഭയ്ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഇക്കൂട്ടർ ക്രൂശിലേറ്റിയ ഒരു മെത്രാൻ ഇന്നും ചങ്ങനാശേരിയിലുണ്ട്. ഇക്കൂട്ടരുടെ തോന്നിവാസങ്ങൾക്കു നേരെ ഒന്നുകണ്ണടച്ചിരുന്നെങ്കിൽ തനിക്ക് കിട്ടാമായിരുന്ന വലിയ സ്ഥാനമാനങ്ങൾപോലും സഭയ്ക്കുവേണ്ടി ത്യജിച്ച ജീവിക്കുന്ന രക്തസാക്ഷി! അദ്ദേഹം സഭാ തലവനായിരുന്നെങ്കിൽ സഭയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു! അതിന് തടയിടാൻവേണ്ടി ഇക്കൂട്ടർ കാട്ടിക്കൂട്ടിയ കോലാഹലങ്ങളിൽ തോറ്റത് സഭയായിരുന്നു! തല്ലിക്കെടുത്തപ്പെട്ടത് നൂറ്റാണ്ടുകളായുള്ള പൂർവ്വികരുടെ സ്വപ്നങ്ങളായിരുന്നു! 

"ഇതെല്ലാം മൺമറഞ്ഞുപോയ ഞങ്ങളുടെ പിതാവിന്റെ സ്വപ്നമാണ്!" സഭയെ കുട്ടിച്ചോറാക്കുകയെന്നതായിരുന്നോ നിങ്ങളുടെ മൺമറഞ്ഞുപോയ പിതാവിന്റെ സ്വപ്നം? തോമാശ്ലീഹായുടെ ശ്ലൈഹീക പാരമ്പര്യം നമ്മുക്ക് വേണ്ടെന്നായിരുന്നോ അദ്ദേഹത്തിന്റെ നിലപാട്? ഒരു കാര്യം ഉറപ്പാണ്, ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇവറ്റകളെ ചവിട്ടിപ്പുറത്താക്കാൻ മുൻപന്തിയിൽ ഉണ്ടാവുക പാറേക്കാട്ടിൽ പിതാവായിരിക്കും! "എറണാകുളം അതിരൂപതയ്ക്ക് അതിന്റേതായ പാരമ്പര്യങ്ങളുണ്ട്!" എന്താണാ പാരമ്പര്യങ്ങൾ? മറ്റൊന്നുമല്ല, ലത്തീൻ സഭയിൽ നിന്നും കടം കൊണ്ട കൊള്ളരുതായ്മകൾ! വ്യക്തമായി പറഞ്ഞാൽ ലത്തീൻ സഭയുടെ ചരിത്രത്തിൽ എന്തൊക്കെ തെറ്റുകൾ ഉണ്ടായിട്ടുണ്ടോ അതെല്ലാമാണ് ഈ എറണാകുളത്തെ വിശുദ്ധ പാരമ്പര്യങ്ങൾ! പീഡാനുഭവ ദൈവശാസ്ത്രവും ജനാഭിമുഖ കുർബാനയുമൊക്കെ അവയിൽ ചിലതുമാത്രം! ലത്തീൻ സഭയുടെ നന്മയൊന്നും സ്വീകരിച്ചിട്ടില്ലതാനും!

വാൽക്കഷ്ണം: 

ഇടയന്ത്രം ടീമിനോട് ഒരു വാക്കുകൂടി, നിങ്ങൾ സ്വപ്നം കാണുന്ന പോലെ സിറോ മലബാർ സഭ എറണാകുളം-അങ്കമാലി സഭയൊന്നും  ആകാൻ പോകുന്നില്ല! സഭാ തലവനായി മാർ ആലഞ്ചേരി തുടരുകയും ചെയ്യും! സഭയിലെ 50 ലക്ഷം വിശ്വാസികൾക്കും ഒരു പിതാവേയുള്ളു! അത് തോമാ ശ്ലീഹായാണ്! ഇനി ചെയ്യാൻ പറ്റുന്നത് ഒരു എറണാകുളം- അങ്കമാലി പെന്തക്കോസ്ത് സഭ അങ്ങ് തുടങ്ങുക! മാർ എടയന്ത്രത്തിനെ സഭാ തലവനായി വാഴിക്കുക! മോതിരം കൊതിച്ചുനടന്ന മുണ്ടാടനെ സഹായം ആക്കിക്കോ! തേലക്കാടനെ ആസ്ഥാന മല്‌പാനും ആക്കാം! സഭാ സ്ഥാപക സ്ഥാനത്ത് പാറേക്കാട്ടിൽ തിരുമേനിയെയും പ്രതിഷ്ഠിക്കാം! പൂജാരിമാരെയും തന്ത്രിമാരെയും സമീക്ഷവഴി സാമ്പള്ളൂർ പാതിരിമാർ തന്നുകൊള്ളും! കൂടെ നിൽക്കാനുള്ള വിശ്വാസികളുടെ കാര്യത്തിൽ മാത്രമാണ് സംശയം! സഭയെ ജീവനുതുല്യം സ്നേഹിച്ച പൂർവ്വികരുടെ ഇളം തലമുറകൾ തീർച്ചയായും നിങ്ങളോടൊപ്പം ഉണ്ടാവില്ല! വിഷമിക്കേണ്ട, മ്മക്ക് ബംഗാളിൽ നിന്ന് ആളെയിറക്കാം ബ്രോ!

ശുഭം!

Saturday, March 31, 2018

ഐതിഹാസിക തീരുമാനവുമായി സിറോ മലബാർ സഭ; വൈദികർക്കിനി സ്ത്രീകളുടെ കാലും കഴുകാം!




കാക്കനാട്: സിറോ മലബാർ സഭയിൽ ഇത് പുതുയുഗ പിറവി! വൈദികരെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിച്ചുകൊണ്ട് സഭാ സിനഡ്. അടിയന്തരമായി വിളിച്ചുകൂട്ടിയ സിനഡിന്റെ അസാധാരണ സമ്മേളനമാണ് ഈ വിപ്ലവകരമായ തീരുമാനമെടുത്തത്. പെസഹാ വ്യാഴാഴ്ച്ച നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളുടെയും പാദങ്ങൾ കഴുകാമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ലത്തീൻ സഭയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും പൗരസ്ത്യ സഭയായ സിറോ മലബാർ സഭയ്ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സ്ത്രീകളുടെ കാലുകഴുകാൻ പാടില്ലെന്നും സിറോ മലബാർ സഭാ സിനഡ് തീരുമാനിച്ചിരുന്നു. സഭാ തലവനായ മാർ ആലഞ്ചേരി ഈ ഉത്തരവിലൂടെ ലിംഗ സമത്വത്തിനെതിരായാണ് നിലകൊള്ളുന്നതെന്നും ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും തങ്ങളെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വൻ പ്രക്ഷോഭത്തിലേക്ക് എറണാകുളം അതിരൂപതാ വൈദികസമിതി കടക്കുകയാണെന്നും ഇന്ന് രാവിലെ വൈദിക സമിതിയംഗം ഫാ. വയലിക്കോടത്ത് ചാനലുകളോട് പ്രതികരിച്ചിരുന്നു. ഭൂമി വിവാദത്തെ തുടർന്നുള്ള പ്രതിസന്ധിയിൽനിന്ന് കരകേറിത്തുടങ്ങുന്ന സഭയ്ക്ക് ഇത്തരമൊരു നീക്കം വലിയ ക്ഷീണമാകുമെന്നു മനസ്സിലാക്കിയ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് മുഴുവൻ സിനഡിന്റെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാൻ മേജർ ആർച്ച്ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തിലെ അടിയന്തര പ്രാധാന്യം മനസ്സിലാക്കിയ സിനഡ് പിതാക്കന്മാർ ഐക്യഖണ്ഡേനെയാണ് ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. പൗരസ്ത്യ സഭയായ സിറോ മലബാർ സഭയുടെ പാരമ്പര്യങ്ങൾക്ക് യോജിക്കാത്ത തീരുമാനമായതിനാൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചങ്ങാനാശേരി വിഭാഗം നിലപാടെടുത്തുവെങ്കിലും സഭയിൽ ഐക്യവും സമാധാനവും പുലർന്നുകാണാനുള്ള താൽപര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അതേസമയം "നിങ്ങൾ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോഴെല്ലാം ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്നാണു ഈശോ പറഞ്ഞതെന്നും അതിനാൽ തന്നെ പെസഹാ വ്യാഴാഴ്ച്ച മാത്രമല്ല എല്ലാ വി. കുർബാന അർപ്പണത്തോടോപ്പവും കാലുകഴുകൽ ശുശ്രൂഷ നടത്തണമെന്നുമാണ് തങ്ങളുടെ അഭിപ്രായമെന്നും എറണാകുളം വിഭാഗം ആവശ്യപ്പെട്ടു. ഇതാണ് തങ്ങളുടെ വൈദിക സമിതിയുടെ തീരുമാനമെന്നും തങ്ങളുടെ വിശ്വാസികൾ ആഗ്രഹിക്കുന്നത് ഇതാണെന്നുമാണ് എറണാകുളം വിഭാഗം സിനഡിനെ അറിയിച്ചത്. എന്നാൽ ഈ കാര്യത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമെന്നു നിരീക്ഷിച്ച സിനഡ് ഈ വിഷയം പഠിച്ച് സിനഡിന് റിപ്പോർട്ട് നൽകാൻ മാർ എടയന്ത്രത്ത് അധ്യക്ഷനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സിനഡിന്റെ ആഗസ്ത് മാസത്തെ സമ്മേളനത്തിനു മുൻപായി റിപ്പോർട്ട് സമർപ്പിക്കും.

മെത്രാന്മാർക്ക് അടിയന്തരമായി സഭാ ആസ്ഥാനത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും വിഷയത്തിന്റെ അടിയന്തര പ്രാധാന്യവും പരിഗണിച്ച് വിഡിയോ കോൺഫെറൻസിങ്ങിലൂടെയാണ് സിനഡ് സമ്മേളിച്ചത്. ഇതും ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് സഭാ ആസ്ഥാനത്തുനിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മെത്രാന്മാർക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിനു ഇന്ത്യൻ സമയം വൈകിട്ട് 5:30 നാണു സിനഡ് സമ്മേളിച്ചത്. വിരമിച്ച മെത്രാന്മാരും നിയുക്ത മെത്രാനും ഉൾപ്പെടെ 59 മെത്രാന്മാർ യോഗത്തിൽ പങ്കെടുത്തു. സിനഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ ദിവസവും കാലുകഴുകൾ എന്ന തങ്ങളുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ളആദ്യപടിയായാണ് ഈ തീരുമാനത്തെ കാണുന്നതെന്നും വൈദിക സമിതി സെക്രട്ടറി ഫാ. മുണ്ടാടൻ പത്രക്കുറിപ്പിൽ അറിയിച്ചു. യൂറോപ്പിൽ ശുശ്രൂഷ ചെയ്യുന്ന തങ്ങളുടെ സഹവൈദികൻ സ്ത്രീകളുടെ കാലുകഴുകിയിട്ടും ഇടിവെട്ടും പേമാരിയും ഉണ്ടായില്ലെന്നതാണ് ഈ വിപ്ലവകരമായ തീരുമാനമെടുക്കാൻ സിനഡിന് ധൈര്യം പകർന്നതെന്നും ഫാ. മുണ്ടാടൻ പ്രസ്താവിച്ചു. എന്നാൽ സിനഡ് തീരുമാനം നിരാശാജനകമാണെന്നും എല്ലാ കുർബാനയ്ക്കും കാലുകഴുകൽ അനുവദിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ആർച്ച്ഡയോസിയൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്പെരൻസി ഇൻ ഫീറ്റ് വാഷിങ് ഭാരവാഹികൾ പ്രതികരിച്ചു. "എന്റെ പാദങ്ങൾ മാത്രമല്ല എന്നെ മുഴുവനായും കഴുകണമേ"യെന്നു ഗുരുവിനോടഭ്യർഥിച്ച പത്രോസ് അപ്പോസ്തോലന്റെ നിലപാടാണ് തങ്ങൾക്കെന്നും കാലുകൾ മാത്രമല്ല തങ്ങളെ മുഴുവനായും കഴുകാൻ തങ്ങളുടെ വൈദികരെ അനുവദിക്കണമെന്നാണ് സിനഡിനോട് തങ്ങൾ ആവശ്യപ്പെട്ടതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. അതേസമയം ഈ പുതിയ സംഘടനയ്ക്കു പിന്നിലും സ്വാർത്ഥ മോഹികളായ എറണാകുളത്തെ ചില വൈദികരാണെന്നത് പകൽപ്പോലെ വ്യക്തമെന്നാണ് വിശ്വാസികൾ പ്രതികരിച്ചത്.

(April Fool)
Related Posts Plugin for WordPress, Blogger...